തെരുവിൽ
ഉന്മാദിയായ നഗരം
പോക്കുവെയിൽ കക്കുമ്പോൾ
തൊണ്ടയിൽ കുരുങ്ങി
രാത്രി വൈകുന്നു,
വഴി നീളെ.
പ്രേമത്തിന്റെ പത്തായപ്പുരയിൽ നിന്ന്
രണ്ട് കല്ലുകൾ
സമുദ്രത്തിലേക്ക് വീണു.
കൊയ്ത്ത് കഴിഞ്ഞ പാടത്ത്
തൂങ്ങി നിൽക്കും വെയിൽക്കറ്റകൾ
മൂർന്നെടുത്ത് പശുവമറി
കയറുപൊട്ടിച്ച് വലിച്ചോടുന്നു,
ഒറ്റപ്പെട്ട് നിറംമങ്ങിയ ഗ്രാമസന്ധ്യയെ.
ആളുകൾ വരമ്പിലൂടെ നടന്ന് പോകുമ്പോൾ
അവർക്കൊപ്പം
പടിഞ്ഞാറേക്ക് പറക്കുന്നു,
തെങ്ങിൻ തോപ്പിലെ
കക്കിയ വെയിലത്ത് നിന്നും
മുങ്ങി നീർന്ന്
ചിറക് കുടഞ്ഞ നരിച്ചീറുകൾ.
ഞാൻ കാപ്പിപ്പൂ മണമുള്ള
കാറ്റിനൊപ്പം ഉള്ളിന്റുള്ളിലുണരുന്നു.
എന്റെ കണ്ണിലെ കടലിൽ ഒരാമ
അതിന്റെ ആഴത്തെ കീഴടക്കുമ്പോൾ
സ്വപ്‍നത്തിലെ തോട്ടിറമ്പുകളിൽ ഞാൻ
കാട്ടുതാറാവിന്റെ മരണം കേൾക്കുന്നു.
നിർത്തിയിട്ട റിക്ഷയിൽ നിന്നപ്പോൾ
അപരിചിതനായ റിക്ഷക്കാരൻ
പിറവിക്കും മുൻപേ മരണപ്പെട്ടൊരു
വാക്കിനെ സ്റ്റാർട്ട് ചെയ്ത്
അപ്പാടെ വിഴുങ്ങുന്നു.
ഞാൻ വാതിൽ തുറക്കുമ്പോൾ
കണ്ണ് തിരുമ്മി ഇറയത്ത് പതംപറഞ്ഞ്
തലതല്ലിക്കരയുന്നു
കലങ്ങിയ തോട്.
തോട്ടിലെ ഓരോ
അലകളോടുമായി പറഞ്ഞു ;
“ഞാൻ വാതിൽ
തുറക്കുന്നു എന്നേയുള്ളു.
അകത്തേക്കോ പുറത്തേക്കൊ
എന്റെ കാലുകളെന്ന് നിശ്ചയമില്ല
നിങ്ങൾക്ക് പുഴയൊ കടലോ അല്ലെ
കൂടുതൽ ഉചിതമായിരിക്കുക
ഇത് ഒരു നില വീട്
നിങ്ങൾക്കിതു മതിയാകില്ല “.
അകത്തേക്ക് കാറ്റിന്റെ വേഗത
എന്റെ കാലുകളിൽ
ഊതിവീർപ്പിച്ചു കെട്ടിയ
ബലൂണിന്റെ ആയാസത്തോടെ
ഇടിച്ചു കയറുന്നു.
പുറത്തേക്ക് പോകാൻ ഞാൻ
എല്ലാ വാതിലുകളും തുറന്നിടുന്നു,
അകത്തേക്കും.
എല്ലാ കാലുകളും പുറത്തേക്ക് നോക്കുന്നു.
എല്ലാ കാലുകളും
അകത്തേക്ക് കയറാൻ
ഒഴിവു നോക്കുന്നു.
എനിക്കറിയില്ല
ഈ വാതിലിന്റെ താക്കോൽ
എവിടെയാണെന്ന്.
ഞാൻ അടിയന്തിരാവസ്ഥയിൽ
ഭൂമിയിൽ കത്തി വീണ
നക്ഷത്രങ്ങളുടെ ചാരം
വാരുവാനായി വന്നവളാണ്.
എനിക്കറിയില്ല
ഈ നിലവിളികളുയരുന്ന
നോക്കുകുത്തികൾ എത്രനേരം
കിളിയാട്ടുമെന്ന്.
ഞാനിപ്പോൾ
തെരുവ് ഉന്മാദാവസ്ഥയിൽ കക്കിച്ച
കൊഴുത്ത മലിനമഴയിലൂടെ
റിക്ഷയിൽ പോകുന്നു.
ഒരു പച്ചയില
എന്റെ വനാന്തരഗമനത്തിലേക്കുള്ള
നോട്ടത്തെ മറച്ചു പിടിക്കുമ്പോൾ
എന്റെ കണ്മുന്നിൽ രക്തക്കുളം തിളയ്ക്കുന്നു
കാണുന്നത് സ്വപ്‍നമാണ്.
ഒരു തവള നീന്തിവന്നെന്നെ
നിർഭയം ഇറുകെ പിടിച്ചു.
ഒരു നീർക്കോലി അത്താഴപഷ്ണിയിലാക്കി!
കണ്ണ് തുറന്നപ്പോൾ
എന്റെ ഊതനിറമുള്ള കിടക്കയിൽ
കറുത്ത ഉടുപ്പിൽ
തെരുവിൽ വെച്ച്
ഉന്മാദിയായ നഗരം പോക്കുവെയിൽ
കക്കിച്ച ഓളമായിരുന്നു.
നീലിച്ചുപോയ നട്ടുച്ച സ്വപ്നം
തിരിഞ്ഞു കിടന്നപ്പോൾ മഞ്ഞവിരിപ്പ്
വെയില് പോലെ ചുളുങ്ങിക്കിടന്നു.