
നീ വരച്ച ആൽമരത്തിന്റെ
വള്ളിയിൽ തൂങ്ങി
കവിതയിലേക്ക് പറക്കണം
പിണഞ്ഞ ശിഖരങ്ങളുടെ
രതികല്പനകൾ
ഭ്രമിപ്പിക്കുന്ന
ഉടലാവുമ്പോഴും
ചരിത്രത്തിന്റെ പതിഞ്ഞ താളത്തിനു
കാതോർക്കാൻ
പൊഴിഞ്ഞ ഇലകൾക്ക്
മീതെ ഒച്ചയുണ്ടാക്കാതെ
നടക്കണം.
ഉണങ്ങിയ ചില്ലയിൽ കരയുന്ന
കാക്കയോട് ,
യുദ്ധത്തിന്റെ ദൈന്യതയിൽ
ഐക്യപ്പെടണം
അരുംകൊല ചെയ്യപ്പെട്ട
കുരുന്നുകൾക്കുവേണ്ടി
പ്രാർത്ഥിക്കാൻ
പുതിയൊരു ഭാഷ നിർമ്മിക്കണം
ആൽമരത്തണലിൽ
അനാഥത്വം പേറുന്ന
നാടോടികളുടെ
ഉറങ്ങുന്ന കണ്ണുകളിലേക്ക്
നോക്കണം
ഭൂമി പിളർന്നെത്തിനോക്കുന്ന
വേരുകളിൽ
തപിച്ച കാലത്തെ
എഴുതിചേർക്കണം
നീ വരച്ച ആൽമരത്തിന്റെ
ചോട്ടിൽ
പാതിയടഞ്ഞ
ബുദ്ധനയനങ്ങളാകണം
