ആരാധനയുടെ പാട്

തെരുവിൽ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന ശരീരത്തിൽ നിന്നും ജീവൻ വെടിയുന്നതിൻ്റെ മുന്നോടിയായി, തന്നെ നോക്കി “വെള്ളം…..വെള്ളം…” എന്ന് അപേക്ഷിച്ചു കൊണ്ടിരുന്നത് അയാളെ അസ്വസ്ഥനാക്കി…

പകച്ച് നിൽക്കുന്ന കാഴ്ചക്കാരെ അയോളൊന്ന് കണ്ണോടിച്ച് കയ്യിൽ കരുതിയിരുന്ന വെള്ളം വെട്ടേറ്റവൻ്റെ വായിലേക്ക് പകരുമ്പോൾ വിറക്കുന്ന ചുണ്ടുകളിൽ ആർത്തി പ്രകടമായിരുന്നു. രണ്ടിറക്കിനപ്പുറം സ്വീകരിക്കാനാവാതെ ചുണ്ടുകൾ നിശ്ചലമാവുമ്പോൾ ദൂരെ നിന്ന് സായാഹ്ന ബാങ്കിന്റെ ഈണത്തിലുള്ള അലയൊലികൾ പശ്ചാത്തലമൊരുക്കി. ബോട്ടിലിൽ അവശേഷിക്കുന്ന വെള്ളം നിശ്ചലമായ ശരീരത്തിനരികിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് അയാൾ തൻ്റെ സ്വന്തം മുഖത്തേക്കൊഴിക്കുമ്പോൾ കാഴ്ചക്കാരായ് കൂടി നിന്നവർ മൊബൈലിൽ ഫോട്ടോ എടുക്കുകയും എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“എന്താടാ നിന്റെ പേര്? “

കൂടി നിന്നവരെ വകഞ്ഞു മാറ്റി അയാളെ വലയം ചെയ്ത നിയമ പാലകരുടെ ചോദ്യം ആവർത്തിക്കപ്പെട്ടു…
“സർ… ഞാൻ…” എന്ത് പറയണമെന്നറിയാതെ അയാൾ ചുറ്റിനും കണ്ണോടിച്ചപ്പോൾ കാഴ്ചക്കാരുടെ എണ്ണം ശുഷ്കിച്ചിരുന്നു… ചോര മണക്കുന്ന വെട്ടേറ്റ ശരീരത്തെ വട്ടമിട്ട് പറന്നു കളിച്ചിരുന്ന രണ്ടു മണിയനീച്ചകൾ അയാളെയും വട്ടമിടാൻ തുടങ്ങി…

ആവർത്തിക്കപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരം പറയാനാവാതെ മരവിച്ച് പോയ തൻ്റെ നാവിനെ ശപിച്ച് തന്നെ പിടിമുറുക്കിയ ഒരു നിയമപാലകൻ്റെ ബലിഷ്ടമായ കൈകളെ അയാൾക്ക് അനുഗമിക്കേണ്ടി വന്നു.

“എനിക്കൊന്നും.. അറിയില്ല സർ…” എങ്ങനെയോ പറഞ്ഞൊപ്പിച്ച വാക്കുകളെ “അതങ്ങ് സ്റ്റേഷനിൽ വന്ന് പറഞ്ഞാൽ മതി” എന്ന താക്കീത് തടഞ്ഞു….

കീഴുദ്യോഗസ്ഥരോട് എന്തൊക്കെയോ നിർദ്ദേശിച്ച് അയാളെ ജീപ്പിൽ കയറ്റി തിരക്കേറിയ വീഥിയിലേക്ക് പ്രവേശിക്കുമ്പോൾ അലാറം മുഴക്കിക്കൊണ്ട് ഒരു ആംബുലൻസ്, ജീപ്പ് വന്ന വഴിയിലേക്ക് അതിവേഗത്തിൽ തിരിയുന്നുണ്ടായിരുന്നു.

ഇരുൾ നിഴൽ വിരിച്ച സ്റ്റേഷൻ മുറ്റത്ത് അയാളെ പിടിച്ചിറക്കുമ്പോൾ “സർ, ഞാൻ നിരപരാധിയാണ്” എന്ന അയാളുടെ വാക്കുകളെ പോലീസ് കേട്ട ഭാവം നടിച്ചില്ല…

“താടിയും വെച്ച് ഇറങ്ങിക്കോളും, കൊഴപ്പങ്ങളുണ്ടാക്കാൻ… ഇരിക്കെടാ അവടെ… ” എന്ന് ആജ്ഞാപിച്ച് അകത്തെ മുറിയിലെ തുരുമ്പെടുത്ത ഒരു ഇരുമ്പ് കസേര ചൂണ്ടി കാണിച്ച് പോലീസുകാരൻ തൊട്ടടുത്ത മുറിയിലേക്ക് പോയി. നിശബ്ദതയെ മുറിച്ച് കൊണ്ടിരുന്ന വയർലെസ് സന്ദേശങ്ങൾക്കിടയിൽ മറ്റൊരു പോലീസുകാരൻ സൗമ്യനായ്. ചോദ്യം ആവർത്തിക്കപ്പെട്ടു.

“പേര്..?”

“ആസാദ് !”

“വിലാസം?”

“ഞാൻ… നിരപരാധിയാണ് സർ…”

സൗമ്യത വെടിഞ്ഞ് കൊണ്ട് പൗരുഷ ഭാവത്തിലായിരുന്നു അടുത്ത ചോദ്യം

“എന്തായിരുന്നു കൊലയുടെ ഉദ്ദേശം”

“ഞാൻ ആരെയും കൊന്നിട്ടില്ല സർ”

പുകയില മണമുള്ള ചോദ്യങ്ങൾ തുടർന്ന് കൊണ്ടിരുന്നു…

“എന്താടാ നിൻ്റെ നെറ്റിയിൽ?’

“സർ, അത്…. നിസ്കാര തഴമ്പാണ്…”

“എന്ത്?” മനസ്സിലാവാത്ത ഭാവത്തിൽ ചോദ്യം കനപ്പിച്ചു….

“ആരാധനയുടെ പാടാണ്”

“വേറെ ആരൊക്കെയുണ്ട് കൊലക്ക് പിന്നിൽ?” അയാളുടെ താടിയിൽ പിടിയുറപ്പിച്ച് കൊണ്ടായിരുന്നു ചോദ്യം …

വേദനയാൽ “ഞാനല്ല, എനിക്കറിയില്ല…” എന്ന് കണ്ഠമിടറി കൊണ്ട് അയാൾ പറഞ്ഞൊപ്പിച്ചു….

ഉള്ളിൽ നിന്ന് ആരോ ആ പോലീസുകാരനെ വിളിച്ചത് കൊണ്ടാവണം ചോദ്യം ചെയ്യലിന് അർദ്ധവിരാമമിട്ട് കൊണ്ട് തലയിലെ തൊപ്പി ശരിപ്പെടുത്തി ഉറച്ച ചുവടുകളോടെ അയാൾ അകത്തേക്ക് ധൃതിയിൽ പോയത്…

രാത്രി ബാങ്കിൻ്റെ നേർത്ത ശബ്ദം വയർലെസ് സന്ദേശങ്ങൾക്കിടയിലൂടെ അപ്പോൾ കേൾക്കുന്നുണ്ടായിരുന്നത് തൊട്ടടുള്ള റെയിൽ പാളത്തിലൂടെ കടന്നു പോയ തീവണ്ടിയൊച്ചയിൽ മുറിഞ്ഞു….

അയാൾ ഓർക്കുകയായിരുന്നു…

പരിചയമില്ലാത്ത സ്ഥലത്ത് സായാഹ്ന പ്രാർത്ഥനയുടെ സമയമടുത്തപ്പോഴാണ് നോമ്പ് തുറക്കുന്നതിന് വേണ്ടി കരുതി വെച്ചിരുന്ന ഒരു ബോട്ടിൽ വെള്ളവുമെടുത്ത് പുതിയ ജോലി സ്ഥലത്ത് നിന്ന് താൻ പുറത്തിറങ്ങിയത്.

വഴി അന്വേഷിച്ചപ്പോൾ ”മ്മടെ ഈ ലോഡ്ജിന് പിന്നീക്കൂടെങ്ങണ്ട് പോയാൽ മൂന്നാമത്തെ തിരിവില് ഇടത്തേ പറമ്പിലാണ് സ്ഥലം” എന്ന് വഴിയരികിലെ ഉന്ത് വണ്ടി കച്ചവടക്കാരൻ പറഞ്ഞു തന്നു. നന്ദി സൂചകമായി ഒരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് നടന്നു തുടങ്ങിയപ്പോൾ അടുത്ത് ബീഡി വലിച്ചൂതി കൊണ്ട് നിന്നിരുന്ന ആളോട് ”ലാസറേട്ടന് ആളെ മനസ്സിലായോ, മ്മടെ ഗാലക്സീല് വന്ന പുത്യേ അളാ” എന്ന് പരിചയപ്പെടുത്തി കൊടുക്കുന്നത് കേട്ടിരുന്നു..

ഓരത്ത് അഴുക്കു ചാലുള്ള ദുർഗന്ധം വമിക്കുന്ന വഴിയിൽ മുടന്തുള്ള ഒരു പട്ടി തന്നെ മറികടന്നു കൊണ്ട് അടുത്ത പറമ്പിലേക്ക് ഓടി കയറുമ്പോൾ ആരോ എറിഞ്ഞുടച്ച വഴിവിളക്കുകൾ ഇരുട്ടു പരക്കുന്നതിനോട് കൂട്ട് കൂടാൻ തുടങ്ങിയിരുന്നു.

ആരോ പിറകെ ഓടി വരുന്ന ശബ്ദം കേട്ടാണ് താൻ തിരിഞ്ഞ് നോക്കിയത്… ഒരു നിലവിളിയൊച്ചയോടെ നിലംപതിച്ച ഒരുത്തനെ ആരെല്ലാമോ ചേർന്ന് വെട്ടുന്നുണ്ടായിരുന്നു… പിന്നെ ആ മുഖം മറച്ച നാലുപേർ നാലു വഴികളിലൂടെ ഓടി മറഞ്ഞു…

ജീവൻ വെടിയുന്നതിന് മുന്നെ ദാഹം തീർക്കാൻ ആവശ്യപ്പെട്ട വെള്ളം കൊടുത്തത് കൊണ്ട് കുറ്റവാളി ആകുന്നതെങ്ങനെയാണ്…

ചോദ്യം ചെയ്യൽ പാതിയിൽ നിറുത്തി അകത്തു പോയ പോലീസു കാരൻ ചിരിച്ച് കൊണ്ട് “തനിക്ക്…. പോകാം” എന്ന് മൊഴിഞ്ഞ് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്….

“ക്ഷമിക്കണം ആസാദ്… യഥാർത്ഥ കുറ്റവാളികളെ പിടി കൂടിയിട്ടുണ്ട്… നിങ്ങൾക്ക് പോകാം”

എന്ത് പറയണമെന്നറിയാതെ അയാൾ ദൈവത്തിന് നന്ദി പറഞ്ഞു….

“സർ, ഞാൻ പറഞ്ഞതല്ലേ നിരപരാധിയാണെന്ന്..”

‘.. ഹ് ആ…കൂടുതൽ ഡയലോഗൊന്നും വേണ്ട, സ്ഥലം വിടാൻ നോക്ക്’ എന്ന് താക്കീത് നൽകി കൊണ്ട് അടുത്തുള്ള കോൺസ്റ്റബിളിനോട് “ഇയാളെ കൊണ്ടുവിടു” എന്ന് കൽപ്പിച്ചു..

“വേണ്ട സർ, ഞാൻ പൊയ്ക്കോളാം…” എന്ന മറുപടിക്ക് തീ പാറുന്ന നോട്ടം മാത്രം സമ്മാനിച്ച് പോലീസുകാരൻ ഇടതു കയ്യിലെ ചരടിലെ കെട്ട് മുറുക്കിക്കൊണ്ടിരുന്നു….

ആജ്ഞയനുസരിച്ച് കോൺസ്റ്റബിളിന്റെ കൂടെ തിരിച്ച് പോരുമ്പോൾ മടിച്ച് മടിച്ചാണ് അയാൾ ചോദിച്ചത് “സർ, ആരായിരുന്നു കൊലപാതകികൾ …. എന്തായിരുന്നു കാരണം……?”
തികഞ്ഞ മൗനത്തിൽ ജീപ്പിനകത്തെ നിറഞ്ഞ നിശബ്ദതയിൽ അറിയാനുള്ള ആഗ്രഹങ്ങൾക്ക് നീർ കുമിളയുടെ ആയുസ്സാണെന്ന് അയാൾക്ക് തോന്നി…
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് മുന്നിലൂടെ കടന്നുപോയ ഓട്ടോ കാരനെ ഹോണടിച്ച് ചീത്ത വിളിച്ച് ജീപ്പിൻ്റെ വേഗത കൂട്ടികൊണ്ട് “ഫാൻസുകാരാണത്രെ!… ഇന്നലെ റീലീസായ സൂപ്പർ സ്റ്റാറിൻ്റെ ഫിലിമിന് തിയേറ്ററിനുള്ളില് വെച്ചുണ്ടായ അടിയാണ് ഇന്ന് വെട്ടിൽ കലാശിച്ചത്…. താരാരാധന… ഒലക്കേടെ മൂട്..” എന്ന് കോൺസ്റ്റബിൾ പറഞ്ഞൊപ്പിച്ചു…

കൊലപാതകം നടന്ന സ്ഥലത്ത് അയാളുടെ ആവശ്യാനുസരണം നിറുത്തി കൊടുത്ത ജീപ്പിൽ നിന്ന് കോൺസ്റ്റബിളിനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ താരാരാധനയുടെ പാട് വഴിയിൽ തളം കെട്ടി കിടന്നിരുന്നു.

ആനുകാലികങ്ങളിൽ എഴുതാറുണ്ട്. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം 'ഒറ്റക്കാള' എന്ന പേരിൽ പെൻഡുലം ബുക്സ് പുറത്തിറക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ വടക്കേകാട് - കൊച്ചനൂർ സ്വദേശി.