ആദരം, വാക്കിന്റെ ഉടയോന്

എം ടി യെ പറ്റി രണ്ടു വാക്ക് പറയാൻ പറഞ്ഞാൽ നമ്മൾ സ്തംഭിച്ചു നിന്നുപോകും ഏത് രണ്ടു വാക്കുകൾ ? വാക്കുകളുടെ എല്ലാം സൗന്ദര്യം കാണിച്ചു തന്നത് ആ എഴുത്താണ്‌. ആ എഴുത്തിന്റെ, ഭാഷയുടെ താളമാണ്‌ നമ്മുടെ ഹൃദയതാളമായി തീർന്നത്. ആ അക്ഷരങ്ങൾ വരച്ചിട്ട ചിത്രങ്ങൾ സൃഷ്ടിച്ച അസ്വസ്ഥതകളാണ് എന്നെയും എഴുതാൻ പ്രേരിപ്പിച്ചത്.

നൈനിത്താളിൽ മഞ്ഞിന്റെ തണുപ്പിലും ഏകാന്തതയിലും ആരെയോ കാത്തിരിക്കുന്ന വിമലയും, മറ്റാർക്കും കഴിയാത്ത പ്രണയത്തിന്റെ സൗഗന്ധിക പുഷ്പങ്ങൾ പറിച്ചു കൊടുത്തിട്ടും പാഞ്ചാലിക്കു പ്രിയങ്കരൻ താനല്ലെന്നറിയുമ്പോഴുള്ള ഭീമന്റെ വേദനയും. എണ്ണിപ്പെറുക്കിയെടുക്കാൻ ആവാത്ത അത്ര വിപുലമാണ് എം ടിയുടെ കഥാലോകം, നമ്മളെ നൊമ്പരപ്പെടുത്തിയ കഥാപാത്രങ്ങളും സന്ദർഭങ്ങളും. എം ടിയെ പറ്റി രണ്ടു വാക്ക് പറയാൻ പറഞ്ഞാൽ നമ്മൾ സ്തംഭിച്ചു നിന്നു പോകുന്നത് അവിടെയാണ്.

ഫോട്ടോ കടപ്പാട് : മാതൃഭൂമി

കടലിന്റെ ലവണജലത്തിലെ ഓക്സിജൻ പ്രാണവായുമായി തന്റെ ചെകിളയിലൂടെ വലിച്ചെടുത്ത്‌ കടലിൽ കഴിയുന്ന മത്സ്യത്തിനോട് കടലിനെപറ്റി ചോദിക്കരുത്‌. ചോദിച്ചാൽ അതൊരുപക്ഷേ കടലേ ഇല്ലെന്നു പറയും. അതിനറിയാം കടലും താനും വേറല്ലെന്ന്. എം ടിയുടെ സാഹിത്യവും ഇതുപോലെയാണ്‌ ഒരു മഹാസാഗരം പോലെ അത് നമ്മളെ പൊതിഞ്ഞിരിക്കുന്നു. നമ്മുടെ ഭാഷയെ സ്വപ്നങ്ങളെ ദുഖങ്ങളെ എല്ലാം എംടിയുടെ എഴുത്തുകൾ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിയാത്ത വണ്ണം ആ മഹാസമുദ്രത്തിലെ മത്സ്യങ്ങളായി നമ്മൾ മാറിയിരിക്കുന്നു. കടലേ ഇല്ലെന്നു പറയുന്ന കടൽമത്സ്യത്തെപ്പോലെ എം ടി എന്നേ നമ്മളായി തീർന്നിരിക്കുന്നു. സ്നേഹത്തോടെ ബഹുമാനത്തോടെ അക്ഷരങ്ങളുടെ മഹാശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗ പ്രണാമം അർപ്പിക്കുന്നു.

എറണാകുളം സ്വദേശി. മലയാള ചലച്ചിത്ര ഗാനരചയിതാവ് , തിരക്കഥാകൃത്ത്