
പ്രകാശൻ പറയുന്നു :
നിങ്ങളെല്ലാപേരും
വെറുതെ വിധിക്കയാണെന്നെ !
ദുഷ്ടനാണത്രേ,
തീരെയാത്മാർത്ഥത
തൊട്ടു തീണ്ടാത്തവനത്രേ!
എന്തിനാണിങ്ങനെ
ചുമ്മാതെ കുറ്റങ്ങൾ
ചീമുട്ട പോലെടു-
ത്തെൻ നേർക്കെറിയുന്നു നിങ്ങൾ?
നിങ്ങളെപ്പേരും, പറയുന്നതൊന്നുമേ
ചെയ്യാനൊരുങ്ങാത്ത മാന്യർ !
പറയുന്നു ഞാൻ
അതു ചെയ്യുന്നു ഞാൻ
അപ്പൊഴും ദുഷ്പേരിതെന്തേ?
ചെയ്യുന്നതൊക്കെ ഞാൻ
ആത്മാർത്ഥമാ, യതെൻ
ശക്തിയാണെന്നറിയില്ലേ?
അവളോട് ചൊന്നുഞാൻ
സ്നേഹിപ്പു നിന്നെയി –
ന്നാത്മാർത്ഥമായിട്ടു തന്നെ !
പിന്നെ ഞാൻ കണ്ടെത്തി
വേറൊരു സമ്പന്ന,
യവളെയാണല്ലോ ഞാൻ കെട്ടി !
എന്തിനു കുറ്റം പറയണ, മെന്നെ ഞാൻ
മുന്നേ പറഞ്ഞതിക്കാര്യം!
സ്നേഹവും ആത്മാർത്ഥമാ –
ണെനിക്കൊക്കെയും,
എല്ലാമെനിക്കായി മാത്രം!
വാക്കുകളർത്ഥം ഗ്രഹിക്കാതെ കേൾക്കുവോർ
തെറ്റിദ്ധരിക്കയാണെന്നെ!
സ്വാർത്ഥതയെന്നാണാ വാക്കിൻ്റെ യർത്ഥമെ-
ന്നാരുമറിയാത്തതെന്തേ?
തൻ്റെയാം നേട്ടങ്ങൾ
മാത്രം കൊതിക്കുവോർ
ചെയ്യുവതാത്മാർത്ഥമായി!
എല്ലാം തനിക്കായി
തൻ്റെയർത്ഥത്തിനായ്
എന്നുള്ള വാക്കിൻ്റെ പേരിൽ
എന്തിനു കുറ്റം പറയുന്നു, ഞാനെന്നു –
മാത്മാർത്ഥമായ് ചെയ്കയല്ലേ?
എന്തൊരു ലോകം !
പ്രകാശൻ വിതുമ്പുന്നു,
തെറ്റിദ്ധരിക്കുന്ന ലോകം !








