പിറന്നു വീണപ്പോള്‍
ഒരുപാടു കരഞ്ഞതുകൊണ്ടല്ല
കണ്ണീരുവറ്റിയത്
കരയാനറിയാത്തതുകൊണ്ടുമല്ല
കണ്ണീരുപൊഴിയാത്തത്
പലരും പലകുറി
അടക്കം പറഞ്ഞവയൊക്കെ
ഇപ്പോഴും
കാതില്‍ മുരണ്ടുകൊണ്ടെയിരിക്കുന്നു
പിച്ചവച്ച നാളില്‍ പറഞ്ഞവയൊക്കെ
അര്‍ത്ഥമറിയാത്തതുകൊണ്ട്
അറിയാതെ വിട്ടു
പള്ളിക്കൂടത്തിലേയ്ക്കു
തള്ളിവിട്ടതു മുതല്‍
അര്‍ത്ഥമറിഞ്ഞു തുടങ്ങി
അന്നാദ്യം കേട്ടൂ
നീയൊരു ആണാണ് കരയരുത് !
ഗൃഹപാഠം ചെയ്തുവരാത്തതിനും
ഗുണനപട്ടിക പഠിക്കാത്തതിനും
ആരോകുറിച്ചുവച്ച പദ്യശകലം
കാണാതെ ചൊല്ലാത്തതിനും
ചൂരലുകള്‍
അകം തുടയിലും
കൈത്തലങ്ങളിലും
വടുക്കളെ സൃഷ്ടിച്ചു
നഖമുനകൊണ്ടുള്ള
ചുവന്ന ചിത്രങ്ങളില്‍
ആളി പടരുന്ന വേദന
കണ്ണുനീര് പൊടിഞ്ഞതു
കണ്ടുപിടിക്കപ്പെടുമ്പോള്‍
കളിയാക്കി ചിരികളില്‍
വീണ്ടും അര്‍ത്ഥമറിഞ്ഞു
ആണ്‍പക്ഷികള്‍ കരയാറില്ല !
നീയൊരു ആണാണ് കരയരുത് !
ഒരുചാണ്വയറിന്റെ വിശപ്പടക്കാന്‍
ബലക്ഷയം ബാധിച്ച ചുമലില്‍ ഭാരം കയറ്റി
മുതുകു വളഞ്ഞപ്പോൾ
അതിവിനയമുള്ളവനെന്നു ചിലര്‍
അടിമയെന്നു വേറെ ചിലര്‍
ഉടലില്‍ കോറിയ വരയിലൂടെ
ചോര കിനിഞ്ഞിറങ്ങിയപ്പോഴും
കുത്തിനോവിക്കലുകളില്‍
അകം വെന്തുരുകിയപ്പോഴും
കരയാതെ നിന്നു
ആണ്‍പക്ഷികളാണ് കരയരുത് !
ഒറ്റപ്പെടുത്തലിലും
ഒട്ടേറെ ഒറ്റുകാരുടെ വചനങ്ങളിലും
നിശബ്ദനായപ്പോഴും
പ്രതിസന്ധി ഘട്ടങ്ങളില്‍
സമനില തെറ്റിയപ്പോഴും
കരയാതെ നിന്നത്
കാതുകളില്‍ പഴഞ്ചൊല്ലുകള്‍
പിന്തുടര്ന്നതുകൊണ്ടാണ് .
ഒരിക്കലും
ആണ്‍പക്ഷികള്‍ കരയാറില്ലെന്ന് !
അടക്കിപിടിച്ചവ്യസനങ്ങള്
ഹൃദയത്തെ നീറ്റീയപ്പോൾ
ഇരുട്ടിനെയാശ്രയിച്ചു.
ആരുമറിയാതെ
കരഞ്ഞുതീര്‍ക്കാന്‍
കിടക്കപ്പായയിലെ തലയിണയില്‍
മുഖമമര്‍ത്തിയപ്പോള്‍
തലയിണയും പറഞ്ഞു
ദുര്ബ്ബലന്
നീയൊരു ആണാണ് കരയരുത് !
മഹാദുരന്തങ്ങളില്‍
യഥേഷ്ടം കണ്ണീരുതൂവുന്നവര്ക്ക് മുന്നിൽ
ധീരനായി നടിച്ചു
ഒന്നു തൊട്ടാല്‍ പൊട്ടിവീഴാന്‍ തക്കം പാത്ത്
നില്‍ക്കുകയായിരുന്നു തുള്ളികള്‍
എന്നിട്ടും
പുറത്തു കരയാതെ
അകത്തു കരഞ്ഞു
ആരുമറിയില്ലല്ലോ !
വ്യസനങ്ങള്‍ അടക്കിനിര്‍ത്തി
കണ്ണുനീര് പുറത്തേയ്ക്ക് ഒഴുക്കാതെ
തടയിണ കെട്ടിക്കെട്ടി തകരും
ഒരിക്കല്‍
ഈ ആണ്ഹൃദയവും.
അപ്പോഴും ലോകത്തിലെ
സര്‍വ്വ ചരാചരങ്ങളും പറയും
ആണ്‍പക്ഷികള്‍ കരയാറില്ല !
നീയൊരു ആണാണ് കരയരുത്
വേദനകളില്ലാത്ത ദുഃഖങ്ങളില്ലാത്ത
കരയാനാവകാശമില്ലാത്ത
ആണ്‍പക്ഷികൾ