ആഘോഷിക്കുന്നവർക്കിടയിലേക്ക്..

നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ്‌ ‘എവർഷൈൻ അപ്പാർട്ട്മെന്റ്സ്’ എന്ന ഫ്ലാറ്റ് തല ഉയർത്തി നില്ക്കുന്നത്. പതിമൂന്ന് നിലകളിലായി ഏതാണ്ട്‌ നൂറോളം സമ്പന്നകുടുംബങ്ങൾ സകലവിധ സൗകര്യങ്ങളോടു കൂടിയും അവിടെ ജീവിക്കുന്നു. ആവശ്യത്തിനു പാർക്കിംഗ് സ്ഥലം, ജിംനേഷ്യം, നീന്തൽക്കുളം, കുട്ടികൾക്ക് കളിക്കാനായി പുൽത്തകിടിയുള്ളൊരു പൂന്തോട്ടം ഒക്കെയും അവിടത്തെ നിവാസികൾ ആസ്വദിച്ചു പോരുന്ന ആർഭാടങ്ങളിൽ ചിലത് മാത്രം. ഫ്ലാറ്റിന്റെ റൂഫ്ടോപ്പിൽ നിന്നാൽ, നഗരം ഏതാണ്ട് മുഴുവനായും ദൃശ്യമാവും. ഓറഞ്ചു നിറമുള്ള സായാഹ്നങ്ങളിൽ വീശുന്ന തണുത്ത കാറ്റേറ്റ്, അകലെയൊരു നീലവര പോലെ തെളിയുന്ന സമുദ്രത്തിലേക്ക് കണ്ണുംനട്ട് നിൽക്കുക അവിടുള്ളവരുടെ ഭാഗ്യങ്ങളിലൊന്നു മാത്രം.

ഈ പ്രാവശ്യത്തെ റസിഡന്റ്സ് കമ്മിറ്റിയിൽ അധികവും യുവാക്കളും യുവതികളുമാണ്‌. ഓണാഘോഷം പതിവിലും ‘അടിപൊളി’ ആയി ആഘോഷിക്കണം എന്ന് അവർ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പ്രായമായവർ ഉൾപ്പെട്ട മുൻകമ്മിറ്റിയിൽ നിന്നും വ്യത്യസ്തമായി ധാരാളം പ്രോഗ്രാമുകൾ, എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള കളികൾ, കലാപരിപാടികൾ ഒക്കെയും അവർ ആസൂത്രണം ചെയ്തു. കലാവാസന പ്രകടിപ്പിക്കാൻ കയറു പൊട്ടിച്ചു നില്ക്കുന്നവർക്കായി കരോക്കെ, സിനിമാറ്റിക് ഡാൻസ്, ലഘുനാടകങ്ങൾ എന്നിവ ധാരാളം ഉൾപ്പെടുത്തിയിരുന്നു. കൂടാതെ കുട്ടികൾക്കായി ബട്ടർഫ്ലൈ ഡാൻസ്, ബ്രേക്ക് ഡാൻസ് തുടങ്ങിയവയും. ചില പരിപാടികൾ കെട്ടിടത്തിനകത്ത് വെച്ചും ചിലത് പുറത്തെ പുൽത്തകിടിയിലുമായി നടത്താൻ തീരുമാനമായി.

എല്ലാവരും കാത്തുകാത്തിരുന്ന ആ സുദിനമെത്തി.
ആഘോഷങ്ങൾ ആരംഭിക്കുകയായി. പ്രാർത്ഥന, പ്രസംഗം എന്നീ പതിവുകൾക്ക് ശേഷം കുട്ടികളുടെ ചെറിയൊരു ഡാൻസോടു കൂടി പ്രോഗ്രാം ആരംഭിച്ചു. അതിനു ശേഷം ചിലർ വന്നു കരോക്കെ പാടി. ഇടയ്ക്ക് ഒരു ഗ്രൂപ്പ് ഡാൻസ്, ശേഷം ഒരു സിനിമാറ്റിക് ഡാൻസ്.. അങ്ങനെ പ്രോഗ്രാം ഭംഗിയായി മുന്നേറിക്കൊണ്ടിരുന്നു. കളികളായിരുന്നു അടുത്തത്. ഉച്ചഭക്ഷണത്തിനു മുൻപായി സ്ത്രീകൾക്കായി ഒരു ചെറിയ ഗെയിം. പുറത്തെ പുൽത്തകിടിയിൽ, മരത്തണലിലാണ്‌ ഗെയിം നടത്താൻ തീരുമാനിച്ചത്. ഫ്രൈഡ്റൈസും ചിക്കൻകറിയും, ഗോബിമഞ്ചൂറിയയുമൊക്കെയായി കാറ്ററിംഗ് ടീം ഒരു വശത്ത് ഭക്ഷണം വിളമ്പുന്നതിനായി തയ്യാറെടുത്തു. സ്ത്രീകൾക്ക്, പ്രത്യേകിച്ചും യുവതികൾക്കായിട്ടായിരുന്നു മത്സരം. മത്സരമിതാണ്‌ – ബണ്ണുകൾ ചരടിൽ കോർത്തു തൂക്കിയിടുന്നു. ആ ബണ്ണ്‌ ചാടി കടിച്ചെടുക്കുക. കൈകൾ പിന്നിൽ കെട്ടിയിരിക്കും. ആദ്യം ബണ്ണ്‌ വായിലാക്കുന്നയാൾ വിജയി. മത്സരാർത്ഥികൾ ബണ്ണിനായി ചാടുന്നതിനൊപ്പം ചരടുയർത്താനായി ഇരുവശത്തുമായി രണ്ടു യുവാക്കൾ നിന്നു. യുവതികൾ ചാടുന്നത് അടുത്ത് നിന്ന് കാണുവാൻ ഭാഗ്യം ചോദിച്ചു വാങ്ങിയവരാണവർ.

ബണ്ണ്‌ മത്സരത്തെ കുറിച്ച് കേട്ടപ്പോൾ, തലനരച്ച ചിലർക്ക് അതു ജീവിതത്തിന്റെ നേർപകർപ്പാണെന്ന് തോന്നി. ആരോ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന ബണ്ണുകൾക്കായി, എല്ലാവരും ചാടി കൊണ്ടേയിരിക്കുന്നു നിരന്തരം. എന്നാൽ കൈകൾ പിന്നിൽ കെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു. ചിലർക്ക് കഴിവ് കൊണ്ട്, ചിലർക്ക് ഭാഗ്യം കൊണ്ടു ബണ്ണ്‌ കിട്ടുന്നു. ബണ്ണിനായി ചാടുന്നവരെ നോക്കി ലോകം ചിരിക്കുന്നു, കൈയ്യടിക്കുന്നു. ചാട്ടത്തിനൊടുവിൽ ബണ്ണ്‌ കിട്ടിയവർ ജയിക്കുന്നു. ജയിച്ചവരായി സ്വയം കരുതുന്നു. എന്നാൽ..ഒടുവിൽ കാഴ്ച്ചക്കാരോ, വിജയികളോ കഴിക്കാതെ ബണ്ണ്‌ ഉപേക്ഷിക്കപ്പെടുന്നു. ബണ്ണിനായുള്ള ചാട്ടം.. ജീവിതം പോലെ അർത്ഥശൂന്യമാണെന്ന് അവർക്ക് തോന്നി.

മത്സരം ആരംഭിക്കുകയായി. മത്സരാർത്ഥികൾ ഒരുങ്ങി കഴിഞ്ഞു. ഷാളുകൾ അരയിൽ മുറുക്കെ കെട്ടി ചുരിദാർ വസ്ത്രധാരികൾ തയ്യാറെടുത്തു. ഹൈഹീൽ ചെരുപ്പുകൾ ഉപേക്ഷിച്ചു ചിലർ ഒന്നു രണ്ടു വട്ടം ചെറുതായി ചാടി പരിശീലനം നടത്തി നോക്കി. ബണ്ണുകൾ വരവായി. അതെല്ലാം തുളച്ച് നൂലു കൊണ്ട് കെട്ടി ഒരു നീണ്ട വടിയിൽ തൂക്കിയിട്ടു. പരിപാടികളുടെ അവതാരകൻ വന്ന് മത്സരത്തിന്റെ നിയമങ്ങൾ വിശദീകരിച്ചു. മത്സരത്തിനു ഉത്സാഹം പകരാനായി ദ്രുതതാളത്തിലുള്ള സംഗീതം അകമ്പടിയായി.
‘അങ്ങനെ! മത്സരം ആരംഭിക്കുകയാണ്‌!’. അവേശം നിറഞ്ഞ അനൗൺസ്മെന്റ്.
ബണ്ണുകൾ തുള്ളിക്കളിച്ചു തുടങ്ങി. കൊലുസ്സിട്ട കാലുകൾ വായുവിൽ ഉയർന്നു കൊണ്ടിരുന്നു. ചിലരുടെ ചുണ്ടുകളെ സ്പർശിച്ച് ബണ്ണുകൾ വായുവിൽ ഉയർന്നു പോയി. ആർപ്പുവിളികളും ആരവങ്ങളും അവിടെങ്ങും നിറഞ്ഞു. യുവതികളുടെ ചാട്ടം കാണാൻ ചെറുപ്പക്കാർ മാത്രമല്ല, മധ്യവസ്ക്കരും മുന്നോട്ട് തള്ളിക്കയറി വന്നു. ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും ചിലർ ഉത്സാഹിച്ചു. എങ്ങും ബഹളവും വിളികളും. അപ്പോൾ, തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അത് സംഭവിച്ചത്. എവിടെ നിന്നെന്നറിയില്ല, താടിയും മുടിയും നീട്ടി വളർത്തിയ, മുഷിഞ്ഞ്, കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, ദുർഗ്ഗന്ധം വമിക്കുന്ന ശരീരത്തോടു കൂടിയ ഒരാൾ രംഗത്തേക്ക് ചാടി വന്നു!. അയാൾ എങ്ങനെയാണ്‌ അപ്പാർട്ട്മെന്റ് ഗാർഡിന്റെ കണ്ണു വെട്ടിച്ച് അവിടെ എത്തിയതെന്ന് ആർക്കും മനസ്സിലായില്ല. ഒരു നിമിഷം!. ചാടി വന്ന ആൾ കുതിച്ചു ചെന്ന് തൂക്കിയിട്ടിരുന്ന ബണ്ണുകളിൽ ഒന്ന് തട്ടിപ്പറിച്ചെടുത്തു കൊണ്ട് പുൽത്തകിടിക്ക് പുറത്തേക്കോടി!. ഓടുന്നതിനിടയിൽ തന്നെ ബണ്ണിന്റെ ഒരു ഭാഗം അയാൾ കടിച്ചെടുത്തിരുന്നു. ചാടിക്കൊണ്ടിരുന്ന പെൺകുട്ടി വല്ലാതെ വിളറുകയും, നാണക്കേട് തോന്നിയതു പോലെ മുഖം കുനിച്ചു പിടിക്കുകയും ചെയ്തു. ക്ഷണിക്കപ്പെടാത്ത അതിഥിയുടെ പ്രവൃത്തി കണ്ട്, ചില കാണികൾ ചിരിക്കാനാരംഭിച്ചു. തൊട്ടടുത്ത നിമിഷം അവിടെ ആക്രോശങ്ങൾ മുഴങ്ങി.
‘ആരെടാ ഇവനെ കേറ്റി വിട്ടത്?’
‘പ്രാന്തൻ!! ..പ്രാന്തനാ..പ്രാന്തനാ..’
‘ഗാ‍ാർഡ്!!!’
ചാടി വന്ന ആൾ അപ്പാർട്ട്മെന്റിന്റെ പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള തിരക്കിലായിരുന്നു ആ സമയം. കമ്മിറ്റിക്കാർ അപ്പോഴാണ്‌ തങ്ങൾ ആസൂത്രണം ചെയ്ത പരിപാടിയിൽ വലിയൊരു പിഴവ് സംഭവിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. അവർ സ്തംഭിച്ചു നിന്നു പോയി. ജീൻസുധാരികളായ ചില ചെറുപ്പക്കാരുടെ ചിന്ത അന്നേരം മറ്റൊരു ദിശയിലേക്കാണ്‌ പാഞ്ഞു പോയത്. പെൺകുട്ടികളുടെ മുന്നിൽ കൈയ്യൂക്കും, കൈക്കരുത്തും കാണിക്കാൻ ഇതിലും നല്ലൊരു അവസരം ഇനി എപ്പോൾ കിട്ടാനാണ്‌? ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്താൻ പാടില്ല!. അവർ തങ്ങളുടെ വിലകൂടിയ മൊബൈൽ ഫോണുകൾ മുറുക്കെപ്പിടിച്ച് ബണ്ണ്‌ കൈക്കലാക്കി ഓടിയ ആളുടെ പിന്നാലെ പാഞ്ഞു. അപ്പോഴേക്കും ഗാർഡും എവിടെ നിന്നോ വടിയുമായി രംഗപ്രവേശം ചെയ്തിരുന്നു. അയാളും ചെറുപ്പക്കാരുടെ പിന്നാലെ ഓടാനാരംഭിച്ചു. തന്റെ പ്രവൃത്തിയിൽ സംഭവിച്ച വീഴ്ച്ച മറയ്ക്കാൻ അയാൾക്ക് ആ ഒരു വഴി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അടുത്തതെന്താവും സംഭവിക്കുക എന്ന ആകാംക്ഷ അടക്കാനാവാതെ ചിലർ, ഓടുന്നവരുടെ പിന്നാലെ ഓടി.

തന്റെ പിന്നാലെ ന്യൂ ജെൻ പിള്ളേർ പാഞ്ഞു വരുന്നത് കണ്ട് ബണ്ണ്‌ കൈവശപ്പെടുത്തിയ ആൾ സർവ്വശക്തിയുമെടുത്ത് ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയിലും അയാൾ ബണ്ണ്‌ കഴിക്കാൻ മറന്നില്ല. പിന്നാലെ വന്ന കൂട്ടം, പിടികൂടി താഴേക്ക് തള്ളിയിടുമ്പോൾ അയാൾ അവസാനത്തെ കഷ്ണവും വായ്ക്കുള്ളിലാക്കി കഴിഞ്ഞിരുന്നു!. റോഡിൽ ഒരു അട്ടയെ പോലെ ചുരുണ്ട് കിടന്ന അയാൾ, തന്റെ മേൽ വീഴുന്ന അടിയും തൊഴിയും തടുക്കാൻ ശ്രമിച്ചതേയില്ല. ബണ്ണിന്റെ അവസാനത്തെ കഷ്ണത്തിലെ അവസാനത്തെ പൊടിയുടെ സ്വാദും ആസ്വദിക്കുകയായിരുന്നു അയാൾ. അനിർവ്വചനീയമായ രുചി അയാളുടെ നാവിന്റെ രസമുകുളങ്ങളിൽ നിറയുകയായിരുന്നു. ദിവസങ്ങളായി ശൂന്യമായി കിടന്ന വയറിന്റെ, അഗാധമായ അടിത്തട്ടിലേക്ക് ബണ്ണിന്റെ ശകലങ്ങൾ പതിയെ അടിയുന്നത് അയാൾ അനുഭവിച്ചറിയുകയായിരുന്നു. അതിന്റെ നിർവൃതിയിൽ അയാളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി പരന്നു. ആ സമയമത്രയും അയാൾ കണ്ണുകൾ അടച്ചു തന്നെ പിടിച്ചിരുന്നു, നീറുന്ന വിശപ്പിന്റെ വഴിയിലേക്ക് ഒരു വട്ടം കൂടി നോക്കാൻ തയ്യാറാകാത്തത് പോലെ..

നിയോഗങ്ങൾ ,ഉടൽദാനം എന്നീ എന്ന കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. രസതന്ത്രത്തിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. ന്യൂസീലാന്റിൽ താമസം.