അസ്വസ്ഥതയുടെ പെരുമ്പറ മുഴക്കം

എന്‍റെ അസ്വസ്ഥതകള്‍
എന്‍റേതു  മാത്രമല്ല ,
പലമുഖങ്ങളുടേതുമാണ്.

ചലനം നില്‍ക്കുന്നതുവരെ
ഇതു തുടരും
ജീവിതപ്പാതയിലൂടെ ഉരുണ്ടുനീങ്ങുമ്പോഴൊക്കെയും
കാഴ്ചയില്‍ തടയുന്ന  
മുള്ളുകളൊക്കെത്തന്നെ
അസ്വസ്ഥതയുടെ
പെരുമ്പറ മുഴക്കങ്ങളാണ്

അസ്വസ്ഥതയെന്നത്
ഒരുതരം കരളുപിളര്‍ക്കലാണ്
മുറിവേറ്റ പക്ഷിയുടെ രോദനം ,
തിളച്ചുരുകുന്ന വെയിലില്‍
കരിഞ്ഞുണങ്ങിയ വൃക്ഷത്തിന്‍റെ ഇലകള്‍,
ഇതളുകള്‍ കൊഴിഞ്ഞ ഒരു പൂവ്,
സഞ്ചാരവീഥികളിലെ
നടുക്കുന്ന കദനകാഴ്ചകള്‍
നിണമൊഴുക്കുന്ന യുദ്ധങ്ങള്‍
കപടമുഖങ്ങളുടെ പുഞ്ചിരികൾ
അവഗണനയേറ്റവരുടെ മുറിപ്പാടുകൾ
വലയില്‍ പിടയുന്ന മീനുകള്‍
ഒട്ടിയവയറിലെ വിശപ്പിന്‍റെ പിടച്ചില്‍….

അങ്ങിനെയങ്ങിനെ
നുള്ളിനോവിക്കുന്നു
ഹൃദയഭിത്തിയിൽ കോറിവരയ്ക്കുന്നു
അപ്പോൾ പിന്നെ
അസ്വസ്ഥതയെന്നത്
കരളുപിളര്‍ക്കലല്ലാതെ മറ്റെന്താണ്!

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.