അവൾഹിതം

ആരെങ്കിലും കാണുമെന്നപേടിയിൽ
വരില്ലയെന്ന് പറഞ്ഞിരുന്നെങ്കിലും
കോളേജ്‌ തുറക്കും  മുൻപേ
അവൾ അവിടെത്തി

കൊഴിഞ്ഞ കാല വെയിൽമഴയിൽ
തണൽതേടി അണഞ്ഞ
കാറ്റുതലോടി ഇലകൾ വീണ
അതേ മരച്ചുവട്

അവളുടെ മുഖമിനുപ്പ്
മുടി മണം
ശ്വാസതാളം
പിടക്കുന്ന കഴുത്ത്
അനുഭൂതി തിണർത്ത് ,
മുത്തുമണി വിയർപ്പുതുള്ളികൾ
വിറ ഉടൽവിരലുകൾ

ഇറുകെമുറുക്കി ചേർന്ന്
ചുണ്ടുകൾ രുചിക്കാനായി
ആയുന്നേരം
മുന്നിൽ ശിപായി ശശിയേട്ടൻ
രണ്ട് പെൺകുട്ടികളോടും
എന്താ ഇത്ര നേരത്തെ വന്നത്
എന്ന് മാത്രം  ചോദിച്ച്
ചെറുതായൊന്നുചിരിച്ച്
ഓഫീസു തുറക്കാൻ
ധൃതിയിൽ
നടന്നു പോയി

കൊച്ചി സർവ്വകലാശാലയിൽ സീനിയർ സ്കെയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ. രണ്ട് കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.