അവരിരുവരും കടലിനഭിമുഖമായി, തിരകൾക്ക് ചേർന്നാണിരുന്നത്. തിരകൾക്ക് കാലുകളിൽ വന്ന് തൊടാവുന്നതത്രയും അടുത്ത്. കൃത്യമല്ലാത്ത ഇടവേളകളിൽ കടൽത്തിരകൾ അവരുടെ കാലുകൾ നനച്ചു കൊണ്ടേയിരുന്നു. ഇരുവരും കുറച്ച് നേരമായി ഒന്നും സംസാരിക്കുകയുണ്ടായില്ല. എന്നാൽ നിറഞ്ഞ മൗനത്തിനിടയിലും ഇരുവരുടേയും ചിന്തകൾ ഉച്ചത്തിലന്യോന്യം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ദേവനു രാജിയുടെ ചിന്തകൾ വായിക്കണമെന്നുണ്ടായിരുന്നു. രാജിയാവട്ടെ, തന്റെ ചിന്തകളെ എങ്ങനെ മൂടി വെയ്ക്കണമെന്ന ഉത്കണ്ഠയിലും.
ഏകദേശം ഒന്നര വർഷങ്ങൾക്ക് മുൻപ് ഇതു പോലൊരു സായാഹ്നസമയം അവരിരുവരും ഇതേ കടപ്പുറം സന്ദർശിച്ചിരുന്നു. മൂന്നാഴ്ച്ചത്തെ ദാമ്പത്യജീവിതം പിന്നിട്ട രണ്ടുപേർ. അന്ന് രാജി തന്റെ തലമുടി, നനവ് മാറാത്ത മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. തിരകളെ നോക്കിയവൾ പറഞ്ഞത് ഒരു മൂന്നാമന്റെ പേരായിരുന്നു. ജയനെക്കുറിച്ച് ദേവനുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ച്ചയിൽ തന്നെ അവളൊരു സൂചന കൊടുത്തിരുന്നു.
“തന്റെ പാസ്റ്റൊന്നുമെനിക്കറിയണ്ട, അതേക്കുറിച്ച് ചോദിക്കാനും പോണില്ല. ഒരാളെന്നും ഒരുപോലെ ആവില്ലല്ലോ..പിന്നെന്തിനാണ്?. മനുഷ്യശരീരം ഒരോ നിമിഷവും മാറി കൊണ്ടിരിക്കുകയാണെന്ന കാര്യം തനിക്കറിയാത്തതൊന്നുമല്ലല്ലോ?“
അയാളലസമായി അങ്ങനെയാണ് പറഞ്ഞത്. വയനാട്ടിൽ വനത്തിനുള്ളിൽ വളരുന്ന ചില ഔഷധച്ചെടികളെ കുറിച്ചുള്ള ഗവേഷണം നടത്തുകയായിരുന്നു ദേവൻ അക്കാലത്ത്. ഇടവേളകളിലയാൾ രാജിയോട് തന്റെ ഗവേഷണഫലങ്ങൾ ആവേശത്തോടെ പങ്കുവെച്ചു.
ഇന്ന് അതേ കടപ്പുറത്തിരുന്ന് ജയനെക്കുറിച്ച് സംസാരിക്കാൻ, ഏറ്റവും ഉചിതമായ ആദ്യവാചകം അവൾ തിരഞ്ഞു. ദേവൻ മുഖവുരയില്ലാത്ത ഒരു സംഭാഷണം പ്രതീക്ഷിച്ചു കടലിലേക്ക് തന്നെ നോക്കിയിരുന്നു.
”രാജി..താൻ. മിനിയാന്ന്..കാണാൻ പോകുമെന്ന് പറഞ്ഞിട്ട്..“ ഒരു പാട് നിമിഷങ്ങൾക്ക് ശേഷം അതിയായ ആകാംക്ഷ തടുത്ത് നിർത്താൻ കെൽപ്പില്ലാതെ അയാൾ സംസാരം തുടങ്ങി വെച്ച ശേഷം നിശ്ശബ്ദം മറുപടിക്കായി കാത്തു.
ദിവസങ്ങൾക്ക് മുൻപ് തനിക്ക് ജയനെ കാണാൻ പോകണമെന്നവൾ പറഞ്ഞത് ഒരനുവാദം ചോദിക്കുന്ന രൂപത്തിലായിരുന്നു.
”താൻ പോയി കണ്ടിട്ട് വാടോ. എനിക്കു തന്നെ അറിഞ്ഞൂടെ?“
ദേവന്റെ മറുപടി കേട്ട് ശരിക്കും തല കുനിഞ്ഞു പോയതാണ്.
വേണമെങ്കിൽ തനിക്കനുവാദം ചോദിക്കാതിരിക്കാമായിരുന്നു.
ദേവന് വേണമെങ്കിലനുവാദം നൽകാതിരിക്കാമായിരുന്നു.
ചിലപ്പോൾ തനിക്ക് തന്നെയും, ചിലപ്പോൾ ദേവനേയും മനസ്സിലാക്കാൻ കഴിയുന്നില്ല. വഴിതെറ്റിക്കുന്ന സ്വന്തം ചിന്തകളെക്കുറിച്ചവൾ ഭയത്തോടെ ഓർക്കാറുണ്ട്. തന്നെ ഭരിക്കുന്നത് താനൊരിക്കൽ തടവിലാക്കിയ പഴയ ഓർമ്മകളാണെന്ന സത്യത്തേക്കുറിച്ചും.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണവൾ ജയനെ സന്ദർശിക്കാൻ യാത്ര തിരിച്ചത്.
ആശുപത്രിയിൽ, കണക്കില്ലാത്തത്രയും കാലടികൾ പതിഞ്ഞ്, പരുപരുത്തു പോയ മൊസേക്ക് പടികൾ കയറി ചെല്ലുമ്പോൾ അവൾക്ക് തന്നെ തോന്നി, ലോഷനും ഡെറ്റോളും കലർന്ന ഗന്ധം തന്നെ പൂർണ്ണമായും പുതച്ചു കഴിഞ്ഞിരിക്കുന്നുവെന്ന്.
വെളുത്ത് വിളറി, മെലിഞ്ഞ്, മുടി കൊഴിഞ്ഞ്.. ജയന്റെ ആ രൂപം മുൻപെവിടെയോ കണ്ട തൂവൽ കൊഴിഞ്ഞു പോയ ഒരു പക്ഷിയുടെ ചിത്രം മനസ്സിൽ കൊണ്ടു വന്നു. അവൾക്കുറപ്പായിരുന്നു, പണ്ടെന്നോ നഷ്ടമായ ആ വികാരത്തിനെക്കുറിച്ച് ഒരിക്കൽ കൂടി അയവിറക്കാനാവില്ല തന്നെ അവസാനമായി കാണണമെന്നയാൾ ആഗ്രഹം പ്രകടിപ്പിച്ചെന്ന്. അതൊക്കെയും മാഞ്ഞു പോയതാണ്. ഒരുകാലത്തയാൾ യഥേഷ്ടം ഊതിവിട്ടിരുന്ന പുകച്ചുരുളുകൾ, വിചിത്രരൂപങ്ങൾ സൃഷ്ടിച്ച് അന്തരീക്ഷത്തിൽ മാഞ്ഞുപോകും പോലെ.
അയാൾ സംസാരിച്ചു തുടങ്ങിയപ്പോലവൾ അത്ഭുതപ്പെട്ടു.
അന്നുവരേയും കേൾക്കാത്ത ഒരു ശബ്ദം. ശബ്ദത്തിന്റെ ഉടമ ജയൻ തന്നെ എന്നു വിശ്വസിക്കാൻ പ്രയാസപ്പെട്ടു.
“രാജിയെ.. ഒന്നു കാണണമെന്നുണ്ടായിരുന്നു.. ഒരാഗ്രഹം.. ഈ അവസ്ഥയിൽ ഞാനേതു കാര്യം ആവശ്യപ്പെട്ടാലും ആരുമത് സാധിച്ചു തരും.. കാണേണ്ടവരെ ഞാൻ കണ്ടു തീർക്കുകയാണ്..“
കിതപ്പ് കലർന്ന ശബ്ദത്തിലത് പറഞ്ഞ് ജയൻ ഒരു വിളറിയ ചിരിയുമായി നിന്നു. ഇരുമ്പുകട്ടിലിൽ അയാൾ തന്റെ ദുർബ്ബലമായ കൈകൾകൊണ്ട് മുറുക്കെപിടിച്ചിരിക്കുന്നവൾ ശ്രദ്ധിച്ചു.
അവൾ ചുരിദാറിന്റെ ഷാളിൽ പിടിമുറുക്കി കട്ടിലിനരികിൽ തന്നെ നിന്നു.
”അടുത്തു വന്നോ..പേടിക്കണ്ട..ഇതു തനിക്ക് പകരാനൊന്നും പോണില്ല..“ അയാൾ ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ ക്ഷണിച്ചു.
അവൾ വിളറിയ ചിരിയോടെ അയാളെ തന്നെ നോക്കി നിന്നു.
”രാജി…ദിസ് ഈസ് റിയലീ ഓക്വേഡ്.. പണ്ടെന്നോ ഇഷ്ടപ്പെട്ടിരുന്ന ഒരു പെൺകുട്ടിയെ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ചത്..വേണ്ടായിരുന്നില്ല.. അല്ലെ?“.
അവൾ മറുപടിയൊന്നും പറയാത്തത് കൊണ്ട് അല്പനേരം കഴിഞ്ഞ് അയാൾ വീണ്ടും ചോദിച്ചു,
”എന്താ..രാജിക്കെന്നോടൊന്നും ചോദിക്കാനോ പറയാനോ ഇല്ലെ?“.
അപ്പോഴാണവൾ താൻ ഒന്നും തന്നെ ഇതുവരെ ശബ്ദിച്ചില്ലല്ലോ എന്നോർത്തത്.
”ജോയ് പറഞ്ഞിരുന്നു.. തന്നെ പറ്റി.. തനിക്കിനി..“
അപ്പോഴേക്കും ശോഷിച്ച ഇടംകൈയ്യുയർത്തി അയാൾ അവൾ പറയാൻ ശ്രമിക്കുന്നതു തടഞ്ഞു.
”ഒരോ മിനിട്ടും ഒരു പ്രിവലേജ് ആണടോ. പക്ഷെ ലാസ്റ്റ് മിനിട്ട്..അതു സ്പെഷ്യലാണ്..“
”താൻ ഫിലോസഫിയൊക്കെ പറയാൻ തുടങ്ങിയോ?“
അപ്പോഴാണവൾ ആദ്യമായി ചിരിച്ചത്.
”എന്തു ഫിലോസഫി ? ഒരിക്കലുമനുഭവിക്കാൻ കഴിയാത്ത കാര്യങ്ങളല്ലെ കേൾക്കുമ്പോൾ ഫിലോസഫിയാണെന്ന് തോന്നുന്നത്!“
രാജി അയാളെ തന്നെ നോക്കിയിരുന്നു.
“നീ..ഒരുപാട് മാറി പോയി..”
ഓ! അതു പറയണ്ടായിരുന്നു എന്നവൾക്കുടൻ തോന്നി.
“ഇനി നീ മാത്രമെ അതു പറയാൻ ബാക്കിയുണ്ടായിരുന്നുള്ളൂ..” അയാളതു പറഞ്ഞു ചിരിച്ചു.
അയാളിൽ പഴയ ജയൻ എവിടെയോ തെളിഞ്ഞു വരുന്നതായും, പഴയ രാജി ഉള്ളിലെവിടെയോ ഇരുന്നു സംസാരിക്കാൻ ശ്രമിക്കുന്നതായുമവൾക്ക് തോന്നി.
ജയൻ അവളെ തന്നെ നോക്കി പറഞ്ഞു,
“ഇപ്പോൾ ഈ മുറിയിൽ നീയും ഞാനും മാത്രം..”
“പണ്ടെന്നോ ഇതു പോലെ ഒരു മുറിയിൽ നമ്മൾ രണ്ടുപേരും മാത്രമായി ഒരുമിച്ചിരുന്നത് ഓർമ്മയുണ്ടോ?..ശരിക്കും ഇപ്പോഴത് ഓർക്കുമ്പോൾ ആ രണ്ടുപേരും രണ്ട് സ്റ്റ്ട്രേൻജേഴ്സ് ആയിരുന്നു എന്നു തോന്നുന്നു.. ആ പഴയ ആൾ ഞാനല്ല, മറ്റാരോ ആയിരുന്നെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.. എന്താ തനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ?.. എപ്പഴെങ്കിലും?”
ഒരു ചെറിയ നിശ്വാസത്തിനൊടുവിൽ രാജി പറഞ്ഞു,
“നമ്മളൊക്കെ ഒരു പാട് മാറി പോയി..അല്ലെ?..എന്റെ പ്രശ്നം.. എനിക്കിപ്പോഴുമാ പഴയ എന്നെ ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്..”
‘ഒരുപക്ഷെ..എന്റേം പ്രശ്നം അതാവാം..അതുകൊണ്ടാവാം എല്ലായിടത്തും ഞാൻ തോറ്റു പോയത്..’
രണ്ടുപേരും വ്യത്യസ്തമായ ഓർമ്മകളിലൂടെ സഞ്ചരിച്ച്, പഴയ ആ അപരിചിതരെ കുറിച്ചോർത്തുകൊണ്ടിരുന്നു.
ജയൻ തന്റെ ഇടതു കൈ അവൾക്ക് നേരെ നീട്ടി.
അവൾ തന്റെ ഇടതു കൈ അയാളുടെ തണുത്ത, ദുർബ്ബലമായ കൈയ്യിൽ വെച്ചു കൊടുത്തു.
കടൽക്കാറ്റ് വീണ്ടും വീശി. സൂര്യൻ താഴേക്ക് മറയാനാരംഭിച്ചു.
കടത്തിരകളും മൺത്തരികളും ചുവന്നു വരുമ്പോഴും അവർ തീരത്തു തന്നെ ഇരുന്നു.
ദേവൻ തിരകളിൽ നിന്നും കണ്ണെടുത്തതേയില്ല.
“അയാൾക്കിനി.. വെറും രണ്ടു ദിവസം കൂടിയെന്നല്ലെ..”
“ഉം..”
“തനിക്കെപ്പോഴെങ്കിലും..അല്ല..തന്നോടിപ്പോഴും അയാൾക്ക്..”
“അറിഞ്ഞൂടാ ദേവാ..ജയൻ..ജയനൊന്നും പറഞ്ഞില്ല..”
“പോയപ്പോൾ.. താനയാൾക്ക് എന്തെങ്കിലും കൊടുക്കാൻ കൊണ്ടു പോയിരുന്നോ?..”
തിരകൾ അവരുടെ കാലുകൾ തൊട്ടു നുണഞ്ഞ് തിരികെ പോയി.
“ഞാനൊന്നും.. അല്ല.. ഞാനെന്താ കൊണ്ടു പോകേണ്ടിയിരുന്നത്..?”
താനാ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്നു ദേവനു തോന്നി.
നേരമിരുണ്ട് തുടങ്ങി.
കടലിരമ്പം കാതുകളിൽ നിറഞ്ഞു.
കാറ്റ് കൂടുതൽ തണുപ്പുമായി കടൽ കയറി വന്നു.
തമ്മിൽ മുഖം കാണാനാവാത്ത വിധം കാഴ്ച്ച അവ്യക്തമായി.
രാജി പിന്നെയും സംസാരിച്ചു തുടങ്ങി,
“ജയൻ..ജയനെന്നോട്.. ചോദിച്ചു..”
“ഉം..”
“ഒരു പ്രാവശ്യം..അവസാനമായി..ഒരു ലാസ്റ്റ് കിസ്സ്..”
ശബ്ദമിടറിയെങ്കിലും പറഞ്ഞു തുടങ്ങിയത് മുഴുവനാക്കിയവൾ ദേവന്റെ തോളിൽ തലചായ്ച്ചു.
എന്നിട്ടവൾ ആ ആഗ്രഹം സാധിച്ചു കൊടുത്തോ എന്നു ദേവൻ ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കിൽ എന്തു പറയുമെന്ന് അവൾക്ക് അറിയുകയുമില്ലായിരുന്നു. അയാൾ അവളുടെ കൈയ്യിൽ അമർത്തിപിടിച്ച് അവളുടെ ശിരസ്സിലേക്ക് ശിരസ്സ് ചേർത്ത് ഇരുട്ടിൽ തിരകളുടെ ശബ്ദം ശ്രദ്ധിച്ച് ഇരുന്നു. മറ്റൊരു ശബ്ദവും കേൾക്കാൻ തയ്യാറാകാത്തത് പോലെ.