അലെഗളു

അലകൾ….
ഉയർന്നേറിത്താഴുന്ന
മണൽത്തട്ടിൽ
എഴുതാനിരിക്കുന്ന
കാറ്റിൻ്റെ
കൈതോലകൾ!

എഴുതും മായ്ക്കും
വീണ്ടും എഴുതും;
സാരംഗികൾ പതിയെ മീട്ടും,
പിന്നെ മൃദംഗം വായിച്ചിടും,
കടിഞ്ഞാണിടും മേഘ-
ക്കുതിരക്കൂട്ടത്തിനെ,
രഥത്തിൽ പൂട്ടിക്കെട്ടി
കിഴക്കോട്ടോടിച്ചിടും

ചിലങ്കക്കുള്ളിൽ നിന്ന്
മുത്തുകൾ ചിതറുമ്പോൽ
തിരകൾ മണൽ തൂവി-
ചിത്രങ്ങൾ രചിക്കുമ്പോൾ
നൃത്തമാടുവാൻ നാട്ടുവാംഗവും
കൊട്ടിക്കൊണ്ട്
ഉച്ചത്തിലൊരു ജതി-
സ്വരത്തിൻ ലയം തേടും..

ആകാശം വെളിച്ചത്തിനുലയിൽ-
തിരിയിട്ട് സൂര്യനെ-
തീപ്പന്തമായുയർത്തിപ്പിടിക്കവേ,
കാറ്റതിൻ തുഞ്ചത്തൊരു-
പക്ഷിയായ് പറക്കുന്നു
യാത്ര പോകുന്നു

ഭൂമിക്കതിരും കടന്നിട്ട്
ഗോത്രഭാഷകൾ തേടി-
പർവ്വതങ്ങളെ ചുറ്റി,
യാത്രപോകുന്നു വീണ്ടും
പറന്നേ പോയീടുന്നു;

പലതാം ഭൂഖണ്ഡങ്ങളിരുട്ടിൻ
നീലാഴങ്ങളൊഴുക്കിൻ-
തരംഗങ്ങളെതിർപ്പിൻ
യുദ്ധക്കളം…

ഒക്കെയും കടന്നെത്തി-
നിൽക്കുന്ന തീവ്രാന്ധത,
നടുക്കം, ഒടുക്കത്തിൻ
ശൂന്യത,  ചിദാകാശം..!

കാറ്റതാ വീണ്ടും മഞ്ഞു-
പഞ്ഞിമേഘങ്ങൾ തൊട്ട്-
പാട്ടു പാടുന്നു
സന്ധ്യ ധ്യാനത്തിലായീടുന്നു..

കുളിരിൽ പച്ചത്തുരുത്തിടയിൽ-
പായ്ക്കപ്പലിൽ പലരും-
ലോകം ചുറ്റും ചിന്തതൻ
സഞ്ചാരത്തിൽ,
മാൽപെയിൽ മർവന്തയിൽ
അലെഗളുറങ്ങുമ്പോൾ
നോക്കിനിൽക്കുന്നു സഹ്യൻ
പശ്ചിമശൃംഗക്കാറ്റും.


(ഉഡുപ്പിയിലെ മാൽപെ ബീച്ചും, കുന്ദാപ്പുരയിലെ  മർവന്തെ ബീച്ചും കർണ്ണാടകയിലെ പ്രകൃതിരമണീയമായ കടൽത്തീരങ്ങളാണ്.. കന്നഡയിൽ തിരകൾക്ക് അലെഗൊളു എന്നാണ് പറയുക)

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.