അറ്റുപോകാത്ത ഓർമ്മകൾ

പ്രൊഫ. ടി.ജെ. ജോസഫിൻറെ ആത്മകഥ ‘അറ്റുപോകാത്ത ഓർമ്മകളിൽ’

അത്യന്തം നാടകീയവും, ഭീതിജനകവും, വായനയ്ക്ക് ശേഷവും മനസ്സിനും മനഃസ്സാക്ഷിക്കും ആത്മസംഘർഷം ഉളവാക്കുന്നതുമായ ഒരു അദ്ധ്യായം 192-മത്തെ പേജിൽ തുടങ്ങുന്നുണ്ട്. പത്തോളം താളുകളിൽ നിറഞ്ഞുനിൽക്കുന്ന ‘പരശുരാമന്റെ മഴു’ എന്ന ആ ഭാഗം നൽകുന്ന അലയടിയും പ്രകമ്പനവും പുസ്തകവസാനമുള്ള ‘നർമ്മപർവ്വം’ കഴിഞ്ഞാലും അവസാനിക്കില്ല. പുസ്തകവായന അവസാനിപ്പിക്കുമ്പോൾ വായനക്കാരൻ അറിയാതെ പറഞ്ഞു പോകും ‘എന്തൊരു മനുഷ്യനാണ് ഇദ്ദേഹം?’ നഷ്ടങ്ങളുടെ കണക്കുകളുടെ മുകളിലിരുന്നും പുഞ്ചിരിക്കാൻ ശ്രമിക്കുന്നവൻ! ‘നിൻറെ കുലം മുടിഞ്ഞു പോകും’ എന്ന ഗാന്ധാരിയുടെ ശാപമേറ്റ കൃഷ്‌ണന്റെ പുഞ്ചിരി പകർത്തിവയ്ക്കുവാൻ എങ്ങനെ ഈ മനുഷ്യന് സാധിക്കുന്നു? ഭാര്യയുടെ വിയോഗം വരുത്തിയ വേദനയിലും അദ്ദേഹം എഴുതുന്നത് വായിക്കൂ “ഒരു മഹാമണ്ടൻ എൻറെ ഭാര്യയെ തട്ടിക്കൊണ്ടു പോയി, കൊണ്ടുപോകട്ടെ അല്ലെ?”

‘പരശുരാമന്റെ മഴു’ എന്ന അദ്ധ്യായം ഹൃദയത്തിൽ തട്ടുവാൻ പല കാരണങ്ങൾ ഉണ്ട്. തന്നെ അപായപ്പെടുത്തുവാൻ ആരൊക്കെയോ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന ഭയത്തോടെ ജീവിക്കുന്ന ആളാണ് പ്രൊഫ. ജോസഫ്. അത്തരം ഒരാപത്ത് ഉണ്ടാകുകയാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി വീട്ടിലെല്ലാവരും മുൻകരുതലോടെയാണ് കഴിഞ്ഞതും. അങ്ങനെ ഭീഷണിയുടെ കാർമേഘപടലങ്ങൾ മൂടികെട്ടിനിൽക്കവെ, ഒരുദിവസം പള്ളിയിൽ പോകുവാൻ ധൈര്യപ്പെടുകയും തിരികെ സഹോദരിയോടൊപ്പം കാറോടിച്ച് വരുമ്പോൾ ഒരു വാഹനം പെട്ടെന്ന് വന്ന് ഓവർടേക് ചെയ്‌ത്‌ മുന്നിൽ നിർത്തുന്നു. പിന്നീട് കശാപ്പുമൃഗത്തോട് കാട്ടുന്നതിലും ക്രൂരതയോടെ ആ മനുഷ്യനെ കാറിൻറെ ഗ്ലാസ് തല്ലിപൊട്ടിച്ച് ഡോർ തുറന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുന്നു. തടയാൻ ശ്രമിക്കുന്ന സഹോദരിയെയും ഉപദ്രവിക്കുന്നു. ആ സമയത്ത് ചുറ്റും പേടിയോടെ കൂടിനിൽക്കുന്ന ആളുകൾക്കിടയിലേക്ക് ഓടിവരുന്ന കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും പ്രതികരണങ്ങൾ ശ്രദ്ധേയമാണ്. പുസ്‌തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗങ്ങൾ അവിടെ കാണാം. തൻറെ പിതാവിനെ കശാപ്പുചെയ്യുവാൻ ശ്രമിക്കുന്ന മതഭ്രാന്തന്മാരെ കണ്ട മകൻ മിഥുൻ, ശരവേഗത്തിൽ വീട്ടിലേക്ക് ഓടിച്ചെന്ന് ഒരു വെട്ടുകത്തിയുമായി വരികയും പിതാവിനെ അക്രമിക്കുന്നവരെ എതിരിടുന്നതും അവിടെ കാണാം. ഒരുപറ്റം ആളുകൾ കാണികളെപ്പോലെ നോക്കിനിൽക്കുമ്പോളാണ് ഇതെന്ന് ഓർക്കണം. അതേസമയം മകൾ ആമിയാകട്ടെ വീട്ടിലേക്ക് ഓടിപ്പോയി ഭിത്തിയിൽ ഒട്ടിച്ചുവച്ചിരിക്കുന്ന പോലീസ് സ്റ്റേഷനിലെ നമ്പറിലേക്ക് ഫോൺ വിളിച്ച് അറിയിക്കുന്നു. ആ വിളി കാരണം ധ്രുതഗതിൽ പോലീസ് എത്തിയതു കൊണ്ടാണ് വെട്ടിമാറ്റപെട്ട കൈപ്പത്തിയുമായ് പ്രൊഫ. ജോസഫിനെ വഹിച്ച വാഹനത്തിനു പിന്നാലെ പോലീസ് ആശുപത്രിയിൽ എത്തിച്ചേരുന്നത്. മൂന്നാമതായി, ഭർത്താവിനെ ആക്രമിക്കുന്നത് കാണുന്ന ഭാര്യ സലോമിയുടെ പ്രതികരണമാണ്. അക്രമികളുടെ അടുത്തേക്ക് ഓടിപ്പോയി പ്രൊഫസറെ രക്ഷിക്കുവാൻ നടത്തുന്ന ശ്രമം വായനക്കാരനെ ചകിതനാക്കുന്നു. ഒരു കുടുംബനാഥന് ആപത്തുവരുമ്പോൾ ഭാര്യയും മക്കളും നിർഭയരായി കർമ്മനിരതരായി ഇറങ്ങിപ്പുറപ്പെടുന്ന രംഗങ്ങൾ വായനയിൽ ഞെട്ടൽ ഉളവാക്കുന്നതും ചിന്തനീയവും ആകുന്നു. ശിലാഹൃദയം പോലും അലിയിച്ചു കളയുന്ന രീതിയിലുള്ള എഴുത്ത്. തൊട്ടുമുന്നിൽ പതിയിരിക്കുന്ന ഒരു അപകടം എങ്ങനെ നേരിടണമെന്നതിന് ആ കുടുംബം മാനസികമായി എത്രത്തോളം തയ്യാറെടുത്തിരുന്നു എന്നതിന് ദൃഷ്ടാന്തമാണ് മേൽപറഞ്ഞ രംഗങ്ങൾ. ഏതുനിമിഷവും വരാൻപോകുന്ന അപകടത്തെ കാത്തിരിക്കുന്ന കുടുംബത്തിൻറെ മാനസികാവസ്ഥ എത്ര ദുസ്സഹമാണെന്ന് വരച്ചിടുന്ന വരികൾ.

രണ്ട് ഭാഗങ്ങളായാണ് ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന ആത്മകഥ തയ്യാറാക്കിയിരിക്കുന്നത്. വലത് കൈപ്പത്തി കൊണ്ട് എഴുത്ത് അസാധ്യമായതിനാൽ മെല്ലെമെല്ലെ ഇടതു കൈകൊണ്ട് എഴുതിശീലിച്ച കഥയെഴുത്തിനെപ്പറ്റി ടി. ജെ. ജോസഫ് പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട്. അങ്ങനെ എഴുതിത്തുടങ്ങിയ ആദ്യകാല കുറിപ്പുകളാണ് രണ്ടാം ഭാഗത്തിലുള്ള പതിനേഴ് അദ്ധ്യായങ്ങളും. കുടുംബ പശ്ചാത്തലവും, നാടും, ഗ്രാമ ജീവിതവും, കോളേജ് കാലഘട്ടവും എല്ലാം ഓരോന്നോരോന്നായി രേഖപ്പെടുത്തിയിരിക്കുന്നു. വിവിധ കാലഘട്ടങ്ങളെ തമയത്വത്തോടെ ഓർമ്മയുടെ മൂശയിലിട്ട് താലോലിക്കുന്ന എഴുത്തുകാരനെ നമുക്കിവിടെ കാണാം. ഒരു സാധാരണ കൃഷിക്കാരന്റെ മകനായി, പട്ടിണിയും പരിവട്ടവുമൊക്കെയുള്ള ഒരു ചുറ്റുപാടിൽനിന്നും പഠിച്ച് നിർമ്മല കോളേജിൽ അദ്ധ്യാപകനായി എത്തുകയും, ജീവിതപ്രയാസങ്ങളിൽപോലും ചിരിയും ചിന്തയും നന്മയും കൂടെകൊണ്ടുനടക്കുകയും ചെയ്യുന്ന ഈ അനുഭവക്കുറിപ്പുകൾ വായനക്കാരന് സ്വന്തം അനുഭവം പോലെ തോന്നിയേക്കാം. പല കുറിപ്പുകളും നർമ്മഭാവനയെ ഉണർത്തുകയും ചെയ്യുന്നുണ്ട്. നെരിപ്പോടുപോലെ മനസ്സ് നീറുമ്പോളും എങ്ങനെ ഒരാൾക്ക് പുഞ്ചിരിക്കാൻ കഴിയും എന്നുള്ള പാഠങ്ങളായിത്തീരുകയാണ് ഈ ഭാഗം. അവിടെയാണ് ഗാന്ധാരിയുടെ ശാപവും, കൃഷ്‌ണന്റെ ചിരിയും, ‘നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കാം’ എന്ന യേശുവിൻറെ വചനങ്ങളും എഴുത്തുകാരൻ ഉദാഹരിക്കുന്നത്.

‘കേവലമായ ഒരു ചോദ്യം’ എന്നാണ് ഒന്നാം ഭാഗത്തെ പ്രഥമ അദ്ധ്യായത്തിന്റെ പേര്. ചോദ്യപേപ്പർ ജനിക്കുവാനുണ്ടായ സാഹചര്യത്തിൽ തുടങ്ങി, ഭീതിയിൽ മുങ്ങിക്കുളിച്ച ജീവിതകഥ ആരംഭിക്കുകയായി. പിന്നീട് ഒന്നിനുപുറകെ ഒന്നായി വരുന്ന സംഭവങ്ങൾ അടുക്കും ചിട്ടയോടെയും നിരത്തിയിരിക്കുന്നു. ചോദ്യപേപ്പർ വിവാദമാകുന്നതും, നാട്ടിൽ ലഹളയുണ്ടാകുന്നതും, പാലക്കാട്ടേക്ക് പ്രൊഫസർ ഒളിവിൽ പോകുന്നതും, ആ സമയം കുടുംബത്തിന് സഹിക്കേണ്ടിവരുന്ന പീഡനങ്ങളും (പ്രത്യേകിച്ച് മകൻ മിഥുന് പോലീസിൽനിന്നും ഏൽക്കേണ്ടിവരുന്ന ശാരീരിക പീഡനം), തിരികെ വന്ന് പോലീസിൽ കീഴടങ്ങുന്നതും തുടർന്നുണ്ടാകുന്ന ജയിൽവാസവും, കൈവെട്ടും, ഭാര്യയുടെ മരണവും, ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട് തിരികെ കയറുവാൻ നടത്തുന്ന പോരാട്ടവും എല്ലാം ചേർന്ന് അത്യന്തം സംഘർഷപൂരിതവും, ജിജ്ഞാസാജനകവുമായ ഓരോ പേജുകളും ശ്വാസമടക്കിപ്പിടിച്ചു മാത്രമേ വായനക്കാർക്ക് വായിച്ചു പോകാനാവുകയുള്ളൂ. സാംസ്കാരിക കേരളത്തിൻറെ നെഞ്ചിലേറ്റ മുറിപ്പാടുകളായി അവ വായനക്കാരന്‌ അനുഭവേദ്യമാവുകയും ചെയ്യുന്നു.

തൻറെ നർമ്മഭാവനെയെപ്പറ്റിയും പ്രൊഫ. ജോസഫ് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അത്തരത്തിൽ നിർദോഷകമായി നർമ്മത്തോടെ ചിഹ്നങ്ങൾ ഇടുവാൻവേണ്ടി പി. ടി. കുഞ്ഞു മുഹമ്മദിന്റെ ലേഖനത്തിൽനിന്നും എടുത്ത ഒരുഭാഗം ഒരു മതത്തെയും നിന്ദിക്കുവാനോ, അവഹേളിക്കുവാനോവേണ്ടി ആയിരുന്നില്ലെന്ന് അദ്ദേഹം ആണയിടുന്നു. അങ്ങനെ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ നിരുപാധികം മാപ്പും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നിട്ടും പൊറുക്കാനാകാത്ത തെറ്റു കണക്കെ പകയുടെ പ്രതിഫലനമായി അത് കൈവെട്ടിൽ കലാശിക്കുകയും ഒരാളുടെ വരുമാനത്തെമാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തെ ഉലച്ചുകളയുകയും ചെയ്യുന്നത് എഴുത്തുകാരൻ രേഖപെടുത്തുന്നു. ജോലി നഷ്ടമാവുകയും, കുട്ടികളുടെ പഠനത്തെ അത് ബാധിക്കുകയും, ഭാര്യയുടെ മാനസിക നില തകരാറിലാക്കുകയും പിന്നീടത് ആത്മഹത്യയിലേക്ക് ചെന്നെത്തുകയും ചെയ്യുന്നത് ഹൃദയഭേദകമായ വായനായിത്തീരുന്നു.

പുസ്തകം അവസാനിക്കുമ്പോൾ, ശുഭപര്യവസായിയായ ഒരു നാടകത്തിന് തിരശീല വീഴും കണക്കെ ഫീനിക്‌സ് പക്ഷിയെപ്പോലെ പ്രത്യാശയുടെയും, ഉയിർപ്പിന്റെയും കുറിപ്പുകളായി ഈ ആത്മകഥ മാറിത്തീരുന്നു.

ചില പ്രത്യേക ആൾക്കാരുടെ പേരുകളൊഴിച്ച് ബാക്കി എല്ലാവ്യക്തികളെയെല്ലാം പേരെടുത്ത് പുസ്തകത്തിൽ പറയുന്നുണ്ട്. ഒളിവുകാലത്തും, ജയിൽവാസത്തിലും, ജോലിക്കു വേണ്ടിയുള്ള പോരാട്ടത്തിലും, പ്രതിസന്ധി ഘട്ടങ്ങളിലും മുന്നിൽ കാണുന്ന മുഖങ്ങൾ വ്യക്തമായി വരച്ചിട്ടിരിക്കുന്നു. അതിനാൽത്തന്നെ ഗോപ്യമായി അധികമൊന്നുമില്ലാത്ത തുറന്നെഴുത്താണിത്. അത്തരത്തിൽ നേരും നെറിയും നിറഞ്ഞൊരു പുസ്തകമായി ഈ ആത്മകഥ മാറുകയും ചെയ്യുന്നുണ്ട്.

പുസ്തകവായ കഴിയുമ്പോൾ വായനക്കാരന് മൂന്ന് വിഭാഗങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുവാൻ കഴിയും. ഒന്നാമതായി കൈ വെട്ടിയ മതഭ്രാന്തന്മാരും അതിന് ചുക്കാൻ പിടിച്ചവരും. രണ്ടാമത് പ്രൊഫസറെയും കുടുംബത്തെയും (പ്രത്യേകിച്ച് മകനെ) ശാരീരികമായും മാനസികമായും ഉപദ്രവിച്ച പോലീസ് സംവിധാനം. മൂന്നാമത്തേത്, കോളേജ് മാനേജ്‌മെന്റും സഭയും. മാപ്പ് പറഞ്ഞിട്ടും മാപ്പ് നൽകാത്ത ഇടയന്മാരുടെ പ്രതികാരനടപടികൾ എഴുത്തുകാരൻ എടുത്തു പറയുന്നുണ്ട്. മതഭ്രാന്തമാരെ പ്രീണിപ്പിക്കുവാനായി ജോലിയിൽനിന്നും പുറത്താക്കുകയും, തിരിച്ചെടുക്കാതിരിക്കുകയും അവസാനം സാമ്പത്തിക പരാധീനത മാനസികമായി തളർത്തിയ ഭാര്യ സലോമിയുടെ ആത്മഹത്യ പോലും ദയാവായ്‌പില്ലാതെ കാണുന്നവർക്കുള്ള ചമ്മട്ടിയടിയായി ഈ ആത്മകഥ മാറുന്നുണ്ട്. കൈവെട്ടിയതിനേക്കാൾ മനസ്സിനേറ്റ വെട്ടിന് ഇവിടെ മുൻതൂക്കവും ലഭിക്കുന്നു.

പോരായ്മായായി പറയുവാൻ അധികമൊന്നുമില്ലാത്ത പുസ്‌തകം. ഏറെക്കാലമായി മനസ്സിൽ കുന്നു കൂടിയ വികാരചിന്തകൾ പേപ്പറിലേക്ക് കുറിക്കുക മാത്രമാണ് പ്രൊഫ. ടി. ജെ. ജോസഫ് ചെയ്തിരിക്കുന്നത്. ബാല്യം, കൗമാരം, യൗവനം ഒക്കെ പിന്നെ കുടുംബ പശ്ചാത്തലവും നാടും ഒക്കെ ചെറിയ ചെറിയ കുറിപ്പുകളിൽ ഒതുങ്ങിയത് നിരാശ നൽകുന്നു. വായനക്കാർക്ക് കൂടുതൽ താൽപര്യമുളവാക്കുന്നതാകാം എന്ന ചിന്തയിൽ ആയിരിക്കണം ചോദ്യപേപ്പർ, കൈവെട്ട് തുടങ്ങിയവ ആദ്യ ഭാഗത്ത് ചേർത്തിരിക്കുന്നത്. ആത്മകഥയിലെ പുതിയൊരു പരീക്ഷണമായും ഇതിനെ കാണാൻ കഴിയും.

ഒരു മലയാളം അധ്യാപകനാണ് പ്രൊഫ. ടി.ജെ. ജോസഫ്. അതിനാൽത്തന്നെ എഴുത്തിൻറെ ഓരോ വഴിയിലും വരികളിലും സൂക്ഷമത വായനക്കാർക്ക് കാണുവാനാകും. നല്ല ഒഴുക്കോടെ ലളിതപദാവലികളോടെ തൻറെ ജീവിതപ്രതിസന്ധികൾ അദ്ദേഹം കുറിക്കുമ്പോൾ, ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻപോന്ന പുസ്തകമായി ‘അറ്റുപോകാത്ത ഓർമ്മകൾ’ മാറുന്നു. പുസ്‌തകത്തിലുടനീളം വായനക്കാരനെ ആകാംക്ഷയിൽ നിർത്തുവാനുള്ള ഗ്രന്ഥകാരന്റെ ശ്രമം പാഴായിപ്പോകുന്നില്ല. മടുപ്പില്ലാതെ വായനനൽകുന്ന പുസ്തകമാണ് ‘അറ്റുപോകാത്ത ഓർമ്മകൾ’. വായനയ്ക്ക് ശേഷവും വായനക്കാരുടെ മനസ്സിൽ അറ്റുപോകാത്ത ഈ ഓർമ്മകൾ ഒക്കെയും തുന്നിച്ചേർത്ത ആ കൈപ്പത്തി പോലെ കൂടെത്തന്നെയുണ്ടാകും.

431 പേജുകൾ ഉള്ള പുസ്തകത്തിന്റെ വില 450 രൂപയാണ്. ഡി. സി. ബുക്‌സ് ആണ് പ്രസാധകർ.

പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. 'ഖിസ്സ' എന്ന പേരിൽ രണ്ട് കഥാസമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. പുക്രൻ ആദ്യ നോവൽ. 2021-ലെ പാം അക്ഷരതൂലിക കഥാപുരസ്‌കാരം ലഭിച്ചു.