അറക്കാൻ ചാപ്പ കുത്തിയ ഉരുക്കളെപ്പോലെ
തെരുവിലൂടെ
ആട്ടിത്തെളിച്ചു
അഹന്തയുടെ ആക്രാന്തങ്ങൾ
വശങ്ങളിൽ മുക്രയിട്ടു.
ആർത്തി മൂത്ത
നാട്ടുമൃഗങ്ങൾ
മുരണ്ടു.
നൂറ്റാണ്ടുകൾക്കപ്പുറത്ത്
പെരുത്തുകയറിയ
ആണൂക്ക് പെരുംതുടയിലിട്ടടിച്ചട്ടഹസിച്ചു
കടവാക്കോണിലിലൂടെ
ആസക്തികൾ ഒലിച്ചിറങ്ങി
ആയിരംകാലുള്ള തേരട്ടകൾ
നഗ്നതയിലാകെ
ഇഴഞ്ഞുകയറി
ചീർത്തുപൊട്ടാറായിട്ടും
കുളയട്ടകൾ വലിച്ചീമ്പിക്കുടിച്ചു
ഭ്രാന്തിളകിയപേപ്പട്ടികൾ
കടിച്ചു പറിച്ചു
കൂർത്തകോമ്പല്ലിൽ
കോർത്തുവലിച്ചതിന്റെ ബാക്കി
വെട്ടുതുണിപോലെ മണ്ണിൽ
അറക്കാനുള്ള വിധി
ഏതു നിമിഷവും
എവിടെയും
സംഭവിക്കാവുന്നതാണ്
നിറം വേറെയാണെന്നോ
കൊഴുപ്പിത്തിരി കൂടിയെന്നോ ഉള്ള തോന്നൽ
ഉരുണ്ടുകൂടി പരസ്പരമുരഞ്ഞ്
പൊട്ടിത്തെറിച്ചാൽ മാത്രം മതി