
അടുത്ത കാലത്ത് വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ, അയ്യപ്പന്‍ശാന്തിയുടെ കൊലപാതകത്തിന്റെ വിധി വന്ന ദിവസമാണ് ആ സംഭവത്തെപ്പറ്റി വീണ്ടുമോര്‍ത്തത്. ഭാര്യ ശാരദയും പതിനാലു വയസ്സുള്ള ആതിരമോളുമായിരുന്നു ഒന്നും രണ്ടും പ്രതികള്‍ എന്നതുകൊണ്ടുതന്നെ സംഭവത്തിന് സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രചാരം കിട്ടിയിരുന്നു. രണ്ടുപേരും സ്വയരക്ഷയ്ക്കു ശ്രമിച്ചപ്പോഴുണ്ടായ കൈയബദ്ധമെന്നൊക്കെ പ്രോസിക്യൂഷന് വാദിച്ചെങ്കിലും അതു സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നു വിധിച്ചുകൊണ്ട് അവരെ കോടതി കുറ്റവിമുക്തരാക്കി. അതില്‍ സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും അമ്മയ്ക്കും മകള്‍ക്കും അനുകൂലമായാണ് ബഹുഭൂരിപക്ഷവും പ്രതികരിച്ചത്.
വിധി വന്ന ദിവസം ശാരദയുടെ വീട്ടുമുറ്റത്ത് ഒരു സമ്മേളനത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു. ഗെയ്റ്റ് തള്ളിത്തുറന്ന് അവര്‍ ശാരദയെയും മകളെയും വരവേല്‍ക്കാന്‍ കാത്തുനിന്നു. തൊട്ടടുത്തുള്ള സേക്രഡ് ഹാര്‍ട്ട് സ്ക്കൂളിലെ കുട്ടികള്‍, ഗെയ്റ്റിനു പുറത്തുള്ള മരക്കൊമ്പുകളില്‍, ക്രിക്കറ്റ് കളിയുടെ ഫൈനല്‍ കാണാനെന്ന മട്ടില്‍, കുട്ടിക്കുരങ്ങുകളെപ്പോലെ അള്ളിപ്പിടിച്ചിരുന്നു.
പക്ഷേ, ശാരദയും മകളും വന്നില്ല. വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം, ബുദ്ധിപൂര്‍വം കോടതിയില്‍നിന്നു മുങ്ങിയത്രേ! കുറേനേരം കാത്തുനിന്ന്, എല്ലാവരും പിരിഞ്ഞു. സ്ക്കൂളില്‍ ബെല്ലടിച്ചപ്പോള്‍ പള്ളിക്കൂടം പിള്ളേരും സ്ഥലം കാലിയാക്കി. വന്നിരുന്ന മാധ്യമപ്രവര്‍ത്തകരും നിരാശരായി മടങ്ങി. അങ്ങനെ, മഴമൂലം ഫൈനല്‍ നിര്‍ത്തിവച്ച കളിപോലെയായി ക്ലൈമാക്സ്!
‘വീത്രീ’ എന്ന മൂവര്സംഘത്തെപ്പറ്റി പറയാതെ അയ്യപ്പന്‍ശാന്തിയുടെ കഥ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പ്രത്യക്ഷത്തില്‍ മൂന്നു പെണ്‍കുട്ടികളാണു സംഘാംഗങ്ങളെങ്കിലും ഇതു പെണ്‍കുട്ടികളുടെ മാത്രം കൂട്ടായ്മയാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. കാരണം, അംഗങ്ങളായ ലൈല, മൈല, കുയില എന്നീ മൂന്നുപേരില്‍ കുയില ട്രാന്സ്ജെന്ഡറാണ്. എങ്കിലും പെണ്ണിന്റെ കെട്ടും മട്ടുമാണ്. കണ്ടാലും അങ്ങനെയേ തോന്നൂ. മൂന്നുപേരെയും കാണുന്ന ആരും ഒന്നുകൂടി നോക്കുമെങ്കിലും കുയിലയാണ് മറ്റു രണ്ടുപേരെക്കാളും സുന്ദരി. നെഞ്ചു വിരിച്ചുള്ള അവളുടെ നടത്തവും ഉയരവും നിരീക്ഷിച്ചാല്‍ അവളിലൊരു പുരുഷത്വമുണ്ടെന്ന് ആര്‍ക്കും മനസ്സിലാകുമെങ്കിലും മൂന്നാംലിംഗക്കാരിയാണെന്ന് ആരും പറയില്ല. അത്ര ശ്രദ്ധയോടെയാണ് സാരി ചുറ്റുന്നതും പൊട്ടു തൊടുന്നതും ആടയാഭരണങ്ങളണിയുന്നതും. അവസരം കിട്ടുമ്പോഴൊക്കെ മൂവരും സിനിമകളില്‍ മുഖം കാണിക്കാറുണ്ട്. എന്നാലേ മാര്‍ക്കറ്റില്‍ ഡിമാന്ഡുണ്ടാകൂ എന്നവര്‍ക്കറിയാം.
പേരില്‍ ‘വീത്രീ’യുണ്ടെങ്കിലും അവരുടെ ലക്ഷ്യം ‘മീ റ്റൂ’ തന്നെ. നിലനില്‍പ്പിന്റെ പ്രശ്നമുള്ളതുകൊണ്ട് നിലവില്‍ നീക്കങ്ങളെല്ലാം അതീവരഹസ്യമാണ്. പണവും പദവിയുമുള്ള പുരുഷന്മാരാണ് ഇവരുടെ ഇരകള്‍. ഇവരുടെ ഓണ്‍ലൈന്‍ വലയില്‍ കുടുങ്ങിയവരില്‍ സൂപ്പര്‍ താരങ്ങള്‍, പേരുള്ള എഴുത്തുകാര്‍, വന്‍കിട ബിസിനസ് ഉടമകള്‍, മതപുരോഹിതര്‍, പ്രവാസികള്‍ എന്നിവര്‍ തുടങ്ങി ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ വരെയുള്ള വന്തോക്കുകളുണ്ട്. ആരെയും വീഴ്ത്താനുള്ള മിടുക്കു മാത്രമാണ് ഇവരുടെ യോഗ്യത. എന്തു വന്നാലും പ്രശസ്തിയും പണവുമില്ലാത്തവന്റെ ചീളു കേസുകളൊന്നും പരിഗണിക്കുന്ന പ്രശ്നമില്ല! അതു ത്രിമൂര്‍ത്തികളുടെ കര്‍ശനമായ പോളിസിയാണ്.
മിക്ക കേസുകളിലും ഇരകളെ മാനസികമായി പീഡിപ്പിച്ച്, നല്ല തുക വാങ്ങിക്കൊണ്ട് ഒത്തുതീര്പ്പിലെത്തുകയാണു പതിവ്. പേടിയും നാണക്കേടുംകൊണ്ട്, വലയില്‍ പെട്ടുപോയവരാരും മറിച്ചൊരക്ഷരവും പറയാറില്ല. എന്നിട്ടും ചിലരൊക്കെ മുന്നോട്ടു വന്നതുകൊണ്ട് പല കേസുകളിലായി മൂന്നുപേരെയും ദിവസങ്ങള്‍ക്കകം അറസ്റ്റ് ചെയ്തെങ്കിലും ഉന്നതന്മാരിടപെട്ട് അവരെ ജാമ്യത്തില്‍ വിടുവിച്ചു.
ഇപ്പോള്‍ വീണ്ടും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാകാന്‍ കാരണം, പൊതുമരാമത്തുമന്ത്രി അയ്യപ്പന്ശാന്തിയുമായുള്ള ഫോണ്‍ മെസ്സേജുകളും കോളുകളുമാണ്. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലീസ് സ്ഥിരീകരിച്ചില്ലെങ്കിലും കൊലപാതമായിട്ടാണ് പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കൊട്ടിഘോഷിക്കുന്നത്.
സംഭവം നടന്ന ദിവസം രാവിലെ ഭാര്യ ശാരദയാണ് പോലീസില്‍ വിവരമറിയിച്ചത്. അയ്യപ്പന് ആത്മഹത്യ ചെയ്തു എന്നതായിരുന്നു വിവരം. പണവും സ്വാധീനവും കുടുംബബന്ധങ്ങളുമുള്ള മിനിസ്റ്റര്‍ അങ്ങനെയൊരതിക്രമം ചെയ്യാനുള്ള കാരണമെന്തെന്നു വ്യക്തമായില്ല. കുയിലയുടെ ‘മീ റ്റൂ’ ആരോപണമുണ്ടായിരുന്നു എന്നതു ശരിയാണ്. പക്ഷേ, ആ കേസില്‍നിന്ന് മന്ത്രി പുഷ്പംപോലെ ഊരിപ്പോന്നിരുന്നു. മറ്റെന്തെങ്കിലുമുണ്ടായിരുന്നോ എന്നതിനു വ്യക്തതയില്ല.
ആരെയും വിലയ്ക്കു വാങ്ങാനുള്ള പണവും സ്വാധീനവുമൊക്കെയുള്ളവര്ക്കും ചില പ്രത്യേകസാഹചര്യങ്ങളില്‍ മനസ്സിന്റെ താളം തെറ്റാനുള്ള സാധ്യതയുണ്ട്. കോടതി കുറ്റവിമുക്തനാക്കിയാലും കുറ്റബോധത്തില്നിന്നുണ്ടാകുന്ന മാനസികസമ്മര്‍ദ്ദത്തില്‍നിന്ന് ഒരു കുറ്റവാളിക്കും രക്ഷപ്പെടാനാവില്ല; വിശേഷിച്ച് ഉന്നതങ്ങളില്‍ വിരാജിക്കുന്നവരാകുമ്പോള്.
ആര്‍ക്കായാലും ഒരുപാടുയരത്തിലാണ് എന്ന തോന്നലുണ്ടാകുന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ. അവരൊക്കെ നിലവിലുള്ള നിയമത്തെ വെല്ലുവിളിക്കുന്നു. എങ്കിലും ഏതു വന്മരവും ഒരിക്കല്‍ വീണേ മതിയാകൂ. മരം വളരുന്തോറും മരത്തണലില്‍ വളരുന്നവരും സൂക്ഷിക്കണം. അല്ലെങ്കില്‍ വീഴ്ചയുടെ ആഘാതം അതിദാരുണമായിരിക്കും.
കാരണം എന്തുതന്നെയായാലും മരണത്തില്‍ എന്തോ ദുരൂഹതയുണ്ടെന്നുപറഞ്ഞ് അയ്യപ്പന്റെ വീട്ടുകാര്‍ കോടതിയില്‍ കേസ് കൊടുത്തു. പോലീസന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
മന്ത്രിയായിരുന്നെങ്കിലും അയ്യപ്പന്ശാന്തിയോട് അടുപ്പമുള്ളവര്‍ അദ്ദേഹത്തെ ‘അയ്യാ’ എന്നേ സ്നേഹപൂര്‍വം വിളിക്കൂ. തൃശ്ശൂര്‍ ജില്ലയിലെ എം എല്‍ ഏയായിരുന്ന അയ്യപ്പന്റെ ശരിക്കുള്ള വീട്ടുപേര് ‘ശാന്തിക്കാരന്’ എന്നായിരുന്നു. അപ്പനപ്പൂപ്പന്മാര് തൊട്ട് ശാന്തിക്കാരുടെ പാരമ്പര്യമുള്ള കുടുംബക്കാരായിരുന്നു എന്നാണു കഥ. പേരില്‍ ഈശ്വരനും ശാന്തിയുമൊക്കെയുണ്ടെങ്കിലും സ്വഭാവത്തില്‍ അത് അശേഷമില്ലെന്ന് അടുത്ത കൂട്ടുകാര്ക്കൊക്കെയറിയാം. മാത്രമല്ല, ആള് കടുത്ത നിരീശ്വരവാദിയുമാണ്. അതുകൊണ്ടാവണം കുടുംബപ്പേരു പരിഷ്ക്കരിച്ച് വെറും ശാന്തിയാക്കിയത്. പേരില്‍ മാത്രം ശാന്തിയുണ്ടായിട്ടെന്തു കാര്യം! ഉള്ളില്‍ കള്ളു ചെന്നാല്‍ അതശാന്തിയാകും. എല്ലാ രാഷ്ട്രീയക്കാരെയുംപോലെ എം എല്‍ ഏ ആയിരുന്നപ്പോള്‍ എല്ലാവരുമായും നല്ല ചങ്ങാത്തത്തിലായിരുന്നു അയ്യപ്പന്‍ശാന്തി.
എത്ര തിരക്കാണെങ്കിലും വൈകുന്നേരമായാല്‍ ആദ്യം ഫോണ്‍ സ്വിച്ചോഫ് ചെയ്യുക എന്നതാണ് അയ്യപ്പന്റെ പതിവ്. പിന്നെ ആരെയെങ്കിലും കൂട്ടി ക്ലബ്ബിലോ ഗസ്റ്റ് ഹൗസിലോ പോയിരിക്കും. പാതിരയാകുമ്പോള് മൂക്കറ്റം മോന്തിയിട്ട് അവിടെനിന്നിറങ്ങുമെങ്കിലും ആടിയാടി പാര്‍ക്കിംഗ് ലോട്ടിലൂടെ നടന്നു കാറില്‍ കയറാന്‍ ആരുടെയെങ്കിലും സഹായം വേണം. എത്ര വൈകിയാലും ഡ്രൈവറെ കൂട്ടാതെ ഒറ്റയ്ക്കു വണ്ടിയോടിച്ചേ പോകൂ എന്നതു നിര്‍ബ്ബന്ധമാണ്. എങ്ങനെയെങ്കിലും തട്ടാതെയും മുട്ടാതെയും കഷ്ടിച്ചു വീട്ടിലെത്തും. വീട്ടിലേക്കു കയറാന്‍ പിന്വാതിലുള്ളതുകൊണ്ട് ശാരദയെ ഉണര്‍ത്താതെ വാതില്‍പ്പടിയിലും ഭിത്തിയിലും പിടിച്ചുകൊണ്ട് നേരേ കട്ടിലില്‍ ചെന്നൊരു വീഴ്ചയാണ്. അപ്പോള്‍ ആ വീടു മാത്രമല്ല, ഭൂമി മുഴുവനും കുലുങ്ങുന്നതുപോലെയാണ് ശാരദയ്ക്കു തോന്നാറുള്ളത്. അതുകൊണ്ട്, ശാരദ പതിനാലു വയസ്സുള്ള ആതിരമോളുടെ മുറിയിലാണ് പതിവായി ഉറങ്ങുന്നത്. ശാരദയ്ക്ക് വിസ്ക്കിയുടെയും ബ്രാന്‍ഡിയുടെയും മണം മാത്രമല്ല, കുളിക്കാതെ കിടക്കുന്ന അയ്യപ്പന്റെ വിയര്‍പ്പുനാറ്റവും അസഹനീയമാണ്. അത് അയ്യപ്പനുമറിയാം. ഒറ്റയ്ക്കു കിടക്കുന്നതുകൊണ്ട് അതിന്റെ പേരില്‍ വഴക്കോ വക്കാണമോ ഒന്നുമില്ല. ഒരേ വീട്ടില്‍ ഒരുമിച്ചു കഴിയുമ്പോഴും ഒന്നിച്ചു കിടക്കാത്ത എത്രയോ ഭാര്യാഭര്ത്താക്കന്മാരുണ്ട് ഈ ലോകത്ത്!
ഇനി പറയാന്‍ പോകുന്ന സംഭവം നടന്ന ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. അന്നു സിനിമാനിര്‍മാതാവായ അളിയന് രാജീവ് അനന്തപുരിയില്‍ വന്നിട്ടുണ്ടായിരുന്നു. കൂടെ തിരക്കഥാകൃത്ത് താഹിര്‍ തത്തമംഗലവും. ആദ്യമെടുത്ത സിനിമ എട്ടുനിലയില്‍ പൊട്ടിയതിന്റെ സങ്കടം തീര്‍ക്കാന്‍ അവര്‍ രണ്ടുപേരുംകൂടി ഒന്നു കൂടാമെന്നു തീരുമാനിച്ചപ്പോഴാണ് അയ്യനളിയന്റെ കാര്യമോര്‍ത്തത്. എന്നാല്‍പ്പിന്നെ അളിയനെയും കാണാമെന്നുറപ്പിച്ചു.
അയ്യപ്പന്‍ശാന്തി സാധാരണ മന്ത്രിമാരെപ്പോലെയൊന്നുമല്ല. ഹൈറേഞ്ചില്‍ ഏലത്തോട്ടവും സാമാന്യം നല്ല സാമ്പത്തികശേഷിയുമുണ്ട്. രാഷ്ട്രീയമൊക്കെ പ്രശസ്തിക്കുവേണ്ടിയുള്ള വെറും നേരമ്പോക്കാണ്. തൊപ്പിയില്‍ മറ്റൊരു തൂവല്‍, അത്രയേയുള്ളു.
അളിയനുമായി കൂടിയാല്‍ കുറച്ച് ഒച്ചപ്പാടൊക്കെയുണ്ടാക്കുമെങ്കിലും നല്ല ഒന്നാന്തരം സ്ക്കോച്ചും ഭക്ഷണവും കിട്ടുമെന്നു രാജീവിനറിയാം. ഒരിക്കല്‍ സ്ഥലം എം എല്‍ ഏയായി ജയിച്ച സമയത്ത്, തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിന്റെ ബാറില്‍വച്ചു കഴിച്ചതിന്റെ ബില്ലു കൊടുക്കാന്‍ രാജീവ് ഒരു ശ്രമം നടത്തി. ക്രെഡിറ്റ് കാര്‍ഡ് വച്ചുനീട്ടിയപ്പോള്‍ അയ്യപ്പന് ഒരു തത്വശാസ്ത്രമുരുവിട്ടു:
‘എടാ, തലയിരിക്കുമ്പോള്‍ വാലാടരുത്!’
പിന്നെ, ചിരിച്ചുകൊണ്ട് പോക്കറ്റില്‍നിന്നു നോട്ടുകളെടുത്ത്, ബ്ലാക്ക് ജാക്ക് കളിക്കാന്‍ ഡീലര്‍ ചീട്ടിടുന്നതുപോലെ മേശപ്പുറത്തേക്കു വിതറിയിട്ടു. അത് കണക്കില്ലാത്ത കടലാസുകളാണ്! പോരാത്തതിന് ഏലക്കായ്ക്കു നല്ല വിലയുള്ള സമയവുമായിരുന്നു.
എന്നാലും ഓരോ കൂടിക്കാഴ്ചയിലും രാജീവിന് കുറ്റബോധത്തിന്റെ കുഞ്ഞലകള്‍ കുമിഞ്ഞുകൊണ്ടിരുന്നു. നടിയുടെ ‘മീ റ്റൂ’ വാര്‍ത്ത വന്നതിനുശേഷം സിനിമക്കാരെന്നു പറഞ്ഞാല്‍ത്തന്നെ അയ്യനളിയനു കലിപ്പാണെന്നറിയാം. അടുത്തുകിട്ടിയാല്‍ വായില്‍ത്തോന്നിയതൊക്കെ വിളിച്ചുപറയും. അതുകൊണ്ട് തത്തമംഗലത്തെയുംകൊണ്ട് അങ്ങോട്ടു പോകാന്‍ രാജീവ് ആദ്യമൊന്നു മടിച്ചു. ഫോണ്‍ വിളിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലുണ്ടെന്നും ഉടനെ ഇറങ്ങുമെന്നും ‘മൈ ഹോം’ ടൂറിസ്റ്റ് ഹോമിലേക്ക് ഉടനേ വരാമെന്നുമാണു കല്‍പ്പിച്ചത്! മന്ത്രിക്ക് അവിടെയുള്ള സ്വകാര്യമുറിയില്‍ ഇതിനുമുമ്പും പല പ്രാവശ്യം കൂടിയിട്ടുണ്ട്. കുറച്ചു റിസ്ക്കുണ്ടെന്നറിയാമായിരുന്നിട്ടും തത്തയേയുംകൂട്ടി, രാജീവ് ഉടന്‍തന്നെ മൈഹോം ടൂറിസ്റ്റ് ഹോമിലെത്തി.
അയ്യപ്പന്സാര് രണ്ടെണ്ണമടിച്ചാല്‍ വയലന്റാകുമെന്നറിയാത്ത ആരും തന്നെ ഈ ഭൂമിമലയാളത്തിലില്ല! ഏതായാലും സ്വന്തമളിയനായതിനാല് വലിയ കുഴപ്പം കാണാന്‍ വഴിയില്ലെന്നാണു കരുതിയിരുന്നത്. പക്ഷേ സംഭവിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായ പലതുമായിരുന്നു.
മുറിയില്‍ കയറിയപ്പോള്‍ ആദ്യംതന്നെ രാജീവ് തത്തമംഗലത്തെ പരിചയപ്പെടുത്തി:
‘താഹിര്‍ തത്തമംഗലം. തിരക്കഥാകൃത്താണ്. ഞങ്ങള്‍ അടുപ്പക്കാര്‍ തത്തയെന്നു വിളിക്കും.’
അതു കേട്ടപ്പോഴേ പൊതുമരാമത്തുമന്ത്രി സ്വയംമറന്ന്, വയറു കുലുക്കിക്കൊണ്ട് ഉച്ചത്തില്‍ ചിരിച്ചു:
‘ഹാ ഹാ! അതു കൊള്ളാം… തത്ത! നല്ല കിടുക്കാച്ചിപ്പേരാ!’
എന്നിട്ട്, സ്വതഃസിദ്ധമായ ശൈലിയില്‍ ‘ഹലോ’ പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട്, ‘ബൈഠോ, ബൈഠോ’ എന്നു സ്വാഗതം ചെയ്തു. ഇടയ്ക്കിടെ ഡല്‍ഹി യാത്രയുള്ളതുകൊണ്ട് കിട്ടുന്ന മുറിഹിന്ദിയൊക്കെ സൗകര്യംപോലെ പ്രയോഗിക്കുന്നത് അയ്യപ്പന്റെ ശീലമാണ്.
അയ്യപ്പന്റെ കൂടെ മറ്റൊരു രാഷ്ട്രീയക്കാരനും പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒന്നുരണ്ടുപേരുമുണ്ടായിരുന്നു. രണ്ടെണ്ണം അകത്താകുന്നതുവരെ മിക്കവാറും എല്ലാ കുടിയന്മാരെയുംപോലെ അവരും മാന്യന്മാരായിരുന്നു. പെരുമാറ്റത്തിലും അതറിയാം. ബിവറേജസ് ഔട്ട്ലെറ്റില് സാധനം വാങ്ങാന്‍ തിക്കും തിരക്കും കൂട്ടാതെ വരിവരിയായി നില്ക്കുമ്പോള് എല്ലാവരും മാന്യന്മാരാണ്. അതൊക്കെ ബിഫോര്‍ ഡ്രിങ്ക്സ്. ആഫ്റ്റര്‍ ഡ്രിങ്ക്സാണല്ലോ എല്ലാ പ്രശ്നങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും തുടക്കമിടുന്നത്!
ചില ദിവസങ്ങളില്‍ അടിച്ചു പൂസായതിനുശേഷം, മന്ത്രി വീട്ടിലും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ശാരദയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും രാജീവിനറിയാം. കുയിലാജ്യോതിയുടെ മീ റ്റൂ വാര്‍ത്തകൂടി പ്രചരിച്ചപ്പോള്‍ ശാരദ അറ്റ കൈയ്ക്ക് എന്തോ ചെയ്തതാണു മന്ത്രി മരിക്കാനുള്ള കാരണമെന്നു പരദൂഷണക്കാര് പറഞ്ഞുപരത്തുന്നുണ്ട്. അതു ശരിയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വീത്രീയിലെ കുയില ഒത്തുതീര്‍പ്പിനു കോടികള്‍ ചോദിച്ചു ഫോണ്‍ ചെയ്തപ്പോള്‍, കുടിച്ചു ബോധം മറഞ്ഞ്, ‘മാംചൂ, ബെഹന്ചൂത്’ എന്നൊക്കെപ്പറഞ്ഞ് അയ്യപ്പന് അവളെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്. സത്യത്തില്‍ അവള് സുന്ദരിപ്പെണ്ണായി ചമഞ്ഞിറങ്ങി മന്ത്രി അയ്യപ്പനെ ചതിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍, ‘പൊതുമരാമത്തുമന്ത്രിയുടെ കാമവെറി’ എന്ന തലക്കെട്ടില്‍ കുയില വിശദവിവരണം നടത്തി. ‘മൂന്നാംലിംഗക്കാരിയെ പീഡിപ്പിച്ച മന്ത്രി അയ്യപ്പന് ഉടന്‍ അറസ്റ്റിലാകും’ എന്ന വാര്‍ത്ത ടി വി ചാനലുകളില്‍ വൈറലാകാന്‍ മണിക്കൂറുകളേ എടുത്തുള്ളു. എന്തു ചെയ്യാം, പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കുന്ന കാലമല്ലേ! അങ്ങനെ പല കാരണങ്ങളാല്‍ അള മുട്ടിയ പാമ്പായ ശാരദ അയാളെ കൊന്നു കെട്ടിത്തൂക്കിയതാകാനാണു സാധ്യതയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അളിയന് രാജീവ് പ്രതിപക്ഷപ്പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയാണെന്നറിഞ്ഞപ്പോള് ക്ലബ്ബ്ഹൗസ് ചര്‍ച്ചകള്‍ക്കുപോലും ചൂടുപിടിച്ചു. എന്നാലും സ്വന്തം ഭാര്യ അറിഞ്ഞുകൊണ്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യുമോ എന്നു സംശയിച്ചവരുമുണ്ട്. ഒന്നും ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ. സ്വന്തം മക്കളെ വരെ കൊല്ലുന്ന അമ്മമാരുണ്ട്. പിന്നെയല്ലേ ഭര്‍ത്താവ്! എന്തായാലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണം എന്നാണു പറഞ്ഞിരിക്കുന്നത്. കുടിച്ചു ബോധമില്ലാതെ കിടക്കുന്ന ആരെയും കൊല്ലാന്‍ ഒരു തലയണ മതിയെന്നതൊക്കെ എത്ര സിനിമകളില്‍ കണ്ടിരിക്കുന്നു! കയറില്‍ തൂങ്ങിയാലും മരണകാരണം ഒന്നുതന്നെയായിരിക്കുകയും ചെയ്യും.
അന്നുരാത്രി ശാരദ രാജീവിനെ ഫോണില്‍ ബന്ധപ്പെട്ടതിനു തെളിവുകളുണ്ട്. എന്തായാലും ശാരദയ്ക്ക് ഒറ്റയ്ക്ക് സാമാന്യം ശരീരഭാരമുള്ള ഒരാളെ കൊന്നാലും കെട്ടിത്തൂക്കാനൊന്നും പറ്റുമെന്നു തോന്നുന്നില്ല.
പോലീസും സന്നാഹവും ശാരദയെത്തേടി വീട്ടില്‍ വന്നപ്പോഴാണ് അയല്പക്കക്കാര് ഓടിക്കൂടിയത്. അവരുടെ പരദൂഷണങ്ങള്‍ മറ്റു കഥകളായി ചാനലുകാരും മഞ്ഞപ്പത്രക്കാരും ഏറ്റെടുത്തു.
സംഭവം നടന്ന ദിവസം സിനിമക്കാരനും അളിയനുമൊക്കെ വന്നപ്പോള്‍ കാര്യമായി ആഘോഷിച്ചതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പ്രതിപക്ഷപ്പാര്‍ട്ടിയുടെ ആളാണെങ്കിലും അളിയനും അളിയനുമായതിനാല് കുടിച്ചു കൂത്താടി. കൂടാതെ, ജ്യോതി എന്ന പേരില്‍ കുയില ഫെയ്സ്ബുക്കില്‍ വിശദമായ കുറിപ്പു പോസ്റ്റ് ചെയ്ത ദിവസവുമായിരുന്നു. ആ രാത്രിയാണ് അയ്യപ്പന് മരിച്ചത്, അല്ലെങ്കില്‍ കൊല്ലപ്പെട്ടത്. അയ്യപ്പന് വെള്ളമടി തുടങ്ങിയാല്‍പ്പിന്നെ ‘എന്തായാലും എനിക്കാഘോഷിക്കണം’ എന്ന ഭാവമാണ്. അപ്പോള്‍പ്പിന്നെ അളിയന് വന്ന സ്ഥിതിക്ക് ചുമ്മാതിരിക്കാന്‍ പറ്റില്ലല്ലോ!
മന്ത്രിയുടെ കൂടെയുള്ള രണ്ടുപേര്‍ കുപ്പിയും ഗ്ലാസ്സുകളും പുറത്തെടുത്തു. തത്തമംഗലം, സദസ്സിനെ ആകെയൊന്നു നിരീക്ഷിച്ചു. അവസാനം കുപ്പിയിലേക്കു നോക്കിയപ്പോള്‍ സന്തോഷിച്ചു. അതു നാടനൊന്നുമല്ല. ഒന്നാന്തരം സ്കോട്ലന്ഡ് മക്കാലന് സിംഗിള്‍ മാള്‍ട്ട് വിസ്ക്കി! മനസ്സില്‍ ആഹ്ലാദിച്ചെങ്കിലും അതു പുറത്തു കാണിക്കാതെ, ‘ആനയെത്ര ആറാട്ടു കണ്ടതാണ്’ എന്ന മുഖഭാവത്തില്‍ ഒരു രാജകീയമന്ദഹാസം പൊഴിച്ചു.
‘രാജീവിന്റെ അളിയന് കൊള്ളാം. ഒരു ഒന്നൊന്നര അളിയന്‍തന്നെ. ആരോപണങ്ങളൊന്നും ഏറ്റിട്ടില്ലെന്നു തോന്നുന്നു.’
തത്തമംഗലം രാജീവിന്റെ ചെവിയില്‍ പറഞ്ഞു. എല്ലാവരും അവരവരുടെ ഗ്ലാസ്സുകള്‍ കൈയിലെടുത്തു.
‘ചിയേഴ്സ്…’
അയ്യപ്പന് ഗ്ലാസ്സ് സാമാന്യത്തിലധികമുയര്ത്തി. ഗ്ലാസ്സുകള്‍ തമ്മിലടിച്ചു കള്ളു കുടിച്ചാല്‍ മാത്രമേ ജീവിതം ആസ്വദിക്കാന്‍ കഴിയൂ എന്നു വിശ്വസിക്കുന്ന അയ്യപ്പന് ഒരു പ്രസ്താവനയിറക്കി:
‘ലൈഫ് ഈസ് ഷോര്‍ട്… എന്ജോയ്…’
‘ഡോണ്ട് മെയ്ക്ക് ഇറ്റ് റ്റൂ ഷോര്‍ട്!’
തത്തമംഗലം അറിയാതെ സിനിമാസ്റ്റൈലില്‍ ഒരു കൗണ്ടര്‍ ഡയലോഗിട്ടെങ്കിലും അതൊരബദ്ധമായിപ്പോയെന്ന് അയ്യപ്പന്റെ രൗദ്രഭാവത്തിലുള്ള നോട്ടം കണ്ടപ്പോള്‍ മനസ്സിലായി. അപ്പോഴേ രാജീവിന്റെ ഉള്ളൊന്നു പിടഞ്ഞു. ആംഗ്യഭാഷയില്‍, ‘മിണ്ടാതിരുന്നോണം’ എന്നൊരു താക്കീത് അയാള്‍ തത്തയ്ക്കു കൊടുത്തു. പക്ഷേ സ്ക്കോച്ച് അകത്തു ചെന്നപ്പോള്‍ തത്ത അതൊക്കെ മറന്നു. പതുക്കെപ്പതുക്കെ രാഷ്ട്രീയത്തിലേക്കു കടന്നു. അപ്പോഴാണ് അയ്യപ്പനുണ്ടായ പെണ്‍വിഷയം എടുത്തിട്ടത്.
പ്രതി ‘ആണ്‍പെണ്‍’ കുയിലയാണെന്നു മൈ ഹോം ഹോട്ടലിന്റെ ലോബിയിലെ സി സി ടി വി ദൃശ്യങ്ങളില്‍നിന്നു തെളിഞ്ഞിട്ടുണ്ട്. അയ്യപ്പന്റെ മുഖം വ്യക്തമല്ലെങ്കിലും മോഹന്‍ലാലിനെപ്പോലെ നടത്തത്തില്‍ ചെറിയ ചെരിവുള്ളതുകൊണ്ട് അന്വേഷണോദ്യോഗസ്ഥര്‍ക്കു തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. കുയിലയുടെ വെളിപ്പെടുത്തലുകള്‍ അയ്യപ്പന്റെ ഇമേജിനെ വല്ലാതെ ബാധിച്ചിരുന്നെന്നു തത്തയ്ക്കറിയാമായിരുന്നു. അതറിഞ്ഞുകൊണ്ടുതന്നെ തത്തമംഗലം മുഖവുരയൊന്നുമില്ലാതെ പറഞ്ഞു:
‘സാറൊന്നുകൊണ്ടും പേടിക്കണ്ട. നമ്മുടെയാളല്ലേ ആഭ്യന്തരമന്ത്രി കെ എം കോര?’
അത് തത്തമംഗലത്തിന്റെ, സിംഗിള്‍ മാള്‍ട്ടിന്റെ മണമുള്ള വെറും കുഴഞ്ഞ പ്രസ്താവനയായിരുന്നു. അയ്യപ്പന് വിട്ടില്ല. അതിരൂക്ഷമായി ഒന്നു നോക്കിക്കൊണ്ടു ചോദിച്ചു:
‘ആരാടാ തത്തേ, പറയെടാ… കോര നിന്റെയാരാ?’
അതൊരലര്‍ച്ചയായിരുന്നു. തത്തമംഗലം ചമ്മല് ഉള്ളിലൊളിപ്പിച്ചു പതുക്കെപ്പറഞ്ഞു:
‘അതുപിന്നെ ഞങ്ങളുടെ നാട്ടുകാരനല്ലേ? ഞാനൊന്നു മൂളിയാല്‍ ഏതു മീ റ്റൂവും പുല്ലുപോലെ ചീറ്റിപ്പോകും. ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യും. സംഗതി സ്ത്രീപീഡനമാ. മൂന്നാംലിംഗമല്ലേ, കോര വിചാരിച്ചാല്‍ നിസ്സാരമായി ഊരിപ്പോരാം.’
അയാള്‍ കുപ്പിയില്‍നിന്ന് വീണ്ടും മക്കാലന് വിസ്ക്കി പകര്‍ന്നു.
രാജീവ് തത്തയോടു മിണ്ടാതിരിക്കാന്‍ കൈയും കാലുമൊക്കെ കാണിച്ചെങ്കിലും അതൊന്നും അയാള്‍ ശ്രദ്ധിച്ചതേയില്ല. സിംഗിള്‍ മാള്‍ട്ടിന്റെ ഒരു ലാര്‍ജ്ജ് കൂടി മോന്തിയിട്ട് അയ്യപ്പനോടായി പറഞ്ഞു:
‘അയ്യപ്പാ, എനിക്ക് ഒരൊറ്റ ഫോണ്‍കോള്‍ മതി. എല്ലാം ശരിയാക്കാം.’
അതുവരെ ‘സാറേ’ എന്നു വിളിച്ചിരുന്ന തത്തമംഗലത്തിന്റെ ആ സംബോധനയില്‍ അയ്യപ്പന് ഉഗ്രകോപിയായി. കൈയില്‍ ബാക്കിയിരുന്ന വിസ്ക്കി, അയ്യപ്പന് അയാളുടെ മുഖത്തേക്ക് അതിശക്തിയായി ഒഴിച്ചു. അതൊന്നും കാര്യമാക്കാതെ, ചിറിയില്‍ പറ്റിപ്പിടിച്ചിരുന്ന മക്കാലന്തുള്ളികള് തത്ത നക്കിയെടുത്തു. രാജീവ് കുറച്ചു നാപ്കിന്സെടുത്തു കൊടുത്ത് തത്തയോടു മുഖം തുടയ്ക്കാന്‍ പറഞ്ഞു. അല്‍പ്പം ദേഷ്യത്തോടെ വിളിച്ചു:
‘വാ, പോകാം. ഇനിയിവിടെയിരുന്നാല്‍ ശരിയാവില്ല.’
‘ഇരിയെടാ അവിടെ. മന്ത്രി കോര നിന്റെ തന്തയാണെന്നല്ലേ പറഞ്ഞത്?’
സ്വന്തം പാര്‍ട്ടിയിലുള്ള മന്ത്രിക്കു ശുപാര്‍ശയുമായി വന്ന തത്തയെ അയ്യപ്പനിഷ്ടപ്പെട്ടില്ല. അപ്പോഴേക്കും സുബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ചിരിച്ചുകൊണ്ടു പറഞ്ഞു:
‘രാഷ്ട്രീയക്കാരാകുമ്പോള്‍ അതൊന്നും പറയാന്‍ പറ്റത്തില്ല സാറേ…’
‘അതേടാ, എനിക്കു നിന്നെ കണ്ടപ്പോഴേ തോന്നിയതാ, ഒറ്റത്തന്തയ്ക്കുണ്ടായതല്ലെന്ന്.’
പുച്ഛഭാവത്തില്‍ പറഞ്ഞുകൊണ്ട്, അയ്യപ്പന് കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന വിസ്ക്കി ഗ്ലാസ്സിലേക്കൊഴിച്ച് അകത്താക്കി. പൂര്വ്വാധികമുച്ചത്തില് വീണ്ടുമലറി. പ്രതീക്ഷിച്ചതുപോലെ അയ്യപ്പന് വയലന്റായി!
‘എഴുന്നേല്ക്കെടാ തത്തേ… നിന്നോടാരുപറഞ്ഞു എന്നെ അറസ്റ്റ് ചെയ്യുമെന്ന്?’
അയ്യപ്പന് ചാടിയെഴുന്നേറ്റ് തത്തയെ അടിക്കാനായി ഓടിയടുത്തപ്പോഴേക്കും കസേരയില്‍ തട്ടിവീണു.
‘അടിതെറ്റിയാല്‍ ആന മാത്രമല്ല, അയ്യപ്പനും വീഴും!’
തത്ത ഉച്ചത്തില്‍ അട്ടഹസിച്ചു.
അപ്പോഴേക്കും കൂടെയുള്ളവര്‍ തത്തമംഗലത്തെ പിടിച്ചുവലിച്ചു പുറത്തേക്കു കൊണ്ടുപോയി. അയ്യപ്പന് വേച്ചുവേച്ച് എഴുന്നേറ്റു വാതില്ക്കലെത്തി വീണ്ടും അലറിപ്പറഞ്ഞു:
‘വിടരുതവനെ…’
എന്തായാലും സത്യം വെളിച്ചത്തു കൊണ്ടുവരണം. എല്ലാത്തിനും കാരണം കുയില ഒരുത്തിയാണ്. അയ്യപ്പന് വസ്ത്രാക്ഷേപം ചെയ്തപ്പോഴാണ് സംഗതി മനസ്സിലായത്. അപ്പോഴേ കൈ തീര്‍ത്തൊന്നു കൊടുത്തത്രേ! അപ്പോള്‍പ്പിന്നെ അവള്‍ക്കെങ്ങനെ ദേഷ്യം വരാതിരിക്കും? അവള്, അല്ല അവനും തിരിച്ചടിച്ചതായി പറയപ്പെടുന്നു. അതൊന്നും അത്രയ്ക്കു വിശ്വസനീയമല്ല.
അന്നു തത്തമംഗലത്തെയുംകൊണ്ടോടിയവര് പിന്നെ കേള്‍ക്കുന്നത് മന്ത്രി ശാന്തിയുടെ മരണവാര്‍ത്തയാണ്. വീട്ടിലെത്തിയ അയ്യപ്പന് ഭാര്യ ശാരദയെ അടിമുടി ഉപദ്രവിച്ചിരുന്നു. അതിനാല്‍ യഥാര്‍ത്ഥപ്രതി ശാരദയാണെന്ന അഭ്യൂഹമുണ്ടായി. അതു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. ശാരദ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ്, അയ്യപ്പന് കെട്ടിത്തൂങ്ങിയ മുറിയിലെ മേശപ്പുറത്തിരുന്ന കത്ത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. അത് ആത്മഹത്യാക്കുറിപ്പായിരുന്നു. അതില്‍ കൂടുതലും ശാരദയോടുള്ള ക്ഷമാപണമായിരുന്നെങ്കിലും വീത്രീയെപ്പറ്റിയും കുയിലയെപ്പറ്റിയും പരാമര്‍ശിച്ചിട്ടുണ്ട്. അന്നുവരെ എല്ലാവര്ക്കും അങ്ങനെയൊരു രഹസ്യക്കൂട്ടായ്മയെപ്പറ്റി സംശയമേ ഉണ്ടായിരുന്നുള്ളു. എല്ലാത്തിനും കാരണം വീത്രീയാണെന്ന കത്തില്‍ വ്യക്തമായി എഴുതിയിരുന്നു.
കൊലപാതകമാണെങ്കില്‍ സംശയാസ്പദമായ മറ്റു സംഭവങ്ങളോ പ്രതികളോ ഇല്ലാത്ത സ്ഥിതിക്ക് ശാരദയും രാജീവും അറസ്റ്റിലാകാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. എന്നാല്‍ വീത്രീ എന്ന ക്ലൂ കിട്ടിയതിനാല്‍ പോലീസിന്റെ അന്വേഷണം ആ വഴിക്കായി.
സംഗതി വൈറലായതോടെ സിനിമാനടന്മാരുള്പ്പെടെ പല പ്രമുഖരും രഹസ്യമായി പോലീസിനു മൊഴി കൊടുത്തു. അങ്ങനെ മൂവര്‍സംഘത്തെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി. ശാരദ കുറ്റവിമുക്തയായി. സോഷ്യല്‍ മീഡിയയും ചാനലുകാരും അതും ആഘോഷമാക്കി.
ഒരു പെണ്ണൊരുമ്പെട്ടാല്‍ ഇതല്ല, ഇതിനപ്പുറവും നടക്കും. അപ്പോള്‍പ്പിന്നെ മൂന്നു പെണ്ണുങ്ങള് തുനിഞ്ഞിറങ്ങിയാലോ!
മരണത്തിലെ ദുരൂഹത പരിഗണിച്ചുകൊണ്ട് ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് ലാബിലേക്കയച്ചു. പരിശോധനയില്‍ അയ്യപ്പനല്ല കത്തെഴുതിയതെന്നാണു കണ്ടെത്തിയത്. അങ്ങനെയാണ് ശാരദയും മകള്‍ ആതിരയും രാജീവും വീണ്ടും പ്രതികളായത്. കോടതിയില്‍ വന്നപ്പോള്‍ തെളിവുകളുടെ അഭാവത്തില്‍ ശാരദയ്ക്കും ആതിരയ്ക്കുമെതിരേയുള്ള കേസ് തള്ളിപ്പോയെങ്കിലും ഭരണപക്ഷം വിട്ടുകൊടുത്തില്ല. പ്രേരണാക്കുറ്റത്തിന് രാജീവിനു മൂന്നു വര്‍ഷത്തെ ശിക്ഷ ലഭിച്ചു. കൂടെനിന്ന തത്തമംഗലത്തെയാവട്ടെ വെറുതേ വിട്ടു.
ഇതൊരു കൊലപാതകത്തില്‍ കലാശിക്കുമെന്ന് അവരും കരുതിയിരുന്നില്ലെന്നുള്ളതാണു സത്യം. വീത്രീയിലെ മൂന്നു സുന്ദരിമാരും മറ്റു പല കേസുകളിലും പെട്ടിട്ടുള്ളതുകൊണ്ട് ഇപ്പോഴും ജെയില്ശിക്ഷയനുഭവിക്കുന്നു.
ഇതുകൊണ്ടൊന്നും നാടു നന്നായില്ല; നന്നാവുകയുമില്ല!
