അയാള്‍ കഥ പറയുകയാണ്

ഇന്ന് ഞാന്‍ അതിരാവിലെ തന്നെ ഉറക്കമുണര്‍ന്നു.

വെളിച്ചം ശരിക്കും വരാന്‍ തുടങ്ങിയിട്ടില്ല. ഇപ്പോഴും ഇരുട്ട് ഘനീഭവിച്ചു നില്‍ക്കുകയാണ്. ആകാശത്തെ മന്ദമായ ഇരുളും – വെളിച്ചവും അതോടൊപ്പം വന്ന കാറ്റും മനസ്സിനെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. പ്രപഞ്ചത്തിലുള്ള എല്ലാവരോടും എല്ലാത്തിനോടും എന്തോ സ്‌നേഹം തോന്നിപ്പിക്കുന്നു.

ശരിയാണ്, പ്രപഞ്ചത്തിലുള്ള എല്ലാവരെയും സ്‌നേഹിക്കാന്‍ തോന്നുന്നു. എന്റെ അടുത്ത കട്ടിലില്‍ ലക്ഷ്മണന്‍ സാര്‍ ഉറങ്ങുന്നു. ഇരുണ്ട വെളിച്ചത്തില്‍ അദ്ദേഹത്തെ വ്യക്തമായി കാണുന്നില്ല. എന്നിരുന്നാലും അറിയാം അദ്ദേഹം അവലക്ഷണമായ രീതിയിലായിരിക്കും ഉറങ്ങുന്നതെന്ന്. മുഖത്തൂന്നു ഈളയൊലിച്ചു തലയണയാകെ നനപ്പിച്ചും ലുങ്കി മുട്ടോളം ഉയര്‍ന്നും. അതൊന്നും കാര്യമാക്കുന്നില്ല, ഇന്ന് എന്റെ കണ്ണുകള്‍ മോശം കണികളൊന്നും കാണില്ല. ലക്ഷ്മണന്‍ സാറിനെയും ഞാന്‍ സ്‌നേഹിക്കുന്നു.

വര്‍ഷത്തിലെ മറ്റു ദിവസങ്ങളൊന്നും ഇന്നത്തെ ദിവസംപോലെ ആകുന്നില്ലല്ലോ, അതെന്താ? ആലോചിച്ചാലോചിച്ച ഞാനൊരു സിഗററ്റെടുത്തു കത്തിച്ച് ദീര്‍ഘമായി ഒരു പുക ഉള്ളിലേക്ക് വലിച്ചു. പിന്നീട്, ഹീറ്ററോണാക്കി പാത്രമെടുത്തുവെച്ചു ചായക്കുള്ള വെള്ളം തിളപ്പിച്ചു. എല്ലാ കാര്യങ്ങളും നിശ്ശബ്ദവും സാവധാനവും നടന്നു. അപ്പോള്‍ ലക്ഷ്മണന്‍ സാര്‍ ഉറക്കത്തില്‍നിന്നു ഉണര്‍ന്നു. അദ്ദേഹം ഉറക്കച്ചടവോടെ ചോദിച്ചു, ചായപ്പൊടിയുണ്ടായിരുന്നോ?

ആ…
ഇന്നെന്താ ഇത്ര നോരത്തെ ഉണര്‍ന്നത്, സുഖമില്ലേ?
ഹേയ് ഒന്നുമില്ല. ചായ കുടിക്കുന്നോ?
ആ.. ഒരു കപ്പ് ചായ എടുത്തോ.

ഇത് പറഞ്ഞുകൊണ്ട് അദ്ദേഹം തലമുന്നോട്ടു നീട്ടി മൂക്കുചീറ്റുകയും എന്നിട്ട് കൊതുകു വലയില്‍ മുഖം തുടയ്ക്കുകയും ചെയ്തു – ഹോ! എന്തൊരു വൃത്തികെട്ട കാഴ്ച. ഇന്ന് മനോഹരമായ കാഴ്ചകള്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ഞാന്‍ വാസ്തവത്തില്‍ ഭാവനയിലേക്ക് പോയി ലക്ഷ്മണന്‍ സാറെന്ന പേരില്‍ ഈ വീട്ടില്‍ ആരുമില്ലെന്നും, പകരമുള്ളത് ഒരു രാജാവാണെന്നും. അതുപോലെ ഇത് വീടും അല്ലെന്നും ഇത് ഏതോ ഒരു വലിയ രാജകൊട്ടാരവും ഞാന്‍ അവിടത്തെ രാജകന്യകയുടെ അതിഥിയായി അവിടെ വൈകിട്ട് സന്ദര്‍ശിക്കാനുള്ള ആളാണെന്നും. ഈ ഞാനും സാധാരണ ഒരു അണ്ടനോ അടകോടനോ ഒന്നുമല്ല, പ്രശസ്തനായ ഒരു കവിയാണ്. ഇന്ന് രാജകുമാരിക്ക് മനോഹരമായ ഒരു കവിത ചൊല്ലി കേള്‍പ്പിക്കാനുള്ളതാണ്. പകരമായി ആ രാജാവ് എനിക്ക് രാജകുമാരിയെ കെട്ടിച്ചുംതരും.

ടേയ്… സുകുമാരാ…
സാര്‍ പറഞ്ഞോളു.
എന്താ വല്ലാതെയിരിക്കുന്നേ? എന്തെങ്കിലും പറ്റിയോ?
ഇല്ല, എന്ത് സംഭവിക്കാന്‍.
ഹാ.. നിന്റെ കൈയില്‍ സിഗററ്റുണ്ടോ എടുക്കാന്‍.

ലക്ഷ്മണന്‍ സാര്‍ അദ്ദേഹത്തിന്റെ ഉണക്കക്കൊള്ളി പോലത്തെ കറുത്ത കൈനീട്ടി. ഒരു സിഗററ്റ് കൈയിലേക്ക് വെച്ചുകൊടുത്തു. പക്ഷേ, എനിക്കറിയാം അദ്ദേഹത്തിന്റെ തലയണയ്ക്കടിയില്‍ സിഗററ്റുണ്ടെന്ന്. അദ്ദേഹം തന്റെ സിഗററ്റ് വളരെ ആവശ്യമെങ്കില്‍ മാത്രമേ ഉപയോഗിക്കൂ. ഹാ… എന്ത് തുച്ഛമായ കാര്യങ്ങളാണ് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ ഇന്ന് പ്രശസ്തനായ ഒരു കവിയല്ലേ, അതും രാജകൊട്ടരാത്തിലെ അതിഥി. ഞാന്‍ പതിയെ വിളിച്ചു, ലക്ഷ്മണന്‍ സാര്‍.

പറയടാ മോനെ.
ഇന്നെന്തോ അറിയില്ല എനിക്ക് മനസ്സിന് ഒരു സന്തോഷം.
സന്തോഷം തോന്നാല്‍ മാത്രം എന്തുണ്ടായി?

ലക്ഷ്മണന്‍ സാര്‍ അതിശയത്തോടെ നോക്കി. അദ്ദേഹത്തിന് ഈ ദിവസം മറ്റു ദിവസങ്ങളിലേതുപോലെ തന്നെയാണ്. അതിസാധാരണവും ക്ലേശകരവും അലസവും. ഞാന്‍ വീണ്ടും മെല്ലെ വിളിച്ചു, ലക്ഷ്മണന്‍ സാര്‍.

ആ… പറ.
ഇന്നെന്റെ ജന്മദിനമാണ്.
അതേയോ?
അതേ സാര്‍. മേയ് പതിനൊന്ന്.
ചക്കേടേം മാങ്ങേടം സീസണിലാണല്ലോ നീ ജനിച്ചത്.

ഇത് പറഞ്ഞുകൊണ്ട് ലക്ഷ്മണന്‍ സാര്‍ പാതി കുടിച്ച ചായകപ്പുമായി ഓര്‍മ്മയില്ലാണ്ട് ബാത്ത്‌റൂമിലേക്ക് പോയി. ഇന്ന് ഞാന്‍ ദേഷ്യപ്പെടില്ല. മനോഹരമായ ഈ പ്രഭാതവും വിശേഷപ്പെട്ട ദിവസവും വെറുതെ മൂഡ്-ഓഫായി നഷ്ടപ്പെടുത്തണോ. വൈകുന്നേരം ചന്ദ്രികയുടെ വീട്ടില്‍ പോകേണ്ടതല്ലേ. അതുവരെ അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലിട്ടു താലോലിക്കും.

അദ്ദേഹം ബാത്ത് റൂമില്‍ നിന്ന് തിരികെവന്നു പറഞ്ഞു, ടേയ് സുകുമാരാ, ടോയ്‌ലറ്റിലെന്തോ തടസ്സമുണ്ട്. ഒന്നു നോക്കിയേക്കണേ.

ഞാന്‍ കേട്ടിട്ടും കേള്‍ക്കാത്തപോലെ ഇരുന്നു. ഇന്ന് ഞാന്‍ അമംഗളകരമായതൊന്നും കേള്‍ക്കുകയുമില്ല കാണുകയുമില്ല. ഇന്നെന്റെ ജന്മദിനമാണ്. ഇന്ന് ചന്ദ്രികയുടെ വീട്ടീല്‍ പോകും, എന്നിട്ട് അവളോട് ഒരു രഹസ്യം പറയും. കുറേ നാള്‍ ഞാന്‍ മനസ്സില്‍ കൊണ്ടുനടന്നൊരു രഹസ്യം.

കൊടുങ്കാറ്റായിക്കോട്ടേ, തോരാമഴയായിക്കോട്ടേ. അല്ലെങ്കില്‍ ഭൂമികുലക്കം തന്നെ വന്നോട്ടേ. ഇന്ന് വൈകിട്ട് ഞാന്‍ തീര്‍ച്ചയായും ചന്ദ്രികയുടെ വീട്ടില്‍ പോയിരിക്കും. ചന്ദ്രികയുടെ അപ്പന്‍ വരാന്തയില്‍ തന്നെ ഇരിപ്പായിരിക്കും. ഇപ്പോഴൊക്കെ അദ്ദേഹം മിക്ക സമയവും വരാന്തയില്‍ തന്നെ ഇരിപ്പാണല്ലോ. അപരിചിതരായ ആരെ കണ്ടാലും നെറ്റിചുളിച്ചു തീക്ഷണമായി നോക്കും. പരിചയമുള്ള എന്നെയും ചിലപ്പോള്‍ അങ്ങനെ തന്നെ നോക്കാറുണ്ട്. അപ്പോള്‍, ഞാന്‍ ചിരിച്ചുകൊണ്ട് ചോദിക്കും – ചന്ദ്രിക വീട്ടിലുണ്ടോ? അവളോടൊരു കാര്യം പറയാനുണ്ടായിരുന്നു. സംഭ്രമത്തോടെയിരിക്കുമ്പോള്‍ എനിക്ക് നന്നായി സംസാരിക്കാന്‍ കഴിയില്ല. പക്ഷേ, ഇന്ന് ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. ഇന്ന് ഉറപ്പായും കാര്യം പറഞ്ഞിരിക്കും, നല്ലൊരു അഭിനേതാവിനെ പോലെ വോയീസ് മോഡുലേഷനിലൂടെയും ഹൃദ്യമായ മുഖഭാവങ്ങളിലൂടെയും.

ചായ കുടിച്ചശേഷം ലക്ഷ്മണന്‍ സാര്‍ വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കഴുത്തുനീട്ടിക്കൊണ്ട് പറഞ്ഞു, ഒമ്പതുമണിവരെ ഉറങ്ങും. പിന്നെ കാപ്പികുടി കഴിഞ്ഞു വീണ്ടും ഉറങ്ങണം. നമ്മുടെ സ്ഥിരം ഐറ്റം ഉപ്പുമാവും തേങ്ങാ ചട്ടിണിയും ഉണ്ടാക്കിക്കോ.

അവധിയുള്ള ദിവസമല്ലേ, പാവം ഉറങ്ങട്ടെ. വരാന്തയിലിറങ്ങി നോക്കി, നന്നായി വെളിച്ചം വന്നിട്ടുണ്ട്. ആകാശം ഇളംനീലയില്‍ ശോഭിച്ചു നില്‍ക്കുന്നു കണ്‍മുന്നില്‍. പക്ഷികളുടെ ചലപിലയ്ക്ക് ഇന്ന് പ്രത്യേക ഈണം. അവളോട് ആ രഹസ്യം പറയുന്നതിന് ഇതിലും നല്ല ദിവസം എന്നാ ഉള്ളത്? അതും ജന്മദിനം പോലെ ശുഭകരമായ ദിവസം!

രാവിലെ പതിനൊന്നിന് ഫോണ്‍ വിളിച്ചു. ചന്ദ്രികയെ പലപ്പോഴും ഫോണില്‍ കിട്ടാറില്ല, പക്ഷേ ഇന്ന് കിട്ടി. അവള്‍ മധുരമായി മൊഴിഞ്ഞു, എന്താ സുകുമാരേട്ടാ, സുഖമല്ലേ?

സുഖം. നിനക്ക് സുഖമല്ലേ?
എനിക്ക് ഭയങ്കര സുഖം.
എന്ത് ചെയ്യുവാ?
പഠിക്കുവാ. അല്ലാതെന്ത് ചെയ്യാനാ, തേര്‍ഡ്-ഇയര്‍ സെമസ്റ്റര്‍ പരീക്ഷയൊക്കെ അടുത്തില്ലേ.
അതേയോ… ചന്ദ്രികേ, നീയിന്ന് വീട്ടില്‍ കാണുമോ?
വേറെ എവിടെ പോകാനാ!
ഞാനിന്ന് നിന്റങ്ങോട്ട് വരുന്നുണ്ട്.
ബേഷ് വന്നോളു. നമുക്ക് കഥയൊക്കെ പറഞ്ഞിരിക്കാം.
നിന്നോട് ഒരു കാര്യം പറയാനുണ്ട്.
എന്ത് കാര്യം.
അതൊരു രഹസ്യമാണ്.
നിങ്ങളുടെ വേറെയെന്ത് രഹസ്യകഥയാണ്? ചന്ദ്രിക കിക്കിക്കീന്ന് പറഞ്ഞു കുലുങ്ങിച്ചിരിച്ചു. എത്ര മധുരമായ ചിരി. ചായക്കടയുടെ വളവിലുള്ള രണ്ടാമത്തെ വീട്ടിലെ തങ്കപ്പന്റെ ചൈനീസ് ഡോര്‍ ബെല്ലിന്റെ ശബ്ദം കണക്കെ.

ഹലോ ചന്ദ്രികേ.
പറഞ്ഞോളു കേള്‍ക്കുന്നുണ്ട്.
ഇന്ന് വൈകിട്ട് ഞാന്‍ വരുന്നുണ്ട്.
ങാ.. വന്നോളു. വെയ്ക്കട്ടേ. വേറെയെന്തെങ്കിലും വിശേഷിച്ചു?
ഇല്ല, നേരിട്ടുവന്നു പറയാം.
ശരി സുകുമാരട്ടേ.

ചന്ദ്രിക റിസീവറുവച്ചശേഷവും കുറച്ചുനേരം ഞാന്‍ അത് കാതോടുതന്നെ ചേര്‍ത്തുവെച്ചുകൊണ്ടുനിന്നു.

സമയം പതിനൊന്നേയായിട്ടുള്ളൂ. ഇനി എത്ര മണിക്കൂറുകള്‍ കിടപ്പുണ്ട്. എവിടെ പോകാം? എവിടേം പോകാന്‍ തോന്നുന്നില്ല. ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ പോയി എന്തെങ്കിലും ഓഫറുണ്ടെങ്കില്‍ വാങ്ങിയാലോ? അങ്ങനെ അലന്‍ സോലിയുടെ ഇടത്തരം വിലയുള്ള ഒരു ബ്രാന്‍ഡഡ് ഷര്‍ട്ടു തന്നെ വാങ്ങി. വിശേഷപ്പെട്ട ദിവസസമായി പോയില്ലേ അതും വൈകിട്ട് പ്രത്യേക ഒരു ദൗത്യവും. മറ്റുവല്ല ദിവസമായിരുന്നെങ്കില്‍ പ്ലാറ്റ്‌ഫോറത്തില്‍ നിന്ന് ഒന്നിനൊന്ന് ഫ്രീ വല്ലതും വാങ്ങിയാല്‍ മതിയായിരുന്നു, രണ്ടുവര്‍ഷത്തേക്ക് ഓടിക്കാം.

പിന്നെ, ഗോള്‍ഡ് ഫ്‌ളാക്ക് കിംഗ്‌സ് ഒരു പാക്കെറ്റ് വാങ്ങി ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു. ഇന്നത്തെ ദിവസം ഫിള്‍ട്ടര്‍ ഇല്ലാത്ത ഡൂക്കിലി സിഗററ്റൊന്നും വേണ്ട. ചുണ്ട് കറുത്തു പോകുന്നുവെന്ന് പറഞ്ഞവള്‍ പരിഭവം പറയുന്നതല്ലേ.

ചന്ദ്രികയ്ക്ക് വേണ്ടി എന്തെങ്കിലും സമ്മാനം വാങ്ങണ്ടേ? ഉം… എന്താ വാങ്ങുക? അടിപൊളി കവര്‍ചിത്രത്തോടു കൂടിയുള്ള ഒരു കാവ്യസാഹിത്യം വാങ്ങിയാലോ. അതിന്റെ ആദ്യതാളില്‍ വടിവൊത്ത കൈയ്യക്ഷരത്തില്‍ കവിതാപരമായി എന്തെങ്കിലും എഴുതുകയും വേണം, എന്താ എഴുതുക? – ചന്ദ്രികേ, ജീവിതമാകുന്ന കാനന ചോലയിലേക്ക് ഞാനും വരട്ടെയോ നിന്റെ കൂടേ… ബേഷ്… പുസ്തകം എല്ലാം കഴിഞ്ഞിട്ട് തിരിച്ചുവരുമ്പോഴേ കൊടുക്കാവു. ചന്ദ്രിക തീര്‍ച്ചയായും ഗേറ്റ് വരെ വരും എന്നെ യാത്രയയ്ക്കാന്‍. അപ്പോള്‍ ഞന്‍ പറയും, ചന്ദ്രികേ, ഇന്നെന്റെ ജന്മദിനമാണ്. അതിനു ചന്ദ്രിക പറയും, അതെയോ… അതെന്താ നേരത്തേ പറയാതിരുന്നത് ?

നേരത്തേ പറഞ്ഞാല്‍ എന്ത് ചെയ്യുമായിരുന്നു?
എന്തെങ്കിലും സമ്മാനം വാങ്ങി വയ്ക്കില്ലായിരുന്നോ.
എന്ത് സമ്മാനം?
എന്തെങ്കിലും ഒരു കവിതാ സമാഹാരം
ഞാന്‍ കവിത വായിക്കാറില്ലെന്ന് അറിയില്ലേ.
വായിക്കാറില്ലെങ്കില്‍ അത് വായിക്കുന്ന ആര്‍ക്കെങ്കിലും ഉപകാരമായി കൊടുത്തുകൂടേ.

അപ്പോള്‍ ഞാന്‍ ചെറുതായി ഒന്നു ചിരിച്ചുകൊണ്ട് ഗിള്‍ട്ടുള്ള ഗിഫ്റ്റ്-റാപ്പര്‍ തുറന്നു പുസ്തകം പുറത്തെടുത്തുകൊണ്ട് ചെറുതായി ഒന്നു ചിരിച്ചുകൊണ്ട് പറയും, ഞാന്‍ നിനക്കായി ഒരു കവിതാ സമാഹാരം കൊണ്ടുവന്നിട്ടുണ്ട്, ചന്ദ്രികേ. എന്‍റെ ഹൃദയം മൊഴിഞ്ഞ വാക്കുകള്‍ കേട്ടു ആനന്താതിരേകത്താല്‍ നേരത്തേതന്നെ സ്തബ്ധയായിരിക്കുന്ന അവളുടെ കൈയിലേക്ക് കവിതാ പുസ്തകം വച്ചിട്ട് സ്ലോമോഷനില്‍ ഒരു നടത്തം നടക്കും അപ്പോള്‍ ഞാന്‍.

കറക്കമൊക്കെ മതിയാക്കി ഉണ്ടംപൊരിയും ചായയുമൊക്കെ കഴിച്ചു തിരികെ വീട്ടിലെത്തി കുളിച്ചു പുതിയ ഷര്‍ട്ടൊക്കെ ധരിച്ചു കുട്ടപ്പനായി ഇറങ്ങിയപ്പോള്‍ ആറുമണി ആകാറായി. പതിവില്ലാത്ത വിധം സന്ധ്യയ്ക്ക് ആകാശത്ത് മേഘങ്ങള്‍ ഉരുണ്ടുകൂടി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഫൂല്‍ക്കാരമിട്ടുകൊണ്ട് കാറ്റുവീശാന്‍ തുടങ്ങി. പിന്നെ ചാറ്റല്‍ മഴയും. ചന്ദ്രികയുടെ വീടിന്റെ വരാന്തയിലെത്തിയപ്പോള്‍ കൊടുങ്കാറ്റോടുകൂടിയ മഴയായി. വീടിന്റെ തിണ്ണയിലേക്ക് കാലടിയെടുത്തു വച്ചപ്പോള്‍ കറന്റും പോയി. ആ പ്രദേശമാകെ ഇരുട്ടിലായി. ചന്ദ്രിക എന്നെ അതിശയത്തോടെ നോക്കി ചോദിച്ചു, ഈ മഴയത്താണോ വരാന്‍ തോന്നിയത്? നനഞ്ഞത് കണ്ടില്ലേ. അകത്തോട്ട് കയറി വാ. എന്ത് വിവരക്കേടാ കാണിച്ചത്, നാളെ വന്നാല്‍ പോരായിരുന്നോ. എന്താ ഇത്ര തലപോകുന്ന കാര്യം.

സ്വീകരണമുറിയില്‍ മെഴുകുതിരി എരിയുന്നു. ഒരു മാന്യനായ വ്യക്തി അവിടെ ഇരിപ്പുണ്ട്, അരികില്‍ അയാളോട് ചേര്‍ന്ന് പപ്പുവും, ചന്ദ്രികയുടെ കൊച്ചനിയന്‍ പപ്പു.

പപ്പു ഭയം വിട്ടുമാറാത്ത മിഴിച്ച കണ്ണുമായി പറഞ്ഞു, ഈ ചേട്ടന്‍ ഭൂതത്തിന്റെ കഥ പറഞ്ഞോണ്ടിരിക്കുവായിരുന്നു. ഊഫ്… ഭയങ്കര കഥ. ഇനി ബാക്കി കഥയും കൂടി പറയുന്നേ.

ചന്ദ്രിക പറഞ്ഞു, നില്‍ക്കു സാര്‍ ഞാന്‍ വന്നിട്ടു മതി. സുകുമാരേട്ടന് ഒരു ചായ കൊടുത്തിട്ട് വരാം.

അവള്‍ ഒരു കൈയില്‍ ചായകപ്പും മറ്റേ കൈയ്യില്‍ തോര്‍ത്തുമായി വന്നു – മഴ നനഞ്ഞ കോഴിയെപ്പോലെ തണുത്തുവിറച്ചിരിക്കുന്നതു കണ്ടില്ലേ. ആദ്യം തലതോര്‍ത്തു. എന്നിട്ട് ഈ സാറിന്റെ കഥയൊന്ന് കേട്ടു നോക്കു. നിങ്ങളെപ്പോലെ മെനഞ്ഞെടുത്ത കഥയൊന്നുമല്ല, ഫുള്‍ ലൈഫ് എക്‌സ്പീരിയന്‍സീന്നാണ് അദ്ദേഹം പറയുന്നത്.

നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട് ചന്ദ്രികേ.
അപ്പോ കഥ പറയാന്‍ വന്നതല്ലേ.
ഞാന്‍ കൊച്ചീന്ന് പോകുകയാണ്.
എന്താ പെട്ടെന്ന് ?
കോയമ്പത്തൂര്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി കിട്ടി.
ഓ.. അടിപൊളി. അപ്പോള്‍ ചിലവുണ്ട് കേട്ടോ.

അപ്പോഴേക്കും പപ്പു കഥയുടെ ബാക്കി കേള്‍ക്കണമെന്ന് പറഞ്ഞു ശാഠ്യംപിടിച്ചു.

കഥയ്ക്ക് മുന്നെയായി ചന്ദ്രിക അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി, ഈ സാറു എന്റെ ചേട്ടന്റെ സുഹൃത്താണ്. അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി യിലാണ് താമസം. വല്യ ബിസിനസ്സുകാരനാണ്.

ചന്ദ്രികയുടെ സാറു പറഞ്ഞു, ഇരിക്കൂ. ഞാന്‍ ഇരുന്നു. ആ മാന്യനായ വ്യക്തി കഥ പറയാന്‍ തുടങ്ങി – ഭയങ്കര ഇരുട്ടുള്ള റോഡ്. അമാവാസിയായിരുന്നു. ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടിയ ഒരു ദിവസം കൂടിയായിരുന്നു. ഞാനും എന്റെ സുഹൃത്ത് ക്രിസ്റ്റഫറും ഒരുമിച്ചു ആ വിജനമായ വഴിയിലൂടെ നടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ശബ്ദം കേട്ടു. ആരോ ഒരാള്‍ ഓടിവരുന്നതുപോലെ. ക്രിസ്റ്റഫര്‍ ചോദിച്ചു, ആരാ? ആരാ? അപ്പോള്‍ ശബ്ദം പെട്ടെന്ന് നിലച്ചു. ഞങ്ങള്‍ നാലുപാടും ഭയത്തോടെ നോക്കി. കൂരാകൂരിരുട്ടല്ലാതെ മറ്റൊന്നും ഞങ്ങളുടെ മുമ്പിലില്ലായിരുന്നു.

ചന്ദ്രികയുടെ ആ സാറു വളരെ നന്നായിട്ടാണ് കഥ പറഞ്ഞത്. ചന്ദ്രികയും പപ്പും ആ കഥയുടെ മാന്ത്രിക വശ്യതയില്‍ മയങ്ങിയിരിക്കുകയാണ്. ചന്ദ്രിക സാരിയാണ് ധരിച്ചിരുന്നത്. ധരിച്ചിരിക്കുന്ന രീതിയിലൊരു പ്രത്യേകതയുണ്ട്. എവിടെയോ പോകാനായി ഒരുങ്ങിയിരിക്കുന്നതു പോലെ.

കഥ കഴിയാനായി ഒരുപാട് സമയമെടുത്തു. ചന്ദ്രിക കഥ കേട്ട സന്തോഷത്തില്‍ വീണ്ടും ചായയും ക്രീംബിസ്ക്കറ്റുമായി വന്നു എല്ലാവര്‍ക്കും. ഞാന്‍ പറഞ്ഞു, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.

ചന്ദ്രിക അതിശയത്തോടെ നോക്കി, പറഞ്ഞതല്ലേ.
എന്ത് ?
കോയമ്പത്തൂര്‍ ജോലി കിട്ടിയ കാര്യം.
ആ കാര്യമല്ല. വേറൊരു കാര്യം.
ശരി സുകുമാരേട്ടന്‍ പറഞ്ഞോളു. ഹേയ് നില്‍ക്കു, നില്‍ക്കൂ… ഈ സാറിന്റെയടുക്കല്‍ മറ്റൊരു അടിപൊളി കഥയുണ്ട്, ആദ്യം നമുക്ക് അത് കേള്‍ക്കാം. എന്നിട്ട് പറഞ്ഞോ സുകുമാരേട്ടാ.

അങ്ങനെ ആ മാന്യനായ വ്യക്തി തന്റെ രണ്ടാമത്തെ കഥ പറയാന്‍ തുടങ്ങി. കഥ കഴിഞ്ഞപ്പോള്‍ ഒരുപാട് വൈകി, എട്ടര മണി. ‍മഴ ചെറിയ ചാറ്റല്‍മഴ മാത്രമായി. അപ്പോള്‍ ചന്ദ്രിക അമേരിക്കന്‍ സാറുമായി റസ്റ്റോറന്റില്‍ പോയി ഭക്ഷണകഴിക്കാനുള്ള തിരക്കിലായിരുന്നു. പിന്നീട് ഗേറ്റ് കടന്നിറങ്ങവേ കാറിലിരുന്നുക്കൊണ്ട് ചന്ദ്രിക എനിക്കൊരു ടാടാ നല്‍കി ചിരിച്ചുകൊണ്ട് പറഞ്ഞു.

വീണ്ടും കാണാം സുകുമാരേട്ടാ…

വഴി നീളെ ഇരുട്ടായിരുന്നു, കാല്‍വെച്ച സ്ഥലങ്ങളൊക്കെ ചേരിലാണ്ടു. ഞങ്ങളുടെ അവിടെയും കറന്റില്ലായിരുന്നു. ഇരുട്ടുള്ള മുറിയില്‍ ലക്ഷ്മണന്‍ സാര്‍ ഉറങ്ങുകയായിരുന്നു. കാലൊക്കെ കഴുകി ഞാന്‍ കയറുന്നത് കണ്ട് ക്ഷീണിച്ച സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, തീരെ മേല മോനെ. രണ്ടുമൂന്നു വട്ടം ഛര്‍ദ്ദിച്ചു. ഒന്നു സൂക്ഷിച്ചുവരണേ, വൃത്തിയാക്കാന്‍ പറ്റിയില്ല, വയ്യാഞ്ഞിട്ടാ.

മൂക്കുംപൊത്തിപിടിച്ചു വെള്ളമൊഴിച്ച് തറയൊക്കെ ചൂലുകൊണ്ട് വൃത്തിയാക്കി തിരികെ വെറും വയിറ്റില്‍ ഉറങ്ങാന്‍ ചെന്നപ്പോള്‍ മണി പത്തായി. പുറത്തു വീണ്ടും മഴപെയ്യാന്‍ തുടങ്ങി. ലക്ഷ്മണന്‍ സാര്‍ ചോദിച്ചു, എന്താ സുകുമാരാ, നിനക്ക് ഉറക്കം വരുന്നില്ലേ.

നിന്റെ ജന്മദിനം പ്രമാണിച്ച് ഒരു പാക്കെറ്റ് സിഗററ്റ് വാങ്ങിയിട്ടുണ്ട്. പാവപ്പെട്ടവനല്ലേ, ഞാന്‍ വേറെയെന്ത് തരാനാ.

താഴ്ന്ന സ്വരത്തില്‍ ഉന്മേഷമൊന്നുമില്ലാതെ പറഞ്ഞു, ഞാന്‍ ഒരു രഹസ്യം പറയട്ടേ?
എന്നോട് രഹസ്യമോ? – അദ്ദേഹത്തിന് അതിശയമായി.
അതേ, അങ്ങ് ഇന്ന് വല്യ ഒരു രാജകൊട്ടാരത്തിലെ അറിയപ്പെടുന്നൊരു രാജാവല്ലേ.

സഹതാപം നിഴലിച്ച കണ്ണുകള്‍ മറച്ചുപിടിച്ചുകൊണ്ട് അദ്ദേഹം കട്ടിലില്‍ കുത്തിയിരുന്നു കഥ കേള്‍ക്കാനായി. പുറത്തു മഴ തകര്‍ത്തുപെയ്യുന്നുണ്ടായിരുന്നു. ഇന്ന് ലോകം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിപോകുമെന്ന് തോന്നി. അങ്ങനെ, സുകുമാരന്‍ കഥ പറയാന്‍ തുടങ്ങി പുറത്ത് കണ്ണുനീരെന്നോണം പെയ്തുകൊണ്ടിരിക്കുന്ന മഴയെ പശ്ചത്തലമാക്കി നിര്‍വികാരനായി.