നാലര മണിക്ക് കയറുന്നൊരു
കോണിപ്പടി വീണു…
രാത്രി കൊഴിഞ്ഞ ഇലകളൊക്കെയും
അമ്മ കിടന്ന പോലെ കിടന്നു …
പുലരുവോളം ഓരിയിടാറുള്ള
കുറുക്കനിന്ന് മാത്രം
ഒച്ചയില്ലാതെയാണ് ചുമച്ചത്…
നെഞ്ച് പുകഞ്ഞു
അച്ചൻ വീട് വീട്ടിറങ്ങി.
മീൻ കത്തി
അനങ്ങാതെ കിടന്നോണ്ടാവും
പൂച്ചയും കുടുംബവും.
പലായനം തന്നെ തീരുമാനിച്ചത് .
ഉതിർന്ന പൂക്കളെ തേടി
കുട്ടികളാരും ഇതു വഴി വന്നില്ലിന്ന് …
വന്നവരൊക്കെയും
വിധിയെ തന്നെ പഴിച്ചോണ്ടിരുന്നു ..
ഇനി,
എനിക്കാരെന്ന പരിഭവനോട്ടവും ..
അന്ന് മാത്രമാണ് ഞാൻ
ഒരുപാട് കരഞ്ഞത്…
ആദ്യത്തെ കരച്ചിലിലേതു പോലെ
അമ്മ ചിരിച്ചേയില്ല,
എന്ത് പറ്റിയെന്ന് ചോദിച്ചില്ല…
പോട്ടെടാ.. എന്ന് ആശ്വസിപ്പിച്ചില്ല..
ആളില്ലാത്ത വീട്ടിലെ
ചുമര് താങ്ങിപ്പിടിച്ചോണ്ട്
കർപ്പൂരം ചേർത്ത് ആദ്യമായി
ഞാൻ അമ്മയെപ്പറ്റിയെഴുതി…
“ഇവിടാരുമില്ല “
എന്നെ സ്നേഹിച്ചോണ്ടിരിക്കുന്ന
ഹൃദയം നിലച്ചിരിക്കുന്നു..
ചുണ്ടുകൾ കൊണ്ട് കെട്ടിപ്പിടിച്ചു
അമ്മ മണമുള്ള
മുറി പൂട്ടി ഞാനിറങ്ങി..
ഇനി ഏത് പാതിരാവിലും ചുറ്റിത്തിരിയാം ..
കാണുന്ന തിണ്ണകളിലൊക്കെയും എനിക്കുറങ്ങാം…
മഴ നനയാം… നാല് നേരം തിന്നണമെന്നില്ല..
എങ്കിലും,
യാത്ര പറയുന്നില്ലമ്മേ…
കാത്തിരിക്കാൻ
ഇവിടെയിപ്പോഴും ഒരാളുണ്ടെന്ന്
ഞാൻ വിശ്വസിച്ചോട്ടേ..