അമ്മയെ എഴുതുമ്പോൾ

അമ്മയെ വായിക്കുവാൻ
ഹൃദയം തുറന്നപ്പോൾ
കണ്ടതൊരാമ്പൽപ്പൂ-
വിന്നിതളും, കദംബവും

ഒരു കൈ തലോടുന്നു-
മറുകൈയനുഗ്രഹം
തരാനെന്നപോൽ മെല്ലെ-
ശിരസ്സിൽ സ്പർശിക്കുന്നു…

ചന്ദനഗന്ധം തണൽപ്പച്ചകൾ-
കർപ്പൂരത്തിൻ മംഗളാരതി-
കണ്ട് പോകുന്ന സായന്തനം!

നനഞ്ഞ കൺപീലിയിൽ-
തിളങ്ങും നക്ഷത്രങ്ങൾ,
ചുവന്ന കവിൾത്തട്ടിൽ
ചെമ്പകപ്പൂക്കാലങ്ങൾ..

കണ്ണടച്ചുറങ്ങുമ്പോൾ-
സ്വനഗ്രാഹിയിൽ വന്ന്-
മെല്ലവേയൂഞ്ഞാലാട്ടും-
താരാട്ടു പാട്ടിന്നീണം..

സ്വപ്നങ്ങളുറക്കത്തിൽ-
മാലാഖക്കൂട്ടങ്ങളായ്-
തൊട്ടുപോകുമ്പോൾ-
മന്ദഹസിക്കും കാലം;

പിന്നെ തൊട്ടിലിൽ-
തലോടലിൽ തണുക്കും
ആകാശത്തൊരൊറ്റനക്ഷത്രം പോലെ-
തിളങ്ങിക്കിടക്കുമ്പോൾ;

വിടർന്ന കണ്ണാലൊരു-
പെൺകുട്ടിയമ്മയ്ക്കുള്ളിൽ
കുറുമ്പും കൂട്ടി കാല്-
കുടഞ്ഞ് ചിരിക്കുന്നു

അമ്മയെ വരയ്ക്കുവാൻ
ഹൃദയം തുറന്നപ്പോൾ
കണ്ണുകൾക്കുള്ളിൽ
മഹാസമുദ്രം തുടിച്ചുവോ?

തിരകൾക്കുള്ളിൽ നിന്നു-
മൊഴുക്കിൽപ്പെടുമ്പോഴും
തിമിംഗലങ്ങൾ ഭയം
കുടഞ്ഞങ്ങിടുമ്പോഴും

വെളിച്ചം പോലെ ജലജാലകം
തുറന്നൊരു കരത്താൽ
ദൈവം കൂട്ടിനിരിക്കാൻ
വരുമ്പോലെ

മുനമ്പിൽ നിന്നങ്ങൊരാൾ
വന്നുവോ തിളങ്ങുന്ന-
മനസ്സിൽ നിന്നും ദീപം
തെളിച്ചങ്ങിരുന്നുവോ?

അമ്മയെ വായിക്കുവാൻ
തുറന്നൊരോലയ്ക്കുള്ളിൽ
മണ്ണിൻ്റെ ഗന്ധം പൂണ്ട-
ഋതുക്കൾ സ്പന്ദിച്ചുവോ?

വെയിലും, വസന്തവും,
വർഷവും, ഇലപൊഴി-
ഞ്ഞുലയും കാലങ്ങളും
ശൈത്യവും വരുമ്പോലെ

അമ്മയിൽ തുടങ്ങുന്നു-
ലിപികൾ, ഭൂയാത്രകൾ
അമ്മയിൽ തുടങ്ങുന്നു
ദിക്കുകൾ, ഭൂഖണ്ഡങ്ങൾ

അമ്മയിൽ തുടങ്ങുന്നു
പ്രപഞ്ചം പ്രഭാതങ്ങൾ
അമ്മയിൽ തിളങ്ങുന്നു
കനലിൻ മൂവന്തികൾ

മയങ്ങും നേരം വിണ്ണിൻ-
ജാലകം കിനാവിൻ്റെ-
നനുത്ത ശരറാന്തൽ തിരി-
യിൽ തിളങ്ങുമ്പോൾ,

അമ്മയിൽ തന്നെയെല്ലാം-
തുടക്കം കൈരേഖയിൽ
എന്നുമേ പതിഞ്ഞൊരു-
മായാത്ത മുദ്രാങ്കിതം!

അമ്മയെ സ്പർശിക്കുവാൻ-
ഹൃദയം തൊടുന്നേരം
പിന്നെയും ഗ്രാമത്തിൻ്റെ-
നനുത്ത പാൽപ്പുഞ്ചിരി..

യാത്രയിലാകാശത്തിൻ-
അനന്തമഹാധാര!
പാത്രങ്ങളടുക്കളച്ചോട്ടിലെ-
ചാരക്കനൽ

നോവിൻ്റെ നീറ്റൽത്തുമ്പിൽ
തണുത്ത കരസ്പർശം
വേവിൻ്റെ അടുപ്പിലായ്
പുകഞ്ഞ പുരാതനർ!

ഞാറ്റുവേലകൾ വന്ന്-
പോകവേ ചങ്ങാടത്തിലാ-
റ്റുവഞ്ചിയും തുഴഞ്ഞോടു-
ന്നൊരമ്മക്കടൽ

അമ്മയെ പകർത്താനായ്
ഹൃദയം തുറന്നപ്പോൾ
അമ്മയുണ്ടതിൽ വീണ്ടും
ആകാശപുഷ്പം പോലെ

ശ്വാസമായ് നിശ്വാസമായ്
ചെറുലോഹിനികളിൽ
നീർച്ചോല പോലെയമ്മ-
നിറഞ്ഞ് സ്പന്ദിക്കുന്നു

ഒഴുക്കിൽ, ഓർമ്മത്തുമ്പിൽ-
പ്രാണമന്ത്രത്തിൽ അമ്മ-
നിറയ്ക്കും സ്നേഹാക്ഷരം
അത് തന്നെയാണത്

മണ്ണിൻ്റെ പ്രാണാക്ഷരം
തൊടുന്ന വേരിൽ നിന്ന്
മൗനത്തെയുണർത്തുന്ന
ഗൂഢമാം ഭാഷക്കുള്ളിൽ

അമ്മയുണ്ടെഴുതുന്നു
ഇലകൾ ചിരിക്കും പോൽ
അമ്മയുണ്ടെഴുതുന്നു
മഴകൾ പൊഴിയും പോൽ

അമ്മയെ എഴുതാനായ്
വാക്കിനെ തൊടുംനേരം
അഗ്നിയെ തൊടും പോലെ
തിളക്കം, പൊള്ളൽ, നീറ്റൽ..

മിന്നലിന്നടർ, മഴത്തുള്ളികൾ
ശൂന്യാകാശമൗനവും
മൂവന്തിയിൽ തിരിഞ്ഞ
കണ്ണീർമുത്തും..

സ്കൂളിൻ്റെ വരാന്തയിൽ
ഓടക്കുഴൽ വായിച്ച്
പാണനെ കാണാൻ വരും
കാറ്റിനെ കുടഞ്ഞിട്ട്

പന്തങ്ങൾ കൊളുത്തി-
ക്കൊണ്ടൊച്ചയില്ലാതെ
ജലകന്യകൾ വരും മഴ-
ക്കാലമേഘങ്ങൾക്കുള്ളിൽ

കരച്ചിൽ പൊതിഞ്ഞു-
വച്ചുയിരിൽ നിന്നും
ഒരു ചിരിപ്പൂവിനെ തന്ന്
അമ്മ നീങ്ങുന്നു മുന്നിൽ.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.