അമ്മ

മഴത്തുള്ളികൾ വീണ ചില്ലു ഗ്ലാസ്സിലെന്ന പോലെ,
അമ്മയുടെ അവ്യക്തമുഖം
എന്റെ കുഞ്ഞിളം കണ്ണുകൾ ഒപ്പിയെടുത്തു.
ജലഗോളങ്ങൾക്കിടയിലൂടെ,
അമ്മയുടെ കണ്ണുകൾ എന്നെയും.

അന്നു മുതലിന്നുവരെ ഞങ്ങൾ
മിഴികളന്യോന്യമൂന്നി നിൽക്കുന്നു.

പനിച്ചൂടുകളിലെൻ മാറിലേക്കാ-
കൈവിരലുകളെത്തി വന്ന്,
എന്റെ നീരാവികളൊപ്പി മാറ്റി.

നാക്കിലെ രസമുകുളങ്ങളിൽ മധുരത്തരികളിട്ടു.
കോമാളി കാട്ടി നെയ്യ് പപ്പടചോറു വായിലാക്കി.
വർണ്ണശലഭങ്ങളെ വിണ്ണിൽ നിന്ന്
മണ്ണിലേക്കുണ്ണുവാനായ് ക്ഷണിച്ചു.

ജീവിതപർവ്വത്തിൽ,
ചില നാൽക്കവലകളിൽ
ദിശതെറ്റിയ കുട്ടിയെപ്പോലെ പകച്ച നിമിഷം…..
നീയാണെന്റെ ലോകമെന്ന് വിതുമ്പി,
മാറത്തെ ചൂടുപകർന്നു,….
ആ നെഞ്ചിടിപ്പിൻ താളമെനിക്കാദ്യ സംഗീതമായി..

വസന്ത ഋതുക്കളെ മാത്രം കൊതിച്ച്,
ഇലകൊഴിച്ചങ്ങനെ
ഒറ്റത്തടിയായി- അമ്മ..

വാക് ശരങ്ങൾക്കുള്ള മറുപടികൾ
നാക്കിൽ വായ്പ്പൂട്ടണിഞ്ഞുവച്ചു.
അച്ഛന്റെ ഓരോ പ്രാണവേദനയിലും
നിലയ്ക്കാത്ത ഹൃദയ ചലനമായ്
ഒടുങ്ങാത്ത ചുടു ശ്വാസങ്ങളായ്
കൈകോർത്തു നിന്നു.
നമ്മുടെ കുട്ടിയെന്നെന്റെ കൈ പൊന്തിച്ച് കാട്ടി
അവർ കണ്ണുകൾ കോർത്തിരുന്നു….

ആവിപ്പാത്രങ്ങൾക്ക് നടുവിൽ
പാതിവെന്ത് പതം വന്ന ശരീരം
ഒരു പട്ടുമെത്തയായ് രാത്രിയിലെന്നെ പൊതിഞ്ഞിരുന്നു….

കരിപുരണ്ട വിരലുകളിൽ നിന്നുയർന്ന കടുംതുടികൾ
അടുക്കളപ്പാത്രങ്ങളുടെ പടഹധ്വനികൾക്കു മീതെ
ഉയർന്നു പൊങ്ങുമ്പോൾ……

നെഞ്ചിലെ നെരിപ്പോടിൽ
അകിലും ചന്ദനവുമെരിച്ച്
എന്റെ അകത്തളങ്ങളെ
സൗഗന്ധികങ്ങളാക്കി…
കർമ്മയോഗിയായ്എന്നിൽ
നിറയുന്നു, അമ്മ.!

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.