നിഴൽ വീണ
അപരിചിതമായ പുറമ്പോക്കിൽ
കാറ്റ് കുടഞ്ഞു വിരിച്ചു
മൺതരിപ്പായ.
ഴ എന്നും
ള എന്നും
ഋ എന്നുമെഴുതി
ചുരുണ്ടു കിടന്നു
മുഴുമിക്കാത്ത ഭാഷയിൽ
ദ്രവീഡിയർ.
വിത്ത് മുളച്ച മണ്ണിൽ
ആരോ വരച്ച
വരണ്ട അടിവയറ്.
ചുഴിയിലൂടെ
പുറത്തേക്ക് തെറിച്ച
കാറ്റിന്റെ മുരൾച്ചയിൽ
പൊടുന്നനെ
അനാഥമായ ടെന്റ്.
ഗെയിറ്റിനോരത്ത്
നാണയത്തുട്ടുകൾ പാട്ടുപാടി
‘ധീരേ ധീരേ സേ മെരി
സിന്ദഗീ മെം ആനാ..
ധീരേ ധീരേ സെ ദില്‍ കോ ചുരാനാ…’
പാട്ടിഴഞ്ഞ
പുറമ്പോക്കിൽ
വിശന്ന മരം ഉണങ്ങി.
മരം വിട്ട് നൂണുകയറിയ കാറ്റ്
വിഴുങ്ങാനാഞ്ഞു
എല്ലിനിടയിലെ ഒഴിഞ്ഞ പൊത്ത്.
ആർത്ത മഴ
ടെന്റിനുള്ളിൽ
ചാഞ്ഞു പെയ്തു.
കാറ്റ് തിരിച്ചിറങ്ങി
ആഞ്ഞുവീശിക്കടന്നുപോയ
പുറമ്പോക്കിൽ
വാവലുകളുടെ ചുഴലിക്കൊപ്പം
ഉണക്കയിലകൾ ചിക്കിയിട്ട
ചാണകം മെഴുകിയ മുറത്തിൽ
മംഗലപ്പാലയുടെ നിഴൽക്കൂത്ത്.
അയലിൽ
പിഞ്ഞിയ തുണികൾ
വിരിച്ചുണക്കി
ഉപ്പുചൂരുള്ള ചുടുകാറ്റ്.
ഒറ്റയ്ക്കായ
ബക്കറ്റിലൊരു പുഴമീൻ
സോപ്പുപതയ്ക്കുള്ളിൽ നീറി.
തിരിഞ്ഞു നോക്കി,
അലക്കുകാരിയുടെ കണ്ണിലിരമ്പൽ
ജലസമുദ്രം.
അടിപ്പാവാടയ്ക്കുള്ളിൽ
കാറ്റ് ഒളിഞ്ഞിരുന്ന്
ഞൊറികളെണ്ണിത്തുടങ്ങി.
വേഗം ഉണങ്ങിക്കിട്ടുവാൻ
അലക്കുകാരിയുടെ പ്രാർത്ഥന.
കുടഞ്ഞു കുടഞ്ഞ് കാറ്റ്
നടുവ് നിവർത്തുമ്പോൾ
വെള്ളത്തുള്ളികൾ ചിതറുമ്പോലെ
പൊടിപാറി വീഴുന്നി-
ലകളുടെ കണ്ണിൽ.
പിന്നെയും അയല് പൊട്ടി
മണ്ണിലേക്ക് വീഴും പുടവകൾ.
മിഴിചിമ്മിത്തുറക്കവേ
അലക്കുകാരിക്ക് മുന്നിൽ
‘ഋ’ പണിത
മെലിഞ്ഞ ‘ട്രോജൻ കഴുത’യുടെ നിഴൽ
കീറിയ വെയിൽപ്പുടവകളുടെ
ഭാണ്ഡവുമേറ്റി പോകുന്നു.
അലക്കിപ്പിഴിഞ്ഞ്
കഴുതപ്പുറത്തേറി
നടന്നു ക്ഷീണിച്ച വ്യഥകൾ
പഞ്ചായത്ത് പൈപ്പിൽ നിന്ന്
കാലും മുഖവും കഴുകി
ഒരു കവിൾ മോന്തി
മഞ്ഞിച്ച ഇരുമ്പിൻ ചുവയെ.
പതംപറഞ്ഞ്
കരുവാളിച്ച കണ്ണ് മിഴിഞ്ഞു.
അശോകപ്പൂക്കൾ
ഇലകൾക്കിടയിൽ പതുങ്ങി
പാങ്ങനെപ്പാങ്ങനെ തലയാട്ടി
തെയ്യങ്ങളുടെ കൊയ്യോലപോലെ.
അലക്കുകാരിക്ക് ഓർമയിൽ
ചീറിവന്ന അമ്പ്
ചോന്ന പട്ടിന്റെ നേർച്ച.
കണ്ണ്
പുളിക്കും ബിലിംബിക്ക.
അലക്കുകാരിയുടെ നെഞ്ചിലേക്ക്
പാഞ്ഞ് വന്നു കിതച്ചു
അണച്ചണച്ചൊരു കടൽ
കാലിൽ തിരപോലെയിളകി
പടിഞ്ഞാറേക്ക് നീട്ടി മുറുക്കിത്തുപ്പി.
സഞ്ചിയിൽ
ചുവന്ന തക്കാളിപ്പഴം
വെന്ത് പൊട്ടി
അസ്തമയം പടർന്നു
കെട്ട പാതിയുടെ വിറകടുപ്പിൽ
അലക്കുകാരി കരുവാളിച്ചു.
അശോകപ്പൂക്കൾ വാടും മുൻപേ
കഴുത യാത്ര തുടർന്നു
ഭാണ്ഡാരത്തിലെ മുഴുത്ത സൂര്യൻ
നിലത്തുടഞ്ഞു.
ടെന്റിൽ കാറ്റ് വന്നു മുട്ടി
പണികേറി വരുന്ന അലക്കുകാരിയുടെ
വിരലുകൾ പോലവയറ്റു.
അരകല്ലിൽ മടമ്പുരച്ച്
ചെളി നികത്തി
അടിപ്പാവാടയുണക്കുന്നു.
തിളച്ച വെള്ളത്തിൽ
അരിവേവാനിട്ട്
കണക്കുകൂട്ടുമ്പോൾ
കണ്ണിലെ കരിഞ്ഞ സൂര്യൻ
അരിക്കലത്തിലേക്കെടുത്തു ചാടി
ചോറന്ന് വല്ലാതെ വെന്തു ചീഞ്ഞു.
പിന്നെയും പൊടിക്കാറ്റടിച്ചു
മണ്ണിനെയും വലിച്ചിഴച്ച്
കൊണ്ടുപോകും വഴി കാറ്റ്
പനമ്പട്ടകൾ കുലച്ചിട്ടു.
അയല് പൊട്ടിച്ചു
കുപ്പായങ്ങൾ മുറ്റത്ത് വലിച്ചിട്ടു.
പിറ്റേന്ന് മുതൽ
അലക്കുകാരിയുടെ കുട്ടികൾക്ക്
എല്ലാം തോന്നൽ മാത്രമായി.
കുറ്റിച്ചൂലിന്റെ ഒച്ച പോലെ
ഒരു കഴുതക്കരച്ചിൽ കേൾക്കും പോലെ
ടെന്റിലാരോ മുട്ടും പോലെ
ചെരിപ്പുരച്ചൊരാൾ നടക്കും പോലെ
മടങ്ങിപ്പോയ കാറ്റ് തിരിച്ചു വന്ന്
തൊട്ടതു പോലെ
അയലിൽ തിരയും പോലെ
ഉടഞ്ഞു വീണ സൂര്യൻ
കാൽവെള്ള പൊള്ളിച്ച പോലെ
ഇനിയുമാറാത്ത അടിപ്പാവാട
ആരോ കുടഞ്ഞെടുക്കും പോലെ.
എല്ലാം ഉയിർത്തെഴുന്നേറ്റപ്പോൾ
തിളച്ചവെള്ളത്തിൽ അരിവേവാനിട്ട്
‘ഴ’ യുടെയും ‘ള’ യുടെയും ‘ഋ’ ടെയും
അമ്മയും അലക്കുകാരിയും
ഉന്തിയ വയറും ചുഴിയുമുള്ള
മുഷിഞ്ഞ സ്ത്രീ
കുമാർ സാനുവില്ലാതെ
അനുരാധ് പഡ്വാളിന്റെ വരികൾ മൂളിക്കൊണ്ട്
ഒരേയൊരു
അടിപ്പാവാടയുണക്കാതെ
എവിടെപ്പോയിരിക്കുന്നു