അപ്പന്റെ
പുറം ദേഹം വെയിലും മഴയും നനഞ്ഞ്
പാറ പോലെ ഉറച്ചുപോയിരുന്നു….
തൊലിപ്പുറത്തിനെന്നും
വയൽച്ചെളി നിറമായിരുന്നു ….
അപ്പന്റെ പുറം ദേഹം
സൂര്യതാപത്താൽ തിളച്ചുവിയർത്തു
അത് തണുത്ത് ഉപ്പുപരലുകൾ പൊന്തി വന്നു.
അപ്പന്റെ പണിവസ്ത്രത്തിന്റെ
ചെളിച്ചൂര് വീടാകെ നിറഞ്ഞു നിന്നു
അധ്വാനത്തിന്റെ പകൽക്കിതപ്പ്
അപ്പൻ
ഇരുട്ടി വെളുക്കുവോളം അടക്കിപ്പിടിച്ചു.
ആകാശത്ത്
സന്ധ്യാ നക്ഷത്രങ്ങൾ നിറയുവോളം
ക്ഷീണം മറന്ന് അപ്പൻ വയലിൽ പണിതു.
പണിയായുധങ്ങളെ അപ്പൻ ബഹുമാനിച്ചു.
അവ എല്ലാ ദിവസവും
കഴുകി വൃത്തിയാക്കി സൂക്ഷിച്ചു.
മൂങ്ങയുടെ രാക്കുറുകൽ
അപ്പന് നാഴികമണി….
കടലും
ആകാശവും
ഭൂമിയും
ദൈവം ദുഷ്ടന്മാരെ ഏല്പിച്ചത്
അപ്പൻ അറിഞ്ഞതേയില്ല….
അപ്പൻ തന്റെ ശവക്കുഴി
തന്നത്താൻ തോണ്ടി
അത് മറ്റാരും തോണ്ടേണ്ടതില്ലെന്ന് വാശി പിടിച്ചു….
മരണ ദിനം അടുക്കുന്നതറിഞ്ഞ്
ദൈവം
അപ്പനെ പരീക്ഷിക്കാനെത്തി.
ശവക്കുഴിയിൽ
ആറടി മണ്ണിന്റെ അവസാന അടരും നീങ്ങും വരെ
അപ്പനു വേണ്ടി ദൈവം കാത്തു നിന്നു.
ഇളം വെയിലിൽ
ആറ്റിയെടുത്ത പുതുവിത്ത്
ഉമിക്കലത്തിൽസ്വരൂപിക്കും വരെ,
മടവീണവയൽ വരമ്പ്
ചെളി കോരി നിറയ്ക്കും വരെ,
കൈകാൽ കുഴയും വരെ,
പണിവസ്ത്രം തന്നെയുടുക്കാൻ
ശേഷി നഷ്ടപ്പെടുംവരെ,
തലച്ചുമടിന്
ബലം ക്ഷയിക്കും വരെ,
പണിയായുധങ്ങൾ
തോളിൽ നിന്നും വഴുതി വീഴും വരെ,
അവസാന ഞരക്കം
മലവെള്ളപാച്ചിൽ പോലെ
ഒഴുകിയെത്തും വരെ,
ഒരു ഗാഢനിദ്ര വന്ന്
ശരീരത്തെ ഒന്നാകെ പൊതിയും വരെ,
സൂര്യൻ
ഹൃദയം പിളർന്ന്
ആത്മാവിൽ അസ്തമിക്കുന്നതു വരെ,
നാവിൽ നിന്നും
ഉപ്പിന്റെ രുചി അറ്റുപോകുന്നതുവരെ,
അതിവേദനയാൽ
ഉറങ്ങി വിശ്രാന്തി പ്രാപിക്കും വരെ.
ദൈവം
അപ്പനെ പരീക്ഷിക്കാൻ കാത്തു നിന്നു.
അപ്പൻ ഒരേഒരു വരം മാത്രമെ
ദൈവത്തോട് യാചിച്ചുള്ളു:
“ദൈവമേ
എന്നും ഈ മണ്ണിന് നനവുണ്ടാവണമേ”…
കുറച്ചു വാക്കുകൾ മാത്രമെ പറഞ്ഞിട്ടുള്ളൂ ;
എന്നിട്ടും അപ്പന്റെ നാവ് കുഴഞ്ഞു പോയി …
ഉറക്കെ ശകാരിച്ചിട്ടില്ല; .
എന്നിട്ടും അപ്പന്റെ ചുണ്ടുകൾ കോടിപ്പോയി….
മഴയ്ക്കും വെയിലിനും വേണ്ടി മാത്രമെ പ്രാർഥിച്ചിട്ടുള്ളു;
എന്നിട്ടും അനിഷ്ടങ്ങൾ വന്നുപെട്ടു.
ജീവകാലം ചുരുങ്ങി.
അപ്പന്റെ കിടപ്പു കണ്ടപ്പോൾ,
അവസാനം മുഖത്തു തെളിഞ്ഞ പ്രകാശം കണ്ടപ്പോൾ,
ഞങ്ങളാരും നിലവിളിച്ചില്ല
നിറകണ്ണുകളിൽ
ആഴക്കടലിൽ ആണ്ടു പോയ വിത്തു പോലെ അപ്പൻ…
ദൈവമേ
അപ്പൻ അധ്വാനിച്ച്
നട്ടുവളർത്തി
കൊയ്തെടുത്ത ധാന്യങ്ങൾ
അറപ്പുള്ള ഭക്ഷണമെന്ന്
സ്വർഗത്തിൽ ആരോടും അനിഷ്ടം പറയരുതേ ….
ദൈവമേ
നനവുള്ള മണ്ണിൽ
മുളയുള്ള വിത്തായ്
അപ്പന്
പുനർജന്മമരുളേണമേ.