തീയുണ്ടകൾ തറഞ്ഞോരുയിരിൻ
നോവൂർന്ന് നനഞ്ഞു ചോന്ന
കാടകങ്ങൾ….
പലായനത്തിൻ്റെ
ഒന്നാം പാഠത്തിൽ
പകൽത്തിളപ്പൊഴുകിപ്പരന്ന
മണൽവ്യഥകൾ താണ്ടി
ഇരുൾക്കനങ്ങൾ ചുമന്ന്
അപരിചിതത്വത്തിൻ്റെ
മല കയറിയിറങ്ങി.
പിന്നിൽ നിന്നുയർന്നു പൊന്തിയ
തേങ്ങലുകളിൽ നിന്ന്
ശബ്ദം അറുത്തെടുത്തും
സ്നേഹവും രക്തവും തുടച്ചെടുത്തും
വെടിയുണ്ടകൾ കേളികൊട്ടു നടത്തി.
ദാഹജലത്തിനായി ഭൂമിഗർഭം വരെ
ചോരവാർന്നു വഴിത്താര വെട്ടി.
വിദൂരതയിൽ നിന്ന് വിദൂരതയിലേക്കുള്ള
വിലാപമായി മാറിയ
കാനനനൊമ്പരം
മരണവഴിയിൽ അലഞ്ഞു തീരുന്നു.
ഒരു രാവെരിഞ്ഞൊടുങ്ങുന്നു…
പടുത്തുയർത്തിയ സാമ്രാജ്യം നഷ്ടപ്പെട്ട്,
സിംഹാസനത്തിൽ നിന്ന്
പടിയടയ്ക്കപ്പെട്ട് ,
മനുഷ്യോന്മാദം തിണർത്തുനിൽക്കുന്ന
ചതിവഴികളിൽ പിടഞ്ഞ്
പച്ചപ്പിൻ്റെ സമൃദ്ധിയിൽ നിന്ന്
വേദനയുടെ പടുകുഴിയിലേക്ക് കാടുകടത്തപ്പെട്ടവൻ…
ഓർമ്മകളടർന്ന് തേങ്ങലായി.
വസന്തം നുകർന്ന് കാടു
പുഞ്ചിരിച്ചൊരുനാളിൽ
കൂട്ടരൊത്തു കാറ്റിന്നോരത്തൂടെ
കാടിന്നഴകളവുകൾ നുണഞ്ഞ്
യാത്രയായി…
കാത്തു സൂക്ഷിക്കാൻ
ഇടംവലം പിതാമഹൻമാർ,
കാറ്റഴിച്ചിട്ട പൂക്കളെ പുതച്ച വഴികൾ,
തണൽ തരുന്ന തമ്പുരാക്കൻമാരെ
തുരന്നെത്തുന്ന സൂര്യോത്സവങ്ങൾ,
തണുപ്പൊളിച്ചിരിക്കുന്ന പനിനീർച്ചോലകൾ,
കാഴ്ചകളോരോന്നും കനകവിസ്മയങ്ങളായി……
പെട്ടെന്ന് കാലം ഇടിവെട്ടേറ്റു തകർന്നു,
മിന്നലേറ്റ് കത്തിപ്പിടിച്ചു….
പകലുത്സവത്തിൻ്റെ
ചിരിത്തിട്ടയിൽ നിന്ന്
മരണം ഒളിച്ചിരിക്കുന്ന രാച്ചുഴികളിലേക്ക്,
ഇരുട്ടു തികട്ടിനിൽക്കുന്ന
ആരണ്യകത്തിൻ്റെ
നോവാഴങ്ങളിലേക്ക് ,
ജീവിതം തെന്നി…….
മരണത്തിൽ തറഞ്ഞു
പിടഞ്ഞ മാതൃസ്നേഹം
അനന്തമായി വിലപിക്കുന്നു….
ചുറ്റും വാർന്നുതിങ്ങുന്ന തേങ്ങൽ
ഊറിക്കുടിച്ചുലയുന്ന രണ്ടു വയസ്സുകാരൻ്റെ
ഭയവിഹ്വലതകളിലേക്ക്,
മരണം അരിച്ചിറങ്ങുമ്പോഴും
ഇടനെഞ്ചു കടഞ്ഞു സ്നേഹം ചുരത്തുന്നവൾ….
എന്നമ്മ…….
ചോരയിൽ കുഴഞ്ഞ പാലിന്
മരണത്തിൻ്റെ മണമായിരുന്നു….
* * *
ഇരുകാലികൾ എറിഞ്ഞു പിടിപ്പിച്ച തീയുണ്ടകൾ
ചങ്കിൽ കത്തിപ്പിടിക്കുന്നു.
ഉയിരൊടുങ്ങുന്നതിൻ മുൻപേ
അമ്മയുറങ്ങുന്ന മണ്ണിൽ
സ്മരണാഞ്ജലി അർച്ചിക്കാൻ
എന്നെ ഞാൻ ബലി തരുന്നു.