നിന്റെ ആത്മവിശുദ്ധിയിലേയ്ക്കൊരു
അവിശുദ്ധ പുഷ്പം നീട്ടിയവനാണ് ഞാൻ.
ചേതനയറ്റ വംശവൃക്ഷങ്ങൾ
വേരുപാകിയ നിന്റെ ഉൾത്തടങ്ങൾ
ചങ്ങലയ്ക്കിട്ട നിഷേധങ്ങളുടെ ഊട്ടുപുര.
തീ മൂടിയ കനൽവേഴ്ചകളിൽ
ചർമ്മമറ്റ
കുന്തങ്ങൾ നീറിക്കത്തുന്നത്
ബലിനോവിന്റെ
കർമസാക്ഷിയെയോർത്താണ്.
ചാവേറുകളുടെ ചക്രവാളങ്ങളിൽ
ഇരുട്ടിന്റെ പക്ഷികൂടുവെയ്ക്കുന്നത്
അടിമവെറിയുടെ കൊതിപൂണ്ടാണ്.
വഴി തെറ്റിവന്ന ഒട്ടകങ്ങളെ മേച്ച
ഇടയൻമാർ കാത്തിരിയ്ക്കുന്നത്,
ഒലിവുമരങ്ങളുടെ തടങ്ങളിൽ
മണൽകൂനയ്ക്കുള്ളിൽ
ദൈവമൊളിപ്പിച്ച അന്ധതയ്ക്കുള്ള
മൃതസഞ്ജീവനി തേടിയാണ്.
വിശപ്പളക്കാനായി
അലങ്കാര മത്സ്യങ്ങളെ
പുഴയിലേയ്ക്ക് തുറന്നുവിട്ട
കുഞ്ഞിന്റെ കൗതുകപ്രഭാതങ്ങളിലേക്ക്
ഞാനും കണ്ണുചിമ്മാറുണ്ട്.
ദൂരെയൊരു യുദ്ധവിമാനം
ഞാനൊളിച്ച ചിതൽപ്പുറ്റുകളുടെ
ഭൂപടം തേടി റഡാറുകളിൽ ഉറ്റുനോക്കുന്നു.
പശുവും,ഒട്ടകവും,പന്നിയും,
മനുഷ്യനും വിഴുപ്പിന്റെ
സന്തതികളായി മാറുന്നത്
ദൈവം മാത്രം അറിഞ്ഞില്ല.