അപരിമിത്രങ്ങൾ

ഉന്മാദിയായി ഉറങ്ങുന്നു / ഉണരുന്നു
വിഷാദിയായി ഉണരുന്നു / ഉറങ്ങുന്നു
അരാജകവാദികളായ സുഹൃത്തുക്കൾ,
ആത്മാവിൽ ആയുർരേഖയിൽ
മുറിവുണങ്ങാത്ത ബലിമൃഗങ്ങൾ

അവർക്ക്‌
ഉറങ്ങുന്നനേരം രാത്രി
ഉണരുന്നനേരം പുലർച്ച
ഉടൽ തന്നെ വസ്ത്രം

ഇരതേടുന്നതിനും
ഇണചേരുന്നതിനും
നിയമങ്ങളില്ലാത്ത
അതിരുകളില്ലാത്ത രാജ്യം

ഭയത്തെപ്പോലും ഭയമില്ലാതെ
സൗഹൃദം നുരയുന്ന
ബൊഹിമിയൻ വൈകുന്നേരങ്ങളിലേക്ക്
ഇന്നലെകളിലേക്ക് ക്ഷണിക്കുന്നു

വരൂ നമുക്ക് പോകാം
കൈകൾ പിടിക്കാം
ചേർന്ന് നിൽക്കാം നടക്കാം

മുറിച്ചൊരാ-
മരക്കൊമ്പിൻ കൂട്ടിലെ
കിളിപ്പാട്ട് കേൾക്കാം
ആകാശ ശിഖരത്തിൽ
മധുരകനി തേടാം

കാട്ടുതീ നക്കിതുടച്ച
തണലിൽ കിടക്കാം
വറ്റിയൊരാ പുഴയിൽ മുങ്ങാം

അതിൽ ചിലർ
മരണച്ചിറകിൽ പറന്നുപോയവർ
അവർക്കൊപ്പം
ഇന്നില്ലാത്തതിൻ്റെ
പരിമിതി മറികടക്കാം

കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .