അപരിചിതർ

തിരക്കുപിടിച്ച ജോലിക്കിടയിലും പിടയ്ക്കുന്ന മിഴികളോടെ അവൾ ഇടയ്ക്കിടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. ഇല്ല, അയാൾ പോയിട്ടില്ല. അവൾക്കു കാണാൻ പാകത്തിൽ എതിർവശത്തെ ഷോപ്പിങ് കോംപ്ലക്സിന്റെ വരാന്തയിൽ അയാൾ നിൽക്കാൻ തുടങ്ങിയിട്ട് ഏറെനേരമായി. എന്നാൽ ഈ നേരമത്രയും അയാൾ അവളെ നോക്കുകയോ, വിളിക്കാൻ ശ്രമിക്കുകയോ ചെയ്‌തിട്ടില്ല. തന്നെ പ്രതീക്ഷിച്ചായിരിക്കില്ല അയാളവിടെ നിൽക്കുന്നതെന്ന് അവൾ സ്വയം സമാധാനപ്പെട്ടു. ആരെങ്കിലും വരാമെന്ന് പറഞ്ഞിട്ടുണ്ടാകും അതാവും കാത്തുനിൽക്കുന്നത്. തന്നെ നോക്കി നിൽക്കാൻ മാത്രം ഒരു ബന്ധമോ പരിചയമോ തങ്ങൾ തമ്മിൽ ഇല്ലല്ലോയെന്നും അവൾ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു.

പക്ഷെ, അവൾക്കായാളെ തീർത്തും പരിചയമില്ല എന്ന് പറഞ്ഞുകൂടാ. ഈ ഒരു മാസത്തിനിടെ ചില മെയിലുകൾ അയക്കാനും മറ്റുമായി അയാൾ അവളുടെ അടുത്ത് വന്നിരുന്നു. തിരക്കൊഴിഞ്ഞ ചില നേരങ്ങളിൽ അയാളുടെ ചില ബുദ്ധിമുട്ടുകൾ അയാൾ അവളോട് പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ഒരു സൗഹൃദമോ മറ്റോ അവർക്കിടയിൽ രൂപപ്പെട്ടിട്ടില്ല. അങ്ങനെയൊക്കെ സ്വയം സമാധാനിച്ചിരിക്കവേ, അവളുടെ ചിന്തകളെയൊക്കെ അപ്പാടെ തെറ്റിച്ചു കൊണ്ട്, തിരക്കൊഴിഞ്ഞ ഒരു സമയം നോക്കി അയാൾ അവൾക്കരികിലെത്തി.

“ഹലോ”, ശബ്ദം കെട്ട് അവൾ മുഖമുയർത്തി. മാസ്ക്കിന്റെ മറവിൽ അവളുടെ മുഖഭാവം വ്യക്തമല്ലെങ്കിലും, കണ്ണുകളിലെ പിടച്ചിൽ അയാൾക്ക് വ്യക്തമായി.

“പറയൂ, മെയിൽ വല്ലതും അയക്കാൻ ആണൊ?”

“സീമയെന്നല്ലേ പേര്?”, ഒരു മറു ചോദ്യമാണയാൾ ചോദിച്ചത്.

“അതെ”

“എനിക്ക് കുറച്ചു സംസാരിക്കണമായിരുന്നു. ഒന്നു കാണാൻ പറ്റുമോ? ഓഫീസിൽ നിന്നിറങ്ങുമ്പോൾ?”

അവൾ പരിഭ്രമത്തോടെ അയാളെ നോക്കി. അവളുടെ മിഴികളിലെ പേടി തിരിച്ചറിഞ്ഞ്, അയാൾ പറഞ്ഞു.

“ഒന്നിനുമല്ല, വെറുതെ ഒന്നു സംസാരിക്കാൻ, നാളെ ഞാൻ തിരിച്ചു പോവുകയാണ്, ഇനി ഒരു വരവുണ്ടാകുമോ എന്നറിയില്ല”

“നാളെയോ? സൂപ്രണ്ടിന് അപേക്ഷ അയച്ചിട്ട് ദിവസം നീട്ടികിട്ടിയില്ലേ?”

“ഇല്ല, അല്ലെങ്കിൽ തന്നെ നീട്ടി കിട്ടിയാൽ ഒന്നൊ രണ്ടോ ആഴ്ച്ച, എന്നായാലും മടങ്ങണം”, അയാളുടെ വാക്കുകളിൽ നിസംഗത നിറഞ്ഞിരുന്നു. ഒന്നു നിർത്തിയിട്ട് അയാൾ വീണ്ടും ചോദിച്ചു.

“ഒന്നു കാണാൻ പറ്റുമോ? വൈകീട്ട്, ഞാൻ പാർക്കിൽ വെയിറ്റ് ചെയ്യും, പറ്റുമെങ്കിൽ വരൂ “

അവളുടെ മറുപടിക്ക് കാക്കാതെ അയാൾ പുറത്തേക്കിറങ്ങി, ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചു പോയി.

ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴും, വണ്ടി ഓടിക്കുമ്പോഴും അവൾ ചിന്തക്കുഴപ്പത്തിലായിരുന്നു. വെറും രണ്ടോ മൂന്നോ ദിവസത്തെ പരിചയമുള്ള ഒരാൾ, അതും സമൂഹത്തിൽ നെഗറ്റീവ് ഇമേജുള്ള ഒരു വ്യക്തി, അയാളെ കാണാൻ പാർക്കിൽ പോവുക, അത് ശരിയാണോ?വേണ്ട.

പക്ഷെ പാർക്കിലേക്കുള്ള വഴിയെത്തിയപ്പോൾ, അവൾ അറിയാതെ തന്നെ വണ്ടി അങ്ങോട്ട് തിരിക്കുകയായിരുന്നു. വണ്ടി ഒതുക്കി, പാർക്കിനകത്തേക്ക് കയറിയ അവൾ അവിടമാകെ പരതി. വൈകുന്നേരം ചിലവിടാനെത്തിയ കുറച്ചു പേരല്ലാതെ അല്ലാതെ അധികം ആരുമില്ല പാർക്കിൽ. കോവിഡ് ഭീതി പൂർണ്ണമായും വിട്ടുപോയിട്ടില്ലല്ലോ. അവൾ വീണ്ടും ചുറ്റും നോക്കി. പടർന്നു പന്തലിച്ചു നിൽക്കുന്ന ചുവപ്പും വെള്ളയും പൂക്കൾ നിറഞ്ഞ ബോഗൻവില്ലയ്‌ക്കരികിലെ സിമന്റ് ബെഞ്ചിൽ അയാളിരിപ്പുണ്ടായിരുന്നു. സാവധാനം അയാൾക്കരികിലേക്ക് നടന്നു. അവളെ കണ്ട് ആശ്വാസത്തിന്റെ ഒരു തിളക്കം അയാളുടെ കണ്ണുകളിൽ പ്രകടമായി.

“ഇരിക്കൂ”, അയാൾ സിമന്റ് ബെഞ്ചിന്റെ ഒരരികിലേക്ക് നീങ്ങിയിരുന്നു. എന്തുകൊണ്ടോ അവൾക്കപ്പോൾ അയാൾ ഏറെ പരിചിതനായി തോന്നി.

“മോളെ കാണാൻ പറ്റിയോ, പ്രവീൺ?”

“ഇല്ല, കാണിക്കില്ല എന്നു കട്ടായം പറഞ്ഞു. ഒരു കൊലപാതകിയുടെ മകളായി അവൾ വളരേണ്ടന്ന്”

“ഉം”

“ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, എല്ലാം എന്റെ തെറ്റ്, വിധി, അർഹതപ്പെട്ട ശിക്ഷ”, പറഞ്ഞു കൊണ്ട് അയാൾ കുറച്ചകലെ ഊഞ്ഞാലാടി കളിക്കുന്ന കുഞ്ഞുങ്ങളെ നോക്കി. അതിൽ പിങ്ക് ഉടുപ്പിട്ട എട്ടൊമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സുന്ദരിക്കുട്ടിയെ ചൂണ്ടി അയാൾ അവളോട് പറഞ്ഞു.

“അത്രേം ആയിട്ടുണ്ടാകും ന്റെ മോളും, ഒരു വയസുള്ളപ്പോൾ കണ്ടതാ”

“പ്രവീൺ ഒന്നു ചോദിച്ചോട്ടെ?”, അവൾ ഒന്നു സംശയിച്ചു നിർത്തി.

“ചോദിക്കൂ”

“എന്തിനാ? ആരെയാ?”

അയാൾ മൊബൈലെടുത്തു. ഗ്യാലറിയിൽ പരതി. കൂട്ടുകാരോടൊപ്പം നിൽക്കുന്ന കുറേ ഫോട്ടോകൾ അവളെ കാണിച്ചു. എല്ലാ ഫോട്ടോകളിലും അയാളുടെ തോളിൽ കൈയ്യിട്ട് കെട്ടിപിടിച്ച്, പൊട്ടിച്ചിരിച്ച് നിൽക്കുന്ന ഒരാളെ തൊട്ടു കാണിച്ചു.

“ഇത് ശിവൻ, ഇവനെയാ ഞാൻ”, പറഞ്ഞപ്പോൾ അയാളുടെ തൊണ്ടയിടറി, സ്വതവേ ചുവന്നു കലങ്ങിയിരുന്ന കണ്ണുകളിൽ, കണ്ണുനീർ തിങ്ങി തുളുമ്പി നിന്നു.

അവൾ എന്തിനാ അങ്ങനെ ചെയ്‌തെന്ന അർത്ഥത്തിൽ അയാളെ നോക്കി.

അവളെ ഒന്നു നോക്കിക്കൊണ്ട് ഒരു കൂമ്പസാരക്കൂട്ടിലെന്ന പോലെ അയാൾ ആ കഥ പറയാൻ തുടങ്ങി. ലഹരിയുടെ മതിഭ്രമത്തിൽ അയാൾ ചെയ്തു പോയ പൊറുക്കാനാവാത്ത ആ തെറ്റ്.

എട്ടു വർഷങ്ങൾക്ക് മുൻപ് ഒരു ഞായറാഴ്ച രാത്രി.
കൂട്ടുകാരോടൊപ്പം ആഴ്ചാവസാനം പതിവുള്ള മദ്യസൽക്കാരത്തിനിരിക്കയാണ്, അവർ ആറു പേർ. പതിവു പോലെ ആട്ടവും പാട്ടും ബഹളവും നിറഞ്ഞ അന്തരീക്ഷം. എല്ലാവരും നല്ല ഫോമിലായി കഴിഞ്ഞിരുന്നു. അതിനിടയിൽ അറിയാതെ ശിവന്റെ കൈ തട്ടി പ്രവീണിന്റെ മദ്യം നിറച്ച ഗ്ലാസ് താഴെ വീണുടഞ്ഞു.

“എവിടെ നോക്കിയാടാ നടക്കുന്നത്, #@₹%@”, പ്രവീൺ വായിൽ വന്ന മുട്ടൻ തെറി വിളിച്ചു.

“അറിയാതല്ലെടാ കോപ്പേ”, ശിവൻ പ്രവീണിന്റെ തോളത്ത് ചെറുതായി അടിച്ചുകൊണ്ട് പറഞ്ഞു.

“കൈ വക്കുന്നോടാ”, പ്രവീൺ ശിവനെ പിടിച്ചു തള്ളികൊണ്ട് ക്രുദ്ധനായി ചോദിച്ചു.

“ഹാ വിട്ടുകളയിൽ ചങ്ങായിമാരേ” സാബു ഇടയിൽ കയറി.

“വിട്ടു കളയാനോ, ഇനി ദേഹത്തു കൈവയ്ക്കുമോടാ”, പ്രവീൺ വീണ്ടും ശിവനെ ശക്തിയായി പുറകോട്ടുതള്ളി.

പുറകോട്ട് വീണ ശിവൻ കോപത്തോടെ എഴുന്നേറ്റ് തിരിഞ്ഞു നിൽക്കുകയായിരുന്ന പ്രവീണിന്റെ പുറംവഴിക്ക് ചവിട്ടി. കമിഴ്ന്നടിച്ചു വീണ പ്രവീൺ കൈയിൽ കിട്ടിയ പൊട്ടിയ ബിയർ കുപ്പിയുമായിട്ടാണ് എഴുന്നേറ്റത് ആർക്കെങ്കിലും തടയാൻ കഴിയും മുമ്പേ അയാളത് ശിവന്റെ വയറ്റിലേക്ക് കുത്തിയിറക്കി. ഒരു നിമിഷത്തിന്റെ വിഭ്രമം. എല്ലാവരും അന്തിച്ചു നിൽക്കേ അയാൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു.

“ശിവാ”, അയാൾ അലറി വിളിച്ചു.

തലയ്ക്കു കൈ വച്ച്, മുടി വലിച്ചു പറിച്ച് ഭ്രാന്തനെ പോലെ അയാൾ കരഞ്ഞു.


“ഞാൻ കാരണം അനാഥരായി പോയ അവന്റെ ഭാര്യയും കുഞ്ഞും, അത്രയും പാപിയാണ് ഞാൻ. “, ഇടറുന്ന വാക്കുകളോടെ പ്രവീൺ പറഞ്ഞു നിർത്തി.

താൻ കേൾക്കുന്നത് ഒരു ജീവിതമാണ് എന്ന തിരിച്ചറിവിൽ സീമ അമ്പരന്നിരുന്നു. ഒരു കൊലപാതകിയാണ് മുന്നിൽ ഇരിക്കുന്നത്. പരോളിൽ വന്നൊരാൾ. എത്ര തന്നെ ന്യായീകരിച്ചാലും, മദ്യ ലഹരിയുടെ അബോധത്തിൽ ചെയ്തു പോയത് എന്ന് പറഞ്ഞാലും തെറ്റ് തെറ്റാല്ലാതാവുന്നില്ല. അനാഥമായിപ്പോയ രണ്ടു കുടുംബങ്ങൾ. ഈ ഒറ്റയൊരാൾ കാരണം. രണ്ടു കുഞ്ഞുങ്ങൾ, ഒന്ന് അച്ഛനില്ലാതെ, ഒന്നു കൊലപാതകിയുടെ മകൾ എന്ന ലേബലിൽ.

എന്നിട്ടും ഇയാളെ ഒഴിവാക്കാൻ തനിക്ക് തോന്നാതെന്താണ് എന്നവൾ ആശ്ചര്യപ്പെട്ടു. പരോൾ നീട്ടികിട്ടാൻ വിയ്യൂരേക്ക് മെയിൽ അയക്കാൻ വന്നപ്പോഴാണ് അവൾ അയാളെ ആദ്യം കാണുന്നത്. അല്പം ഭയത്തോടെ ആണ് അയാളോട് അന്ന് സംസാരിച്ചത്, പിന്നെയും രണ്ടുമൂന്നു തവണ മെയിൽ ചെക്ക് ചെയ്യാൻ വന്നു. അവസാനം വന്നപ്പോൾ പറഞ്ഞു, മോളെ ഒന്നു കാണാൻ വേണ്ടിയാണ് പരോൾ നീട്ടിക്കിട്ടാൻ ശ്രമിക്കുന്നതെന്ന്, ഭാര്യയും അവരുടെ വീട്ടുകാരും കുഞ്ഞിനെ കാണാൻ സമ്മതിക്കുന്നില്ല എന്നും. അതും പറഞ്ഞു വളരെ നിരാശയോടെ അയാളിറങ്ങിയപ്പോൾ എന്തോ ഒരുതരം സഹതാപം തോന്നി. അതിനുശേഷം പിന്നെ ഇന്നാണ് കാണുന്നത്. എന്തുകൊണ്ട് ഇങ്ങനെ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി എന്നാലോചിച്ചാൽ അവൾക്കുത്തരമില്ലായിരുന്നു.

പെട്ടെന്ന് അവളുടെ മൊബൈൽ ശബ്‍ദിച്ചു. സുധിയാണ്. അവൾ കാൾ എടുക്കാതെ അത് സൈലന്റ് മോഡിലേക്കാക്കി.

“വീട്ടിൽ നിന്നാവും, ഫോൺ എടുക്കൂ, സമയം വൈകി സീമ പൊയ്ക്കോളൂ”, പ്രവീൺ പറഞ്ഞു.

“വീട്ടിൽ നിന്നല്ല, വുഡ്ബിയാണ്, അടുത്ത മാസമാണ് കല്യാണം”, അവൾ പറഞ്ഞു.

“ഓഹോ, കൺഗ്രാറ്റ്സ് “, അയാൾ ചിരിയോടെ പറഞ്ഞു. എന്നിട്ട് താഴ്ന്ന ശബ്ദത്തിൽ ഒന്നു കൂടി പറഞ്ഞു.

“ഞാൻ ഇന്ന് ഡിവോഴ്സ് പേപ്പറിൽ, ഒപ്പിട്ടു, അവളെ കണ്ടില്ല, അവരുടെ വക്കീൽ മുഖാന്തിരം”, പറഞ്ഞു നിർത്തി അയാൾ ദൂരെ കളിക്കുന്ന കുഞ്ഞുങ്ങളെ നോക്കി. പിങ്ക് ഉടുപ്പിട്ട ആ സുന്ദരിക്കുട്ടിയെ അവളുടെ അമ്മ ഊഞ്ഞാലിൽ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ട് പുറത്തേക്ക് നടന്നു. പെൺകുട്ടി അവരുടെ കൈയിൽ നിന്ന് കുതറി വീണ്ടും ഊഞ്ഞാലിനരികിലേക്ക് ഓടി, ദേഷ്യം പൂണ്ട അമ്മ പിറകെയും.

“എന്റെ മോളെന്നെ കണ്ടാൽ തിരിച്ചറിയുമോ?”, അയാൾ ആരോടെന്നില്ലാതെ ചോദിച്ചു.

അവൾ ഒരു പിടച്ചിലോടെ അയാളെ നോക്കി. ഒന്നും പറയാൻ തോന്നിയില്ല. മഴ ചാറാൻ തുടങ്ങിയിരുന്നു.
“മഴ പെയ്യുന്നു, സീമ പോകാൻ നോക്കൂ “

“പ്രവീൺ പോകുന്നില്ലേ “, അവൾ ചോദിച്ചു.
“ഞാൻ പൊയ്ക്കോളാം, സീമ പോയിട്ട്, ഇനി ഒരു കാണൽ ഉണ്ടാവില്ല, നമ്പറോ അഡ്രെസ്സ് പോലുമോ ഞാൻ ചോദിക്കുന്നില്ല, പൊയ്ക്കോളൂ “, പറയുമ്പോൾ അയാളുടെ കണ്ണുകൾ സജലങ്ങളായിരുന്നു.

ഏറെ നാളത്തെ ആത്മബന്ധമുള്ള രണ്ടുപേർ ഇനി ഒരിക്കലും കാണില്ല എന്ന് പറഞ്ഞു പിരിയുന്ന വേദനയോടെ അവൾ തിരിഞ്ഞു നടന്നു.

“കോട്ട് ഉണ്ടല്ലോ അല്ലെ, മഴ മുറുകുന്നു,” അയാൾ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

അവൾ ഒരു ചെറുചിരിയോടെ തിരിഞ്ഞു നിന്നു.

“ഇല്ല, എന്നും മറക്കും എടുക്കാൻ, മഴ നനഞ്ഞു ശീലമായി”

“ഇനി മറക്കല്ലേ, ഒരിക്കലും”, ചിരിയോടെ അയാൾ പറഞ്ഞു.

ശരിയെന്നവൾ തലയാട്ടി. പിന്നെ പതിയെ തിരിഞ്ഞു പുറത്തേക്ക് നടന്നു. അപ്പോൾ രണ്ടു മഴത്തുള്ളികൾ അവളുടെ കവിൾത്തടങ്ങളിൽ വീണു ചിതറി താഴോട്ടോഴുകി.

എറണാകുളം ജില്ലയിലെ ചേന്ദമംഗലം പാലാത്തുരുത്തിൽ താമസിക്കുന്നു. സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും എഴുതുന്നു