പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. പാതാളത്തിൽ ചെന്നാലല്ലേ അവിടുത്തെ വിശേഷങ്ങളറിയാൻ പറ്റൂ! ഒന്ന് പോയി നോക്കാം, അല്ലേ?
രണ്ടര വർഷമായി ഉപയോഗിക്കുന്ന ന്യൂജൻ ബൈക്ക് എനിക്കിതുവരെ യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ലല്ലോ എന്ന് ഇന്ന് ഞാൻ മനസ്സിൽ ചിന്തിച്ചതേയുള്ളു.
ദാ വരുന്നു പണി! പണി വരുന്ന ഓരോ വഴികളേ!!!
ഒരു ശനിയാഴ്ച വൈകിട്ട് ഓട്ടത്തിനിടയിൽ ഒന്ന് രണ്ട് തുമ്മിക്കൽ തുമ്മിച്ച് എൻ്റെ ബൈക്കിൻ്റെ എഞ്ചിൻ നിർവ്വാണം പ്രാപിച്ചു. പഠിച്ച പണി പതിനെട്ടും നോക്കി, നോ രക്ഷ! സുഹൃത്തായ സർവീസ് മാനേജരെ വിളിച്ച്, പറഞ്ഞ പ്രകാരം വീഡിയോ കോൾ ചെയ്ത് മീറ്റർ ബോർഡ് കാണിച്ചു. രണ്ടര വർഷമായ, 30000 കി.മീ. ഓടിയ ബാറ്ററി പോയതാണ്. അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. ഇനി തിങ്കളാഴ്ചയേ ബാറ്ററി ഷോപ്പ് തുറക്കൂ, അതുവരെ അവിടെവിടെയെങ്കിലും സുരക്ഷിതമായി ബൈക്ക് വയ്ക്കൂ.
വിദഗ്ധോപദേശം കിട്ടി.
അവിടം, വണ്ടി വഴിയിൽ വച്ചിട്ടു പോകാൻ പറ്റുന്ന ഏരിയ അല്ല. സഹായത്തിനായി തൊട്ടടുത്ത വീട്ടിലെ കോളിംഗ് ബെൽ അമർത്തി. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ! ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഉള്ള സ്ഥലത്ത് വണ്ടി വയ്ക്കാൻ അനുമതി കിട്ടി.
പിറ്റേന്ന് ഞായർ! കടകൾ അവധി!
തിങ്കളാഴ്ച രാവിലെ പ്ലാമ്മൂട് ബാറ്ററിക്കട തുറന്ന ഉടനെ അവിടെത്തി ബാറ്ററിയും വാങ്ങി ഒരു ടെക്നീഷ്യനുമായി മടങ്ങി വണ്ടിയിലെ പഴയ ബാറ്ററി മാറ്റി പുതിയത് വച്ചു.
ഈശ്വരാ!!!
വണ്ടി അനങ്ങുന്നില്ല!
അപ്പോൾ ബാറ്ററിയുടെ പ്രശ്നമല്ല.
ഷോറൂമിൽ വിളിച്ച് ആവലാതി ബോധിപ്പിച്ചു.
അതിൻ്റെ ഹാർട്ടോ ലിവറോ പോയതാവാം. മറുപടി വന്നു.
വണ്ടി അവിടെത്തിക്കണം.
വണ്ടി കെട്ടിവലിച്ചും എടുത്തുകൊണ്ടുമൊക്കെ പോകുന്ന ഏജൻസിയുടെ നമ്പർ കിട്ടി.
വിളിച്ചു. കമ്പനിയിലെത്തിക്കാൻ ചാർജ് വെറും 2400 രൂപ! വൈകിട്ട് 4 മണിക്ക് വണ്ടി എടുത്തു. വിദഗ്ധ പരിശോധനകൾ നടത്തിയെങ്കിലും അവർക്ക് അസുഖമൊന്നും കണ്ടുപിടിക്കാനായില്ല.
ചൊവ്വാഴ്ച മുതൽ നേരത്തെ തീരുമാനിച്ച പത്ത് ദിവസത്തെ പ്രോഗ്രാമുമായി ഞാൻ ഡൽഹിയിലുള്ള അനുജൻ കെന്നഡിയുടെ അടുക്കലേക്ക് തിരിച്ചു. രോഗമെന്തെന്നറിയാതെ അനാഥനായ എൻ്റെ ബൈക്ക് ICU വിലും!
ഞാനുപയോഗിച്ചപ്പോൾ പ്രശ്നമൊന്നും കാണിക്കാതിരുന്ന കോണും ബോളും മാറ്റി പുതിയ ബാറ്ററി ഇളക്കിയെടുത്ത് പഴയ ബാറ്ററി തന്നെ തിരികെ വച്ച് മൂന്നാലു ദിവസം ട്രയൽ ഓടി നോക്കിയെങ്കിലും രോഗം കണ്ടെത്താനാകാതെ ഞാൻ പറഞ്ഞ സ്ഥലത്ത് വണ്ടി എത്തിച്ച് തന്ന് കമ്പനി കയ്യൊഴിഞ്ഞുവെന്ന് പറഞ്ഞാൽ കഴിഞ്ഞു!
ദോഷം പറയരുതല്ലോ, എനിക്ക് മാന്യമായ ബില്ലാണ് കിട്ടിയത്!
വാഹനം കെട്ടിവലിച്ചത് – 2400 + ബാറ്ററി – 1800 + ടിപ്പ് – 100 + കോണും ബോളും – 2075 + RSA – 2000 + പെട്രോൾ – 300 + ടിപ്പ് – 200
ഡൽഹിയിൽ നിന്നും എത്തിയ ഉടൻ തന്നെ ഞാൻ ഞായറാഴ്ച വണ്ടിയെടുക്കാനായി ചെന്നു.
ദൈവമേ!!! ഞാൻ പോയപ്പോഴുള്ള അതേ അവസ്ഥ തന്നെ!
സെൽഫെടുക്കുന്നില്ല!
കമ്പനിയിൽ വിളിച്ചു. ദൈവാധീനം! അവർക്ക് എന്നോട് സഹതാപം തോന്നിയിരിക്കണം. നല്ലൊരു മെക്കാനിക്കിനെ ഞായറാഴ്ചയായിട്ടും അയച്ചുതന്നു.
കക്ഷിയുടെ പരിശോധനയിൽ ഇത്തവണ ഉടൻ തന്നെ രോഗം കണ്ടുപിടിക്കാൻ പറ്റി. പെട്രോൾ തീർന്നിരിക്കുന്നു!!!
ഗേജ് തെറ്റാണ് കാണിക്കുന്നത്! നേരത്തെ ബൈക്ക് വഴിയിലായതും പെട്രോൾ തീർന്നാണത്രെ! വേറൊരു പ്രശ്നവുമില്ല!
കക്ഷി പോയി കുപ്പിയിൽ രണ്ടു ലിറ്റർ പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് ഒഴിച്ചു. ബൈക്ക് ഒരു വിമുഖതയുമില്ലാതെ സ്റ്റാർട്ടായി.
ഈ അബദ്ധപഞ്ചാംഗത്തിൽ എനിക്കുണ്ടായ നഷ്ടം വെറും 8875 രൂപ മാത്രം!
മറ്റൊര ഗേജ് ചതിച്ച ഒരു നുറുങ്ങ് കഥ കൂടി പറഞ്ഞാലേ കഥ പൂർണ്ണമാകൂ!
ഡൽഹിക്ക് പോകുമ്പോൾ എൻ്റെ ശരീരഭാരം വെറും 97 കിലോ !!! ഭാര്യയുടെ ഭാരം 72 കിലോ!
ഡൽഹിയിൽ ചെന്ന് നാലഞ്ച് ദിവസം കഴിഞ്ഞ് തൂക്കിനോക്കിയപ്പോൾ എൻ്റെ ഭാരം 90 കിലോ !
ഭാര്യയുടെ ഭാരം 72 തന്നെ!
സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടിപ്പോയി! ഡൽഹിയിലെ കൊടും തണുപ്പിൽ എന്തോ അത്ഭുതം സംഭവിച്ച പോലെ എൻ്റെ 7 കിലോ കുറഞ്ഞിരിക്കുന്നു!
തണുപ്പ് എൻ്റെ ശരീരത്തിലെ അധികമുള്ള മുഴുവൻ ജലാംശവും ഊറ്റിയെടുത്ത് എൻ്റെ ഭാരം 7 കിലോ കുറച്ചിരിക്കുന്നു! അതോടെ, ആഹാരകാര്യത്തിൽ ഭാര്യ കുറച്ച് നിയന്തണങ്ങൾ ഏർപ്പെടുത്തിയിരുന്നത് മുഴുവൻ ഞാൻ വലിച്ചെറിഞ്ഞു.
പിന്നെ അനുജനും ഭാര്യയും ഓരോ മണിക്കൂർ ഇടവിട്ട് എനിക്ക് എത്തിച്ച് തന്നിരുന്ന ഒരാഹാരസാധനങ്ങളോടും ഞാൻ പിന്നെ നോ പറഞ്ഞിട്ടേയില്ല. ഏഴ് കിലോയല്ലേ കുറഞ്ഞിരിക്കുന്നത്!!!
മടങ്ങി തിരുവനന്തപുരത്ത് വീട്ടിൽ വന്നു കയറിയ ഉടൻ ഞാൻ വേയിംഗ് മെഷീനെടുത്തു.
ഭാര്യയുടെ തൂക്കം 71 കിലോ ! എൻ്റെ ഭാരം വെറും 100 കിലോ !!!
സാങ്കേതിക തകരാറിനാൽ ഡൽഹിയിലെ വേയിംഗ് മെഷീൻ 90 നപ്പുറം കടക്കില്ല എന്ന വിവരം കെന്നഡി തന്നെ അറിയുന്നത് ഇപ്പോൾ മാത്രമാണ്.
എന്നാലും എൻ്റെ മീറ്ററുകളേ എന്നോടീ ചതി വേണ്ടായിരുന്നു!!!
വാൽകഷണം :
ബില്ലിട്ട്, വാറൻ്റി സീൽ ചെയ്ത് ഞാൻ വാങ്ങിയ പുതിയ ബാറ്ററി തിരികെ എടുത്ത് പ്ലാമ്മൂട്ടിലെ എക്സൈഡ് ബാറ്ററി ഷോപ്പ് ഉടമ, അപ്പോൾ തന്നെ യാതൊരൊഴിവുകഴിവും പറയാതെ ബിൽ തുകയായ 1800 രൂപ എനിക്ക് ഗൂഗിൾ പേ ചെയ്ത് മാതൃകയായി. ആ നല്ല മനസ്സിന് നന്ദി!