അന്തർഗതം

ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന
കനൽ തിന്ന പക്ഷികൾ വരുന്നു
കുരുവികൾ പറന്നു പോം കൂടിൻ്റെ-
നഗരങ്ങളിടറുന്നു വീണു പോകുന്നു

ജലകണത്തിൽ നിന്നു പ്രാണഗന്ധത്തിൻ്റെ
ഉറവകൾ വരണ്ടു പോകുന്നു
ധവളമുകിൽ മൂടുന്ന ശ്വാസപാത്രത്തിൻ്റെ
ചലനം വെറുതെ നിലച്ചു പോകുന്നു

ചിതറിത്തെറിക്കുന്ന ചില്ലകളിലായിരം
വ്യഥകൾ തരിച്ചിരിക്കുന്നു
മൃതിയിൽ, നിരാശയുടെ മൗനത്തിൽ,
വാക്കിൻ്റെ ഇതളുകൾ കൊഴിഞ്ഞു പോകുന്നു

പുഴമാഞ്ഞതറിയാതെ,വയൽ മാഞ്ഞതറിയാതെ
ഇരുൾ തേടിയോടിയോരെല്ലാം
പുകമറയ്ക്കുള്ളിൽ മുഖം കുനിച്ചീടവെ
കരൾ നൊന്തു നിൽക്കും പ്രപഞ്ചം

മൃതശിൽപ്പശാലയിൽ ശവമഞ്ചലിൽ തൊട്ട്
കരയും ഋതുക്കൾ പറഞ്ഞു
ഇനിയുമീപ്രാണൻ്റെ ശ്വാസമാരൂഢത്തിൽ
എഴുതിപ്പകർത്തി സൂക്ഷിക്കാം

വളരുന്ന നഗരത്തിലോടിപ്പിടഞ്ഞൊരാ-
ചിരിമാഞ്ഞ സന്ധ്യകൾ കാൺകെ
ഇരുളിൽ വലഞ്ഞവർ, ഇലകൾ പൊഴിഞ്ഞവർ,
ഇതളറ്റ് വീണവർ നമ്മൾ.

ഇനിയെന്തിതെന്നോർത്ത് നിൽക്കവെ
ഗ്രാമത്തിലൊരു പക്ഷി പാടുന്നു വീണ്ടും
അരികുവറ്റാത്തൊരീപച്ചപ്പിനെ ചൂടി-
അരികത്തിരിക്കുന്നു ഭൂമി.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.