അത്തർച്ച

കാലം മങ്ങലേൽപ്പിച്ച മഹത് വചനങ്ങളാൽ നിറഞ്ഞ എൽ പി സ്കൂളിൻ്റെ വലതുമതിലിനോട് ചേർന്ന് മുകളിലേക്ക് പോകുന്ന കോൺക്രീറ്റിളകിയ റോഡ് ചെന്നെത്തുന്നത് ചള്ള്മുക്കിലാണ്. സ്ഥലപ്പേരല്ലത്, പരിസര വീടുകളിലേയും പീടികകളിലെയും വേസ്റ്റുകൾ സംസ്കരിക്കാൻ പ്രത്യേകം സൗകര്യമാവശ്യപ്പെട്ട് നിരന്തരമായി പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും പരിഹാരമില്ലാതെ വന്നപ്പോൾ നാട്ടുകാരുടെ നിത്യജീവിതത്തിലെ “ബാക്കിയാക്കലുകൾ” നിക്ഷേപിക്കാൻ കണ്ടെത്തിയതാണാ സ്ഥലം.

അവിടെയെത്തുമ്പോൾ നാസ്വദ്വാരങ്ങളിലേക്ക് കൈകൾ യാന്ത്രികമായി നീളുന്നതും സ്വാഭാവികം. നൂറ് മീറ്റർ മാറി പ്രത്യക്ഷാ ‘ഭവനം’ എന്ന് പറയാവുന്ന ഒരു പഴയ രണ്ടു മുറി കെട്ടിടമുണ്ട്. കഴിഞ്ഞ വർഷം വരെ അതിന്റെ പരിസരത്തെങ്ങും ആരും പോകാറില്ലായിരുന്നു.

തനിക്ക് പറ്റിയ താമസസ്ഥലം കിട്ടാതെ വന്നപ്പോൾ ‘അത്തർച്ച’ അവിടം വീടാക്കി.

കറുത്ത കളറിൽ നരപടർന്ന ഒരു ബാഗിൽ കുറച്ചു വസ്ത്രങ്ങൾ, വെള്ളി നിറത്താലുള്ള സുമാർ അരലിറ്റർ തോന്നിപ്പിക്കുന്ന ഒരു കുപ്പി അത്തർ. അത്രമാത്രമേ അയാൾ അവിടയെത്തുമ്പോൾ സ്വന്തമായി ഉണ്ടായിട്ടുണ്ടായിരുന്നുള്ളൂ. തന്റെ ഭാണ്ഡത്തിലെ ചുരുളുകളായി സൂക്ഷിച്ചിരുന്ന പഞ്ഞിക്കെട്ടിൽ നിന്ന് അൽപം എടുത്ത് കൈവെള്ളയിൽ വെച്ച് കൂട്ടിത്തിരുരുമും. പിന്നെ വലിയ അത്തർ കുപ്പിയുടെ മൂടി തുറന്ന് കടല വലിപ്പത്തിലാക്കിയ പഞ്ഞിക്കഷണം അതിലേക്ക് ചേർത്ത് കുപ്പി കമിഴ്ത്തി നിവർത്തും. എപ്പോഴും തന്റെ ചെവിയുടെ പുറകിൽ തിരുകി വെച്ചിരിക്കുന്ന ആ സുഗന്ധപ്പഞ്ഞി കാണുന്നവർക്കൊക്കെ നീട്ടും. ചിരിച്ചുകൊണ്ട് കൈ കാട്ടുന്നവർക്കൊക്കെ കൈകുഴയോട് ചേർത്ത് അത്തർ അമർത്തി തേക്കും. എന്നിട്ട് കണ്ണുകൾ വിടർന്ന് നിരതെറ്റിയ ഒന്നുരണ്ടെണ്ണം കൊഴിഞ്ഞുപോയ പല്ലുകൾ പുറത്തുകാട്ടി ചിരിക്കും.

ആ വിടർന്ന കണ്ണുകൾ കൊണ്ടാണ് കാലത്തിന്റെ ഏതോ കോണിൽ നഷ്ടപ്പെട്ട ഒച്ചയിൽ അത്തർച്ച ലോകത്തോട് സംസാരിക്കുന്നത്. ശബ്ദാമില്ലാത്തതിനാൽ ഒരിക്കലും അത്തർച്ചയുടെ ആശയവിനിമയം മുറിഞ്ഞു പോയില്ല. കണ്ണുകൾ കറക്കി, കൈകൾ കൊണ്ട് അളന്നു മുറിച്ചുള്ള ആംഗ്യം കാണിക്കലിൽ കണ്ടുമുട്ടുന്നവർക്കൊക്കെ ഉദ്ദേശം ഏറെക്കുറെ മനസ്സിലാകും. അത്തർച്ചയുടെ ബാഗിന്റെ പുറത്ത് കന്നട അക്ഷരങ്ങൾ എഴുതപ്പെട്ടത് കണ്ടാണ് ചിലർ അയാളുടെ നാട് കർണാടകയായിരിക്കുമെന്ന് അനുമാനിച്ചത്. മഴ ഇടിച്ചുകുത്തി തോർന്ന ഒരു വ്യാഴാഴ്ച പള്ളിയുടെ കബർസ്ഥാനിനോട് ചേർന്നുള്ള വാതില്പടിയിൽ ഇരിക്കുന്നതായിട്ടാണ് ആളുകൾ അത്തർച്ചയെ കാണുന്നത്. മെലിഞ്ഞു വെളുത്ത നിറത്തിൽ കൂട്ടുപിരികവും പുറകിലേക്ക് നീട്ടി വളർത്തിയ മുടിയും മീശയില്ലായ്മയെ അറിയിക്കാത്ത ബുൾഗാൻ താടിയും കണ്ടാൽ ആരുമൊന്നു ശ്രദ്ധിക്കും.

അന്ന് ആ പരിസരം മുഴുവൻ സുഗന്ധമായിരുന്നു. മദ്രസ വിട്ടു വന്ന കുട്ടികൾ, തന്നെ കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോൾ അയാൾ ഭാണ്ഡത്തിൽ നിന്ന് അത്തർ പഞ്ഞി അവർക്ക് നീട്ടി. ആദ്യമൊന്ന് മടിച്ചെങ്കിലും ചില മുതിർന്ന കുട്ടികൾ മുന്നോട്ടു വന്നു. അല്പസമയത്തിനുള്ളിൽ കൂടി നിന്ന എല്ലാ കുട്ടികളെയും അത്തർ മണത്തു. കുട്ടികൾ പലതും ചോദിച്ചെങ്കിലും അയാൾ പ്രതിവചിച്ചില്ല. അന്ന് വീട്ടിലെത്തിയ കുട്ടികൾ രക്ഷിതാക്കളോട് അയാളെ പരിചയപ്പെടുത്തിയ പേരാണ് ‘അത്തർച്ച’.

സുഗന്ധം കൊണ്ട് ഒരു നാട് നിറച്ച പേര്. അയാളുടെ വാക്കുകൾ കൊണ്ടുള്ള ബുദ്ധിമുട്ടാർക്കുമില്ലാത്തത് കൊണ്ടും ചുറ്റും മണം നിറയുന്നതു കൊണ്ടും ആരും അയാളെ പെട്ടന്ന് പ്രതികൂലിച്ചില്ല. നാട്ടുകാരുടെ സമ്മതത്തോടെ മദ്രസയോട് ചേർന്ന് തിണ്ണയിൽ ആദ്യദിവസം അയാൾ ഉറങ്ങി. സ്ഥിരമായി രാവിലെ എഴുന്നേറ്റ് മദ്രസയും പള്ളിയും പരിസരവുമൊക്കെ വൃത്തിയാക്കിയ ശേഷം കുളിച്ച്, അത്തർ പുരട്ടി കബർസ്ഥാനിനോട് ചേർന്നുള്ള പള്ളി വാതില്പടിയിൽ അയാളിരിക്കും.

ആളുകളോട് ചിരിക്കും ആംഗ്യം കാണിക്കും. മണമുള്ള പഞ്ഞി വിതരണം ചെയ്യും. മുക്രിയുടെ ഭക്ഷണത്തിന്റെ ശേഷിച്ച പങ്കും കഴിച്ച് ആ പാത്രവും കഴുകി തന്റെ തുണി വിരിച്ച് തിണ്ണയിലേക്ക് ചായും. പള്ളി കമ്മറ്റിയിൽപ്പെട്ട ചിലർ “അയാൾ ഇവിടെ നിന്നോട്ടെ, ചെറുതായി എന്തെങ്കിലും കൊടുത്താൽ മതിയാകും” എന്ന തീരുമാനത്തിലെത്തിയപ്പോൾ അത്തർച്ചയുടെ കിടത്തം മദ്രസയുടെ ഉള്ളിലായി. അവിടവും സുഗന്ധമയം.

കാലം തെറ്റിയുള്ള മഴയിൽ മദ്രസ ചോർന്നൊലിക്കാൻ തുടങ്ങിയപ്പോൾ ആരോ അയാൾക്ക് വീട് തരപ്പെടുത്താൻ ശ്രമിച്ചു. വാടക കൊടുക്കാൻ മതിയായതൊന്നും കൈവശമില്ലാത്തതുകൊണ്ടും ജാമ്യം നിൽക്കാൻ ആരുമില്ലാത്തതുകൊണ്ടും നല്ലതൊന്നും തരപ്പെട്ടില്ല.

അങ്ങനെ പള്ളി കമ്മറ്റിയിലെ പ്രധാനിയാണ് ചള്ള്മുക്കിലെ ഈ വീട് അത്തർച്ചക്ക് താമസിക്കാൻ ഒരുക്കുന്നത്. അടുത്തുള്ള ചവറ് കേന്ദ്രം വകവയ്ക്കാതെ അയാൾ അവിടെ താമസം തുടങ്ങി. പള്ളിയിൽ നിന്നു കിട്ടുന്ന ചെറിയ തുകകൾ കൂട്ടി സാധന സാമഗ്രികൾ വാങ്ങി ചെറുതായി പാചകവും. പള്ളിയിലെ ഉസ്താദിനെയും മദ്രസ കുട്ടികളെയും പീടികയിലെ ജമാലിനെയും എൽപി സ്കൂളിലെ പ്യൂണിനെ വരെ ചുരുങ്ങിയ കാലത്തിൽ അത്തർ മണത്തു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു മണം, ആ വെള്ളിനിറകുപ്പിയിൽ നിറക്കപ്പെട്ടത് എവിടെനിന്നാണെന്ന ആജ്ഞതയെ അവർ ആസ്വദിച്ചുകൊണ്ടിരുന്നു. ഏകദേശം ആറേഴ് മാസം കൊണ്ടുതന്നെ അത്തർച്ചയും വറ്റിക്കാണാത്ത അത്തർക്കുപ്പിയും നാട്ടിലെ പ്രധാനികളായി മാറി.

സ്കൂൾ കുട്ടികളിൽ ചിലർ പുറകെ കൂടി കളിയാക്കലിൽ ഏർപ്പെട്ടപ്പഴും അത്തർച്ച പൊട്ടിച്ചിരിച്ചു. തന്റെ ബാഗ് പിടിച്ചു വലിച്ചപ്പോൾ മാത്രം മുഖമൊന്നു കനപ്പിച്ചു. എന്നിരുന്നാലും എല്ലാവരോടും കണ്ണ് വിടർത്തി കൈകൾ പല ദിശകളിലേക്ക് തെറ്റിച്ച് തൻറെ വിശേഷങ്ങൾ പങ്കുവെച്ചു.

കൂട്ടത്തിൽ പാടത്തിന്റെ വരമ്പ് തീരുന്നിടത്ത് വീടുള്ള അബി അയാളെ കൗതുകത്തോടെ നോക്കി. ഒരു ദിവസം അവനുംകിട്ടി വലതു കയ്യിൽ അത്തർമണം. ഇന്റർവെല്ലിലും ടീച്ചർ ക്ലാസ്സെടുത്തുകൊണ്ടിരുന്നപ്പോഴെല്ലാം അവൻ കൈത്തലം മൂക്കിലേക്ക് ഇടയ്ക്കിടയ്ക്ക് അടുപ്പിച്ചു. തന്റെ ചെറുപ്പത്തിൽ കഥ നിരത്തി ഊട്ടിയ ഉറക്കിയ ഏതോ കാലത്തിൽ മരണം തൊട്ട അമ്മമ്മയുടെ അതേ മണം. പുറത്തിറങ്ങാൻ പറ്റാത്ത മഴയുള്ളയൊരു ദിവസം വിശപ്പ് താങ്ങി അത്തർച്ച ഇടവഴിയിലൂടെ സ്കൂളിന്റെ മുമ്പിലെത്തിയപ്പോൾ മതിൽക്കെട്ടിന്റെ മുകളിൽ നിന്ന് ഒരു ശബ്ദം.

“അത്തർച്ചാ…” അയാൾ തല ഉയർത്തി നോക്കി.അബിയാണ്. ‘എന്ത്യെ’ എന്നുള്ള ആംഗ്യം കാണിച്ചപ്പോൾ അവനൊരു പ്ലയ്റ്റുമായി പുറത്തിറങ്ങി. ഉച്ചക്ക് കിട്ടുന്ന സാമ്പാറും തൈരും വെന്ത് കുഴഞ്ഞ ചോറും. അവനെ കുറച്ചുനേരം നോക്കി മതിലിനോട് ചേർന്ന് നിലത്തിരുന്നു അയാളത് കഴിച്ചു. വിശപ്പിൽ പരിസരം മറന്ന് മുഴുവനും കഴിച്ചയാൾ എണീറ്റു. കൈകൾ, ഉടുത്തിരുന്ന കളർ മുണ്ടിന്റെ അഗ്രത്തിൽ തുടച്ച് ചെവിയുടെ പുറകിൽ നിന്നെടുത്ത അത്തർപഞ്ഞി അവനു നീട്ടി. ഉച്ച കഴിഞ്ഞുള്ള പീരിയഡുകളിലൊക്കെ കൈകൾ ഇടയ്ക്കിടയ്ക്കവൻ മണത്തുകൊണ്ടിരുന്നു. വൈകിട്ട് വീട്ടിലെത്തിയപ്പോൾ പടിക്കൽ നിന്നുതന്നെ അമ്മക്ക് തന്റെ ഒറ്റമകന്റെ പുതിയ സുഗന്ധമെത്തി.

“ഇതെന്താടാ പുതിയ ഒരു മണം? ”

“ഇത് ഇന്നാളു നമ്മടെ നാട്ടിൽ വന്ന അത്തർച്ചയുടെ മണമാണ് അമ്മേ”

“പരിചയമില്ലാത്തവരോടൊന്നും മിണ്ടരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ. അവനൊക്കെ എവിടുന്നാ ന്ന് ആർക്കറിയാം. ”

അമ്മയുടെ കരുതൽ കരകവിഞ്ഞു.

“അത്തർച്ച പാവമാണ്. ചില കുട്ടിയോള് കളിയാക്കും അയാളെ എല്ലാരോടും അയാൾ ചിരിക്കും എന്നോടും ”

എന്ത് പറഞ്ഞിട്ടും വിലക്കിന്റെ ഉത്തരവുകൾ അമ്മ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. താൻ ചോറു കൊടുത്തത് മനപ്പൂർവ്വം പറയാതെയവൻ മനസ്സിന്റെ മൂലയിൽ മുളക്കാത്ത വിധം കുഴിച്ചിട്ടു. പിറ്റേന്നും പിന്നീട് ഇടയ്ക്കിടയ്ക്കും അബി അത്തർച്ചക്ക് ചോറു കൊടുത്തു ഇടക്ക് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പലഹാരങ്ങളും. എന്നും അവനിൽ വിടർന്ന സ്നേഹമണത്തിൽ ആ ക്ലാസ്സ്മുറി പൂങ്കാവനമായികൊണ്ടിരുന്നു.

ഇക്കൊല്ലത്തെ നബിദിനമെത്താറായിരിക്കുന്നു.

പള്ളിയും മദ്രസയും വീടുകളുമൊക്കെ ദീപാലംകൃതമായി. പാതയോരങ്ങൾ തോരണങ്ങളാൽ നിറഞ്ഞു തുടങ്ങി. കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന വടികളുടെ അറ്റത്ത് ഘോഷയാത്രയിൽ ഉയർത്തിപ്പിടിക്കാനുള്ള ഹരിത വർണ്ണ കൊടികൾ കെട്ടപ്പെട്ടു. ലോകം ഒന്നായി ആഘോഷിക്കുന്ന ദിനത്തിൽ കുട്ടികളോടൊപ്പം വർണ്ണം നിറക്കാനും മുതിർന്നവരോടൊപ്പം പള്ളിക്കുളം വൃത്തിയാക്കാനും രാത്രി മൗലിദ് ഓതുമ്പോൾ പള്ളിയാകെ അത്തർ വിതരണം ചെയ്യാനും അത്തർച്ച മുന്നിലുണ്ടായിരുന്നു. അയാളുടെ ഉന്മാദത്തിൽ ലോക പ്രവാചകൻ്റെ ജന്മദിനം എറ്റവും സന്തോഷം നിറച്ചത് അയാൾക്കാണെന്ന് തോന്നിപോകും. തിരുനബി കീർത്തനങ്ങൾ കുട്ടികൾ ഉറക്കെ പാടിയപ്പോൾ അയാളുടെ ഹൃദയം താളം പിടിച്ചു.

ഉസ്താദ് യാസീൻ ഓതുമ്പോഴും ദുആ ചെയ്യുമ്പോഴും അയാളുടെ ഉള്ള് നനഞ്ഞു . മറ്റ് എല്ലാവരേക്കാളും ഉയരത്തിൽ കൈയുയർത്തിയയാൾ ‘ആമീൻ’ പറഞ്ഞു.

റബീഉൽ അവ്വൽ പന്ത്രണ്ടിന്റമ്പിളി വിഹായസ്സിന് ഭംഗിയായി തിരു പിറവി വിളിച്ചറിയച്ചതിന്റെന്ന് രാവിലെ അത്തർച്ച കുളിച്ചൊരുങ്ങി ചള്ള്മുക്കിറങ്ങിയപ്പോൾ ആ നാടിന്റെ എറ്റവും വലിയ ദുർഗന്ധഭാഗവും സുഗന്ധം പൂണ്ടു.

പള്ളിമുറ്റം നിറയെ പുതു വസ്ത്രം ധരിച്ച് ജനങ്ങളെത്തിക്കൊണ്ടിരിക്കുന്നു. ആവേശത്തോടെ നാട്ടിലെ കുട്ടികളൊക്കെ വരിവരിയായി നിരന്നു നിന്നു. കലപിലകൾക്കിടയിലും അത്തറുമായി അത്തർച്ച എല്ലാവരുമായും സംവദിച്ചുകൊണ്ടിരുന്നു. റാലി തുടങ്ങിയപ്പോൾ മുൻപന്തിയിൽ തന്നെ അയാളും നടന്നു നീങ്ങി. കുട്ടികൾ ഉറക്കെ തക്ബീർ ചൊല്ലുമ്പോൾ ഒക്കെ അയാൾ ആവേശത്തിൽ വലതു മുഷ്ടി ഉയർത്തുക മാത്രം ചെയ്തു.

കടന്നു പോകുന്ന വശങ്ങളിൽ നാട്ടുകാർ റാലിക്കുള്ളവർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന പലഹാരങ്ങളും മധുരങ്ങളും അതർച്ചയും ഓടിനടന്ന് വിതരണം ചെയ്തു. എല്ലാവർഷവും തന്റെ ഭാര്യയോട് “പള്ളീലെ കുട്ട്യാൾക്കുള്ള ഉണ്ണിയപ്പമുണ്ടാക്കണം” എന്നു പറഞ്ഞു നിർബന്ധിപ്പിച്ചുണ്ടാക്കി കൊണ്ടുവന്ന എണ്ണയിൽ മൊരിഞ്ഞ ഉണ്ണിയപ്പങ്ങളും അത്തർച്ചയാണ് കുരുന്നു കൈകളിൽ വിതരണം ചെയ്തത്. കവലകളും റബ്ബർ കാടുകൾക്കിടയിലൂടെയുള്ള വഴികളും താണ്ടി റാലി തിരിച്ചു പള്ളിമുറ്റമെത്തിയപ്പോൾ കൊണ്ടുപോയ പ്ലാസ്റ്റിക് കിറ്റുകൾ, മിഠായികളാലും പലഹാരങ്ങളാലും നിറഞ്ഞ പൊലിവിലായിരുന്നു മദ്രസ കുട്ടികൾ. മൂന്നു ചെമ്പുകളിൽ ആയി ആവി പറക്കുന്ന നെയ്ച്ചോറും പോത്ത് കറിയും പൊതികളിലാക്കിയത് വരിവരിയായി ആളുകൾ വാങ്ങിയപ്പോൾ അയാളും ഒരു നെയ്ച്ചോർ പൊതി വാങ്ങി. തന്റെ ബാഗിന്റെ ശേഷിച്ച മൂലയിൽ ആ പൊതി തിരുകി വെച്ചത് ചുറ്റുമുള്ളവർ നോക്കുന്നുണ്ടായിരുന്നു.

കോളാമ്പിയിലൂടെ മൗലിദിന്റെ അവസാനഭാഗവും ചൊല്ലി പള്ളിമുറ്റത്ത് നിന്ന് മനം നിറഞ്ഞെല്ലാവരും വീടുകളിലേക്ക് മടങ്ങിക്കൊണ്ടിരുന്നു. മുറ്റമൊഴിഞ്ഞപ്പോൾ അത്തർച്ചയും തന്റെ ബാഗു മായി ഇറങ്ങി നടന്നു. സ്കൂളിൻറെ മതിൽ ഭാഗത്തേക്കുള്ള ഇടവഴിയിലേക്കക്കയാൾ തിരിഞ്ഞില്ല. നേരെ വയലിന്റെ വരമ്പിലൂടെ മുന്നോട്ട്. വിളവെടുത്തു കഴിഞ്ഞ പാടത്തിന്റെ വിജനതയിൽ അയാൾ കണ്ണു നട്ടു നടന്നു. വരമ്പ് തീരുന്നിടത്ത് മുകളിലേക്ക് പായൽ പിടിച്ച പടികൾ കയറിയെത്തിയപ്പോൾ തെങ്ങിലേക്ക് വലിച്ചു കെട്ടിയ കയറിൽ സ്കൂൾ യൂണിഫോം ഉണക്കാനിട്ടിരിക്കുന്നത് കണ്ട് അയാൾ നിന്നു.

പുറത്താരുമില്ല. ഒച്ചയുണ്ടാക്കാൻ നിഷ്ഫലമായ ഒരു ശ്രമം അയാൾ നടത്തി. വീടിനോട് ഒന്നുകൂടി ചേർന്ന് കയറിനിന്നു. അവിടം നിറഞ്ഞ പരിചിതമായ മണത്തെ പിന്തുടർന്ന് അബി ഉമ്മറത്തെത്തി. അയാൾ നിറഞ്ഞു ചിരിച്ചു. കണ്ണുകൾ ചലിപ്പിച് കൈകൾ നീട്ടി സ്ഥിരം പരിപാടികളൊക്കെ കാണിച്ചു. അവർക്കിടയിൽ രൂപപ്പെട്ടിരുന്ന ഭാഷയിൽ ഇരുവരും സന്തോഷമലകൾ കയറിയിറങ്ങി.

“എന്തിനാ ഇപ്പൊ വന്നേ” അവൻ ചിണുങ്ങി.

അയാൾ സൂക്ഷ്മതയോടെ തന്റെ ബാഗെടുത്തു തുറന്നപ്പോൾ അവൻ ആകാംക്ഷയോടെ എത്തിനോക്കി. കാലം കഴിഞ്ഞ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ നെയ്ച്ചോർപൊതി അവനിൽ വച്ച് അയാൾ പിന്നോട്ടാഞ്ഞു. അവൻ രണ്ടു കൈകൊണ്ടും താഴെ പോകാതിരിക്കാൻ നെയ്ച്ചോർ പൊതി ചേർത്തുപിടിച്ചിരുന്നു.

പെട്ടെന്നാണ് അമ്മ ഉമ്മറത്തേക്കെത്തിയത്.

“നിങ്ങളാരാണ്? എന്താണ് വേണ്ടത്? ”അമ്മയുടെ ആക്രോശം ഉറക്കെയായി.

“മ്മേ ഇതാണ് മണമുള്ള അത്തർച്ച.

ഇന്ന് നബിദിനമായോണ്ട് നെയ്‌ച്ചോറും കൊണ്ടു വന്നതാ ”

അമ്മയോട് അവൻ സന്തോഷം വിവരിച്ചു.

അമ്മ വിട്ടില്ല.

“എന്തായാലും നമുക്കത് വേണ്ട അബീ. വിശ്വസിക്കാൻ പറ്റൂല.

അയാൾക്ക് തന്നെ കൊടുത്തു വിട്ടേക്ക്”

അവൻ തിരിച്ചുകൊടുക്കാൻ കൂട്ടാക്കിയില്ല. അയാളുടെ മുഖത്തേക്ക് നോക്കി അവൻ നിന്നു.

സാഹചര്യം നന്നല്ലെന്നു മനസ്സിലാക്കി അയാൾ തിരിഞ്ഞു നടന്നു തുടങ്ങി. മൂന്ന് പടി ഇറങ്ങി തല വെട്ടിച്ചയാൾ നോക്കിയപ്പോൾ താൻ കൊണ്ടുവന്ന നെയ്ച്ചോർ പൊതി തൊടിയിലേക്ക് വായുവിലൂടെ പറന്നു പോകുന്നത് അയ്യാൾ കണ്ടു . അവന്റെ മുഖത്ത് നോക്കണമെന്നുണ്ടായെങ്കിലും അയാൾ പിന്തിരിഞ്ഞു. ലഭിക്കാൻ സാധ്യതയില്ലാത്ത പരിഗണനയിൽ പ്രതീക്ഷ വയ്ക്കാതെ പടികൾ ഓരോന്നും യുഗങ്ങൾ കണക്കെ അയാൾ നടന്നിറങ്ങി. തൊടിയിൽ വീണു ചിതറിയ നെയ്ച്ചോർ പൊതികണ്ട് അവൻന്റെ കണ്ണു നിറഞ്ഞൊഴുകി. ആക്ഷേപങ്ങളുടെ ഒച്ചപ്പാടവസാനിപ്പിച്ച് അമ്മ അകത്തേക്ക് പോയപ്പോൾ അവൻ തെങ്ങിൻ ചോട്ടിലേക്കുനോക്കി. പേപ്പർ തുറന്നു മണ്ണിലേക്ക് ഓടിയിറങ്ങിയ നെയ്ച്ചോർ മണികൾ. അവൻ അടുത്തേക്ക് ചെന്ന് കുനിഞ്ഞിരുന്നു. കൈ ഷർട്ടിൽ ഒന്നമർത്തി തുടച്ച് ഒരുപിടി ചോറു വാരി വായിലേക്ക് വച്ചു. നെയ്‌ച്ചോറിലേക്ക് കൈനീട്ടിയപ്പോൾ വീണ കണ്ണീർ മുത്തിനെ അവൻ പരിചയഭാവം കാണിച്ചില്ല. അവഗണനയിൽ ആ കണ്ണുനീരും ഒലിച്ചടങ്ങി.

പെട്ടന്നവൻ സ്തബ്ധനായി. ചോറിന് നെയ്മണമില്ല. കഴിഞ്ഞ നാളുകൾ മുഴുവൻ പരന്നൊഴുകിയ അത്തറിന്റെ മണം. നാടിടങ്ങളെയും നാട്ടുകാരെയും തൊട്ടറിഞ്ഞ അത്തർച്ചയുടെ മണം.