അതേ നാലുപേർ

അതേ നാലുപേർ…
പണ്ട്,
ആനയെ കാണാൻ പോയവർ,
ഇന്നൊരു
കല്യാണം കൂടിയത്രേ…

മംഗല്യമെന്നത്
പെണ്ണിനെ
അടിമയാക്കുന്ന
സൂത്രപ്പണിയെന്നു
ഒരുവൻ!

താലികെട്ടും
തിലകം ചാർത്തുമില്ലേൽ
ആചാര ലംഘനമെന്ന്
മറ്റൊരുവൻ!

രണ്ടാം കെട്ടെങ്കിൽ
പെണ്ണ്
പിഴച്ചത് തന്നെയെന്ന്
മൂന്നാമൻ!

സന്താനോല്പാദനത്തിന്റെ
അനിയന്ത്രിത ഉപാധിയെന്ന്
നാലാമന്റെ
‘അന്വേഷണാത്മക
വിലയിരുത്തൽ!’

മാറിനിന്നു
കുശുകുശുത്തവർ
ആദ്യ പന്തിയിൽ
സദ്യയുണ്ട്,
പിരിയും മുന്നേ,
‘നാലും കൂട്ടി’
കൂടിയിരുന്നൊന്നു മുറുക്കിയത്രേ..!

അന്തിക്ക്..,
നാൽക്കവലയിൽ
അവരവരുടെ ഇരിപ്പിടങ്ങളിലിരുന്ന്
വിളിച്ചുകൂവാറുണ്ട്
കൗതുകമാർന്ന,
കല്പനാചാതുരി…
‘പതിവു തെറ്റാത്ത ഔത്സുക്യം!’

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.