
എൻ്റെയും നിൻ്റെയും
അതിർത്തികൾ വേർതിരിച്ച്
നമുക്കിടയിൽ ഇതേവരെ
ഒരു മഴ പെയ്തിട്ടില്ല.
എൻ്റെയും നിൻ്റെയും
മുറ്റങ്ങൾ ഒരേ പോലെ
കഴുകിമാത്രമേ ഒരോ മഴയും
കടന്നു പോയിട്ടുള്ളു.
ശാന്തമായ മഴയ്ക്ക്
നമ്മൾ വേർതിരിവിൻ്റെ
കുടപിടിച്ചുമില്ല.
ചോര കിനിയുന്ന
ആകാശത്തിനു താഴെ,
നമ്മൾ-
വെള്ള പൂച്ചെടികൾ നട്ട്
മഴയെ –
കാത്തിരുന്നവർ.
അഹന്തയുടെ
കുറ്റിക്കാടുകൾ വളരുന്ന
അതിർത്തികളിൽ നിന്ന്
മനുഷ്യരെ തേടി മാത്രം
മഴത്തുള്ളികൾ
വെടിയുണ്ടയായി പെയ്യുന്നു.
നമ്മുടെ
അതിർത്തികളിലേ-
ക്കെത്തുന്ന മഴക്കാറ്റുകൾക്ക്
ഈർപ്പക്കുറവിൻ്റെ ചൊരുക്ക്.
മഴ പോലെന്തോ
പെയ്യുന്നതാണെന്ന് തോന്നി
അതിർത്തികളിലേക്ക്
പാഞ്ഞു പോയ കുട്ടികൾ
ഇടിമിന്നൽ പോലെന്തോ
തുളഞ്ഞുകയറി കത്തിയമരുന്നു.
എൻ്റെയും നിൻ്റെയും
വീട്ടുമുറ്റത്ത്
സമാനതയോടെ പെയ്ത
മഴയ്ക്കിപ്പോൾ
ഒരു വശം മാത്രം ചെരിഞ്ഞു
തീമഴയായി പെയ്യാൻ മോഹം.
കാടുകളിൽ നിന്നും
കുന്നുകളിൽ നിന്നും
വീട്ടുമുറ്റത്തേക്ക് വന്നെത്തിയ
മഴയിപ്പോൾ,
അപ്പുറത്തുള്ള നിൻ്റെ
തലച്ചോറിൽ നിന്ന്
കരഞ്ഞുപിറക്കുന്നു.
നമ്മുടെ
അതിർത്തികളിൽ പെയ്ത
എല്ലാ മഴകൾക്കും
സ്നേഹത്തിൻ്റെ തണുപ്പും
നന്മയുടെ ഒഴുക്കുമുണ്ടായിരുന്നു.
നമ്മുടെ അതിർത്തിക
ളിലിപ്പോൾ, നമുക്ക്
നനഞ്ഞു നടക്കുവാൻ
മഴ പെയ്യാറില്ല,
വെടിയൊച്ചകൾ മാത്രമായി
രൂപം മാറുന്ന
ഇടിമുഴക്കങ്ങൾ മാത്രം.
ആരുടെയും
അതിർത്തികൾ ഇപ്പോൾ
ശാന്തമല്ല.
പെയ്യുന്ന മഴ ഒട്ടു തണുപ്പുമുള്ളതല്ല.
കുടപിടിച്ചു
നടക്കുന്നവരൊക്കെ
തീമഴയേറ്റ് മരിക്കുന്നവർ മാത്രം.









