നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ
‘ഒരു പൂഹോയ്’ എന്ന് ഏറ്റു വിളിക്കുക,
ഈ കപ്പൽ
കടൽക്കാക്കകൾ
തകർത്തിരിക്കുന്നു.
പലായനങ്ങളിലേർപ്പെടും
കടൽമത്സ്യങ്ങളുടെ ഇരുകണ്ണുകളിലും
അടിഞ്ഞ കപ്പൽച്ചേതങ്ങൾ.
ഗുഹാമുഖത്തെ ഒളിയിടങ്ങളിലെ
ചുവർചിത്രങ്ങളിൽ കാണപ്പെടുന്ന
വരയൻപുലിയുടെ
നിറംമങ്ങിയ മുഖമുള്ള
വേട്ടക്കാരന്റെ ഒളിയമ്പിൽ
ഒരു സ്രാവിന്റെ ചോരയിലാകെ നീന്തി
ചിതറിയ അടുക്കള.
ഞാൻ കപ്പലിറങ്ങി
ജടകെട്ടിയ മുടിയുമായലയുന്ന
ആകാശത്ത് വെച്ച്
അനാദികാലത്ത്
എവിടെയോ കണ്ടുമറന്ന സിംഹമുഖവും
എപ്പഴോ ചൂട് പകർന്ന തപസ്വിയായ
ഹിമക്കരടിയുടെയും കൂടെ
പൂക്കളിറുക്കാൻ പോകുന്നു.
ഈ ആരവമൊഴിഞ്ഞ
തുറമുഖത്ത്
*റോബിൻസൺ ക്രൂസോ,
ഞാൻ നിന്റെ പൂച്ചക്കുഞ്ഞോ
പട്ടിക്കുഞ്ഞോ ഉണക്ക റൊട്ടിയോ
ആയിരുന്നു,
നീയെനിക്ക് ഹിമക്കരടി.
നിന്റെ പുലിനഖം വാർന്ന നെഞ്ചിൽ
ഒരു തിരുവോണത്തിന്റന്നുണ്ണാതെ
മടങ്ങിപ്പോയ തിരയമ്പിന്റെ
ഒറ്റപ്പെട്ട ആരവം എന്റെ കണ്ണിൽ നിന്ന്
ശംഖിലെ കടല് പോലെയിരമ്പി.
കപ്പലിന്റെ തിരിച്ചുവരവും നോക്കിയിരിക്കേ
ഇടയിലേതോ എനിക്കപരിചിതയായ
എന്നിലെയൊരുവളെപ്പോലെ ഞാൻ
കൊത്തവര അരിയുന്നു.
നിനക്കതിന്റെ മെഴുക്കുപുരട്ടിയ
കരിഞ്ഞമണം ഇഷ്ടമായിരുന്നല്ലോ
ഇന്നും കരിച്ചു വെക്കും,
കരിഞ്ഞ് കരിഞ്ഞ് ഞാനുമുണങ്ങും.
അകലെ മൃഗതൃഷ്ണയിൽ
മറ്റൊരു കപ്പലിടിച്ച് എന്റെ അവസാനത്തെ
കപ്പൽച്ചേതങ്ങളും ഒഴുകിപ്പോയ ഓർമകൾ
ചിക്കുള്ള മുടിയുലയ്ക്കുന്നു.
കൊത്തവര പെട്ടെന്നു തന്നെ കരിഞ്ഞു,
വിരലിനറ്റം ചോര പൊടിയുന്നു
കരിഞ്ഞ വിരൽ.
ഞാൻ ഉപ്പുo മഞ്ഞളുമിട്ട്
വെള്ളമൊഴിച്ച്
കൊത്തവര മാറ്റിവെച്ചു.
സൂചിയിൽ നൂല് കോർത്തു കൊണ്ട്
കപ്പലിന്റെ കീറിയ കൊടിക്കൂറ
കൂട്ടിത്തുന്നി,
*റോബിൻസൺ ക്രൂസോ,
നിന്നസാന്നിധ്യമെന്റെ സഞ്ചാരത്തെ
പേൻനുള്ളി സമയത്തെക്കൊന്നു,
ക്രൂശിച്ചു നിന്റെ കൊടിക്കൂറയെ,
കാര്യമില്ലാതെ.
ചോറുവാർക്കുമ്പോൾ
പകലിലെ ചിമ്മിനിയടുപ്പിൽ
പൂച്ചയെപ്പോലെ പതുങ്ങിയ
ഇരുണ്ടവെളിച്ചത്തിൽ
ഒരു വ്യാളിയുടെ കഥ
വൈകുന്നേരം 4.55 ന്
എഫ് എം റേഡിയോയിൽ കേൾക്കുന്നു.
തകർന്നൊരു മുതിർന്ന കപ്പൽ
കടലിന്റെ തുറന്ന പുസ്തകത്തിലെ
തിരകളുടെ ഒഴിഞ്ഞ താളിലേക്ക് തിരിഞ്ഞുകിടന്ന്
കാറ്റിൽ ഇക്കിളിപ്പെട്ടുലഞ്ഞു .
എന്റെ നെഞ്ചിലപ്പോൾ
പോയ്‌പ്പോയ തിരയിൽ കാണാതായ
കപ്പലിനുള്ളിലെ ദഫ്മുട്ടുയരുന്നു.
കാറ്റ് പോയ വഴിയേ ഇക്കിളി നിലച്ചപ്പോൾ
കരിഞ്ഞ കൊത്തവരയെന്നെ
ദയയില്ലാത്ത കൊലയാളിയാക്കി.
എന്റെ ഉടുപ്പിൽ
ഹിമക്കരടിയുടെ രോമം.
ഞാൻ കുടഞ്ഞു കളയുന്നെയില്ല.
സിംഹമുഖവും
ഹിമക്കരടിയുടെ ചൂടുമുള്ള
നിരാശാകാമുകന്റെ
ഊതനിറമുള്ള പ്രണയകവിത
മഴയ്ക്ക് മുന്നെ
കടൽച്ചുഴിയിൽ നിന്നുംപൊങ്ങി വന്ന്
തെരുതെരെ ഉമ്മവച്ചു,
എന്റെ തുറന്ന പുസ്തകത്തിലെ
ഒഴിഞ്ഞതാളിന്റെ തിരയൊഴിഞ്ഞ
അവസാന വരിയിലെ കോമയിൽ.
സിംഹമുഖവും
ഹിമക്കരടിയുടെ ചൂടുമുള്ള
തപസ്വിയായ യുവാവിന്റെ
നിശബ്ദതയുമായി
അലഞ്ഞുതിരിയുന്ന കടൽമണമുള്ള
ഉപ്പുകാറ്റാണിപ്പോൾ ചൂളം വിളിക്കുന്നത്.
ഒരു കരിങ്കുയിലിനെ നോക്കി ഞാൻ
കപ്പൽ കയറുന്നു
ദിശ മാറ്റുന്നു കൊടിക്കൂറ പാറുന്നു.
തിരകൾക്കപ്പുറത്തുള്ള
ശൈത്യരാജ്യത്തിന്റെ
ഭൂപടത്തിൽ നിന്ന്
നരിച്ചീറിന്റെ ചിറകുകളെന്നു
തോന്നിച്ച ചെവിയുമായി
ഒരു വരയൻപുലി ഓടിപ്പോയി,
വായയിൽ
ഹിമക്കരടിയുടെ
തൂവെള്ള നിറമുള്ള
സിംഹമുഖമുള്ള
തപസ്വിയായ യുവാവിന്റെ ഗളഛേദനം
സ്വപ്‍നത്തിലെ മറ്റൊരു ഞാൻ
കരിഞ്ഞ കൊത്തവര എണ്ണമെഴുക്കി വെച്ചു.
എന്റെ സന്ദേഹമിപ്പോഴും
തുറന്ന പുസ്തകത്തിലെ
ഒഴിഞ്ഞതാളിന്റെ തിരയൊഴിഞ്ഞ
അവസാന വരിയിലെ കോമയിൽ
ഹിമക്കരടിയുടെ രോമം
എത്രകാലം
കുടുങ്ങിക്കിടക്കുമെന്നായിരുന്നു!
ഞാൻ തിരിച്ചുപോയി
അവസാനവരിയിലെ കോമയിൽ
ഏങ്കോണിച്ചിരുന്ന്
കൊത്തവര അരിയാൻതുടങ്ങി
*റോബിൻസൺ ക്രൂസോ- ഇംഗ്ലീഷിൽ രചിക്കപ്പെട്ട സഞ്ചാരനോവലായ റോബിൻസൺ ക്രൂസോ ഡാനിയിൽ ഡീഫോ ആണ് രചിച്ചിരിക്കുന്നത്