അതിര് നിർമ്മിക്കുന്നവർ

ആകാശത്തു
അതിർത്തികളുണ്ടോ?
ഉണ്ടെങ്കിലത് നമ്മൾ
മനുഷ്യർക്കിടയിൽ മാത്രം.
പക്ഷെ,
കിളികളവിടെ
വിതയ്ക്കുകയോ
കൊയ്യുകയോ ചെയ്യുന്നില്ല.
വിളവെടുപ്പും
മുതലെടുപ്പും മനുഷ്യർക്ക് തന്നെ.

ആകാശത്ത് അതിർത്തികൾ
ലംഘിക്കേണ്ടത്
മനുഷ്യന് മാത്രമാണ്.
പാസ്പോർട്ടും
വിസയുമായി
ഒരു യന്ത്രപ്പക്ഷിയപ്പോൾ
ചിറക് നീർത്തും.
ചന്ദ്രനിലും ചൊവ്വയിലും
ജീവന്റെ തുടിപ്പ് തേടും.
കൊടി നാട്ടും.

ഭൂമിയിൽ
അതിർത്തികളുള്ളതും
മനുഷ്യന് മാത്രമാണ്.
എന്നാൽ,
അതിർത്തികളില്ലാതെ
കിളികളവിടെ
വിതയ്ക്കുകയും
കൊയ്യുകയും ചെയ്യുന്നു.
‘പൂർണമായ പൗരസ്വാതന്ത്ര്യം
ഭൂമിയിലാണല്ലോ’ എന്നോർത്ത്
പക്ഷികൾ ഇരിക്കുകയും
നടക്കുകയും പറക്കുകയും
പാടുകയും ഇണയെ തേടുകയും
വീട് പണിയുകയും കലഹിക്കുകയും
മുട്ടയിടുകയും ഇരപിടിച്ചു
ഉറങ്ങുകയും ചെയ്യും.
വയലിലാണെങ്കിലവ
ചിക്കിയിട്ടതെല്ലാം കൊത്തിപ്പറക്കുന്നു.
അതിർത്തി കാക്കുന്നൊരു
കാര്യസ്ഥൻ ബൊമ്മക്കോലം
കണ്ണു തുറന്നുറങ്ങുന്നു.

കടലിൽ പുഴയിൽ
നദികളിൽ തോടുകളിൽ
അതിർത്തികളിട്ടതും മനുഷ്യനാണ്.
ഒരു വേട്ടക്കാരനെപ്പോലെ
വെള്ളത്തിൽ പോലും
അതിർത്തിരേഖകൾ വരയ്ക്കുന്നു.
വിശാലമായ വലവിരിക്കുന്നു.

മനുഷ്യരിൽ രാമനായിരുന്നത്രെ
ആദ്യമായി ചിറ കെട്ടിയത്.
ഒരു അതിർത്തിയിൽ നിന്നും
മറ്റൊരു അതിർത്തിയിലേക്ക്.
ഒരിക്കൽ ലക്ഷ്മണനാൽ
അതിർത്തിക്കുള്ളിലായ
സീത പിന്നീട് ഭൂമിയെ
എത്രയളന്നു പകുത്തായിരിക്കും
അന്തർധാനം ചെയ്തിട്ടുണ്ടാകുക?

അതിർത്തികൾ തകർക്കാനും
ഭൂമി കൂടുതൽ വിശാലമാക്കി
അതിരുകൾ നിർമ്മിക്കാനും
എത്ര ഉടമ്പടികളിലൂടെ ആയിരിക്കാം
രാജ്യങ്ങൾ കടന്ന് പോയിട്ടുണ്ടാകുക?
അപ്പോൾ,
അഭയാർഥികളായ കിളികൾ
പലായനത്തിനിടെ എത്രയെത്ര
അതിരുകളെ കണ്ടു കാണും?
വികാരത്തിന്റെ
വിചാരണയുടെ
വെറുപ്പിന്റെ
സഹതാപത്തിന്റെ
നിയമാനുസൃതമായതിന്റെയെല്ലാം
കൂട്ടിക്കെട്ടിയ മുള്ളുവേലികൾ
വൈദ്യുതക്കമ്പികൾ.
പലതും ചിറക് കുരുങ്ങിയും
ഷോക്കടിച്ചും മരിച്ചിട്ടുണ്ടാകും .

ഭൂമിയിൽ അതിർത്തികൾ
ലംഘിക്കണമെങ്കിലും
നിർമ്മിക്കണമെങ്കിലും
അതിരുകളുള്ള
ഒരു തുണ്ട് മണ്ണ് സ്വന്തമായി
തന്നെ വേണം.
അതിർത്തിക്കപ്പുറമുള്ളവർ
കൊടി പിടിച്ചു മുഷ്ടി ചുരുട്ടും മുന്നേ.

മരണത്തിനും അതിർത്തിയുണ്ട്,
അത് ജന്മനാ ശരീരത്തെ
കീഴ്പ്പെടുത്തിയ
നിറത്തിനും വംശത്തിനും.
ജീവിച്ചിരിക്കുന്ന മനുഷ്യരാണിതിന്റെ
അതിർത്തി വരയ്ക്കുന്നത്.
ഒടുവിൽ പൊതുശ്മശാനത്തിലേക്ക്
നിറവും വംശവും കരിയും .
കരിഞ്ഞതിനെല്ലാം ഒരേ നിറം
ഒരേ വംശം.
മനസ്സുകൾക്കിടയിൽ ഇത് വരെ
കണ്ടുപിടിക്കപ്പെടാത്ത
ഇത്തരം അതിരുകളെ
ആരാണ് കണ്ടെടുത്ത്
അളന്നു തിട്ടപ്പെടുത്തുക?

സ്നേഹത്താലാണത്രെ
അതിർത്തികൾ പലപ്പോഴും
ലംഘിക്കപ്പെടുന്നത്.
അപ്പോഴവർ നമ്മുടെ
മൂന്നടി അളന്നെടുക്കും.
രണ്ടടി കൊണ്ട്
സ്വർഗം
ഭൂമി
പാതാളം.
ശിരസിലവർ അളന്നെടുക്കും
മൂന്നാമത്തെ അടിയും.
പൗരസ്വാതന്ത്ര്യമില്ലാത്ത നമുക്കപ്പോൾ
ഭൂമിയിലോ ആകാശത്തോ
ജലത്തിലോ അതിരുകളേ
ഉണ്ടാവില്ല.
അഭയാർഥികളെപ്പോലെ തന്നെ
നമ്മൾ നട്ടംതിരിയും.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു