അതിമോഹിയായ രാജാവ്

തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ രണ്ടാം സ്ഥാനം 

ഒരിടത്ത് മിത്രരാജ്യം എന്നൊരു രാജ്യമുണ്ടായിരുന്നു. ആ രാജ്യത്തിലെ രാജാവായ മിത്രന്‍ വളരെ ദയാലുവും ദാനശീലനുമായിരുന്നു. മിത്രന്റെ കാലഘട്ടത്തില്‍ ജനങ്ങള്‍ വളരെയധികം സന്തോഷത്തോടും സമാധാനത്തോടുകൂടിയും ജീവിച്ചിരുന്നു. രാജാവ് മിത്രന്‍ ദാനശീലനായതിനാല്‍ എന്നും അമ്പലങ്ങളിൽ പോയി ദാനം നടത്തുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഒരുദിവസം പതിവുപോലെ ദാനം നടത്തുന്നതിനായി അദ്ദേഹം ഒരു അമ്പലം സന്ദര്‍ശിച്ചു. ആ അമ്പലത്തില്‍ ആയിരം യാചകർ ഭിക്ഷ യാചിച്ച് ഇരിക്കുന്നുണ്ടായിരുന്നു. മിത്രന്‍ രാജാവ് പതിവുപോലെ ദാനം നല്‍കാന്‍ തുടങ്ങി. തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഭിക്ഷക്കാര്‍ക്ക് ദാനം നല്‍കിയശേഷം അവസാനത്തെ ആള്‍ക്ക് ദാനം നല്‍കാന്‍ തുടങ്ങുമ്പോള്‍ ആ ഭിക്ഷക്കാരന്‍ രാജാവിനെ തടഞ്ഞു.
അയാള്‍ പറഞ്ഞു, ”അങ്ങ് എനിക്ക് ദാനം നല്‍കുന്നതിനുപകരം ഒരു അടി എന്റെ കവിളത്ത് തരണം.”
മിത്രന്‍ രാജാവ് അമ്പരന്നു ചോദിച്ചു, ”അത് എന്തിനാണ്?”
അപ്പോള്‍ ആ ഭിക്ഷക്കാരന്‍ പറഞ്ഞു, ”എന്റെ ജീവിതകഥ കേള്‍ക്കുമ്പോള്‍ അങ്ങയ്ക്ക് അതിന്റെ കാരണം മനസ്സിലാവും. അത് പറയാന്‍ ഞാന്‍ അങ്ങയുടെ അനുവാദം നേടാന്‍ ആഗ്രഹിക്കുന്നു.”
”തീര്‍ച്ചയായും.” രാജാവ് അനുവാദം നല്‍കി.
 ഭിക്ഷക്കാരന്‍ തന്റെ കഥ പറയാന്‍ ആരംഭിച്ചു, ”ഞാനും ഒരിക്കല്‍ അങ്ങയെപ്പോലെ ഒരു രാജാവായിരുന്നു. വെറും രാജാവല്ല അതിമോഹിയായ രാജാവ്. എന്റെ പ്രജകളെ പണത്തിനായി ഞാന്‍ നിരന്തരം ചൂഷണം ചെയ്തു. പ്രജകള്‍ എന്നെ മനസ്സുരുകി ശപിച്ചു. ഒരു ദിവസം എന്റെ രാജകീയമായ കൊട്ടാരത്തില്‍ ഒരു സന്യാസിയെത്തി. ഞാന്‍ അദ്ദേഹത്തിനെ വേണ്ടവിധം സ്വീകരിച്ചിരുത്തി. എന്നില്‍ അത്യാധികം സന്തുഷ്ടനായ അദ്ദേഹം എനിക്കൊരു വരം നല്‍കി. ഞാന്‍, എനിക്ക് അദ്ദേഹം പഠിപ്പിച്ചുതന്ന മന്ത്രം ചൊല്ലിയാല്‍ എനിക്ക് ഈ ലോകത്തിലുള്ള എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും എന്റെ ഈ കണ്ണുകള്‍ കൊണ്ടു കാണാന്‍ കഴിയും. പക്ഷേ അദ്ദേഹം എനിക്കൊരു മുന്നറിയിപ്പുകൂടി നല്‍കി. ആ മന്ത്രം ഞാന്‍ ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ എനിക്ക് എന്റെ രാജ്യവും ആഡംബരങ്ങളും നഷ്ടപ്പെടും. പക്ഷേ അതിമോഹിയായ ഞാന്‍ ആ മന്ത്രം ഒന്നിലധികം തവണ ഒരു ദിവസം ഉപയോഗിച്ചു. അതോടെ എനിക്ക് എന്റെ രാജ്യം നഷ്ടപ്പെട്ടു. എന്റെ ആഡംബരങ്ങള്‍ നഷ്ടപ്പെട്ടു. എല്ലാം നഷ്ടപ്പെട്ടു. ഞാന്‍ ഒരു ഭിക്ഷക്കാരനായി മാറി. പക്ഷേ അങ്ങ് ഒരു മഹാനാണ്. പ്രജകളുടെ ഇഷ്ടരാജാവാണ്. അങ്ങ് ഒരിക്കലും അതിമോഹിയാകരുത്.”
ഇത്രയും പറഞ്ഞശേഷം ആ ഭിക്ഷക്കാരന്‍ എങ്ങോട്ടോ പോയി. രാജാവ് മിത്രന്‍ നിശബ്ദനായി നിന്നു.
റാസ് അൽ ഖൈമ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി . തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ രണ്ടാം സ്ഥാനം ലഭിച്ചു .