
കേറുവാനാരുമില്ല
വെള്ളമിരച്ചെത്തും തുളവീണ
കൊട്ടവള്ളം കണക്കെയിളകുമിരു –
വഴിക്കണ്ണുകളിലൊന്നിലും.
ഇരുൾക്കൊമ്പനൊ,രൊറ്റയാ-
മമ്പിളിക്കൊമ്പും കുലുക്കി
തുമ്പിക്കരം പൊക്കി നീന്തും
നവചിത്രം വരച്ചിട്ടു
മനക്കണ്ണാൽ ചുവരിന്മേൽ.
വരുവാനാരുമില്ലേ-
ഇറങ്ങിപ്പോകുവാനുമാരുമില്ലേ?
വിറയ്ക്കുന്നു വൃദ്ധയിലകൾ
കിടക്കും
ഭൂതല സദനത്തിൽ.
ഇരുൾച്ചുരുളുകണക്കെയുരുണ്ട്
കേറിപ്പോകുന്നു-
മേഘങ്ങളിരുതോണിയാം
തിമിരക്കണ്ണിൽ.
മറുജന്മക്കൊടുംചൂടിൽ
ഉടൽവേവും പുഴയോരത്തവരാദ്യം
ചേക്കേറി,ത്തുഴഞ്ഞതാണീ-
പഴഞ്ചൻ മിഴിത്തോണികൾ.
തുളവീണതാം മട്ടിൽ
വലുതായ് കൃഷ്ണഗോളം,
മുങ്ങിപ്പൊങ്ങി വീർക്കും –
മിഴിത്തോണിയിറങ്ങി
മൃതിപദങ്ങളുമായി
വരുന്നുണ്ടാരോ.
ഇരുൾഗേഹത്തിൻ –
ഇരു നക്ഷത്രജാലകക്കണ്ണും
പാതിചാരി
തുഴരണ്ടു കരങ്ങളയാൾ,
ദഹിപ്പിച്ചു പയ്യെ.
മഴവെള്ളം കണക്കിരച്ചെത്തും
തുളവീണ വഴിക്കണ്ണിൻ
കൊട്ടവള്ളത്തി-
ലനുയാത്രയായ്.
ഇരുൾക്കൊമ്പനെപ്പോ,ലൊറ്റയാ-
മമ്പിളിക്കൊമ്പും കുലുക്കി
തുമ്പിക്കരം പൊക്കി പോകുന്നു
പുരാതനചിത്രം കണക്കെ.








