അഘോരി

പ്രധാന പാതയിലൂടെ വാഹനം ഓടിച്ച് വരുമ്പോളാണ് തോളിൽ പഴയ മുഷിഞ്ഞ ഒരു തുണി സഞ്ചിയും കയ്യിൽ ത്രിശൂലവും പിടിച്ചുകൊണ്ട് കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളുമായി ദേശീയപാതയുടെ ഓരം പറ്റി നടന്നു നീങ്ങുന്ന ഒരാളെ കാണുന്നത്. അയാളുടെ വേഷവിധാനം തന്നെയായിരികണം എൻ്റെ ശ്രദ്ധ അയാളിൽ പെട്ടന്ന് തറച്ചു. വാഹനം അയാളെ കടന്ന് പിന്നെയും കുറച്ചു ദൂരം പോയി. പെട്ടന്നാണ് മനസ്സിൽ ഞാൻ ആ നടന്നു പോകുന്ന മനുഷ്യനെ മുൻപ് എവിടേയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നിയത്. ഉടനെ വാഹനം സഡൻ ബ്രേക്ക് ഇട്ട് നിർത്തി. കാറിൽ നിന്നും പുറത്തിറങ്ങി റോഡിനരികിൽ അയാളെ കാത്തുനിന്നു.

ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തനെ പോലെ തോന്നിക്കുന്ന വിധത്തിലായിരുന്നു അയാളുടെ വേഷം. നീട്ടി വളർത്തിയ മുടിയും താടിയും, കുളിച്ചിട്ട് ദിവസങ്ങളോളം ആയെന്ന് കണ്ടമാത്രയിൽ തന്നെ ഏതൊരാൾക്കും തോന്നുന്ന വിധം മുടിയെല്ലാം വല്ലാതെ ജട പിടിച്ചിരിക്കുന്നു. കഴുത്തിലും കയ്യിലും വലിയ രുദ്രക്ഷമാലകൾ മടക്ക് മടക്കുകളായി ചുറ്റിവെച്ചിട്ടുണ്ട്. മുഖത്തും കയ്യിലും എന്ന് വേണ്ട പുറമേകാണുന്ന എല്ലാ ശരീരഭാഗnങ്ങളിലും “ഭസ്‌മം” പോലുള്ള എന്തോ ഒരു പൊടി വാരി തേച്ചിട്ടുമുണ്ട്. അതിനാൽ തന്നെ ആ പുറം മൂടിക്കുള്ളിലെ ആളെ മനസിലാക്കുക എന്നത് കുറച്ച് ദുഷ്കകരം തന്നെയായിരുന്നു. അയാൾ ഏതു ദേശകാരൻ ആണെന്നൊന്നും അറിയില്ലെങ്കിലും, എൻ്റെ അടുത്തെത്തിയപ്പോൾ ഞാൻ അയാളോട് ആരാഞ്ഞു,

“നിങ്ങളുടെ പേര് രാമകൃഷ്ണൻ എന്നാണോ.?”

ആ ചോദ്യംകേട്ട് അയാൾ എന്നോട് വളരെ സൗമ്യമായി ഒന്ന് ചിരിച്ചു എന്നിട്ട് വീണ്ടും മുൻപോട്ടുള്ള പ്രയാണം തുടർന്നു. അയാളെ വിടാൻ ഞാൻ തയ്യാറായിരുന്നില്ല പുറകെ ചെന്ന് ചോദ്യം വീണ്ടും ഒരവർത്തികൂടി ചോദിച്ചു.

അയാൾ ശബ്ദംതാഴ്ത്തി ഒന്ന് മൂളി “ഉം”.

താഴത്തേതിലെ വീട്ടിൽ കുഞ്ഞുമണി ഏട്ടന്റെയും ശാരദ ചേച്ചിയുടെയും മകൻ രാമകൃഷ്ണൻ .?

എൻ്റെ ആ ചോദ്യം അസ്ഥാനത്തായെന്നാണ് ഞാൻ ആദ്യം കരുതിയത്. കാരണം, കുറച്ചുമുൻപ് ഞാൻ അയാളുടെ മുഖത്ത് പ്രകടമായിക്കണ്ട ആ സ്വാതിക ഭാവം ഒറ്റ നിമിഷത്തിൽ മാറി. മറുപടിയെന്നോണം അതി തീഷ്ണമായ ദൃഷ്ടികളാൽ എന്നെ നോക്കി, ഈ ലോകത്തുള്ള സകല ചരാചരങ്ങളെയും വെറുക്കുന്ന, ഭസ്‌മമാക്കി കളയാൻ വെമ്പുന്ന മനസ്സുള്ള ഒരാളുടെ വല്ലാത്ത നോട്ടമായിരുന്നു അയാളുടേത്.

“അതെ.!”

അയാൾ അത് പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ ഞാൻ എന്റെ മനസ്സിലെ കുറെ ചോദ്യങ്ങളുടെ കെട്ട് അയാൾക്ക്‌ നേരെ അഴിച്ചുവിട്ടു,

നീ എവിടയായിരുന്നു ഇത്രയും വർഷം.?

എന്ത് രൂപമാ രാമകൃഷ്‌ണാ ഇത്.?

എന്തിനാ നീ നാടും വീടും വിട്ട് പോയത്.?

ചെറുപ്പം മുതൽക്കേ വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. രാമകൃഷ്‌ണൻ ഒരു പ്രതിഭാധനനായ, ആയോധന കലകളിൽ പ്രാവീണ്യമുള്ള, വളരെ ബുദ്ധികൂർമ്മതയുള്ള, സഹജീവികളോട് സ്നേഹവും കരുണയുള്ളതുമായ ചെറുപ്പകാരനായിരുന്നു. എന്നിട്ടും, വിവരണാതീതമായ ഒരു ശൂന്യത അവന് അനുഭവപ്പെട്ടിരുന്നു എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവൻ്റെ കുടുംബത്തിൻ്റെ സ്നേഹത്തിനോ ചുറ്റുപാടുകളുടെ സൗന്ദര്യത്തിനോ നികത്താൻ കഴിയാത്ത വേദനാജനകമായ ശൂന്യത അവനെ ചെറുപ്പത്തിൽ തന്നെ ആവരണം ചെയ്തിരുന്നു. സൗഹൃദ സംഭാഷണങ്ങളിൽ പോലും പലതവണ പരമസത്യം തേടി ലൗകിക സുഖങ്ങൾ ഉപേക്ഷിച്ച ഋഷിമാരുടെയും യോഗിമാരുടെയും കഥകളിലേക്ക് അയാൾ ആകർഷിക്കപ്പെട്ടിരുന്നു.

എന്റെഓർമയിൽ ഒരിക്കൽപോലും ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളോ രഹസ്യങ്ങളുടെ മറകളോ ഉണ്ടായിരുന്നില്ല. എന്നിട്ടും നാട്ടിൽ നിന്നും പെട്ടന്നൊരുദിവസം ആരോടും പറയാതെ അയാൾ അപ്രത്യക്ഷനാകുകയായിരുന്നു. ഏതാണ്ട് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് രാമകൃഷ്ണനെ ഞാൻ വീണ്ടും കാണുന്നത്. അവന്റെ ഐഡൻറിറ്റി വെളിപ്പെട്ട മാത്രയിൽ തന്നെ ഞാൻ അവനെ ഒന്ന് ആലിംഗലം ചെയ്യാൻ ശ്രമിച്ചു എങ്കിലും കയ്യിൽ ഉണ്ടായിരുന്ന ശൂലം കൊണ്ട് അയാൾ എന്നെ തള്ളിനീക്കി.

“മാറിപോകു”, ഞാൻ നിങ്ങൾ കരുതുന്നതുപോലെ ആ പഴയ രാമകൃഷ്ണനല്ല, “ബാബ രുദ്രയാണ്” എന്റ എല്ലാ രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളും എന്തിന് അധികം പറയണം നാമം ഉൾപ്പടെ പുണ്യ നദിയായ ഗംഗയിൽ ഒഴുക്കി സ്നാനം ചെയ്ത് “ഭൈരവ” രൂപത്തിലുള്ള ഭഗവാൻ ശിവനെ ആരാധിക്കുന്ന സന്യാസിമാരായ, എല്ലാ വസ്തുക്കളിലും പൂർണത കണ്ടെത്തുന്ന “അഘോരി” സന്യാസികളിലേക്ക് എത്താനുള്ള ഒരു പ്രയാണത്തിലാണ് ഞാൻ. അതുകൊണ്ടു തന്നെ സ്വദേശത്തെ കുറിച്ചോ ധരിക്കുന്ന വസ്ത്രത്തെ കുറിച്ചോ, കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ യാതൊരു ചിന്തകളും ഈ ഞങ്ങളെപോലുള്ള സന്യാസി സമൂഹത്തെ ഒരിക്കലും അലട്ടാറില്ല. ഞങ്ങളുടെ ആരാധനാരീതി പോലും മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമാണ്. അതുപോലെ തന്നെ ധ്യാനത്തിന്റെ ഏകാഗ്രതക്കായി അഘോരികളായ ഞങ്ങൾ തെരഞ്ഞെടുക്കുന്നയിടങ്ങൾ ശ്മശാനങ്ങളാണ്. എൻ്റെ പ്രയാണത്തിന് ഭംഗം വരുത്താതെ എന്നെ പോകാൻ അനുവദിക്കുക”

ഒരു പ്രവാസി ആയിരുന്ന എനിക്ക് ഈ “അഘോരി” സന്യാസികളെ കുറിച്ചൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. അകെ അറിവുള്ളത് ഗംഗയില്‍ ഒഴുകിനടക്കുന്ന അഴുകിയ ശവശരീരങ്ങള്‍ പിടിച്ചെടുത്ത് ഭക്ഷിക്കുക, ഭാഗും, കഞ്ചാവും ഉപയോഗിക്കുക, ആര്‍ത്തവത്തിലുള്ള സ്തീയുമായി രതിയിലേര്‍പ്പെടുക, സാധാരണ ആള്‍ക്കാരെ തെറിപറഞ്ഞ് ഓടിക്കുന്നവര്‍, എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളാണ് അതുകൊണ്ടുതന്നെ ഞാൻ അവനെ നിർബന്ധിച്ച് തള്ളി കാറിൽ കയറ്റാൻ ശ്രമിച്ചു. അവൻ അതിനു തയ്യാറായിരുന്നില്ല എന്ന്മാത്രവുമല്ല എന്നെ ശക്തിയായി തള്ളി മാറ്റിക്കൊണ്ട് ധൃതിയിൽ നടപ്പ് തുടർന്നു. അവനെ വിടാൻ ഞാനും തയ്യാറയിരുന്നില്ല കാറിൽ സാവധാനത്തിൽ അവനറിയാതെ പിൻതുടർന്നു.

സമയം സന്ധ്യയോടടുത്തു, പതിയെ മങ്ങിയ പകലിന്റെ കവിളിൽ മുത്തമിട്ട് സ്വർണരശ്മികൾ വഴികൾക്കരികിൽ പൂത്തുനിന്ന പൂക്കളെ തൊട്ടുതഴുകി അവയെ നിദ്രയിലേക്ക് തളളിവിടുന്നതായും എനിക്കനുഭവപ്പെട്ടു. അന്നത്തെ ദിവസത്തെ രാത്രിയിലെ ഇരുട്ടിന് പതിവിലേറെ കടുപ്പം കൂടുതലായിരുന്നെന്ന് എനിക്ക് തോന്നി, കിലോമീറ്ററുകളോളം പിന്നിട്ട് രാമകുഷ്ണൻ നടപ്പ് നിർത്തിയതാകട്ടെ ഏതോ ശ്മശാനത്തിന്റെ അരികിലുള്ള വലിയ ഒരു മരത്തിന് താഴെ, മുഷിഞ്ഞ സഞ്ചിയും ശൂലവും താഴെവെച്ച് അയാൾ അവിടെ ഇരിപ്പ് ഉറപ്പിച്ചു. ഒറ്റപ്പെട്ട ഒരിടത്താണ് ആ ശ്മശാനം ഉണ്ടായിരുന്നത്, ചുറ്റുപാടൊന്നും വീടുകളോ വെളിച്ചമോ ഇല്ലായിരുന്നു. ചീവീടുകളുടെ കൂട്ടകരച്ചിൽ ചെവിതുളച്ച് എന്റെ കർണ്ണപടം പൊട്ടും പോലെ അസഹ്യമായി തോന്നി. രാമകൃഷ്ണൻ യാത്രക്കിടയിൽ എങ്ങിനെ ഈ സ്ഥലം കണ്ടെത്തി എന്ന ചോദ്യം എൻ്റെ മനസ്സിൽ തികട്ടികൊണ്ടിരുന്നു. ശ്മശാനത്തിന് മുകളിൽ കട്ടിയുള്ള കറുത്ത മരണപ്പുക മേലോട്ടുയരുന്നുണ്ടായിരുന്നു. നേരം അപ്പോഴേക്കും നല്ലപോലെ ഇരുട്ടി.

വാഹനം ദൂരെ പാർക്ക് ചെയ്‌ത്‌ മൊബൈൽ ഫോണിന്റെ വെട്ടത്തിൽ ഞാൻ രാമകൃഷ്ണന്റെ അടുത്തെത്തി. ദൂരെ പോകാൻ അയാൾ എന്നോട് ആക്രോശിക്കുന്നുണ്ടായിരുന്നു. ആത്മാർത്ഥ സുഹൃത്ത് എന്ന നിലയിൽ അതൊന്നും ചെവിക്കൊള്ളാൻ ഞാൻ തയ്യാറായിരുന്നില്ല. സ്‌നേഹത്തോടെ ഞാൻ അവൻ്റെ അരികിൽ ഇരുന്നു കാര്യങ്ങൾ തിരക്കി,

എന്തിനാ “രാമാ” നീ വർഷങ്ങൾക്ക് മുൻപ് ആരോടും പറയാതെ നാടുവിട്ടത്.?

ഇങ്ങനെ ഭീകരവും, വെറുപ്പുളവാക്കുന്നതുമായ ഒരു വ്യത്യസ്തമായ വഴി തിരഞ്ഞെടുക്കാൻ എന്തായിരുന്നു നിനക്ക് അത്രമാത്രം മനോവേദനും ജീവിത്തോടുള്ള വിരക്തിക്കും കാരണമായത് എന്ന എൻ്റെ ചോദ്യത്തിന് നാഴികകൾക്ക് ശേഷമാണ് അവൻ മറുപടി പറഞ്ഞത്.

“‘സ്വന്തം അമ്മയുടെ വ്യഭിചാരം” കാണേണ്ടിവന്ന ഹതഭാഗ്യനായ എന്റെ മനസ്സിൽ അവരോടുള്ള രോഷം ഒരഗ്നിപർവതം കണക്കെ തിളച്ചു മറിഞ്ഞു. ആ അഗ്നിയൊന്ന് കെട്ടടങ്ങാൻ ദിവസങ്ങൾ വേണ്ടിവന്നു. ആദ്യം തോന്നിയത് രണ്ടിനെയും കൊന്നുകളയാനാണ്. രണ്ടും ഹ്രദയത്തോട് ഏറ്റവും ചേർത്തുവെച്ചവർ, സഹോദരനെ പോലെ സ്നേഹിച്ച സുഹൃത്തിൽനിന്നും ഇത്തരമൊരു നീച പ്രവർത്തി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. സത്യത്തിൽ പിഴവ് പറ്റിയത് അവർക്കല്ലായിരുന്നു. എനിക്കായിരുന്നു പിഴച്ചത്, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ഞാൻ കുറച്ചുകൂടി ജാഗ്രത പാലിക്കണമായിരുന്നു. ഒരാളെയും, സ്വന്തം നിഴലിനെ പോലും കണ്ണടച്ച് വിശ്വസിക്കരുതെന്ന യാഥാർഥ്യം ഞാനന്ന് മനസ്സിലാക്കി.

രാമകൃഷ്ണൻ തുടർന്നു എന്റെ മുന്നിൽ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്, ഒന്നുകിൽ “മരണം” അല്ലെങ്കിൽ ഈ നശിച്ച വീടും നാടും വിടണം എന്നുറച്ചുകൊണ്ട് രണ്ടുദിവസം മുറിയിൽ തന്നെ തള്ളിനീക്കി. മൂന്നാം നാൾ നിർഭാഗ്യകരമായ ഒരു രാത്രി ആയിരുന്നു അത്, ചന്ദ്രൻ ഇരുട്ടിനുമേൽ വെള്ളിവെളിച്ചം ചൊരിഞ്ഞപ്പോൾ, ഞാൻ ഒരു തീരുമാനമെടുത്തു. അവശ്യസാധനങ്ങളുടെ ഒരു ചെറിയ കെട്ടും പൊതിഞ്ഞ്, ഉറങ്ങിക്കിടക്കുന്ന തൻ്റെ കുടുംബത്തോട് നിശബ്ദമായി യാത്ര പറഞ്ഞു.

നാട് ഉണരുന്നതിന് മുന്നേ ഇവിടം വിടണം എന്ന് മാത്രമായിരുന്നു മനസ്സിൽ. അതിരാവിലെ പ്രധാനപാതയിലൂടെ ആദ്യം വന്ന ഏതോ അന്യസംസ്ഥാന വാഹനത്തിൽ കയറിക്കൂടി എങ്ങോട്ടാണ് യാത്ര എന്നൊരു കാര്യം അപ്പോഴും മനസ്സിൽ നിശ്ചയം ഉണ്ടായിരുന്നില്ല കുറെ വാഹനങ്ങൾ മാറി കയറി ചെന്നെത്തിയത് വെളിച്ചത്തിൻ്റെ നഗരമായ വാരണാസിയിൽ. എങ്ങും ഭക്തി സാന്ദ്രമായ ഇടം. വാരണാസിയുടെ ഹൃദയഭാഗത്ത് കുറച്ചു ദിവസം അവിടെ പലയിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്നു, ആരൊക്കയോ സൗജന്യമായും ഭിക്ഷയായും തന്നത് ഭക്ഷിച്ചു. അതിനിടയിൽ എപ്പോഴോ പവിത്രമായ ഗംഗ ഘാട്ടുകളുടെ പാദങ്ങളിൽ ചുംബിക്കുന്ന ഒരു പുരാതന വിഭാഗമായ അഘോരി സന്യാസികളുടെ ജീവിതത്തിലേക്ക് ആകർഷിക്കപ്പെട്ടു. ആ ദിവസങ്ങളിൽ അജ്ഞാതമായ നിഴലിൽ മിന്നിമറയുന്ന ഒരു തീജ്വാലയായിരുന്നു എൻ്റെ ജിജ്ഞാസ.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി അതിനിടയിൽ ഒരു സായാഹ്നത്തിൽ, സൂര്യൻ ചക്രവാളത്തിന് താഴെയായി നഗരത്തിന്മേൽ സ്വർണ്ണനിറം വീശി മടങ്ങാൻ തുടങ്ങുമ്പോൾ, തുളച്ചുകയറുന്ന ശോഭയാർന്ന കണ്ണുകളും ശാന്തമായ പെരുമാറ്റവുമുള്ള ഒരു വൃദ്ധസന്യാസിയെ ഞാൻ കണ്ടുമുട്ടി. ലളിതവും എന്നാൽ ശ്രദ്ധേയവുമായ കാഷായ വസ്ത്രം ധരിച്ച വൃദ്ധൻ. തൻ്റെ നോട്ടത്തിൽ എണ്ണമറ്റ ജീവിതവ്യഥകളുടെ ഭാരം വഹിക്കുന്നതായി അദ്ദേഹത്തിന് തോന്നിയിരിക്കണം. എൻ്റെ അടുത്തേക്ക് വന്ന അദ്ദേഹത്തോട് ഞാൻ “അഘോരി” സന്യാസികളുടെയും അവരുടെ അഗാധമായ ജ്ഞാനത്തിൻ്റെയും കഥകൾ ഇവിടെ ഒരുപാട് ആളുകളിൽ നിന്നും കേട്ടിരുന്നു എന്നും, അവരുടെ പാതയുടെ സാരാംശം എന്നോട് പങ്കുവെക്കാമോ എന്നും വിനീതനായി ആരാഞ്ഞു. വൃദ്ധൻ മൃദുലമായ ഒരു പുഞ്ചിരിയോടുകൂടി എന്നോട് മറുപടി പറഞ്ഞു.

‘അഘോരികളുടെ പാത എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒന്നല്ല, കാരണം അത് ചവിട്ടാൻ ഭയപ്പെടുന്ന മേഖലകളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്. അവർ ജീവിതത്തിൻ്റെ നശ്വരതയെ ഉൾക്കൊള്ളുന്നു. ഏറ്റവും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ ദൈവത്തെ അന്വേഷിക്കുന്ന ഒന്നാണ് .”

ഇത്രയും പറഞ് രാമകൃഷ്ണൻ കുറേ സമയം മൗനമായി ഇരുന്നു. ഞാൻ അയാളെ തന്നെ ഉറ്റുനോക്കികൊണ്ട് ആകാംഷയോടുകൂടി അരികിൽത്തന്നെ ഇരിപ്പുണ്ടായിരുന്നു. പെടുന്നനെ വൈദുത ആഘാതം ഏറ്റ ആളെപോലെ ശരീരമാസകലം ഒന്നിളക്കികൊണ്ട് അയാൾ മൗനം വെടിഞ്ഞു. സംസാരം തുടർന്നു, ആ വൃദ്ധ സന്യാസി എന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി നൽകി.

“അഘോരികൾ ശ്മശാനസ്ഥലങ്ങളിൽ താമസിക്കുന്നുവെന്നും മറ്റുള്ളവർക്ക് വെറുപ്പുളവാക്കുന്ന ആചാരങ്ങളിൽ പങ്കുചേരുന്നുവെന്നും പറയപ്പെടുന്നത് സത്യമാണോ?” എന്ന എന്റെ ചോദ്യത്തിന് ഉത്തരമെന്നോണം ആ വൃദ്ധസന്യാസി പറഞ്ഞത് “തീർച്ചയായും, ശരിയാണ്. നമ്മുടെ ഭൗതിക അസ്തിത്വത്തിൻ്റെ ക്ഷണികമായ സ്വഭാവത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ശ്മശാനസ്ഥലങ്ങൾ. മരണത്തെയും ജീർണതയെയും അഭിമുഖീകരിക്കുന്നതിലൂടെ, ഭൗതിക ലോകത്തിൻ്റെ മിഥ്യാധാരണകളെ ഉരിഞ്ഞുമാറ്റി, ശാശ്വതമായ ആത്മാവിനെ വെളിപ്പെടുത്തുന്നുവെന്ന് അഘോരി സന്യാസികൾ വിശ്വസിക്കുന്നു.

ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ രാമകൃഷ്ണൻ വർത്തമാനം പെട്ടന്ന് നിർത്തി. എന്തോ വെളിപാട് ലഭിച്ചപോലെ ചാടി എണീറ്റുകൊണ്ട് ഇരുട്ടിൽ ശ്മശാനത്തിൽ നിന്നും വമിക്കുന്ന മരണത്തിന്റെ കട്ടിയുള്ള കറുത്ത പുകയേയും വകഞ്ഞുമാറ്റികൊണ്ട് ഏതൊക്കെയോ ഭൈരവ സ്‌തുതികളും ഉരുവിട്ടുകൊണ്ട് ശ്മശാനത്തിന്റെ അകത്തേക്കോടി.

ശ്മാശാനത്തിന് പുറത്ത് മരച്ചുവട്ടിലെ ഇരുട്ടിൽ ഇരപിടിക്കാൻ ഇരിക്കുന്ന മൂങ്ങയെ പോലെ ഒറ്റക്കിരിക്കുന്ന എന്റെ മനസ്സിൽ ഭയത്തിന്റെ ഇരുട്ട് പടരാൻ തുടങ്ങി നെഞ്ചിടിപ്പ് ഉയർന്നു ഇതിനെല്ലാം ആക്കം കൂട്ടാനായി ശ്മശാനത്തിനുള്ളിൽ നിന്നും കുറുക്കന്മാരുടെ നിറുത്താതെയുള്ള ഓരിയിടലും. ഒന്നുകിൽ രാമകൃഷ്ണനെ കത്തുനിൽക്കാതെ ഉടനെ വീട്ടിലേക്ക് മടങ്ങുക. അല്ലെങ്കിൽ അവൻ തിരിച്ചുവരുന്നതും വരെ കാത്തിരിക്കുക. ധൈര്യം ഒരോ നിമിഷം കഴിയും തോറും ചോർന്നുപോയി കൊണ്ടിരിന്നു. ഈ തണുത്ത കാലാവസ്ഥയിലും ശരീരം വിയർത്തൊലിക്കാൻ തുടങ്ങി, ബോധക്ഷയം സംഭവിക്കുമോ എന്നുപോലും തോന്നി. കയ്യിൽ എപ്പോഴോ മന്ത്രിച്ചുകെട്ടിയ ചരട് മുറുക്കെ പിടിച്ചുകൊണ്ട് കണ്ണടച്ചിരുന്നു.

ഏതാണ്ട് ഒന്നര നാഴിക കഴിഞ്ഞുകാണും നാസാ ദ്വാരങ്ങളിലൂടെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം തുളച്ചുകയറാൻ തുടങ്ങിയപ്പോൾ ഒരുഞെട്ടലോടെ കണ്ണ് തുറന്ന ഞാൻ കാണുന്നത് തൊട്ടുമുൻപിൽ കയ്യിലും ചുണ്ടിലും മനുഷ്യ മാംസവവുമായി നിൽക്കുന്ന രാമകൃഷ്ണനെയാണ്. അയാളുടെ കയ്യിൽ ചുരുട്ടിപിടിച്ചിരുന്ന ആ കരിഞ്ഞ മാംസക്കഷ്ണം അവൻ എനിക്കുനേരെ നീട്ടി. നാസാ ദ്വാരങ്ങളും വായയും കൈ കൊണ്ട് പൊത്തിപിടിച്ച് ഞാൻ ഓക്കാനിക്കാൻ തുടങ്ങി. അത് കണ്ടിട്ടാകണം രാമകൃഷ്ണൻ കയ്യിലുള്ള മാംസം ശ്മശാനത്തിനകത്തേക്ക് തന്നെ വലിചെറിഞ്ഞു. ആ മുഷിഞ്ഞ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന ഭസമം പോലുള്ള ഏന്തോ ഒരു വെളുത്ത പൊടി കയ്യിലും മുഖത്തും വാരിത്തേച്ചു. ജടയിൽ തിരുകി വെച്ചിരുന്ന കഞ്ചാവ് ചുരുട്ട് പോലുള്ള ഒരു വസ്തു കത്തിച്ച് ഇരുത്തി വലിക്കാൻ തുടങ്ങി. പഴയ ഓട്ടു കമ്പനികളുടെ പുകക്കുഴലുകളിൽ നിന്നും ചുരുളുകളായഴിഞ്ഞു വീഴുന്ന പുകയെ അനുസ്‌മരിപ്പിക്കും പോലെ അയാളുടെ നാസാധ്വരങ്ങളിലൂടെ കഞ്ചാവിന്റെ പുക പുറത്തേക്കൊഴുകാൻ തുടങ്ങി. ആ പുകയും അതിന്റെ മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധവും എന്നിൽ കുറച്ചു നേരത്തേക്ക് വല്ലാതെ അസ്വസ്ഥത ഉളവാക്കി.

കുറച്ചു സമയത്തിനുശഷം ഞാൻ ചോദിക്കാതെ തന്നെ മുൻപ് പറഞ്ഞു നിർത്തിയിടത്തുനിന് തന്നെ രാമകൃഷ്ണൻ തുടർന്നു, വാരണാസിയിലെ ആ വൃദ്ധൻ പറഞ്ഞതു മുഴുവനും ഞാൻ ഒരു കുട്ടിയുടെ ആകാംഷയോടെ ഹൃദസ്ഥമാക്കി. രാത്രിയുടെ ആഴം കൂടി, ആയിരം എണ്ണ വിളക്കുകളുടെ വെളിച്ചത്തിൽ ഘാട്ടുകൾ തിളങ്ങാൻ തുടങ്ങി. ധൂപവർഗ്ഗത്തിൻ്റെ ഗന്ധവും ദൂരെയുള്ള കീർത്തനങ്ങളുടെ ശബ്ദവും കൊണ്ട് വാരണാസിയിലെ അന്തരീക്ഷം കൂടുതൽ കട്ടിയുള്ളതായി കൊണ്ടിരുന്നു.

“എന്താണ് അവരെ ഇത്രയും തീവ്രതയിലേക്ക് നയിക്കുന്നത്?

അവർ അന്വേഷിക്കുന്നത് പ്രബുദ്ധതയാണോ?”

എന്ന എന്റെ ചോദ്യത്തിന് ആ വൃദ്ധസന്യാസി മറുപടിയായി പറഞ്ഞത്. “ജ്ഞാനോദയം, വിമോചനം, ദൈവവുമായുള്ള ഏകത്വത്തിൻ്റെ സാക്ഷാത്കാരം – ഇവയാണ് അഘോരികളുടെ ലക്ഷ്യങ്ങൾ. അതിരുകടന്നവ അവസാനിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണ്. സമൂഹം ഒഴിവാക്കുന്നതിനെ സ്വീകരിക്കുന്നതിലൂടെ, അവർ ദ്വൈതത്തെ മറികടക്കാൻ ലക്ഷ്യമിടുന്നു, വിചിത്രമായ ദൈവികതയെ കാണാൻ അവർ ഏതൊരറ്റം വരെയും പോകും..”

പുണ്യനദിയിൽ സൂര്യൻ അതിൻ്റെ ആദ്യ വെളിച്ചം വീശിക്കൊണ്ട് പ്രഭാതം പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയപ്പോൾ, ഞാൻ വൃദ്ധസന്യസിയെ ഒരിക്കൽക്കൂടി നമസ്കരിച്ചു,. ഞങ്ങളുടെ സംഭാഷണം നിഗൂഢതയോളം തന്നെ പ്രാചീനമായ ഒരു ലോകത്തിലേക്കുള്ള ഒരു ഹ്രസ്വവീക്ഷണമായിരുന്നു. അദ്ദേഹം നൽകിയ അറിവുകളുമായി ഞാൻ ഘാട്ടുകളിൽ നിന്ന് അകന്നുപോകുമ്പോൾ എൻ്റെ മനസ്സ് ചിന്തകളാൽ വീണ്ടും നിറഞ്ഞു. വൃദ്ധസന്യസിയുടെ വാക്കുകൾ എൻ്റെ ഉള്ളിൽ ഒരു തീപ്പൊരി പോലെ ജ്വലിച്ചു, അഘോരി സന്യാസികളെയും അവരുടെ നിഗൂഢമായ ആചാരങ്ങളെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ആഗ്രഹം. പഠിക്കണം എന്ന ദൃഢനിശ്ചയത്തോടെ, തന്നെ കൂടുതൽ വഴികാട്ടാൻ കഴിയുന്ന ഒരാളെ കണ്ടെത്താൻ ഞാൻ പുറപ്പെട്ടു.

വിധിയനുസരിച്ച്, എൻ്റെ അന്വേഷണം എന്നെ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു പ്രശസ്ത ആശ്രമത്തിലേക്ക് നയിച്ചു. അഘോരി പാരമ്പര്യം ഉൾപ്പെടെ വിവിധ ആത്മീയ പാതകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവിന് പേരുകേട്ട ഗുരു ആദിത്യ എന്ന മുനിയുടെ ആശ്രമമായിരുന്നു. ഞാൻ വളരെ ആദരവും പ്രതീക്ഷയോടുംകൂടി ആ ആശ്രമത്തെ സമീപിച്ചു. ആശ്രമത്തിന് അകത്തു കടന്നപ്പോൾ, ശാന്തമായ അന്തരീക്ഷവും, മുല്ലപ്പൂവിൻ്റെതോ അതോ ഊദിന്റെയോ എന്ന് മനസ്സിലാക്കാൻ കഴിയാത്ത ഗന്ധം നിറഞ്ഞ അന്തരീക്ഷവും, മന്ത്രോച്ചാരണത്തിൻ്റെ മൃദുവായ മൂളലും എന്നെ സ്വാഗതം ചെയ്തു. ഗുരു ആദിത്യൻ ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്നു, അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം അവിടെ മുഴുവൻ ശാന്തത പരത്തുന്നതായി എനിക്ക് അനുഭവപെട്ടു. ഞാൻ ആ സന്യസിയെ തൊഴുതു അദ്ദേഹം സൗമ്യമായ തലയാട്ടി, എന്നെ അംഗീകരിച്ച മുനിയുടെ മുന്നിൽ വണങ്ങികോണ്ട് ഞാൻ ഇരുന്നു. “ഗുരുജി, അഘോരി സന്യാസികളുടെയും അവരുടെ പാതയെയും കുറിച്ച് ഞാൻ കൂടുതൽ അറിവ് തേടുന്നതിനോടൊപ്പം തന്നെ ആ സന്യാസി വിഭാഗത്തിന്റെ ഭാഗമാകാൻ അതിയായി ആഗ്രഹിക്കുന്നു. അവരെ കുറിച്ച് ഞാൻ പല അറിവുകളും നേടി, പക്ഷേ അവരുടെ ജ്ഞാനവും ആചാരങ്ങളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

ഗുരു ആദിത്യ: “ഓ, അഘോരികൾ. അവർ തീർച്ചയായും ആകർഷകവും പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒരു വിഭാഗമാണ്. എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടാം.” ഓരോ വാക്കും ഉൾക്കൊള്ളാനുള്ള ആകാംക്ഷയോടെ ഞാൻ മുനിയുടെ കാൽക്കൽ ഇരുന്നു കൊണ്ട് ചോദിച്ചു.

“പക്ഷേ, ഗുരുജി, അവർ എന്തിനാണ് നമുക്ക് തീവ്രവും വെറുപ്പുളവാക്കുന്നതും എന്ന് തോന്നുന്ന ആചാരങ്ങളിൽ ഏർപ്പെടുന്നത്?”

ഗുരു ആദിത്യൻ നൽകിയ മറുപടി “നമ്മെ ബന്ധിക്കുന്ന മിഥ്യാധാരണകളിൽ നിന്നും അറ്റാച്ച്‌മെൻ്റുകളിൽ നിന്നും മോചനം നേടാൻ അഘോരി സന്യാസികൾ സാമൂഹിക മാനദണ്ഡങ്ങളെയും വിലക്കുകളേയും വെല്ലുവിളിക്കുന്നു. മറ്റുള്ളവർക്ക് വെറുപ്പുളവാക്കുന്ന രീതികളിൽ ഏർപ്പെടുന്നതിലൂടെ, അവർ സ്വന്തം ഭയങ്ങളെയും മുൻവിധികളെയും അഭിമുഖീകരിക്കുന്നു. അഹംഭാവം ഇല്ലാതാക്കുകയും എല്ലാ അസ്തിത്വത്തിൻ്റെയും ഏകത്വം തിരിച്ചറിയുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അവർ ശ്മശാന സ്ഥലങ്ങളിൽ താമസിക്കുന്നത് മരണത്തെക്കുറിച്ചും ഭൗതിക ശരീരത്തിൻ്റെ നശ്വരതയെക്കുറിച്ചും നിരന്തരം ഓർമ്മിപ്പിക്കുന്നു.

“അവർ ദ്വൈതതയെ മറികടക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ഒരാൾ എങ്ങനെയാണ് അത്തരമൊരു പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങുന്നത്.?”

ഗുരു ആദിത്യൻ: “അത് എല്ലാവരുടെയും വഴിയല്ല, രാമകൃഷ്ണൻ. അതിന് അപാരമായ ധൈര്യവും അചഞ്ചലമായ വിശ്വാസവും സാക്ഷാത്കരിക്കുന്ന ഒരു ഗുരുവിൻ്റെ മാർഗ്ഗനിർദ്ദേശവും ആവശ്യമാണ്.

അഘോരികൾ കഠിനമായ പരിശീലനത്തിനും ദീക്ഷയ്ക്കും വിധേയരാകുന്നു. അവർ തങ്ങളുടെ ശാരീരികവും മാനസികവുമായ മുൻവിധികളെ മറികടക്കാൻ സഹായിക്കുന്ന ആചാരങ്ങളും ധ്യാനങ്ങളും ചെയ്യുന്നു. മാനസിക പരിമിതികൾ, ശുദ്ധമോ അശുദ്ധമോ ആയി കണക്കാക്കുന്ന കാര്യങ്ങളിൽ പോലും എല്ലാറ്റിലും ദൈവികത കാണാൻ അവർ ലക്ഷ്യമിടുന്നു. നമ്മുടെ ഭയങ്ങളെ അഭിമുഖീകരിക്കേണ്ടതിൻ്റെയും സാമൂഹിക വ്യവസ്ഥകളിൽ നിന്ന് മോചനം നേടേണ്ടതിൻ്റെയും പ്രാധാന്യം അഘോരികൾ നമ്മെ പഠിപ്പിക്കുന്നു. നാം പവിത്രമായി കരുതുന്ന കാര്യങ്ങളിൽ മാത്രമല്ല, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദൈവിക സാന്നിധ്യം ഉണ്ടെന്ന് അവർ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ സത്യം, അനുകമ്പയുടെയും സ്വീകാര്യതയുടെയും മനസ്സിലാക്കലിൻ്റെയും ആഴത്തിലുള്ള ബോധം നമുക്ക് വളർത്തിയെടുക്കാൻ കഴിയും.
സംഭാഷണം അവസാനിക്കാറായപ്പോൾ, എനിക്ക് ഒരു വ്യക്തതയും ലക്ഷ്യബോധവും അനുഭവപ്പെട്ടു. ഞാൻ ഗുരു ആദിത്യനെ ഒരിക്കൽ കൂടി വണങ്ങി നന്ദി അറിയിച്ചു. അങ്ങയുടെ ജ്ഞാനം എൻ്റെ പാതയെ കൂടുതൽ പ്രകാശപൂരിതമാക്കി.”

ഗുരു ആദിത്യ: ” മകനെ, തുറന്ന ഹൃദയത്തോടെയും മനസ്സോടെയും മുന്നോട്ട് പോകുക. സത്യത്തിനായുള്ള അന്വേഷണം നമ്മൾ ഓരോരുത്തരും അവരവരുടെ വഴിയിൽ നടത്തേണ്ട ഒരു യാത്രയാണ്.”

അഘോരിമാരുടെ അഗാധമായ ഉപദേശങ്ങളാൽ സമ്പന്നമായ മനസ്സും ആത്മാവും പുതുക്കിയ നിശ്ചയദാർഢ്യത്തോടെ ഞാൻ ആശ്രമം വിട്ടു. അവരുടെ പാത അദ്വിതീയവും വെല്ലുവിളി നിറഞ്ഞതുമാണെങ്കിലും, അവരുടെ അന്വേഷണത്തിൻ്റെ സാരാംശം സാർവത്രികമാണെന്ന് ഞാൻ മനസ്സിലാക്കി

ഇടയിൽ രാമകൃഷ്ണൻ വീണ്ടും അയാളുടെ വർത്തമാനം നിറുത്തി. ഇനി അടുത്തതായി വരാനിരിക്കുന്നത് എന്താണാവോ എന്ന ആകാംക്ഷയിൽ ഞാൻ രാമകൃഷ്ണനെ തന്നെ ശ്രെദ്ധിച്ചു നോക്കി. ഇടയ്ക്ക് നിറുത്തിയ കഞ്ചാവ് ചുരുട്ട് കത്തിച്ച് വീണ്ടും ആസ്വദിച്ചു വലിക്കാൻ തുടങ്ങി. ഒരുവട്ടം അത് എനിക്കുനേരെയും നീട്ടി വലിച്ചുനോക്കാൻ ആംഗ്യം കാണിച്ചു. ഞാൻ അവനെ വേണ്ട എന്ന ആംഗ്യത്തിൽ തൊഴുതു.

അങ്ങനെ, വീണ്ടും മാസങ്ങളോളം വാരണാസിയിൽ അലഞ്ഞു തിരിഞ്ഞു നടന്നു , യാത്ര ദുഷ്‌കരമായിരുന്നുവെങ്കിലും വാരണാസിയിൽ ഇടവഴികൾക്കും ധൂപവർഗ്ഗത്തിൻ്റെ ഗന്ധത്തിനും മന്ത്രോച്ചാരണത്തിൻ്റെ ശബ്ദത്തിനും ഇടയിൽ ഞാൻ സ്വയം കണ്ടെത്തി. പല സന്യാസികളുമായും, പല ദേശക്കാരുമായുള്ള ഇടപഴലുകൾ എൻ്റെ സ്വാഭവത്തിലും ജീവിതരീതിയിലും ഒരുപാട് മറ്റം ഉണ്ടാക്കി, മാസങ്ങൾ കടന്നുപോയെങ്കിലും അതിനിടയിൽ ഒരിക്കൽ പോലും എന്റെ മനസ്സിൽ കുടുംബത്തിന്റേയോ നാടിന്റെയോ ചിന്തകൾ ഉണ്ടായില്ല. ഗംഗാ നദി ഒഴുകുന്ന ഘട്ടുകളിലൂടെ ഞാൻ ഒരുപാട് അലഞ്ഞു നടന്നു. ആയിരക്കണക്കിന് ദീപങ്ങളാല്‍ പ്രകാശമാനമായ വരാണസിയുടെ ഉത്സവാന്തരീക്ഷത്തില്‍ ഞാൻ എൻ്റെ ലക്ഷ്യസ്ഥാനത്തെത്തി. അവിടെ, കത്തുന്ന ചിതകൾക്കരികിൽ, ഞാൻ യോഗാത്മകദർശനപരമായ സത്തയെ ഉൾക്കൊള്ളുന്നതായി തോന്നുന്ന ഒരു രൂപത്തെ കണ്ടുമുട്ടി. ശരീരമാസകലം ചാരത്തിൽ പൊതിഞ്ഞ്, പ്രപഞ്ചത്തിൻ്റെ ആഴം പിടിക്കുന്ന കണ്ണുകളോടെ, “ബാബാ ആദിനാഥ” എന്ന അഘോരി സന്യാസി നിൽക്കുന്നു.

അദ്ദേഹത്തിന്റെ അരികിലെത്തി ഞാൻ സ്വയം പരിചയപ്പെടുത്തി “ബാബ” ഞാൻ രാമകൃഷ്ണൻ, സത്യാന്വേഷകനാണ്. അസ്തിത്വത്തിൻ്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ ഞാൻ എല്ലാം ഉപേക്ഷിച്ചു. നിങ്ങൾ എന്നെ നയിക്കുമോ?”

ഒറ്റ കാര്യമേ ബാബ ആദിനാഥ എന്നെ ഉറ്റുനോക്കികൊണ്ട് ചോദിച്ചുള്ളൂ. നിങ്ങൾ ചവിട്ടാൻ ആഗ്രഹിക്കുന്ന പാത മന്ദബുദ്ധികൾക്ക് വേണ്ടിയുള്ളതല്ല. അത് അഹന്തയുടെ അഴിഞ്ഞാട്ടവും ഭയങ്ങളുടെ ഏറ്റുമുട്ടലും ദൈവത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ആവശ്യപ്പെടുന്നു ഒന്നാണ് അത്തരമൊരു യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ?”

നിശ്ചയദാർഢ്യത്തോടെ “ഞാൻ ഉടൻ മറുപടി നൽകി. ആശ്വാസമല്ല സത്യമാണ് ഞാൻ അന്വേഷിക്കുന്നത്. എന്ത് വന്നാലും നേരിടാൻ ഞാൻ തയ്യാറാണ്.”

ബാബ ആദിനാഥ : “വളരെ നന്നായി. അഘോരികളുടെ മണ്ഡലത്തിൽ, അകത്തും പുറത്തുമുള്ള നിഴലുകളെ നിങ്ങൾ അഭിമുഖീകരിക്കുമെന്ന് അറിയുക. ജീവിതത്തിൻ്റെ നശ്വരതയും മരണത്തിൻ്റെ ഉറപ്പും നിങ്ങൾ സ്വീകരിക്കണം. അപ്പോൾ മാത്രമേ നിങ്ങൾക്ക് ആത്മാവിനെ ബന്ധിപ്പിക്കുന്ന ദ്വൈതങ്ങളെ മറികടക്കാൻ കഴിയൂ. ” ഈ വാക്കുകളോടെ ബാബ ആദിനാഥ എന്നെ അദ്ദേഹത്തിന്റെ ശിഷ്യനായി സ്വീകരിച്ചു.

തുടർന്നുള്ള ദിവസങ്ങൾ കഠിനമായ ആചാരങ്ങളുടെയും ഗഹനമായ പഠിപ്പിക്കലുകളുടെയും ചുഴലിക്കാറ്റായിരുന്നു. ഞാൻ ശ്മശാനസ്ഥലത്ത് ധ്യാനിക്കുകയും മന്ത്രങ്ങൾ ഉരുവിടുകയും അനുഷ്ഠാനങ്ങളിൽ പങ്കുചേരുകയും ചെയ്തു, അത് ഞാൻ മനസിലാക്കിയിരുന്നു ശുദ്ധതയെയും അശുദ്ധിയെയും കുറിച്ചുള്ള മുൻധാരണകളെ മാറ്റി മറിച്ചു.

ഒരു രാത്രി, ദൂരെ ഒരു ശവകുടീരത്തിൻ്റെ തീജ്വാലകൾ മിന്നിമറയുമ്പോൾ, ഞാൻ ചോദ്യങ്ങൾ നിറഞ്ഞ ഹൃദയവുമായി ബാബ ആദിനാഥനെ സമീപിച്ചു. “ബാബ, ഞാൻ മരണത്തെ അഭിമുഖീകരിച്ചു, എന്നിട്ടും, എൻ്റെ ഉള്ളിലെ ശൂന്യത നിലനിൽക്കുന്നു. സത്യം കണ്ടെത്താൻ ഞാൻ എന്താണ് ചെയ്യേണ്ടത്?”

ബാബ ആദിനാഥ പുഞ്ചിരിയോടെ പറഞ്ഞത് “അയ്യോ, രാമകൃഷ്ണൻ, നിങ്ങൾ പറയുന്ന ശൂന്യത ദൈവികതയിലേക്കുള്ള വാതിലാണ്. എല്ലാ സൃഷ്ടികളും ഉത്ഭവിക്കുന്ന നിശബ്ദതയാണ്. നിങ്ങൾ പുറത്ത് ഉത്തരം തേടുകയാണ്, പക്ഷേ സത്യം ഉള്ളിലാണ്. ഇരിക്കുക, നിങ്ങളുടെ കണ്ണുകൾ അടച്ച് നിങ്ങളുടെ സ്വന്തം അസ്തിത്വത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക.”

ഞാൻ ബാബ ആദിനാഥയുടെ നിർദ്ദേശങ്ങൾ പാലിച്ചു, ധ്യാനത്തിൽ മുഴുകിയപ്പോൾ ഉള്ളിൽ ഒരു വ്യതിയാനം അനുഭവപ്പെട്ടു. അവൻ്റെ ദുഖത്തിന്റെയും അഹന്തയുടെ അതിരുകൾ അലിഞ്ഞുതുടങ്ങി, പ്രപഞ്ചവുമായുള്ള അഗാധമായ ഐക്യബോധം എനിക്ക് അനുഭവപ്പെട്ടു. ശൂന്യത പ്രകാശത്തിൻ്റെ വിശാലമായ വിസ്തൃതിയായി രൂപാന്തരപ്പെട്ടു, ദൈവികത ഒരു വിദൂര സത്തയല്ലെന്നും തൻ്റെ സത്തയുടെ സത്തയാണെന്നും അദ്ദേഹം മനസ്സിലാക്കി. നേരം പുലർന്നപ്പോൾ ഞാൻ കണ്ണുതുറന്നു. “ബാബ, എനിക്കിപ്പോൾ മനസ്സിലായി. ഈശ്വരൻ എൻ്റെ ഉള്ളിലുണ്ട്, എല്ലാറ്റിലും ഉണ്ട്. യാത്ര ഒരിക്കലും അന്വേഷിക്കലല്ല, തിരിച്ചറിവായിരുന്നു.”, ഈ തിരിച്ചറിവിനുള്ള പല വഴികളിൽ ഒന്നാണ് അഘോരി സന്യാസിമാരുടെ പാത. ഋഷിമാരും അന്വേഷകരും സഹസ്രാബ്ദങ്ങളായി അന്വേഷിക്കുന്ന ശാശ്വതമായ സത്യം നിങ്ങൾ കണ്ടെത്തി. ഈ ജ്ഞാനത്തോടെ മുന്നോട്ട് പോകുക. അങ്ങനെ എൻ്റെ യാത്രയുടെ ലക്ഷ്യം പൂർണമായി.

ബാബ അധിനാഥ അന്ന് എനിക്ക് നൽകിയ നാമമാണ് “രുദ്ര”. ഞാൻ ഈ പറഞ്ഞതിൽ നിന്നും നിങ്ങൾ എനിക്കുമുൻപിൽ അഴിച്ചുവിട്ട ചോദ്യങ്ങൾക്കുള്ള മുഴുവൻ മറുപടി ലഭിച്ചു എന്നുഞാൻ കരുതുന്നു, ഇതിൽ കൂടുതലായിഒന്നും തന്നെ എന്നിക്ക് നിങ്ങളോട് പറയാനില്ല എന്നും പറഞ്ഞ് വീണ്ടും ചാടി എണീറ്റു കയ്യിൽ മറച്ചുവെച്ചിരുന്ന വിഭൂതി എൻ്റെ മുഖത്തേക്ക് എറിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഞാൻ അബോധാവസ്ഥയിലേക്ക് വഴുതിവീണു.

കയ്യിൽ ത്രിശൂലവും എടുത്ത് രാമകൃഷ്ണൻ ചടുലമായി നൃത്തച്ചുവടുകളോടെ ശ്മാശാനത്തിന്റെ ഇരുട്ടിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപോകുന്നതാണ് ഞാൻ അവസാനമായി അവ്യക്തമായി കണ്ടു. അടുത്തദിവസം അതിരാവിലെ മരിച്ച ആരുടെയോ ശവം സംസ്കരിക്കാൻ ശ്‌മശാനത്തിലേക്കു വന്നവരുടെ കൂട്ടത്തിൽ ഉള്ള ആരോ എന്നെ തട്ടി ഉണർത്തി. നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അയാൾ എന്നോട് എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു എൻ്റെ ശ്രദ്ധ അയാളുടെ ചോദ്യങ്ങളിൽ ആയിരുന്നില്ല. മറിച്ച് എന്റെ കണ്ണുകൾ രാമകൃഷ്ണനെ തിരയുകയായിരുന്നു. പക്ഷെ ആകെ എനിക്ക് കിട്ടിയത് അയാൾ മനപൂർവ്വം എൻ്റെ കൈയിൽ ചുറ്റിവെച്ച ഒരു രുദ്രക്ഷമാല മത്രയിരുന്നു. എൻ്റെ പല ചോദ്യങ്ങൾക്കുള്ള മറുപടി ബാക്കി വെച്ചുകൊണ്ട് അയാൾ എങ്ങോപോയി.

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശി. ഇപ്പോൾ അബുദാബിയിൽ ജോലിചെയ്യുന്നു. പ്രസിദ്ധീകരിച്ച പുസ്തകം ''ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി" (നോവൽ).