അഗ്നിപർവതത്തെ ആലിംഗനം ചെയ്യുന്ന പ്രണയം

വാൻഗോഗിൻ്റെ കാമുകിയെക്കുറിച്ചാണ് എഴുത്ത്, സ്വാഭാവികമായും വിശ്വവിഖ്യാതമായ ആ സൂര്യകാന്തിയുടെ മഞ്ഞനിറത്തിൽ തെളിഞ്ഞുവരേണ്ടത് വാൻഗോഗ് എന്ന ചിത്രകാരൻ്റെ മുഖമോ, അയാളുടെ കാമുകിയെന്നോ, അതിലുപരി അയാളുടെ ഭാര്യയെന്നോ വിശേഷിപ്പിക്കാവുന്ന സിയാൻ എന്ന തെരുവുപെണ്ണിൻ്റെ പൂർണ്ണഗർഭത്തിൻ്റെ ആലസ്യം പേറുന്ന മുഖമോ ആകേണ്ടതാണ്. അതാണു നാട്ടുനടപ്പ്. പക്ഷേ, ഈ നോവലിലൂടെ കടന്നു പോകുമ്പോൾ ആദ്യം മുതൽ നിശ്ശബ്ദനായി ഒരു മനുഷ്യൻ കടന്നുപോകുന്നുണ്ട്. ഒരു വിറകുവണ്ടിക്കാരൻ. അയാളുടെ പേര് പെട്രോ. താമസം കനാലിനരികിലെ വൃത്തിഹീനമായ കൂരകളിൽ ഒന്നിൽ. അയാളുടെ മുഖത്ത്, അധികം ഭാവങ്ങൾ ഒന്നും കണ്ടെടുക്കാനില്ല. ഈ ഭൂമി ഞാനില്ലാതെ തന്നെ പൂർണ്ണമാണെന്ന ബോധ്യമോ അതോ പേരില്ലാത്ത, വിചാരവികാരങ്ങളില്ലാത്ത അനേകരിൽ ഒരുവനാണ് താനെന്ന ചിന്തയോ?

വാൻഗോഗോ, അയാളുടെ പ്രണയഭാജനം സിയാനോ അല്ല, മറിച്ച്, പെട്രോയും അവൻ്റെ കാമുകി, ആഗ്നസ്സുമാണ് ജേക്കബ് എബ്രഹാം വരച്ച ചിത്രത്തിൽ മിഴിവേറിയ കഥാപാത്രങ്ങൾ എന്നു പറയാതെ വയ്യ. എന്തുകൊണ്ട് പെട്രോ എന്നു വഴിയെ പറയാം.

ഒറ്റനോട്ടത്തിൽ ഇതൊരു തെരുവു പെണ്ണിൻ്റെ ഏറ്റവും ദുരിതം പിടിച്ച ജീവിതത്തിൻ്റെ, അവളുടെ മനംമടുപ്പിക്കുന്ന ഏകാന്തതയുടെ, നശിപ്പിക്കാനാകാത്തതിനാൽ മാത്രം പ്രസവം കാത്തിരിക്കേണ്ടി വരുന്ന ഗതികെട്ട ജന്മത്തിൻ്റെ, നോവിൻ്റെ കഥയാണ്. ചിത്രകാരൻ അയാളുടെ എല്ലാ വിഭ്രാന്തികളുമായി അവളുടെ മടിത്തട്ടിൽ അഭയം പ്രാപിക്കുകയുമാണ്. ഒരു ആണിന് പെണ്ണിൻ്റെ ചില ഭ്രാന്തുകളെ എങ്ങനെ മനസ്സിലാക്കാനാകും എന്ന് എനിക്കറിയില്ല, പക്ഷേ, ചിത്രകാരനോടൊപ്പം താമസിക്കാൻ തീരുമാനിക്കുന്ന സിയാൻ്റെ ഹൃദയമിടിപ്പ് എത്ര ഭദ്രമായി എഴുത്തുകാരൻ കൊത്തി വച്ചിരിക്കുന്നു! ആ രാത്രിയുടെ ചിത്രം എത്ര ഗംഭീരം!

അതിങ്ങനെ വായിക്കാം,

“പഴയപോലെ ഞങ്ങൾ ഒരുമിച്ച് കെട്ടിപ്പിടിച്ചു കിടന്നു. ആഗ്നസിൻ്റെ ശരീരത്തിൻ്റെ തുടിപ്പുകളിൽ ഞാൻ കെട്ടിപ്പിടിച്ചു. വിട്ടുപോകാൻ മടിക്കുന്ന എന്തൊക്കെയോ അനിർവചനീയ വികാരങ്ങൾ ഞങ്ങളെ രണ്ടു പേരേയും വന്നുമൂടി. അവളുടെ നിശാകുപ്പായത്തിൻ്റെ കുടുക്കുകൾ അഴിച്ച് അവളുടെ വലിയ മുലകളിൽ ഞാൻ മുഖം അമർത്തി. അമ്മമണം നുകർന്ന് ഒരു കുട്ടിയെപ്പോലെ കരഞ്ഞു.”

സിയാൻ ഒരമ്മയാണ്. മൂന്നു പെറ്റവൾ, അതിൽ ഒന്നിനെമാത്രം ഉയിരോടെ ഏറ്റുവാങ്ങിയവൾ, അവളിലെ അമ്മയെ ഏറെയൊന്നും എഴുത്തുകാരൻ വരച്ചു ചേർത്തിട്ടില്ല, എന്നാലതിൻ്റെ ആയിരം ഇരട്ടി മിഴിവോടെ അവളെന്ന കുഞ്ഞിനെ വരച്ചിരിക്കുന്നു. അതുപോലെ, ആഗ്നസ് എന്ന അമ്മയെ കാണാതെ പോകുന്നതെങ്ങനെ?

ആർക്കാണ് ആത്മാവില്ലാത്തത്?

യൂറോപ്പിലെ മഞ്ഞുപെയ്യും ക്രിസ്മസ് രാവ്, ധനികരുടെ വീട്ടിലെ കൃത്രിമമായി ചൂടുപിടിപ്പിച്ച മുറികളിലെ, അലങ്കരിച്ച ക്രിസ്മസ് ട്രീകളിൽ നിറയുന്ന സമ്മാനപ്പൊതികളിലും, കുശിനിയിലെ വെന്ത ടർക്കിയിലും, വീര്യമേറിയ വൈനിലും, അതിമനോഹരമായ കാഴ്ചയാണ്. എന്നാൽ ഇടുങ്ങിയ, വൃത്തിഹീനമായ നിരത്തിലെ മുട്ടോളം ഉയരത്തിൽ കുന്നുകൂടിയ മഞ്ഞിൽ ഒരു ചെറുനാണയം പോലും കൈയിലില്ലാതെ, മറ്റുള്ളവരുടെ ദയയ്ക്കായി നിൽക്കേണ്ടി വരുന്നവൾക്ക് ആത്മാവോ, ആത്മാഭിമാനമോ വേണ്ടതുണ്ടോ? വാൻഗോഗ് അവളിലേക്ക് എത്തിപ്പെടുന്നത് അങ്ങനെയൊരു ക്രിസ്മസ് രാവിലാണ്. അയാളിൽ ഒരു മികച്ച സൃഷ്ടിയെക്കുറിച്ചുള്ള ചിന്തകൾ മാത്രം നുരയുന്ന നേരത്ത് അയാളുടെ മുന്നിലെത്തിയ സിയാൻ അയാളുടെ ജീവിതമാകുന്ന കാഴ്ചയാണ് വാൻഗോഗിൻ്റെ കാമുകി എന്നു ചുരുക്കിപ്പറയാം.

പെട്രോയെക്കുറിച്ച് എഴുതാതെ കുറിപ്പു പൂർണ്ണമാകില്ല. ഗർഭാലസ്യം പേറുന്ന കാമുകിയുടെ സൗന്ദര്യം നശിച്ചു തുടങ്ങിയ നഗ്നമേനിയെ വരയ്ക്കുമ്പോഴും, പോസ്റ്റോഫീസിലേക്കുള്ള യാത്രയ്ക്കിടയിൽ കണ്ടെത്തുന്ന ഗ്രാമീണക്കാഴ്ചകൾ കോറിയിടുമ്പോഴും വാൻഗോഗിനെ നമുക്കു തിരിച്ചറിയാം, എന്നാൽ ആൻ്റൺ മോവിൻ്റെ എല്ലാ ചിത്രങ്ങളിലും കാണുന്ന ആ ചെമ്മരിയാടിനെപ്പോലെയാണ് പെട്രോ എന്ന കഥാപാത്രം ഈ രചനയിൽ നിശ്ശബ്ദനായി തൻ്റെ സാന്നിധ്യം അറിയിക്കുന്നത്. അയാൾ വാക്കുകൾ ഉപയോഗിക്കാനറിയാത്തവനാണോ എന്നു പോലും തോന്നും. പക്ഷേ, അയാളുടെ ഇടപെടലുകൾ കാണുമ്പോൾ ഈ ഭൂമിയെ സുന്ദരമാക്കുന്നതും സ്വർഗ്ഗമാക്കി മാറ്റുന്നതും ഇതുപോലുള്ള മനുഷ്യരാണല്ലോ എന്നു ചിന്തിച്ചു പോകും. പെട്രോ ഇല്ലാതിരുന്നെങ്കിൽ ഈ നോവൽ പൂർണ്ണമാകില്ലായിരുന്നു.

പട്ടണത്തിലെ അഴുക്കുകൾ അടിഞ്ഞുകൂടിയ കനാലിൻ്റെ ദുർഗന്ധം പേറുന്ന കാറ്റേറ്റ്, വായന മുന്നേറുമ്പോൾ ആ കെട്ട കാഴ്ചകളെ അപ്രത്യക്ഷമാക്കിക്കൊണ്ട് ചില മുഖങ്ങൾ കടന്നു വരുന്നു, അപ്പക്കാരിത്തള്ളയുടെ പുളിയില്ലാത്ത അപ്പവും, പ്ലം കേക്കും മാത്രമല്ല, ഇല്ലായ്മകളുടെ പരകോടിയിലും തുല്യ ദുഃഖിതയായ ഒരുവളെ ചേർത്തു പിടിക്കുന്ന ആഗ്നസ് ഒരു മാലാഖയെപ്പോലെ എന്നെ പിന്തുടരുന്നു. അവളുടെ അടിവയറ്റിലെ ഇളംതുടിപ്പിനെക്കുറിച്ചറിയുമ്പോൾ പെട്രോയുടെ മുഖത്തു പടർന്നേക്കാവുന്ന ലേശം ലജ്ജ പുരണ്ട ആ ചിരിയിപ്പോഴേ എൻ്റെ ഉൾക്കണ്ണിൽ നിറയുന്നു.

വാൻഗോഗ്, ദസ്തയോവ്സ്കി, തുടങ്ങിയ ചില പേരുകൾ കാലദേശഭേദമന്യേ വായനക്കാരിൽ ചിരപ്രതിഷ്ഠ നേടിയവയാണ്. എഴുത്തിനും വായനയ്ക്കും ദേശഭേദമോ ലിംഗഭേദമോ ഇല്ല. നല്ല എഴുത്തും, ആഴത്തിലുള്ള വായനയും പരസ്പരപൂരകങ്ങളാണ്. ഒരു നല്ല സൃഷ്ടിയെ മനം നിറഞ്ഞ് ആസ്വദിക്കാനാകണം. അത്തരത്തിൽ ഒരു മനോഹര വായന സാധ്യമാക്കിയതിന് വാൻഗോഗിൻ്റെ കാമുകിയുടെ എഴുത്തുകാരന് നന്ദി… നന്ദി, ജേക്കബ് എബ്രഹാം.

വാൻഗോഗിന്റെ കാമുകി (നോവൽ)
ജേക്കബ് ഏബ്രഹാം
പ്രസാധകർ : ഡി സി ബുക്സ്

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.