ഞാൻ ചുംബിച്ചത്
നിന്റെ കോമളവദനത്തിലല്ല,
ചേതോഹരമായ ഹൃദയാന്തർഭാഗത്താണ്.
ഞാനാവശ്യപ്പെടുന്നത്
നിന്റെ ബാഹ്യസത്തയല്ല,
മറ്റാർക്കും ആവശ്യമില്ലാത്ത
നിന്നിലെ നിന്നെയാണ്.
ഞാൻ ശ്രദ്ധിക്കുന്നത്
ശരിയും തെറ്റും നിറഞ്ഞ
നിന്റെ ഇന്നലെകളെയല്ല.
കാരണം, നീയെന്നാൽ
ഇന്നലേയും ഇന്നുമല്ല,
പ്രത്യാശയുടെ പൊൻകിരണമാണെനിക്ക്.
സ്നേഹിച്ചപ്പോൾ നാം
നമ്മുടെ മുഖപടങ്ങൾ പൊഴിച്ചു കളഞ്ഞു.
കാരണം മുഖംമൂടികളിന്മേൽ
ഉമ്മ വെയ്ക്കാൻ നാം സന്നദ്ധരായില്ല.
വസ്ത്രത്തിനും ചർമത്തിനും എല്ലിനും മജ്ജയ്ക്കുമടിയിലെ
നമ്മെയാണ് നാം തേടിയത്.
നന്ദിയുണ്ട്,
നീയെന്നോട് വിശദീകരണങ്ങൾ തേടിയില്ല,
ചോദ്യങ്ങൾ കൊണ്ടെന്നെ ദണ്ഡിച്ചില്ല.
നീയെനിക്ക് സ്വാതന്ത്ര്യമാണ്, വിശ്വാസമാണ്.
നാം അധികം സംസാരിച്ചില്ല, കണ്ടതില്ല.
ശബ്ദങ്ങൾക്കും കാഴ്ചകൾക്കും അപ്പുറം
നാം നമ്മെ കാണുന്നു ,അറിയുന്നു, അനുഭവിക്കുന്നു.
കാരണം പരസ്പരം നാം കാണുന്നത് നമ്മുടെ ശ്ലഥബിംബങ്ങളല്ല.
അവിടെ എന്റെ സ്വന്തം രൂപം ഉടയാതെ നിന്നു.
നിന്റെ രൂപത്തേയും ഞാൻ ഉടയ്ക്കാതെ കാത്തു.
അവിടെ ഞാൻ എന്റേത് തന്നെ ആയിരുന്നു.
ഹാ – ഒരിക്കലും എന്റേതായിരുന്നിട്ടില്ലാത്ത
വിധം എന്റേതായിരുന്നു.
ഞാനിപ്പോൾ എത്ര സുരക്ഷിതയാണ്
അമ്മയുടെ ഉദരത്തിലെന്നത് പോൽ,
അല്ലെങ്കിലവളുടെ കരത്തിങ്കൽ
നവജാത ശിശുവെന്നത്പ്പോൽ.
നീയൊരു പാരിതോഷികമാണ്.
ജീവിതത്തിന്റെ
മനോഹരമായൊരു പാരിതോഷികം.
പ്രിയങ്കര,
ജീവിതം നമുക്ക് ഒരാഘോഷമാക്കുക.
സ്വയം സമ്മാനിതരായിത്തീരുക .
പരിപൂർണ്ണരായ ആണും പെണ്ണും ആവുക
അകലെയിരിക്കുമ്പോഴും പരസ്പരം സാന്നിധ്യമാവുക.