സ്നേഹത്തിന്റെ തിരുശേഷിപ്പുകൾ

പൂവ് പൂമ്പാറ്റയോട്:
എന്റെ ഇമയിതളിൽ
ഇപ്പോഴും പറ്റിയിരിപ്പുണ്ട്
പ്രണയം ചോരുന്ന
നിന്റെ രണ്ടുമ്മകൾ

മരം മഴയോട്:
നീ പെയ്തു തോർന്നിട്ടും
എന്റെ തോരാപ്പെയ്ത്തിൽ
പൊഴിയാതെ നിൽപ്പുണ്ട്
നിന്റെ രണ്ടുമ്മകൾ

കൂൺ ഇടിമിന്നലിനോട്:
വാക്കേറ്റു പൊള്ളിയതിന്റെ
ഓർമവടുക്കളിൽ
ഒട്ടിയിരിപ്പുണ്ട്
മാപ്പു മണക്കുന്ന
നിന്റെ രണ്ടുമ്മകൾ

കര കടലിനോട്:
പിൻവാങ്ങുമ്പോഴും
തിരികെയിരമ്പിയെത്തുമെന്ന
തോന്നലിൽ
പൊതിഞ്ഞു നിൽപ്പുണ്ട്
ഉടലാകെ നനച്ച
നിന്റെ രണ്ടുമ്മകൾ

ഭൂമി ആകാശത്തോട്:
സമാന്തരരേഖകൾ
അനന്തതയിൽ
ഒന്നിയ്ക്കുമെന്ന
നിന്റെ വാക്കിൽ
എനിക്ക് കിട്ടുന്നുണ്ട്
നിന്റെ രണ്ടുമ്മകൾ

അമ്മ കുഞ്ഞിനോട്:

“ഉം…മ് മ്മാ”യെന്ന
നിന്റെ ഉമ്മവയ്‌ക്കലിൽ
ഞാൻ കരുതിവയ്ക്കുന്നുണ്ട്
ഒരായുസ്സിലേക്കുള്ള
നിന്റെ കുഞ്ഞുമ്മകൾ

ഞാൻ നിന്നോട്:
‘ഒറ്റയ്‌ക്കായെ’ ന്നൊരു
പിടപ്പുരുമ്മുമ്പോൾ
എന്റെ വിരലറ്റത്ത്
കുളിർന്നു നിൽപ്പുണ്ട്
നിൻ വിരൽത്തുമ്പിൽ
നിന്നു നീണ്ട
‘ഞാനുണ്ടെ’ന്ന രണ്ടുമ്മകൾ

ഞാൻ എന്നോട്:
നീ നടക്കേണ്ട
വഴികളിലൊളിഞ്ഞിരിക്കുന്ന
മുൾമുനകളിൽ
പതിയിരിപ്പുണ്ട്
‘നടന്നേ പറ്റൂ’വെന്ന
രണ്ടല്ല,
രണ്ടായിരം ഉമ്മകൾ

നാം നമ്മളോട്:
നീ ഞാനായിട്ടും
ഞാൻ നീയായിട്ടും
തിരഞ്ഞു നീങ്ങുന്ന
കാലത്തിനറ്റത്ത്
വീഴാതെ നിൽപ്പുണ്ട്
നാം കാത്തു വച്ച
രണ്ടുമ്മകൾ

കാലം നമ്മളോട്:
വാക്കു കൊണ്ടും
നോക്കു കൊണ്ടും
ചുണ്ടു കൊണ്ടും
തൊട്ടും
കേട്ടും
കണ്ടും
എണ്ണമില്ലാത്തുമ്മകൾ
കൊണ്ടും കൊടുത്തും
ജീവിതത്തെ ഉമ്മ വയ്ക്കുക.

ആയുർവേദ ഡോക്ടർ ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എഴുതുന്നു.