വായിച്ച പുസ്തകങ്ങൾക്കും അറിഞ്ഞ മനുഷ്യർക്കുമുള്ള ആദരവും, അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള ഭാവനയുടെ ചെറുത്തുനിൽപ്പുമായി തന്റെ പ്രഥമ നോവലിനെ വായനക്കാർക്കായി സമർപ്പിക്കുകയാണ് അജയ് പി മങ്ങാട്.
ചില വ്യക്തികളിലേക്ക് നമ്മളറിയാതെ ആണ്ടുപോകുന്നതിന് കാരണമെന്താണ്? ചില വിജനമായ വഴിത്താരകൾ നമ്മുടെയുള്ളിൽ പൂവിരിയ്ക്കുന്നതെങ്ങനെ? പല സ്വരങ്ങളാൽ ചുറ്റപ്പെടുമ്പോഴും മൗനത്തിൽ നാം സ്വയം മറക്കുന്നതെങ്ങനെ? പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത നമ്മോടു കൂടിയ ഇഷ്ടങ്ങൾ, അതു തന്നെയാവാം സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ കടക്കാൻ, വെളിച്ചം അരിച്ചു മാത്രം കടന്നെത്തുന്ന മുറിക്കുള്ളിൽ സ്വയം മറന്ന് നിൽക്കാൻ എന്നെയും പ്രേരിപ്പിച്ചത്.
ഇരട്ടവാലൻ കരണ്ട കുറേ ജീവിതങ്ങൾ അടുക്കിവെച്ചിരിക്കുന്ന പുസ്തകഷെൽഫും അതിൽ നിഴൽ വിരിക്കുന്ന ഇരുട്ടുമാവാം പ്രഥമദർശനത്തിലെ അനുരാഗത്തിന് കാരണം.
ഉള്ളിനുള്ളിൽ വായനകൊണ്ട് ഒരു രഹസ്യ ലോകം സൃഷ്ടിച്ച് അതിൽ ജീവിക്കുന്ന സൂസന്നയെ കണ്ടെത്തുന്നതുവരെ, വിവിധ ബ്ലോക്കുകൾ ഒന്നിച്ചുചേർത്തൊരു രൂപം സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ച് പലതവണ പരാജയപ്പെട്ട പൈതലിന്റെ നെഞ്ചിടിപ്പായിരുന്നു. സൂസന്നയെ കണ്ടെത്തിയതോടെ ശ്രമം വിജയിച്ചു എന്ന് പറയാം.
സൂസന്നയ്ക്ക് ഏഴു വയസ്സ് പ്രായമുള്ളപ്പോൾ അമ്മ മരിച്ചതാണ്. ഊരുചുറ്റി നടന്ന അച്ഛൻ തണ്ടിയെക്കന്റെ മൂത്ത സഹോദരി, നഴ്സായ മേരിയമ്മയാണ് സൂസന്നയെ വളർത്തിയത്. മേരിയമ്മയുടെ മരണത്തോടെ മുഴുക്കുടിയനായ അച്ഛനെ രക്ഷിക്കാൻ സൂസന്ന പഠനം നിർത്തി.
അലിയും (കഥാകാരൻ എന്ന് ഞാൻ പറയും) അഭിയും ചേർന്ന്, പറഞ്ഞുകേട്ട അറിവനുസരിച്ച് നീലകണ്ഠൻ പരമാരയുടെ അവസാന രചനയുടെ കയ്യെഴുത്തുപ്രതി തേടി മറയൂരിലുള്ള സൂസന്നയുടെ ഗ്രന്ഥപ്പുരയിലെത്തുന്നു. അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥപ്പുരയിൽ തമിഴ് മലയാളം ഇംഗ്ലീഷ് പുസ്തകങ്ങൾ ഉണ്ടായിരുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുരമാത്രമല്ല അവളുടെ മൗനവും വാക്കും ചലനവും എന്തിനേറെ പുസ്തകവായനയുടെ രീതിശാസ്ത്രം വരെ കഥാകാരൻ വിശകലനവിധേയമാക്കുന്നുണ്ട്.
മരിച്ചവരുടെ തണുപ്പ് തൊട്ടറിഞ്ഞ് പതിനഞ്ചാം വയസ്സിൽ നാടുവിട്ട ചന്ദ്രൻ, പെണ്ണിന്റെ നിറവായി ചന്ദ്രനിലൂടെ നാമറിയുന്ന ജല, എറണാകുളം മഹാരാജാസ്, അവിടുത്തെ പബ്ലിക് ലൈബ്രറി, ഗൂഢാനന്ദഭരിതമായ ബോട്ട് ജെട്ടി, കണ്ണിൽമാത്രം നോക്കി സംസാരിക്കുന്ന സി എ വിദ്യാർത്ഥിയായ അമുദ, പരാജയപ്പെട്ട എഴുത്തുകാരനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇഖ്ബാൽ, ജപ്പാനീസ് ഹൈക്കു കവിയെ ഇഷ്ടപ്പെട്ടിരുന്ന സബീന, സ്വവർഗരതിയിലേക്കെത്തുന്ന തരത്തിൽ അമുദയ്ക്കൊപ്പം ചേരുന്ന ഫാത്തിമ, അമുദയുടെ അച്ഛൻ അഖിലൻ, കണ്ണിൽ നോക്കുമ്പോൾ ലജ്ജകൊണ്ട് നോട്ടം പിൻവലിക്കുന്ന നമ്മുടെ സ്വന്തം അലി എന്നിവരൊക്കെ ഗ്രന്ഥപ്പുരയിലുണ്ട്.
ഒരു വീടിനുള്ളിൽ ആരുമറിയാതെ പുതിയൊരു വീടുപണിത കഥാകാരൻ വീടിന്റെ അസ്ഥിവാരം കെട്ടാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്. 200 പേജുള്ള നോട്ട്ബുക്കിൽ ‘ഇരുനില ക്കെട്ടിടത്തിലെ ഭീകരൻ ‘എന്ന നോവൽ ആദ്യമായി എഴുതിയതന്നാണ് .
സൂസന്നയുടെ ഗ്രന്ഥപ്പുരയിലേതിനേക്കാളേറെ പുസ്തകങ്ങൾ നോവലിൽ പരാമർശ വിധേയമാകുന്നുണ്ട്. ഒരിക്കലും കവിതകൾ വായിക്കാതിരുന്ന അഭി നെരൂദയുടെ ‘പ്രണയ ശതകവും’ Residence on Earth, Twenty Love Poems and a Song of Despair തുടങ്ങിയ രചനകൾ വായിക്കുകയും അതിൽ ജീവിക്കുകയും ചെയ്യുന്നതറിയുമ്പോൾ പ്രണയം ഒരു മനുഷ്യനെ കവിയാക്കി മാറ്റുന്നതെങ്ങനെയെന്ന് നാമറിയുന്നു. യൗവ്വനം കൊണ്ട് മാത്രമറിയാവുന്ന ഗന്ധവും ചെറുപ്പത്തിന്റെ പ്രകമ്പനത്താൽ ഉണരുന്ന വികാരവും വായനക്കാരൻ ആസ്വദിക്കുന്നു.
ഓരോ മനുഷ്യനിലും സൂക്ഷ്മരൂപത്തിൽ വസിക്കുന്ന വിഷാദം സ്ഥൂലരൂപമായി സ്വയം അപരിചിതരായിത്തീരാതിരിക്കാൻ ജീവിതത്തിൽ പലപ്പോഴും എത്രത്തോളം സംഘർഷമാണ് ഓരോരുത്തരും അനുഭവിക്കുന്നതെന്നോർത്ത് നാം അത്ഭുതം കൂറുന്നു.
ഫ്ലുബെർട്ടിന്റെ മദാംബോവറിയും ജോയ്സ് കാരളിന്റെ അത്ഭുത ലോകത്തിലെ ആലീസും അഹ്മതോവയുടെ കവിതാസമാഹാരവും റോബർട്ട് ബർട്ടന്റെ Anatomy of Meloncholy യും പരാമർശിക്കപ്പെടുന്നുണ്ട്. കഥാപാത്രങ്ങൾക്കിടയിലെ കടത്തുകാരാവാൻ ദസ്തേവിസ്കിയും ടോൾസ്റ്റോയിയും എത്തുന്നു.
ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാർ, കുറ്റവും ശിക്ഷയും, ടാഗോറിന്റെ ഹോം ആൻഡ് ദി വേൾഡ് ഇവയും വ്യത്യസ്ത അവസരങ്ങളിൽ പരാമർശ വിധേയമാകുന്നു.
അഭിയും അലിയും തമ്മിലുള്ള സൗഹൃദം നേർത്ത സുഗന്ധം പകരുന്നതാണ്. സ്വകാര്യതകൾ മാനിച്ചു കൊണ്ടുള്ള ആ സൗഹൃദത്തിലും കഥാകാരൻ വല്ലാതെ നോവുന്നുണ്ടെന്ന് വായനക്കാരനറിയുന്നു . ഉള്ളിലുറയുന്ന വിഷാദവും അപകർഷതാബോധവും അന്തർമുഖത്വവും സ്വയം സൃഷ്ടിച്ച ഏകാന്തതയുമൊക്കെ അലിയിൽ നിന്ന് എഴുത്തുകാരനിലേക്കുള്ള സംക്രമണത്തിന് അഗ്നിപകരുന്ന നെരിപ്പോടുകളാണെന്ന് നോവലിന്റെ അവസാനം വായനക്കാരൻ തിരിച്ചറിയുന്നു.
തനിക്കു പ്രവേശനമില്ലാത്ത ഒരു ലോകത്ത് അഭിരമിക്കുന്നവളാണ് സൂസന്നയെന്നറിയുന്ന ജോസഫിനെ വായിച്ചപ്പോൾ മണിച്ചിത്രത്താഴിലെ ഗംഗയേയും നകുലനെയുമാണ് ഓർമ്മ വന്നത്. പുസ്തകങ്ങൾ തീർക്കുന്ന ആ രഹസ്യ ലോകത്ത് താനില്ലെന്ന തിരിച്ചറിവിൽ നിന്നാവാം ജോസഫ് ബൈബിളിലേക്കും വെള്ളക്കുപ്പായത്തിലേക്കും തിരിഞ്ഞത്. ഇവിടെ കടങ്കഥകൾക്കുത്തരം തേടുന്ന മനുഷ്യമനസ്സുകളും അവ എത്തിച്ചേരുന്ന അഭയസ്ഥാനങ്ങളും കഥാകാരൻ നന്നായി വരച്ചു കാട്ടുന്നു.
പരമാര അവസാനം രചിച്ചത് നോവലാണോ കഥയാണോ വിവർത്തനമാണോയെന്നറിയാതെ അതിന്റെ പിന്നാലെ നമ്മളും സഞ്ചരിക്കുന്നു. അടക്കിവെച്ച നെടുവീർപ്പുകളുടെ സ്ഥാനത്ത്, നെരൂദയുടെ കവിതകൾ ലക്ഷ്മിയെ അജ്ഞാതവും വിദൂരവുമായ പ്രദേശങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു. വരണ്ടുണങ്ങിയ മനസ്സുമായി അതുവരെ ജീവിച്ചിരുന്ന ലക്ഷ്മി നെരൂദയുടെ കവിതകൾ തമിഴിലേക്കു മൊഴിമാറ്റി.
എഴുത്തിലെ പരാജയം നഷ്ടപ്പെടുത്തിയ സമചിത്തത അകമേ നിന്ന് ചുരണ്ടി ചുരണ്ടി കഥാകൃത്തിനെ രൂപപ്പെടുത്തിയെടുത്തതിന്റെ ചരിത്രവും കൂടിയാണ് ഈ നോവൽ. വായിക്കപ്പെടാതെ പോകുന്ന രചനകൾ എഴുത്തുകാരന് സമ്പാദിച്ചുകൊടുക്കുന്ന പരാജയബോധം, ഏകാന്തത എന്നിവ അഗാധതയിൽ എഴുത്തുകാരനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. എഴുത്തുകാരൻ പുനർജനിക്കുന്നു.
പുസ്തകമായി അച്ചടിച്ചു വന്നാലും രചന പൂർത്തിയാകുന്നില്ല എന്നുള്ള സത്യം കഥാകാരൻ ഇതിൽ വിളിച്ചുപറയുന്നു. ഓരോ രചനയും എഴുത്തുകാരന്റെ മനസ്സിൽ തിരുത്തപ്പെട്ടുകൊണ്ടേയിരിക്കും അയാളുടെ മരണം വരെ.
സാഹിത്യത്തെയും സംഗീതത്തെയും അവസാനകാലത്ത് തിരസ്കരിച്ച ടോൾസ്റ്റോയിയെപോലെ, അപഗ്രഥിച്ചു നിഗമനത്തിലെത്താനാവാത്ത കുറെ തെളിവുകളുമായി സൂസന്ന എന്ന കഥാപാത്രം വായനക്കാരനെ അലട്ടുന്നുണ്ട്. സവിശേഷമായ ഒരേകാന്തതയെ പ്രണയിക്കാൻ കഴിയാത്ത വായനക്കാരന് സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ തണുപ്പ് എത്രത്തോളം അനുഭവിക്കാനാകുമെന്ന് എനിക്ക് സംശയമുണ്ട്.
ഗ്രന്ഥപ്പുരയിലെ അയ്യായിരത്തിലേറെ പുസ്തകങ്ങൾ രണ്ട് ദിവസംകൊണ്ട് അഗ്നിയ്ക്കിരയാക്കിയ സൂസന്നയുടെ മാനസികാവസ്ഥ വായനക്കാരൻ അപഗ്രഥിക്കേണ്ടതുണ്ട്. പരമാരയുടെ പുസ്തകം തേടിയുള്ള കഥാകാരന്റെ യാത്ര നോവലിന്റെ അന്ത്യത്തിലാണ് പൂർണമാകുന്നത്.
ആദ്യ രചനയുടെ പിറവിയും ആദ്യവായനയുടെ സുകൃതവും മനുഷ്യമനസ്സിലുണ്ടാക്കുന്ന വൈകാരിക മാറ്റങ്ങൾ കഥാപാത്രങ്ങളിലൂടെ പ്രകടമാകുന്നുണ്ട്. കഥാവസാനത്തിൽ ആത്മാവിൽ ചോര വാർന്നൊഴുകുന്ന മുറിവുകളുമായി അലയുന്ന കഥാപാത്രങ്ങളിലൂടെ മനുഷ്യാവസ്ഥയുടെ നിസ്സഹായതയും എഴുത്തുകാരനിലേക്കുള്ള സംക്രമണത്തിൽ അവൻ പേറുന്ന നെരിപ്പോടുകളും വ്യക്തമാക്കപ്പെടുന്നു. എല്ലാറ്റിനുമപ്പുറം എല്ലാ പുസ്തകങ്ങൾക്കും എല്ലാ അക്ഷരങ്ങൾക്കുമപ്പുറം ദുർബലവും ദുസ്സഹവുമായ വികാരങ്ങളുടെ കെട്ടുപാടുകൾക്കപ്പുറം ശാന്തിക്ക് വേണ്ടിയലയുന്ന മനുഷ്യ ജീവിതമാണ് നോവലിൽ നമുക്ക് കാണാൻ കഴിയുന്നത്.
സൂസന്നയുടെ ഗ്രന്ഥപ്പുര ( നോവൽ )
അജയ് പി മങ്ങാട്ട്
മാതൃഭൂമി ബുക്ക്സ്
വില : Rs.280/-