സൂര്യനിലേക്കു പറന്നവൾ

മഞ്ഞവെയിൽ മുനകളിൽ
പിഞ്ഞിയ സ്വപ്നങ്ങൾ
കുത്തി കോർത്താണ്
അവൾ മനസ്സിൽ
പ്രണയത്തെ വേലി കെട്ടി
അടച്ചത്.

എന്നിട്ടും ഒരു
മഴയോരത്തു നിന്ന്
ഒരു വെൺപ്രാവ്  
കാലം തെറ്റി പൂത്ത
പ്രണയവും കൊത്തി
സൂര്യനിലേക്കു
പറന്നു.

അടുക്കും തോറും
ആകാശമകന്ന്
സൂര്യമുഖം
മാഞ്ഞപ്പോൾ
ഒരു മഴനൂൽ തുമ്പിൽ
തൂങ്ങി
പ്രണയം ഭൂമി വാതിൽ തേടി.

എന്നിട്ടും
ഹൃദയമുറിവുകളെ
ഒരു വെൺതൂവലാൽ
പൊതിഞ്ഞു പിടിച്ചവൾ
സ്വയം
മഷിക്കറുപ്പുള്ള
രാവായിരുണ്ടു.

വെയിൽ  പൊള്ളിച്ച
പകലുകളിൽ
ഉരുകാത്ത
ഹിമശൈലമായുറഞ്ഞു

പിന്നെ
കത്തുന്ന
സൂര്യനെതിരെ
മിഴിവാതിലുകൾ
എന്നെന്നേക്കുമായി
ചേർത്തടച്ചു.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.