നൃത്തം തുടങ്ങുന്നു നീ സാലഭഞ്ജികേ!
കത്തുന്ന തീയാണ് മുന്നിൽ
രക്തം കുടിക്കുന്ന മൃത്യുഘോഷത്തിൻ്റെ-
കത്തും ശ്മശാനങ്ങൾ പോലെ
നിശ്ശബ്ദമെല്ലാമൊടുങ്ങുന്ന പാതിരാ-
ക്കെട്ടിന്നമാവാസി പോലെ.
ദു:ഖങ്ങളെല്ലാം മുഖം പൂഴ്ത്തി
നിൽക്കുന്ന കൽത്താമരക്കുളം പോലെ.
സത്രങ്ങളും ഉറങ്ങുന്നു പാഴ്നാവിൻ്റെ
ഖഡ്ഗങ്ങൾ ചിത്തം മുറിക്കെ;
വൃദ്ധിയിൽ, പിന്നെ ക്ഷയിച്ച് പോകും
നിലാക്കുന്നിൻ്റെയാഴത്തിലെങ്ങോ-
അന്ധകാരം ചുരുൾമേഘങ്ങളായ്
പടർന്നന്തിയ്ക്ക് കൂട്ടായിരിക്കെ;
അന്തർഗതങ്ങൾ മറയ്ക്കുന്ന നിൻ-
ശിരോമണ്ഡലം തേടി ഞാൻ വന്നു.
വീതുളിക്കൈയ്യാൽ പിളർന്ന നിൻ
മാറിലെ ശോണവടുക്കണിൽ നിന്ന്
ഘോരരണപടയോട്ടങ്ങൾ കണ്ട-
നൂറ്റാണ്ടുകളോടിവരുന്നു
തൊട്ട് നോക്കി നിൻ്റെ കൽഹൃദയം
ഞാനുമുച്ചിയിൽ സൂര്യൻ ജ്വലിക്കെ!
നൃത്തമാടുന്നുണ്ടതിന്നും ശിരോമാല്യ-
രത്നലിഖിതങ്ങൾ പോലെ,
കൃഷ്ണപക്ഷത്തിൻ്റെ ചായങ്ങൾ-
മായ്ക്കുന്ന നക്ഷത്രമണ്ഡലം കാൺകെ
നൃത്തം തുടങ്ങുന്നു നീ സാലഭഞ്ജികേ-
ചിത്രച്ചുമർക്കളം തന്നിൽ
കൊത്തിവയ്ക്കുന്ന നിന്നോർമ്മയിൽ
ബുദ്ധൻ്റെ സത്യഗയകളുണ്ടാമോ?
*ഹമ്പിയിലും, *ഹളേബീടിലും, കണ്ടത്
നിൻ പുരാവൃത്തസ്തൂപങ്ങൾ
*ബാദാമിയിൽ, *പട്ടടക്കല്ലിനപ്പുറം
കാലം നടന്നു പോകുന്നു
നിൻ്റെയോളങ്ങൾ ഘടപ്രഭേ!
കണ്ടുകണ്ടിന്നത്തെ നൂറ്റാണ്ടിലെത്തി
പിന്നിലും മുന്നിലും ചിത്രങ്ങൾ കൊത്തുന്ന
ശില്പിയെ പോലെ ഋതുക്കൾ
കൽക്കെട്ടിലല്പമിരിക്കവെ
കണ്ണിലേയ്ക്കിറ്റ് വീഴുന്ന മഴകൾ
ലുംബിനിക്കാടും കടന്ന് ബുദ്ധൻ വന്ന
ചിന്ത തൻ മേച്ചിൽപ്പുറങ്ങൾ
കല്ലിലായ് ധ്യാനരൂപത്തിലാമാമല-
ക്കുന്നിൽ തപസ്സിരിക്കുന്നു.
നീ കണ്ട ബോധോധയത്തിൻ്റെയാ-
ഗയ, സാരാനാഥിൽ ചെന്ന് നിൽക്കേ!
നൃത്തച്ചിലമ്പുകൾ നിൻ കാലിൽ
നിന്നൂർന്നു പൊട്ടിത്തെറിച്ചങ്ങ് പോകെ;
നിൻ്റെ കണ്ണിൽ കടൽ ക്ഷോഭങ്ങളു-
ണ്ടെന്ന് കണ്ട് നിൽക്കുന്നൊരാകാശം
നിൻ്റെ കണ്ണിൽ കനൽത്തീപെയ്ത
കാലങ്ങളുണ്ടെന്ന് ചൊല്ലുന്നു കാറ്റ്.
കാലം പലായനം ചെയ്യുന്നതും കണ്ട്
നീ സാലഭഞ്ജികേ നിൽപ്പൂ.
കല്ലിലായ് വേരോടി നിൽക്കുന്ന
പൂമരച്ചില്ലയിൽ വീണ്ടും പ്രതീക്ഷ
(*ബാദാമി (വാതാപി), പട്ടടക്കല്ല് കർണ്ണാടകയിലെ ചരിത്രസ്മാരകങ്ങളാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഹാസൻ ജില്ലയിലെ ഹളേബീടിലെ ചരിത്രശില്പങ്ങൾ തകർക്കപ്പെട്ട നിലയിലാണ്. ബാഗൽക്കോട്ട് ജില്ലയിലെ പട്ടടക്കല്ല്, ബെല്ലാറി ജില്ലയിലെ തുംഗഭദ്രനദിക്കരയിലെ ഹമ്പി എന്നിവ യുണെസ്കോ പൈതൃകകേന്ദ്രങ്ങളിൾ ഉൾപ്പെട്ട ചരിത്രസ്മാരകങ്ങളാണ് )