സരിത ലോഡ്ജ് : അധ്യായം രണ്ട്

സുകന്യയുടെ കഥ

അങ്ങനെ സുനീതിയും കടന്നുപോയശേഷമാണ് എന്റെ ഉടമ ആ തീരുമാനമെടുത്തത്. ലോഡ്ജിൽ രണ്ട് ആത്മഹത്യകൾ നടന്ന നൂറാം നമ്പർ മുറി ഇനി തുറക്കേണ്ടതില്ല. അങ്ങനെ ഒരു മുട്ടൻ പൂട്ടിട്ട് ആ മുറി പൂട്ടി. അതിനും മുൻപായി സുനീതി തുറന്നിട്ട ജനാലകൾ അടച്ചുകൊളുത്തിട്ട്, അവളുടെ ആത്മാവ് ഇറങ്ങിപ്പോകാതിരിക്കാനെന്നോണം വലിയൊരു പട്ടികക്കഷണം കൊണ്ട് ജനാല അടിച്ചുറപ്പിച്ചു പൂട്ടി. ശുഭം! റൂംബോയിയും ആശാരിയും മടങ്ങി.

ഓർമകളെ പൂട്ടിയിടാൻ വെറുമൊരു പൂട്ടിനാകുമോ? ഞാനെങ്ങനെയാണ് ആ കറുപ്പിൽ വയലറ്റുപൂക്കളുള്ള പാവാട മറക്കുക? അന്നാ പെൺകുട്ടി പ്രണയം കൊണ്ടുന്മത്തയായി കാമുകന്റെ നെഞ്ചിലേക്കു ചാഞ്ഞതും അയാളുടെ ആദ്യചുംബനത്തിനായി കൊതിച്ചതും മറക്കുക? എങ്ങനെയാണ് ഗോപി സ്വന്തം മകളുടെ മാത്രം പ്രായമുള്ള ആ ഇളംശരീരത്തിൽ, നീണ്ട മുടി പിടിച്ചുവലിച്ചു വേദനിപ്പിച്ചുകൊണ്ട് ആർത്തിയോടെ അവളുടെ നഗ്നതയെ പ്രാപിച്ചതു മറക്കുക? എങ്ങനെയാണയാളിൽ കുറ്റബോധത്തിന്റെ വിത്തുമുളച്ചതും ആ വേദനയെ നേരിടാതെ ഒരു കുരുക്കിട്ട് രക്ഷപ്പെട്ടതും മറക്കുക? എന്റെ ചുമരുകൾ വിങ്ങുകയാണ്. മനുഷ്യർ അവരുടെ ചിന്തകൾ, നോവുകൾ കൊണ്ടെന്നെ തളർത്തുന്നു. ഞാൻ നൂറാം നമ്പർ മുറിയിൽ നിന്നു പണിപ്പെട്ടെന്റെ നോട്ടവും ഹൃദയവും പറിച്ചെടുത്തു.

ഇനിയുമുണ്ട് മുറികൾ, അവയിൽ മരണത്തിന്റെ തണുത്ത ഗന്ധമില്ലെന്ന പ്രത്യേകത മാത്രമേയുള്ളൂ. സുനീതിയെ വായിച്ചപ്പോൾ നിങ്ങളിൽ ചിലർ ചിന്തിച്ചിരിക്കാം, എന്തുകൊണ്ടാവും ആദ്യ കഥയായി ഇത്ര സാധാരണപ്പെട്ട ഒന്ന് തിരഞ്ഞെടുത്തതെന്ന്. കാരണം ക്രൂരത, പ്രതികാരം തുടങ്ങിയവ ഇതിലും വലുത് നമുക്കു ചുറ്റും നടക്കുന്നുണ്ടല്ലോ. ഞാൻ എന്റെ അവസാന നിമിഷങ്ങളിൽ നിന്നാണ് ഇതു പറയുന്നത്. അപ്പോൾ എന്റെ ജീവിതത്തിൽ ആഴത്തിൽ തൊട്ടവയാകും ആദ്യം ഓർമയിൽ തെളിയുക. മരണവക്ത്രത്തിൽപ്പെടുമ്പോൾ മരിച്ചുപോയവരെ കാണാറുണ്ട് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്, അതാവും ഞാനും അവളെ ഓർക്കാൻ കാരണം.

എന്റെ ഉടമ, അലി ഹാജി ഒരു സൂഫിയായിരുന്നു. അദ്ദേഹത്തിനു പല ദേശങ്ങളിൽ സുഹൃത്തുക്കൾ ധാരാളം ഉണ്ടായിരുന്നു. അവർ വേദവും ഉപനിഷത്തും മുതൽ സൂഫിസവും താവോയിസവും വരെ എന്റെ മട്ടുപ്പാവിലിരുന്ന് ചർച്ച ചെയ്തിരുന്ന രാത്രികൾ, ആ രാത്രികളിൽ ആകാശത്തു തിളങ്ങിയിരുന്ന നക്ഷത്രങ്ങൾ ഒരു കാത് ഞങ്ങൾക്കുമേൽ നിക്ഷേപിച്ചിരുന്നു. അവ അസ്തമിക്കും നേരം നീയെത്ര ഭാഗ്യവതിയെന്ന് എന്നോടു മന്ദഹസിച്ചിരുന്നു. താടി നീട്ടിവളർത്തിയ ഒരു ഉത്തരേന്ത്യൻ സ്വാമിയിൽ നിന്നാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ പ്രഭാഷണം ഞാൻ കേട്ടത്. അപ്പോൾ, സുനീതിയും ഗോപിയും ഒക്കെ സ്വാതന്ത്ര്യം ലഭിച്ചവരായിരിക്കുമോ?

ഞാൻ ഒരു വേദാന്തിയല്ല, എങ്കിലും പറയട്ടെ, തെറ്റുകൾ എന്നതും സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വഴിയാണ്. തെറ്റ് തെറ്റാണെന്നു പൂർണമായി തിരിച്ചറിഞ്ഞാൽ പിന്നെ തെറ്റ് ചെയ്യില്ല. ആ തിരിച്ചറിവ് സുനീതിക്കും ഗോപിക്കും പകർന്നു നൽകാൻ ആരുമുണ്ടായില്ല എന്നേ ഞാൻ വിലയിരുത്തുന്നുള്ളൂ.

പറഞ്ഞുവന്ന കഥയിൽ ഇനി ഏറെയൊന്നും എനിക്കു കൂട്ടിച്ചേർക്കാനില്ല. അടുത്ത പേരുകാരി എന്റെ ഓർമയിൽ ഇടം പിടിച്ചുകഴിഞ്ഞു. അവൾ സുകന്യ. മൂന്നു പെറ്റ, അഞ്ചു വട്ടം ഗർഭം ധരിച്ച ഒരുവൾ. ഇന്നവൾക്ക് ഒരു കുഞ്ഞു മാത്രമേ ഉള്ളൂ. അമ്മ, ഗർഭവതി തുടങ്ങിയ വേഷങ്ങൾ പെൺവാക്കുക്കൾക്കുള്ളവയാണ്. പെണ്ണ്, അവൾ ഉർവരമാണ്. വിത്തുമുളയ്ക്കേണ്ട ഇടമാണവൾ. ജ്ഞാനം പകരേണ്ടവൾ. എന്നാൽ നിരന്തരം അവഹേളിക്കപ്പെട്ടാലോ?

സുകന്യ!

എന്തൊരു പേര്!

വൃദ്ധനായ ച്യവനനെ വരിക്കേണ്ടി വന്നവൾ, അശ്വനീദേവകളുടെ പരീക്ഷണത്തെ അതിജീവിച്ചവൾ, ഭർത്താവിന്റെ യൗവ്വനം തിരികെ നേടിയവൾ.

ആധുനിക സുകന്യ, ജീവിത ദുഃഖസാഗരത്തിൽ പങ്കായം നഷ്ടമായ കുഞ്ഞുനൗകയായി അലയുന്നതാണ് ഞാൻ കണ്ടത്.
രണ്ടാം അധ്യായം അവളെക്കുറിച്ചാണ്.

സുകന്യയുടെ കഥ

കഥ തുടരുകയാണ്. സുകന്യയെക്കുറിച്ചാണ്. നഗരത്തിൽ നിന്നും മൂന്നുനാല് മണിക്കൂറുകൾ ദൂരത്തിലുള്ള ഒരു കടലോരഗ്രാമത്തിൽ നിന്നാണവർ വന്നത്. അച്ഛനും അമ്മയും മകളും. സുന്ദരനായ യുവാവിന്റെ പേര് അജയൻ, ഭാര്യ സുകന്യ, മകൾ എട്ടു വയസ്സുകാരി പാറുക്കുട്ടി എന്ന വിളിപ്പേരുള്ളവൾ. സുകന്യ അന്ന് ഗർഭിണിയാണെന്ന് അവളുടെ ഉന്തിയ വയർ സൂചിപ്പിച്ചു. പാറുക്കുട്ടിക്ക് വേണ്ട ചികിത്സകൾക്കായിട്ടാണവർ അവസാന അഭയമായി നഗരത്തിലെത്തിയത്. രക്താർബുദമാണവൾക്ക്. ചികിത്സകൊണ്ടു മകളുടെ അസുഖം ഭേദമാകും എന്നു തന്നോടുതന്നെ പറയുന്ന ആ അമ്മ എനിക്ക് ആദ്യ കാഴ്ചയിലേ നൊമ്പരമായി. കുഞ്ഞുമുഖത്തെ വിടർന്ന ചിരി വേദനയാണുണർത്തിയത്. ഞാനവരെ നോക്കി നിൽക്കുകയായിരുന്നു. സുകന്യയുടെ മുഖത്തെ ഭാവം ഗർഭാലസ്യം കൊണ്ടുള്ളതോ, മകളുടെ അസുഖത്തിന്റെതോ മാത്രമാണ് എന്നെനിക്കു തോന്നിയില്ല. അതിനും അപ്പുറത്ത് ഒരു ആധി അവളുടെ കൺതടങ്ങളെ കറുപ്പിച്ചിരുന്നു.
ഞാനവൾക്ക് നല്ലതു വരാൻ പ്രാർത്ഥിച്ചു. ആനന്ദനായിരുന്നു റിസപ്ഷനിൽ. ഒരു മാസമോ അതിലേറെയോ അവർക്ക് എന്റെ മുറിയിൽ താമസിക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. താഴെയുള്ള എട്ടാം നമ്പർ മുറിയാണ് അവർക്കു നൽകിയത്. ഒരു പായും തലയിണയും ഷീറ്റും അധികം നൽകി. ഉഷ്ണകാലത്ത് മൂന്നുപേർക്ക് ആ ചെറിയ കട്ടിലിൽ കിടന്ന് ഉറങ്ങാൻ വിഷമമാകുമെന്ന് ഉറപ്പ്. അതിരാവിലെ ആശുപത്രിയിലേക്കു പോയാൽ, മടങ്ങിവരുമ്പോൾ പലതരം ടെസ്റ്റുകളും മരുന്നുകളുമായി തളർന്ന വാഴത്തണ്ടുപോലെ ആ കൊച്ചു പെൺകുട്ടി അവളുടെ അച്ഛന്റെ തോളിൽ മയങ്ങിക്കിടക്കുന്നുണ്ടാവും. ഉണരുമ്പോൾ കുട്ടികളുടെ സഹജമായ വാശിയും കരച്ചിലും ഉള്ള ഒരു സാധാരണ കുട്ടി. അവൾ കരയുമ്പോൾ എനിക്ക് വല്ലാതെ പൊള്ളുമായിരുന്നു. എന്തൊരവസ്ഥയാണത്. മരണം, ആ കുഞ്ഞിനുചുറ്റും ഒരു കറുത്ത വൃത്തം വരച്ചിടുന്നതു കാണാനാകുമായിരുന്നു. മുടി കൊഴിഞ്ഞ്, ആകെ മെലിഞ്ഞ് ആ കുട്ടി എന്റെ വിങ്ങലായി മാറി.
ഇതിനിടയിൽ ഇടയ്ക്ക് എപ്പോഴൊക്കെയോ നൂറ്റിയെട്ടിൽ നിന്നും ചില ഉച്ചത്തിലുള്ള തർക്കങ്ങൾ ഉയർന്നുപൊങ്ങിയിരുന്നത് ഞാനത്ര കാര്യമാക്കിയിരുന്നില്ല. തർക്കങ്ങൾക്കൊടുവിൽ സുകന്യ രണ്ടാം നിലയുടെ മുകളിലെത്തി പൊട്ടിക്കരയുന്നതു പതിവായതോടെയാണ് ഞാനതു കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.

മകളുമായി അജയനും സുകന്യയും ഒന്നിച്ചുപോകുന്നത് എട്ടു പത്തു ദിവസങ്ങൾക്കുശേഷം മാറിത്തുടങ്ങിയതു ഞാൻ ശ്രദ്ധിച്ചു. ഇപ്പോൾ രാവിലെ കുഞ്ഞിനെ കൊണ്ടുപോകുന്നത് സുകന്യയാണ്. ഉന്തിയ വയറും വെച്ച് കുഞ്ഞിനെ തോളിലിട്ട് അവൾ റോഡു മുറിച്ചു കടക്കുന്നത് ഞാൻ വിഷമത്തോടെ നോക്കി നിന്നിരുന്നു. ഒരു പക്ഷേ, അജയന് താത്കാലികമായി എന്തെങ്കിലും ജോലി കിട്ടിയിരിക്കാം എന്നു ഞാൻ ചിന്തിച്ചു. എന്നാൽ ഉച്ചയോടെ ഉറക്കമെഴുന്നേറ്റ് അയാൾ പുറത്തു പോവുന്നതും വൈകുന്നേരം സുകന്യ കുഞ്ഞുമായി മടങ്ങി വരുന്നതും പതിവായപ്പോൾ ഞാനയാളെ കൂടുതൽ ശ്രദ്ധിച്ചു.

അപ്പോഴാണ് നൂറ്റിയേഴിൽ പുതിയ താമസക്കാർ എത്തിയത്. ഒരു വയസ്സായ അമ്മയും അവരെ നോക്കാൻ ബന്ധത്തിലുള്ള യുവതിയും. യുവതി നല്ല സുന്ദരിയാണ്. വെളുത്ത നിറമല്ല, പക്ഷേ ഐശ്വര്യമുള്ള മുഖവും വിടർന്ന കണ്ണുകളും അവളെ ആകർഷകയാക്കി. അമ്മയെ ഇടയ്ക്ക് ആശുപത്രിയിൽ എത്തിക്കുക, തിരിച്ച് മുറിയിലെത്തി പരിചരിക്കുക, മക്കൾ അയക്കുന്ന കാശ് എടുക്കാൻ ബാങ്കിൽ പോവുക തുടങ്ങിയ കാര്യങ്ങളായിരുന്നു അവളുടെ ജോലി. വന്ന് രണ്ടുദിവസം കഴിഞ്ഞതോടെ അജയനും സുനിതയെന്ന ആ യുവതിയും പരിചയത്തിലായി. ഇപ്പോൾ കുഞ്ഞിന് നിത്യേന കുത്തിവയ്പ് ഇല്ല. അതിനാൽ സുകന്യയും കുഞ്ഞും പല ദിവസങ്ങളിലും മുറിയിൽത്തന്നെ കഴിഞ്ഞു. എന്നാൽ ഈ സമയങ്ങളിൽ അജയൻ മുറിയിൽ ഇരിക്കാൻ കൂട്ടാക്കിയതേ ഇല്ല.

ഉഷ്ണത്തിന്റെ കാഠിന്യം കൂട്ടാൻ അന്ന് ഉച്ചതിരിഞ്ഞനേരം വേനൽമഴ പെയ്തു. ചുട്ടുപഴുത്ത റോഡിൽ ഉരുകാൻ തുടങ്ങിയ ടാർ ആ വെള്ളത്തിൽ ഒന്നു തണുത്തു. അന്ന് പാറുക്കുട്ടിക്ക് പെട്ടെന്ന് ഒരു ബോധക്കേടു വന്ന് സുകന്യ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിരുന്നു. ഒരു തുണിക്കെട്ടിൽ കുഞ്ഞ് നേരിയ ശ്വാസഗതിയിൽ ചലനമില്ലാതെ കിടന്നു.

ഈ സമയം സുനിത, അമ്മക്കു മരുന്നും കൊടുത്ത്, അവരെ ഉറങ്ങാൻ വിട്ടിട്ട് മട്ടുപ്പാവിൽ വിരിച്ചിട്ട തുണിയെടുക്കാൻ ഓടിച്ചെന്നതാണ്. എന്നാൽ മഴകൊള്ളാതെ ആ തുണികൾ എടുത്ത് അജയൻ അവളെ ഏൽപ്പിച്ചു. അതായിരുന്നു തുടക്കം. വെറും പരിചയം ദൃഢബന്ധത്തിലേക്കു മാറുകയാണോ?

“എന്തു പറ്റി ചേട്ടാ കുഞ്ഞിനിന്നു തീരെ വയ്യല്ലോ, ചേട്ടൻ ഒപ്പം പോയില്ലേ?”

“ഇല്ല, ഇന്ന് അവൾ കൊണ്ടുപോകാമെന്നു പറഞ്ഞു. രാത്രി മുഴുവൻ ഞാനാണ് ഉറക്കമൊഴിഞ്ഞ് നോക്കുക. അവൾ ഗർഭിണിയല്ലേ, ഉറക്കം കൂടിപ്പോയാൽ പ്രശ്നമാകില്ലേ?”

“അതു ശരിയാ, എന്നാലും ചേച്ചി കുഞ്ഞിനേയും കൊണ്ട് പോകുന്നതു കാണുമ്പോൾ ഒരു വിഷമം…”

“എന്തു ചെയ്യാൻ, വിധി അല്ലാതെന്ത്?”

ആ സംഭാഷണം അവിടെ അവസാനിച്ചെങ്കിലും രണ്ടു വ്യക്തികൾ തമ്മിൽ കൂടുതൽ അടുക്കാൻ തുടങ്ങുകയാണ്. ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചു. അയാളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം അവളുടെ ഭാഗത്തും, അവളുടെ മനസ്സ് കീഴടക്കാനുള്ള വ്യഗ്രത അയാളിലും പ്രകടമാണ്. പക്ഷേ എന്തിന്? എനിക്കതുമാത്രം മനസ്സിലായില്ല. അല്ലെങ്കിലും മനുഷ്യർ വളരെ വിചിത്രസ്വഭാവക്കാരാണ്. അവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമുണ്ടാകില്ല.

അന്ന് രാത്രിയും കുഞ്ഞിനെ ആശുപത്രിയിൽ നിന്നും വിട്ടില്ല. അവളെ ഐ സി യു വിലേക്കു മാറ്റി എന്ന് ആനന്ദൻ പറയുന്നതുകേട്ടു. രാത്രി അജയനും ആശുപത്രിയിൽ ആയിരുന്നു. നൂറ്റെട്ടാം നമ്പർ മുറി അടഞ്ഞും ഒഴിഞ്ഞും കാണപ്പെട്ടു. ഒരാഴ്ചയോളം അങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ. അജയൻ വന്നു കുളിച്ച് മടങ്ങുമ്പോൾ സുകന്യ വരും. അവളുടെ കാലുകൾ നീരുവന്ന് വീർത്തിരുന്നു, കരഞ്ഞു കരഞ്ഞാകാം മുഖവും. ഉന്തിയ വയറിനു പിന്നിൽ എല്ലിച്ച അവളുടെ ദേഹം ലോകത്തെ മുഴുവൻ സങ്കടവും നിറച്ച മട്ടിലായിരുന്നു. മുറിയിൽ എത്തിയാൽ അവൾ ഏങ്ങലടിച്ചു കരയുന്നതു കേൾക്കാം. അവൾ വല്ലതും കഴിച്ചിട്ടുണ്ടാകുമോ? അവൾ ഒറ്റയ്ക്കല്ല. രണ്ടു ജീവനുകളാണ്. എനിക്കെന്തോ വല്ലായ്മ തോന്നി. പാവം, എത്രയായാലും അമ്മയല്ലേ.

ഇതിനിടയിൽ അജയനും സുനിതയും പലവട്ടം കാണുകയും എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്നത് പലരും ശ്രദ്ധിച്ചിരുന്നു. മുകളിൽ ഉണങ്ങാനിട്ട തുണികൾ എടുക്കാൻ ചെല്ലുന്ന സമയത്താണ് ഇവർ കൂടുതലും സംസാരിക്കാറ്. അന്നും അങ്ങനെ തുണിയെടുക്കാൻ ചെന്നതായിരുന്നു അവൾ. അവിടെ അവളെക്കാത്ത് അയാളുണ്ടായിരുന്നു.

“എങ്ങനുണ്ട് ചേട്ടാ കൊച്ചിന്. നാലഞ്ചു ദിവസമായല്ലോ ഐസിയുവിൽ, ഡോക്ടർ എന്തു പറഞ്ഞു?”

“എന്തു പറയാൻ, വിധി. എല്ലാം ആ പിഴച്ചവൾ കാരണം വന്ന വിനയാണ്. അവളൊരുത്തിയാണ് എന്റെ ജീവിതം തുലച്ചത്.”

“രോഗം വരുന്നത് തെറ്റല്ലല്ലോ ചേട്ടാ. അതിന് ചേച്ചി എന്തു പിഴച്ചു?”

“അവളൊരു എരണംകെട്ടവളാണ്. ആദ്യത്തെ കൊച്ച്, അതിപ്പോൾ വേണ്ടെന്ന് ഞാൻ പലവട്ടം പറഞ്ഞതാ. അവൾക്ക് നിർബന്ധം. എന്നിട്ടെന്തായി ജനിച്ചപ്പോഴേ അതിന് എന്തൊക്കെയോ പ്രശ്നങ്ങൾ. ബുദ്ധിവളർച്ച കുറവ്. ഞാൻ പറഞ്ഞതാ അതിനെയങ്ങ് ഉപേക്ഷിക്കാമെന്ന്. പക്ഷേ സമ്മതിക്കണ്ടേ? അതുകഴിഞ്ഞ് രണ്ട് തവണ അബോർഷൻ. അത് ഞാൻ തന്നെ ചെയ്യിച്ചതാ. അത് കഴിഞ്ഞുണ്ടായതിന്റെ അവസ്ഥയാ നീ കാണുന്നത്. അതിനിടയിൽ വീണ്ടും…”

“അതിപ്പോ കൊച്ചുങ്ങളെ ചേച്ചി വീട്ടിൽ നിന്നും കൊണ്ടുവന്നതല്ലല്ലോ. അത് ചേട്ടന്റെ തന്നെയല്ലേ?”

“അതല്ല എന്നു ഞാൻ പറഞ്ഞില്ലല്ലോ. ആണുങ്ങളാവുമ്പോ വികാരമുണ്ടാവും. പക്ഷേ, അതു കണ്ടറിഞ്ഞു പെരുമാറാൻ പെണ്ണുങ്ങൾ പഠിക്കണം, അല്ലേ?”

“അതുശരി, അതാണു കാര്യം. അപ്പോ ചേച്ചി കാര്യങ്ങൾ കണ്ടറിഞ്ഞില്ല എന്നതാണ് വിഷയം. പോട്ടെ ചേട്ടാ, ചില പെണ്ണുങ്ങൾ വലിയ ശീലാവതി കളിക്കും. അതാ…”

“എന്റെ സുനിതേ, നാട്ടിൽ എന്തുപണിക്കും ഞാൻ പോകും. ആഴ്ചയിൽ ഒരു നാലു ദിവസം എങ്ങനാണെങ്കിലും പണിയെടുക്കും. പിന്നെ മൂന്നു ദിവസം ഞാനങ്ങ് വിശ്രമിക്കും. ഇത്തിരി കൂട്ടുകാരൊക്കെയുണ്ടേ….: വീട്ടിൽ നിൽക്കുന്ന ദിവസങ്ങളിൽ പോലും അവളൊന്നു മര്യാദക്ക് സമ്മതിക്കത്തില്ല. പെണ്ണുകെട്ടിയിട്ട് അതിനും കാശുകൊടുത്തു പുറത്തുപോകാൻ പറ്റുമോ? എങ്കിൽ പിന്നെ എന്തിനാ കെട്ടുന്നത്! സത്യം പറഞ്ഞാൽ എനിക്കിവളെ മടുത്തു. ഒന്ന് ഒഴിവായിക്കിട്ടിയാൽ നിന്നെപ്പോലൊരു കൊച്ചു മിടുക്കിയെ കെട്ടി സുഖമായി കഴിയണം എന്നാണ് എന്റെ ആഗ്രഹം.”

അതുകേട്ട് സുനിതയുടെ മുഖം ചുവന്നു.

“പോ, ചേട്ടാ… ഞാൻ അത്ര മിടുക്കിയൊന്നുമല്ല. പിന്നെ ചേച്ചിയുടെ അത്ര സുന്ദരിയുമല്ല. സ്വന്തമെന്നു പറയാൻ ആരുമില്ല. അതല്ലേ ഈ തള്ളയെ നോക്കാൻ നിൽക്കുന്നത്. തള്ള ചത്താൽ, പോകാനൊരു ഇടമില്ല എന്നതാണ് സത്യം.”

“ശ്ശൊ, എന്തൊരു കഷ്ടം…. എങ്ങനുണ്ട് അവർക്കിപ്പം?”

“ഓ, രക്ഷപ്പെടില്ല, കുടലിലാണ് ദണ്ഡം. ഇവിടെ ആകുമ്പോൾ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാമല്ലോ. മക്കൾ ഒക്കെ പുറത്താണ്. കാശ് കിട്ടും. അവരെ നോക്കാനും എനിക്കും ഉള്ളത്. അതു മാത്രമേ എനിക്കറിയൂ.”

“തള്ള ചാവാതെ നോക്കിക്കോ, അത്രകാലം നിനക്ക് സുഖം.”

“അതു ശരിയാ. എന്നാലും ചേട്ടന്റെ കൊച്ചിന്റെ കാര്യമോർക്കുമ്പോഴാ ഇപ്പോ ആകെയൊരു…”

“അവളനുഭവിക്കട്ടെ. ഞാനെന്തിനു ചുമക്കണം? പറഞ്ഞതാണ് അലസിപ്പിക്കാൻ. ഞാനറിയാതെ ഗർഭം ആറു മാസം കൊണ്ടു നടന്നതാ അവൾ. എന്നിട്ടിപ്പം എന്തായി? അതിങ്ങനെ നിത്യരോഗി. എടീ അവളുടെ പ്രശ്നമാ ഇതൊക്കെ. എന്റെ കുടുംബത്തിലൊന്നും ഇങ്ങനെ അസുഖക്കാരൊന്നും ഇല്ല. പിന്നെ ഞാൻ ഇവിടെ കൂടെ വന്നില്ലെങ്കിൽ നാട്ടുകാര് പലതും പറഞ്ഞൊണ്ടാക്കും. അതല്ലേ ഞാൻ വന്നത്. ഒന്ന് ചത്തുകിട്ടിയിരുന്നെങ്കിൽ മതിയാർന്ന്…”

“അങ്ങനൊന്നും പറയാതെ ചേട്ടാ. കുഞ്ഞല്ലേ…? ” സുനിത കൊഞ്ചിപ്പറഞ്ഞു.

ഈ തക്കത്തിന് അയാൾ ചുറ്റും നോക്കിയിട്ട് അവളടെ കൈകൾ കൂട്ടിപ്പിടിച്ച് കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.

“എന്തൊരു തിടുക്കമാണിത്. ആരേലും കാണും.”

“കാണുന്നതാണോ പ്രശ്നം?”

“അതും പ്രശ്നമാണ്. പിന്നെ, അതൊന്നും ശരിയല്ല. ചേച്ചി അറിഞ്ഞാൽ…”

“അവളെ ഒഴിവാക്കിയാൽ നീ വരുമോ?”

“അതാലോചിക്കാം.. ഇപ്പോ ചേട്ടൻ ചെല്ല്.”

അതുപറഞ്ഞ്, ഉണങ്ങിയ തുണി എടുത്ത് അവൾ പടിയിറങ്ങാൻ തുടങ്ങവേ അയാൾ അവളുടെ പിൻഭാഗത്ത് അറിയാത്ത പോലെ ഒന്ന് തടവി താഴേക്കിറങ്ങിപ്പോയി. അവൾ മുറിയിലെത്തി.. അവർ നല്ല ഉറക്കമാണ്. തുണി മടക്കിയശേഷം അവൾ പുറത്തേക്കിറങ്ങി. അടുത്ത മുറി കുറ്റിയിട്ടിട്ടില്ല. ചെല്ലണോ വേണ്ടയോ? സുനിത ഒന്നു ശങ്കിച്ചു നിന്നു.

എന്നിട്ട് തിരിച്ചു മുറിയിലേക്കു പോയി. പക്ഷേ, മുറി കുറ്റിയിടാൻ നോക്കുമ്പോൾ അയാൾ പിന്നാലെയുണ്ട്.

വാ…. അയാൾ ആംഗ്യം കാണിച്ചു. അവൾ ഒന്നു ചുറ്റും നോക്കിയശേഷം അയാളോടൊപ്പം ചെന്നു. മുറി അകത്തു നിന്നടഞ്ഞു!

ആവർത്തനങ്ങളാണ്. മനുഷ്യജീവിതം മടുപ്പോടെ ആവർത്തിക്കുന്നു!

അതു തുടക്കമായി. പക്ഷേ, വഴിവിട്ട യാത്രകളിൽ നിറഞ്ഞു നിൽക്കുന്നതു സ്വാർത്ഥതയാണെന്നതുകൊണ്ടാകുമോ ഇത്തരക്കാരെ കാത്തിരിക്കുന്നതു പലപ്പോഴും ദുരന്തങ്ങളാണെന്നെനിക്കുറപ്പിച്ചു പറയാനാകും.

അന്ന് സുകന്യയുടെ അമ്മയും ഒന്നു രണ്ടു ബന്ധുക്കളും കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ വന്ന ദിവസമായിരുന്നു. സുകന്യയോട് ‘ഒന്നു കുളിച്ചു മാറ്റി വാ’ എന്നുപറഞ്ഞത് അവരാണ്. അങ്ങനെ, വന്ന് ഒരു മാസം കടന്നുപോയ ഒരു ദിവസം അവൾ പതിവിനു വിരുദ്ധമായി കുറച്ചധികം നേരത്തേ മുറിയിലേക്കു വന്നു. ഉച്ചക്ക് കഞ്ഞിയോടൊപ്പം ഉറക്കഗുളിക ഡോസു കൂട്ടിക്കൊടുത്ത് അമ്മച്ചിയെ ഉറക്കിക്കിടത്തി സുനിത, സുകന്യയുടെ മുറിയിൽ എത്തിയിട്ട് അധികനേരമായിരുന്നില്ല. മുറിയുടെ പുറത്തുനിന്ന് മുട്ട് കേട്ട് ഒരിക്കലും അതു സുകന്യയാകുമെന്നു പ്രതീക്ഷിക്കാതെ വാതിൽ തുറന്ന അജയൻ ഞെട്ടി. അതിനേക്കാൾ സുനിത സ്തംഭിച്ചു നിന്നു.

എല്ലാം അവസാനിച്ചുവെന്ന് മൂന്നുപേരും തിരിച്ചറിഞ്ഞ നിമിഷം! മകൾക്കുവേണ്ടി കണ്ണീരൊഴുക്കിത്തീർത്ത അമ്മയ്ക്ക് സ്വന്തം ഭർത്താവിന്റെ ഈ ചതി കണ്ട് അല്പവും കണ്ണു നിറഞ്ഞില്ല. അവൾ ആദ്യത്തെ ഞെട്ടൽ മാറ്റി തികച്ചും സ്വാഭാവികമായി കുളിച്ചുമാറ്റാനുള്ള വസ്ത്രം പുറത്തെടുത്ത് കുളിമുറിയിലേക്കു കയറി. ദേഹത്തു പറ്റിയ അഴുക്കിനേക്കാൾ മനസ്സിലേറ്റ മുറിവിലെ രക്തവും ചലവും കഴുകിക്കളയാനാണവൾ ശ്രമിച്ചതും പരാജയപ്പെട്ടതും.

അവൾ കുളിച്ചു പുറത്തിറങ്ങുമ്പോൾ ആരും മുറിയിൽ ഉണ്ടായിരുന്നില്ല. അയാളും അയാളുടെ വസ്ത്രങ്ങൾ വെച്ച ബാഗും അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു.

അവൾ ഒന്നാർത്തു കരഞ്ഞു. പിന്നെ ഒന്നുകൂടി മുഖം കഴുകിത്തോർത്തി അത്യാവശ്യം വേണ്ട സാധനങ്ങളെടുത്ത് മുറിപൂട്ടി ആശുപത്രിയിലേക്കിറങ്ങി. തൊട്ടടുത്ത മുറിയിലേക്കു നോക്കാതിരിക്കാൻ അവൾക്കായില്ല. അവിടെ ആ വൃദ്ധ നല്ല ഉറക്കത്തിലാണ്. മറ്റാരും അവിടില്ല.

സുകന്യ പുറത്തേക്കിറങ്ങുമ്പോൾ, കൗണ്ടറിൽ ഇരുന്ന ആനന്ദൻ, “കുഞ്ഞിനു കൂടുതലാണോ കൊച്ചേ? ഭർത്താവും അപ്പുറത്തെ മുറിയിലെ കൂട്ടിരിപ്പുകാരി പെണ്ണും കൂടി ദാ പുറത്തേക്കു പോയതേ ഉള്ളു. കുഞ്ഞിനെക്കാണാനാണോ” എന്നു ചോദിച്ചപ്പോൾ തല കുലുക്കി.
സുകന്യ മറുപടി പറഞ്ഞില്ല. എന്നാൽ അടരാൻ നിൽക്കുന്ന കണ്ണീർ നിറഞ്ഞ അവളുടെ കണ്ണുകണ്ട് അയാൾ തല താഴ്ത്തി.
പാവം! അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

അജയനും സുനിതയും ആശുപത്രിയിലേക്കല്ല പോയതെന്ന് സുകന്യക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അവൾ തിരിച്ചു ചെല്ലുമ്പോൾ കുഞ്ഞിനെ വാർഡിലേക്കു മാറ്റിയിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞുകഴിഞ്ഞു ഡോക്ടർമാർ. സുകന്യ കുഞ്ഞിന്റെ അടുത്തിരുന്നു. ചെറിയ ഞരക്കം മാത്രം. ഇനി എന്തിനു കരയുന്നു. അവൾ മടങ്ങുകയാണ്. കരച്ചിൽ ഒടുങ്ങിയിരിക്കുന്നു. അവൾ പുറത്തേക്കു കണ്ണുനട്ടു. വാർഡിന്റെ ഒരു മൂലയിൽ നിന്നും പെട്ടെന്ന് അടക്കിപ്പിടിച്ചൊരു കരച്ചിലുയർന്നമർന്നു. നഴ്സുമാർ ഓടിയെത്തി. പച്ച കർട്ടൻ കൊണ്ട് ആ കട്ടിൽ മറച്ചു. മരണമിങ്ങനെ കൺമുന്നിൽ കണ്ടുനിൽക്കവേ സുകന്യയ്ക്കു കുഞ്ഞിനെ നേരെ വീട്ടിലേക്കു കൊണ്ടുപോയാലോ എന്ന് തോന്നി. അതവൾ ഒപ്പം നിന്ന അമ്മയോടു പറഞ്ഞു.

അമ്മ ഒന്നും മിണ്ടാതെ അവളുടെ കൈകളിൽ മെല്ലെ അമർത്തുക മാത്രം ചെയ്തു.

തന്റെ മകൾ മടങ്ങുകയാണ്. ഇനി അമ്മാ എന്നു വിളിക്കാൻ അവളില്ല. സുകന്യ കുഞ്ഞിന്റെ പാദങ്ങളിൽ മെല്ലെ തൊട്ടു. തണുപ്പാണ്. അവൾ അവിടെനിന്നും എഴുന്നേറ്റ് പുറത്തേക്കു നടന്നു. വാർഡിൽ നിലത്തു കിടക്കുന്നവരേയും കൂട്ടിരിപ്പുകാരേയും കടന്ന് അവൾ പുറത്തേക്കിറങ്ങുമ്പോൾ അമ്മയുടെ ശബ്ദം അവൾ പിന്നിൽ നിന്നു കേട്ടു… “കുഞ്ഞു പോയെടീ.”

ഈ സമയം സുകന്യയുടെ വയറ്റിൽ കുഞ്ഞുജീവൻ ഒന്നാഞ്ഞു ചവിട്ടി.

സുകന്യയോ കുഞ്ഞോ പിന്നീട് ലോഡ്ജിലേക്കു വന്നില്ല. ബന്ധുക്കൾ ആരോ ആണ് സാധനങ്ങൾ എടുത്ത് കണക്കു തീർത്തു പോയത്.
കഥ അവിടം കൊണ്ട് അവസാനിച്ചില്ല. സുകന്യയുടെ ദുരിതപർവം തുടരുകയായിരുന്നു.

ഗർഭം ഏഴാം മാസത്തിലേക്കു കടക്കുമ്പോഴായിരുന്നു സുകന്യക്ക് കുഞ്ഞിനെ നഷ്ടമായത്. മൂത്ത കുട്ടി ബുദ്ധിവളർച്ച കുറഞ്ഞവളായയതിനാൽത്തന്നെ സുകന്യക്ക് ആശ്വസിക്കാൻ വേണ്ട യാതൊന്നും ചുറ്റുമുണ്ടായിരുന്നില്ല. ഭർത്താവ്, തീർത്തും അനുചിതമായ സമയത്ത് മറ്റൊരു സ്ത്രീയുമായി നാടുവിട്ടതോടെ സുകന്യയുടെ ലോകം വളരെ ചുരുങ്ങി. ഒന്നു കരയാനോ തോളിൽ ചായാനോ ആരുമില്ല. പ്രസവം, തുടർന്നുള്ള അബോർഷനുകൾ, അതിനൊപ്പം കുഞ്ഞുങ്ങളുടെ ജീവിതവും മരണവും ഇതൊക്കെ സുകന്യയുടെ ആരോഗ്യം അപ്പാടെ തകർത്തിരുന്നു. അമ്മയും ഒരു അനിയനും മാത്രമുള്ള കുടുംബത്തിൽ ഒരാളുടെ വരുമാനം ഒന്നിനും തികയുമായിരുന്നില്ല. ഇതിനിടയിലാണ് പെട്ടെന്നൊരു ദിവസം സുകന്യയുടെ ശരീരത്തിൽ നീർവീക്കം സംഭവിച്ചത്. കിട്ടിയ ആംബുലൻസിൽ കയറ്റി അവളെ ആശുപത്രിയിൽ എത്തിക്കാൻ നോക്കുമ്പോൾ വഴിയിൽ കണ്ട ഒരാശുപത്രിയും അവളെ ഏറ്റെടുക്കാൻ തയ്യാറായില്ല. ഒടുവിൽ നഗരത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിക്കുമ്പോൾ അവളെ ജീവനോടെ കിട്ടുമെന്ന് ആർക്കും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്കുശേഷം മരണത്തിൽ നിന്നും ജീവിതത്തിലേക്കു കണ്ണു തുറന്നപ്പോൾ അവളുടെ വയറ്റിലെ ജീവൻ അവസാനിച്ചിരുന്നു എന്നുമാത്രം.

പിന്നീട് ഒരു ചെക്കപ്പിനായി അതേ ആശുപത്രിയിൽ വന്നപ്പോഴാണ് ഒരു രാത്രി തങ്ങാനായി സുകന്യയും സഹോദരനും ബന്ധത്തിലുള്ള ഒരു സ്ത്രീയും എന്റെ മുറ്റത്ത് എത്തുന്നതും മുറിയെടുത്തു തങ്ങുന്നതും. അവൾക്കു നൽകിയത് താഴെ നിലയിൽത്തന്നെയുള്ള ഒരു മുറിയാണ്. അമ്മയാണവൾ. അഞ്ചു മക്കളെ ഗർഭം ധരിച്ചവൾ, ഇപ്പോൾ ബുദ്ധിയുറയ്ക്കാത്ത ഒരു കുഞ്ഞു മാത്രം ഉള്ളവൾ. ഇനി ജീവിതം അവൾക്കു മുന്നിൽ പരുക്കൻ വഴികളായി നിവർന്നു കിടപ്പുണ്ട്. അവൾ തീർത്തും ദുർബലയാണെന്നു കാണാം. പാവം, ഇനിയെന്ത് എന്ന ചിന്തയാവും, അജയൻ ഏതു നാട്ടിലാണെന്ന് ആർക്കും അറിവില്ല. സുനിത കൂട്ടുനിന്ന അമ്മ, അവളുടെ ഒളിച്ചോട്ടത്തിനുശേഷം വൈകാതെ മരണമടഞ്ഞു. അതും രോഗം ഭേദമായി വീട്ടിൽ പോയി ദിവസങ്ങൾക്കുള്ളിൽ. ആരേയും കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്ന് അവരും നിശ്ചയിച്ചിരിക്കാം. സുനിത പോയശേഷം നാടകീയമായ സംഭവങ്ങൾ ഒട്ടേറെ നടന്നിരുന്നു നൂറ്റിയേഴാം മുറിയിൽ.

സുകന്യയെ കണ്ട് വിരണ്ട അജയൻ സമചിത്തത വീണ്ടെടുക്കും മുന്നേ കാര്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിച്ചത് സുനിതയാണ്. എന്നെങ്കിലും പിടിക്കപ്പെട്ടാൽ വേണ്ട അനന്തര നടപടികൾ അവൾക്കു തിട്ടമായിരുന്നു എന്നുവേണം കരുതാൻ. മുറിയിലെത്തിയ അവൾ പെട്ടെന്ന് തന്റെ രണ്ടുജോഡി തുണികൾ ഒരു തുണിക്കടക്കവറിൽ കുത്തിക്കയറ്റി, പേഴ്സും എടുത്തുവെച്ച് തുണി മാറ്റിയുടുത്ത ശേഷം, അത്രനാൾ അവൾ നോക്കിയിരുന്ന ആ അമ്മയുടെ കഴുത്തിലെ മാല കുറ്റബോധം ലേശവുമില്ലാതെ ഊരിയെടുത്ത് പേഴ്സിൽ വെച്ചു. പിന്നെ അവരുടെ പേഴ്സിലെ മുഴുവൻ കാശുമെടുത്ത് മുറി ചാരി പുറത്തിറങ്ങി അജയനെ വിളിച്ചു. അയാൾ അപ്പോഴും ഒരു തീരുമാനം എടുത്തിരുന്നില്ല. സുനിതയെക്കണ്ട് പുറത്തേക്കുവന്ന അയാളെ നിമിഷനേരം കൊണ്ട് ബാഗുമെടുത്ത് പുറത്തുകടക്കാൻ ധൈര്യം കൊടുത്തത് അവൾ തന്നെ. റോഡിൽ എത്തിയശേഷം റെയിൽവേ സ്റ്റേഷനിലേക്കു ഓട്ടോ പിടിച്ചതും നാലു മണിയുടെ പാസഞ്ചറിൽ നാഗർകോവിലിലേക്കു കടക്കാൻ നിശ്ചയിച്ചതും അവൾ തന്നെ.

വൃദ്ധയെ ഒറ്റയ്ക്കാക്കി മുങ്ങിയ കൂട്ടിരിപ്പുകാരിയെക്കുറിച്ച് ഞങ്ങൾ ലോഡ്ജുകാർ അറിഞ്ഞത് സത്യത്തിൽ പിറ്റേന്നാണ്. അപ്പോഴേക്കും അവർ എത്തേണ്ടിടത്ത് എത്തിയിരുന്നിരിക്കാം.

ആനന്ദൻ ആ കഥകൾ പറഞ്ഞത് സുകന്യയുടെ അനുജനോടാണ്. സുകന്യ അതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. സ്വന്തം കുഞ്ഞ് പ്രാണനുവേണ്ടി പിടയുമ്പോൾ അവൾക്കു ജന്മം നൽകിയ അച്ഛൻ മറ്റൊരു സ്ത്രീയുമായി പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിലായിരുന്നല്ലോ! സുകന്യയുടെ കണ്ണുനിറഞ്ഞു തുളുമ്പി. അവളത് ഇടതുകൈ കൊണ്ടു തുടച്ച്, ഞങ്ങൾ ഇറങ്ങട്ടെ എന്നു ചിരിച്ച്, മെല്ലെ നടന്നിറങ്ങി.

പിന്നീടും ഞാൻ സുകന്യയെ കണ്ടു. പത്തു വർഷങ്ങൾക്കിപ്പുറം, അവൾ പഴയ സുകന്യയെന്നു കണ്ടാൽപ്പറയില്ല, ആളാകെ മാറിയിരുന്നു. പഴയ ചത്ത കണ്ണുകളല്ല, കണ്ണുകളിൽ വിഷാദമല്ല. അവൾ ലോഡ്ജിനോടു ചേർന്നുള്ള ഒരു ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം. അതുവഴി നടന്നുപോകുമ്പോൾ കൂടെയുള്ള കൂട്ടുകാരിയോട് അവൾ പറയുന്നതു കേട്ടു.

“ചത്തുപോകേണ്ടതായിരുന്നെടീ ഞാൻ. പാറു പോയ ദിവസം ഞാനും തീർന്നെങ്കിൽ എന്നു ചിന്തിച്ചതാണ്. പക്ഷേ അമ്മുവിനു വേണ്ടി ഞാൻ ജീവിച്ചു. പാറുവിനേയും കൊണ്ട് ഈക്കാണുന്ന ലോഡ്ജിലാണ് ഞാനും ഭർത്താവും ഒന്നൊന്നര മാസം താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് അയാളെ ഞാൻ കാമുകിയുടെ ഒപ്പം കണ്ടത്. അന്നാണെന്റെ കൊച്ച് മരിച്ചത്. പിന്നെ അധികം വൈകാതെ ആ സമയം വയറ്റിൽ കിടന്ന കുഞ്ഞും മരിച്ചു. ജീവിക്കാൻ ഒരു കാരണവുമില്ലാതിരുന്നിട്ടും ഞാൻ വീണ്ടും വന്നിരുന്നു ഇവിടെ, ചെക്കപ്പിനു വന്നപ്പോൾ. ഈ ലോഡ്ജ് കാണുമ്പോൾ ഞാൻ എല്ലാം ഓർക്കും. ഒന്നോർത്താൽ എല്ലാം ഈശ്വരനിശ്ചയമാണ്. ഇന്നിപ്പോൾ അമ്മുവിന്റെ കാര്യത്തിൽ സങ്കടമുണ്ടെങ്കിലും എനിക്കവളുടെ കാര്യങ്ങൾക്കു വേണ്ട പണമയക്കാൻ പറ്റുന്നുണ്ടല്ലോ. സമാധാനമായി രാത്രി കിടന്നുറങ്ങാൻ പറ്റുന്നല്ലോ…”

“ചേച്ചീടെ ഭർത്താവ് ഇപ്പോ എവിടെയാണ്? വല്ല അറിവും ഉണ്ടോ?” കൂടെ വന്ന കൂട്ടുകാരി ചോദിച്ചു.

“ഇല്ല… ചിലപ്പോൾ ജീവനോടെ കാണും, ചിലപ്പോൾ ചത്തുകാണും. ആർക്കറിയാം.. ഒരിക്കലും അയാളെ കാണാൻ ഇടവരുത്, അതു മാത്രമാണ് എന്റെ പ്രാർത്ഥന…”

അവർ രണ്ടുപേരും സംസാരിച്ചു നടന്നുമറയുമ്പോൾ എന്റെ കണ്ണിൽ സുകന്യയെ ആദ്യം കണ്ട നിമിഷം ഒന്നു മിന്നിമറഞ്ഞു. അവൾ സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ. എന്റെ ആശംസകൾ അവൾക്കായി നേരുന്നു.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.