സമൻസ്

ബാംഗ്ലൂരിലെ ഒരാഴ്ച്ച നീണ്ട ഇന്‍റർവ്യൂ മഹാമഹം കഴിഞ്ഞ് ഇന്ന് പുലർച്ചെയാണ് അവൻ തിരികെ വീട്ടിലെത്തിയത്. എഞ്ചിനീയറിങ്ങ് പഠനം കഴിഞ്ഞ് വർഷം നാല് കഴിഞ്ഞിട്ടും കൊള്ളാവുന്ന ജോലിയൊന്നും തരമാകാത്തത് കൊണ്ട് ഈ ബാംഗ്ലൂർ യാത്ര മാസം തോറുമുള്ള ഒരു ചടങ്ങാണ്.

നാലാം സെമസ്റ്ററിൽ തന്നെ ക്യാമ്പസ് സെലക്ഷൻ എന്ന സൂപ്പർ ലോട്ടോ അടിച്ച് കൂട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണു തളളിച്ചവനാണ് നമ്മുടെ കഥാനായകൻ. തൃശ്ശൂരിലെ എൻട്രൻസ് കോച്ചിങ്ങിന്റെ ഹാങ്ങാേവറിൽ ആദ്യ രണ്ട് സെമസ്റ്ററുകൾ ‘നല്ല കുട്ടിയായി’ പഠിച്ച് പരീക്ഷ പാസായതിന്‍റെ ഗുണം. എന്നാൽ അവനെ ‘പ്ലേസ്’ ചെയ്ത സത്യം കമ്പനി പൂട്ടിപ്പോയതും സാമ്പത്തിക മാന്ദ്യത്തിന്റെ പേരും പറഞ്ഞ് ഭൂരിപക്ഷം കമ്പനികളും ക്യാമ്പസിലേക്ക് തിരിഞ്ഞു നോക്കാതിരുന്നതും വിധി വൈപരിത്യം എന്നല്ലാതെന്ത് പറയാൻ!!! ഇനി വന്നു പോയ ചുരുക്കം ചില കമ്പനികളാണെങ്കിൽ സപ്ലിക്കടലിൽ നീന്തിത്തുടിക്കുന്നവരെ ശല്യപ്പെടുത്താൻ മിനക്കെട്ടതുമില്ല. കോഴ്സ് കഴിഞ്ഞ് ഒരു വർഷം കൂടി എടുത്താണ് പരീക്ഷകളൊക്കെ എഴുതി ജയിച്ചത്. ആ സർട്ടിഫിക്കറ്റിന്‍റെ ബലത്തിലാണ് പട്ടണത്തിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ചേര്‍ന്നത്. പേരിൽ ഐ.ടി. തൊഴിലാളിയാണെങ്കിലും നാട്ടിലെ കൂലിത്തൊഴിലാളിക്ക് കിട്ടുന്നതിന്‍റെ പാതി പോലും ശമ്പളമായി കിട്ടുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യത്തെ പറ്റി ബോധവാനാകുമ്പോഴൊക്കെ മികച്ചാെരു ജോലി തേടി അവൻ ബാംഗ്ലൂർക്ക് വണ്ടി കയറും. രഘുവണ്ണനാണ് അവന്റെ  ഇത്തരം യാത്രകളുടെയെല്ലാം സ്പോൺസർ.

രഘുവണ്ണൻ കോളേജിൽ അവന്‍റെ  സീനിയറും വഴികാട്ടിയുമായിരുന്നു; സർവ്വോപരി നാട്ടുകാരനും. ക്യാമ്പസ് സെലക്ഷൻ വഴി എണ്ണം പറഞ്ഞ ഐ.ടി. ജോലി നേടി ബാംഗ്ലൂരെത്തിയ അയാൾ നിലവിൽ തിരക്കുള്ള യൂബർ ടാക്സി ഡ്രൈവറാണ്. ജോലി ചെയ്തിരുന്ന കമ്പനി രഘുവണ്ണനെ ഉപേക്ഷിച്ചതാണെന്നും രഘുവണ്ണൻ കമ്പനിയെ ഉപേക്ഷിച്ചതാണെന്നും ഇരുപക്ഷമുള്ളതിൽ അവന് വിശ്വാസം രണ്ടാമത്തേതാണ്. ബാംഗ്ലൂരിനെ എഞ്ചിനീയർമാരുടെ പറുദീസയെന്നാണ് രഘുവണ്ണൻ വിശേഷിപ്പിക്കുന്നത്. അത് കൊണ്ടാണ്, കുറച്ച് കാത്തിരിക്കേണ്ടി വന്നാലും ബാംഗ്ലൂരിൽ തന്നെ അവന് നല്ലൊരു ജോലി കണ്ടെത്താനാകുമെന്ന് അയാൾ ഉറപ്പ് പറയുന്നത്.

“നീ നോക്കിക്കോ… അടുത്ത തവണ ഉറപ്പായും കിട്ടും” എന്ന പതിവ് ‘ഉറപ്പ് ‘ നൽകിയാണ്  ഇത്തവണയും രഘുവണ്ണൻ അവനെ വണ്ടി കയറ്റി വിട്ടത്. കൈയ്യിലുള്ള RAC ടിക്കറ്റ് കൺഫേം ആകുമെന്ന പ്രതീക്ഷ തെറ്റിയതാേടെ ബർത്തിന്‍റെ പാതി അവകാശിയായ തടിയന്‍റെ കൂർക്കം വലിയും സഹിച്ച് ഒരു മൂലക്ക് ഒതുങ്ങിക്കൂടേണ്ടി വന്നു. വീട്ടിലെത്തി വേഷം പോലും മാറ്റാൻ നിൽക്കാതെ കിടക്കയിലേക്ക് വീണതാണ്.

യാത്രാക്ഷീണം ഉറങ്ങിത്തീർക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് തലയണക്കടിയിൽ കിടന്ന് മൊബൈൽ കരഞ്ഞ് ബഹളം വെക്കുന്നത്.

‘നാശം പിടിക്കാൻ…..അമ്മയാണ്.’

കലശലായ മുട്ടു വേദന കാരണം പടികൾ കയറാൻ പറ്റാത്തതിനാൽ എന്തെങ്കിലും കാര്യത്തിന് ഫോണിൽ വിളിക്കുകയാണ് അമ്മയുടെ പതിവ്. താഴെ നിന്ന് എത്ര തന്നെ ഉച്ചത്തിൽ വിളിച്ചാലും വാതിലടച്ച് ചെവിയിൽ ഇയർഫോണും തിരുകിയിരിക്കുന്ന അവൻ കേൾക്കാൻ പോകുന്നില്ല എന്ന് അവർക്കറിയാം.

“എന്താ…?”

ശബ്ദത്തിൽ പരമാവധി രൂക്ഷത വരുത്തിയാണ് ചോദിച്ചത്.

“മോനേ… പോസ്റ്റ്മേൻ വന്നിട്ടുണ്ട്. മോനെന്തോ റജിസ്ട്രേടുണ്ടത്രേ.”

“റജിസ്ട്രേടോ…?”

“ആ… എന്തോ സമൻസെന്നോറ്റോ പറഞ്ഞു… നെന്റെ കൈയ്യിലേ തരൂത്രേ.”

ദൈവമേ സീമെൻസോ!!!

മനസ്സിൽ അഞ്ചാറു ലഡ്ഡുകൾ ഒരുമിച്ച് പൊട്ടിയതോടെ ഉറക്കം പമ്പ കടന്നു. കണ്ണാടിക്കു മുമ്പിൽ നിന്ന് മുടി ചീകി നേരെയാക്കുമ്പോൾ സീമെൻസിനെ സമൻസാക്കിയ അമ്മയുടെ വിവരക്കേടോർത്ത് അവന് ചിരി പൊട്ടി. രഘുവണ്ണന്റെ ഉപദേശ പ്രകാരം ലിങ്ക്ഡിന്നിലും നൗക്രിയിലുമെല്ലാം കണ്ണിൽ കണ്ട ജോലികൾക്ക് അപേക്ഷിച്ചതിന് ഗുണമുണ്ടായല്ലോ എന്നോർത്ത് കൊണ്ട് അവൻ പടികൾ ഓടിയിറങ്ങി.

“സമൻസ്‌ കൈപ്പറ്റാൻ ചാടിത്തുള്ളി വരണ ഒരാളെ  കാണുന്നത് ഇതാദ്യാ… കലികാലം”

പടിയിറങ്ങിപ്പോകുന്ന മധ്യവയസ്കൻ പോസ്റ്റ്മേൻ പിറുപിറുത്തു.

അവന്റെ വിറക്കുന്ന കൈകളിൽ നിന്നും കടലാസ് താഴെ വീണു.

“എന്താ മോനേ… ജോലി ശര്യായോ?”

വാതിൽക്കൽ അമ്മയുടെ പ്രതീക്ഷ തുളുമ്പുന്ന മുഖം. മറുപടി നൽകാതെ തറയിൽ കിടന്ന കടലാസ് വാരിയെടുത്ത് ഓടി മുറിയിൽ കയറി കതകടച്ചു.

മൂന്നാമത്തെ ശ്രമത്തിലാണ് കാൾ അറ്റൻഡ് ചെയ്തത്.

“എന്താടാ …? “

അപ്പുറത്ത് രഘുവണ്ണന്‍റെ  ഉറക്കച്ചടവുള്ള ശബ്ദം.

“അണ്ണാ……..അണ്ണാ…..”

വാക്കുകൾ കിട്ടാതെ അവൻ തപ്പിത്തടഞ്ഞു.

“നീ കാര്യം പറയെടാ… “

“എനിക്കൊരു സമൻസ് വന്നിട്ടുണ്ട്….”

അവൻ പറഞ്ഞൊപ്പിച്ചു.

“ഏഹ്…സമൻസോ ?? എന്തിന്?”

”എന്തോ… എനിക്കൊന്ന്വറിയില്ലണ്ണാ. ഏതോ സെക്ഷനൊക്കെ എഴുതിട്ടുണ്ട്.  ഒലവക്കോട് സ്റ്റേഷനിൽ ഹാജരാവണം”

“നീ ഒരു കാര്യം ചെയ്യ്. അറിയാവുന്ന ആരെയേലും അതൊന്ന് കാണിക്ക്. വകുപ്പ് ഏതാന്നറിയാലോ.”

“വേണ്ട…വേണ്ട… എനിക്കാരേം വിശ്വാസമില്ല. അച്ഛനെങ്ങാൻ അറിഞ്ഞാൽ… ” അവന്‍റെ  ശബ്ദമിടറി.

“നീ ഇങ്ങനെ പേടിക്കല്ലടാ… ചിലപ്പോ ആള് മാറിയതാവും. നമ്മുക്കെന്തായാലും പോയി നോക്കാം. നാളെ എനിക്കൊഴിവില്ല. മറ്റന്നാൾ രാവിലെ ഞാൻ പാലക്കാട്ടെത്താം. ഏതായാലും നീയതിന്‍റെ പടമൊന്ന് വാട്ട്സാപ്പ് ചെയ്തേക്ക്.”

കാലത്ത് ഒമ്പതരയോടെ അവർ ഒലവക്കോട്ടെ പോലീസ് സ്റ്റേഷനിലെത്തി. സമൻസ് കാണിച്ചപ്പോൾ രൂക്ഷമായൊന്ന് നോക്കിയിട്ട്  പോലീസുകാരൻ അതുമായി എസ്.ഐ.യുടെ മുറിയിലേക്ക് പോയി. അവർ മുറിയുടെ മൂലയിലേക്ക് ഒതുങ്ങി നിന്നു.

“അണ്ണൻ പറഞ്ഞ പോലെ ആള് മാറിയതാവാനേ സാധ്യതയുള്ളൂലേ?”

കാലിന്‍റെ വിറയൽ നിയന്തിക്കാൻ വേണ്ടി, മഴവെള്ളം ഒലിച്ചിറങ്ങിയതിന്‍റെ പാടുകളുള്ള ചുവരിലേക്ക് കൂടുതൽ ചേർന്ന് നിന്നു കൊണ്ട് കൊണ്ട് അവൻ ചോദിച്ചു.

“പിന്നല്ലാതെ. അതിൽ പറഞ്ഞ കുറ്റോന്നും നീ ചെയ്തില്ലല്ലോ. ആഹ് പിന്നെ.. കൊണ്ടോരാൻ പറഞ്ഞ ടിക്കറ്റെവിടെ…”

അവൻ പഴ്സിൽ നിന്നും നാലായി മടക്കിയ ടിക്കറ്റ് പുറത്തെടുത്തു.

“ഓ…ഓൺലൈൻ ബുക്കിങ്ങല്ലേ… IRCTC പ്രൊഫൈലീന്നാവും അവർക്ക് അഡ്രസ്സ് കിട്ടീത്.”

ടിക്കറ്റിലൂടെ കണ്ണോടിച്ചു കൊണ്ട് രഘുവണ്ണൻ പറഞ്ഞു.

നേരത്തെ കണ്ട പോലീസുകാരൻ വാതിൽക്കൽ വന്ന് അകത്തേക്ക് വിളിച്ചു.

“നിങ്ങളിവിടെ നിന്നാ മതി”

രഘുവണ്ണനെ അയാൾ വാതിൽക്കൽ തടഞ്ഞു. അവൻ മടിച്ചു മടിച്ചു അകത്തേക്ക് കയറി.

“നിന്നെ എന്തിനാ വിളിപ്പിച്ചതെന്ന് മനസ്സിലായില്ലേ?”

 എസ്.ഐ.യുടെ  തമിഴ്ച്ചുവയുള്ള മലയാളം ആ ചെറിയ മുറിയിൽ വല്ലാത്ത മുഴക്കം സൃഷ്ടിച്ചു.

”ഇല്ല…”

ദീർഘമായി ശ്വാസമെടുത്ത് വളരെ പതുക്കെയാണ് അവൻ മറുപടി നൽകിയത്.

“ഇല്ലേ..??”

കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് അയാൾ അവനു നേരെ ചെന്നു. ആറടിയിലേറെ പൊക്കവും അതിനൊത്ത തടിയുമുള്ള ആജാനഭാബാഹു അവന് മുന്നിൽ ചെന്ന് നിവർന്നു നിന്നു.

“ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി ഈ ടിക്കറ്റിൽ എസ് 4 കമ്പാർട്ട്മെന്റിലെ ബെർത്ത് നമ്പർ 41 ൽ പാലക്കാട്ട് നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്തത് നീയല്ലേടാ?”

അയാൾ കൈയ്യിലെ ടിക്കറ്റിന്‍റെ  പ്രിന്റ് ഉയർത്തി കാട്ടി

“അ…അതേ…”

“അപ്പോപ്പിന്നെ, ഓപ്പോസിറ്റ് ബെർത്തിൽ കിടന്നുറങ്ങുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ടതാരാടാ നായേ… നിന്‍റച്ഛനോ? “

വലത് കരണം പുകയുന്നതിനിടയിൽ അവന്റെ മനസ്സ് ഓർമ്മകളുടെ ട്രാക്കിലൂടെ പുറകോട്ട് പാഞ്ഞു.

ഏതാണ്ട് ഒരു മണിക്കൂറോളം വൈകിയാണ് അന്ന് ട്രെയിൻ പാലക്കാടെത്തിയത്.  ലൈറ്റണച്ച് ആളുകൾ കിടന്നു കഴിഞ്ഞിരുന്നു. മൊബൈൽ ടോർച്ചിന്‍റെ വെട്ടത്തിൽ ബെർത്ത് കണ്ടുപിടിച്ച് ചെന്നപ്പോൾ അവിടെ ഒരാൾ കിടന്നുറങ്ങുന്നു. മൊബൈലിൽ സേവ് ചെയ്ത ടിക്കറ്റ് നോക്കി ഒന്നു കൂടെ ഉറപ്പ് വരുത്തി. അതെ S4-41 ലോവർ ബർത്ത് തന്നെ. ലൈറ്റ് ഓണ്‍ ചെയ്ത് അയാളെ പതുക്കെ തട്ടിയുണർത്തി. ചെറുപ്പക്കാരനാണ്.

“ചേട്ടാ ഇതെന്‍റെ  ബെർത്താണ്.”

“ഓ.. സോറി.. “

അയാൾ പതിയെ എണീറ്റിരുന്നു.

“നോക്കു..എന്‍റെ അമ്മയാണ് “

അയാൾ അടുത്ത ബർത്തിൽ കിടന്നുറങ്ങുന്ന മധ്യവയസ്കയെ ചൂണ്ടി കാണിച്ചു.

“അമ്മയ്ക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണ്. എന്‍റെ  ബർത്ത് S7 ലുണ്ട്.. 33. ലോവർ തന്നെയാണ്. ബുദ്ധിമുട്ടില്ലെങ്കിൽ അങ്ങോട്ടേക്ക് മാറാമോ?”

അയാൾ ചോദിച്ചു.

ടി.ടി.ഇ.യെ കാണാനും സീറ്റ് മാറുന്നത് പറയാനും അയാളും ഒപ്പം ചെന്നു. ഇടത്തേ തോളിനും ചെവിക്കുമിടയിൽ തിരുകി വെച്ച മൊബൈലിൽ സല്ലപിച്ചു കൊണ്ട് ടി.ടി.ഇ. ടിക്കറ്റ് ചെക്ക് ചെയ്തു കൊടുത്തു. S7 ൽ ചെന്ന് അവന് ബെർത്ത് കാണിച്ചു കൊടുത്താണ് ചെറുപ്പക്കാരൻ മടങ്ങിയത്‌.

“എന്തിനാ വിളിപ്പിച്ചേന്ന് ഇപ്പോ നെനക്ക് മനസ്സിലായോടാ…”

എസ്.ഐ.യുടെ മുഴങ്ങുന്ന ശബ്ദം അവന്റെ കണ്ണുകളിൽ ഇരുട്ട് നിറച്ചു.

കോഴിക്കോട്ടുകാരൻ. ബാംഗ്ലൂരിൽ താമസിക്കുന്നു. "ഗോ'സ് ഓൺ കൺട്രി",'ഗുൽമോഹർ തണലിൽ' എന്നീ പുസ്തകങ്ങൾ പ്രസിധീകരിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു.