സമാന്തരങ്ങള്‍

എരിക്കിന്‍ പൂവുകള്‍  
ഉള്ളുരുകി കരയുന്നു
ഇരുട്ടുപുതച്ച
സമാന്തരങ്ങള്‍ക്കുമീതെ

കിതച്ചു പായുന്ന
മങ്ങിയ മുറികളില്‍
അപഥസഞ്ചാരികളുടെ
തേര്‍വാഴ്ച

പളുങ്കുപാത്രങ്ങള്‍ ഉടഞ്ഞ്
പുറത്തേയ്ക്ക്
നിലവിളികള്‍
കാറ്റില്‍ പതുങ്ങിയില്ലാതാവുന്നു

അപഹര്‍ത്താക്കളുടെ
ഘോഷയാത്രകള്‍
നീണ്ടുപോകുന്നു

ഉറഞ്ഞാടുന്നവരുടെ
കൊലവിളികളുയരുന്നു
മരകൊമ്പുകളില്‍
കൊക്കുരുമ്മിയിരുന്ന കിളികള്‍
നടുക്കത്താല്‍ കൂടൊഴിയുന്നു

സമാന്തരങ്ങളിലെ
അന്ധതമസ്സിന്‍റെ ആഴങ്ങളില്‍
ഒരു വെളുത്ത പുഷ്പം
ദലങ്ങളടര്‍ന്ന് വീണുമലരുന്നു

ശവകച്ചപുതപ്പിക്കാന്‍
നിഴലുകള്‍ കൂട്ടമായെത്തുന്നു
സമാന്തരങ്ങളുടെ
ഇരുമ്പുപാളികള്‍ക്കുമപ്പുറത്തെ
വിജനവഴികളില്‍
എരിക്കിന്‍ പൂവുകള്‍
ദൃക്സാക്ഷികളായി  
നൊന്തുകരയുന്നു

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.