വേതാളപ്രശ്നം : അതിജീവനത്തിന്റെ രണ്ടാം വരവ്

മഖൻ സിംഗ് പറഞ്ഞു: ‘എന്റെ കയ്യിലെ തഴമ്പ് കണ്ടോ? ഞങ്ങൾ കൃഷിക്കാരാണ്. എന്റെ അച്ഛനും അച്ഛന്റെ അച്ഛനും കൃഷിക്കാരായിരുന്നു. ഞങ്ങളുടെ വീടുകളിൽ തുരുമ്പിച്ച വാളുകളുണ്ടായിരുന്നു. പക്ഷേ അവർ ആ വാളുകൾ കൊണ്ട് ആരെയും വെട്ടുന്നത് ഞാൻ കണ്ടിട്ടില്ല പക്ഷേ അവർ അച്ഛനെ…..’

ഉറക്കത്തിൽ അപ്പു ടി.പത്മനാഭനെ വായിക്കുന്നു. സമകാലിക രാഷ്ട്രീയ സാംസ്കാരിക അവസ്ഥകളെ സാധാരണ ജനങ്ങളിൽ എത്തിച്ച, 1989 ജനുവരി ഒന്നിന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ “ഹല്ലാ ബോൽ” എന്ന തെരുവ് നാടകം കളിക്കവേ ഗുണ്ടാ ആക്രമണത്തിനിരയായി മരണപ്പെട്ട, സ്വപ്നങ്ങൾ തച്ചുടയ്ക്കപ്പെട്ട സഫ്ദർ ഹാഷ്മിയെ ആധിയോടെ ഓർക്കുന്നു. എവിടെ അനീതിയുണ്ടെങ്കിലും അവിടെ തന്റെ നാടകങ്ങളുമായി എത്തിയിരുന്ന രാജ്യത്തെ തെരുവ് നാടക പോരാട്ടവേദിയിലെ രക്തനക്ഷത്രം അപ്പുവിന്റെ മനസ്സിന്റെ ഉള്ളറകളിൽ നൊമ്പരത്തിന്റെ മുള്ളുകൾ ആഴ്ത്തി. അയാളുടെ മനസ്സിന്റെ ഇരുണ്ടറകളിൽ നിരവധി രക്തനാടകങ്ങൾ അരങ്ങേറുകയായിരുന്നു. 2010 മാർച്ച് 23 നു ‘കനുദാ ‘ എന്ന കനുസന്യാലിന്റെ നിഗൂഢമായ അന്ത്യം മറ്റൊരു വേദനയായി നുറുക്കുന്നുണ്ടായിരുന്നു . മഞ്ഞും തണുത്ത കാറ്റും, ആകാശത്തെ നക്ഷത്രങ്ങളും, മനുഷ്യർ തമ്മിലുള്ള സ്നേഹവും തന്റെ ഡയറിയിലേക്ക് പടർത്തിയ 14 കാരിയായ ആൻ ഫ്രാങ്ക് ഭൂമിയുടെ ഇളം ചൂടുള്ള ഏതറയിലാണ് കിടന്നിട്ടുണ്ടാവുക എന്നതായിരുന്നു അയാളെ അലട്ടിയ മറ്റൊരു ചിന്ത. കഥാകൃത്ത് ശ്രീ. കൃഷ്ണനുണ്ണി ജോജിയുടെ കവചം എന്ന കഥയിലെ കഥാപാത്രമാണ് അപ്പു.

‘അവർ പുറത്താണ് പതിയിരിക്കുക. നിഗൂഢമായ കാൽപ്പതനങ്ങളോടെ കൊടുങ്കാട്ടിൽ നിന്നെന്നവണ്ണം ഇറങ്ങിവന്ന് മതിൽക്കെട്ടിന്റെയോ ബോഗൺ വില്ലകളുടെയോ മറവിൽ അവർ ഇരക്കുവേണ്ടി കാത്തിരിക്കും’ എന്ന സഫ്‌ദർ ഹാഷ്മിയുടെ തെരുവുനാടകത്തിലെ കഥാപാത്രത്തിന്റെ അവസാന വാചകം അയാളുടെ മനസ്സിനെ വല്ലാത്ത അരക്ഷിതാവസ്ഥയിലാക്കുന്നുണ്ട്. ഭാര്യ അനുരാധയും മകളും നാട്ടിലേക്ക് അവധിക്കാലം ചെലവിടാൻ പോയതിനുശേഷം താനും ഒരു ഇരയാക്കപ്പെടുമോ എന്നുള്ള ഭയം അയാളെ ചുറ്റി വരിയുന്നു. പോരെങ്കിൽ ജേർണലിസ്റ്റ് ആയ ഊർമ്മിള ഗോപാൽ കൊല്ലപ്പെട്ടിരിക്കുന്നു. ചാനലിന്റെ ലേഖകനുമായി ഊർമിള നടത്തിയ അഭിമുഖത്തിന്റെ വീഡിയോ അയാൾ കണ്ടിരുന്നു. മോശമായ ഒരു കാലത്തിന്റെ കുളമ്പടിയൊച്ചകൾ നിങ്ങൾക്കു കേൾക്കാൻ കഴിയുന്നില്ലേ എന്ന് ഊർമിള ഉച്ചത്തിൽ ചോദിക്കുമ്പോൾ അഭിമുഖം നടത്തുന്ന ചെറുപ്പക്കാരന്റെ മുഖത്തു വീഴുന്ന ചുളിവുകൾ ക്യാമറ ഒപ്പിയെടുത്തിരുന്നു. അയാൾ അസ്വസ്ഥനാകുന്നതോടൊപ്പം ഊർമ്മിളയുടെ മുഖത്ത് പുഞ്ചിരി പടർന്നിരുന്നു. ഊർമ്മിളയില്ലാത്ത പത്രത്തെക്കുറിച്ചോർത്ത് കണ്ണടച്ച് മയക്കത്തിലേക്ക് വീണപ്പോൾ സ്വപ്നത്തിൽ തെളിഞ്ഞുവന്ന ചില കഥാപാത്രങ്ങളാണ് ഹിന്ദുസ്ഥാൻ ടൈംസിലെ എസ്. ജെ അഗർവാളും കോപ്പറേറ്റീവ് ബാങ്കിൽ ജോലിയുണ്ടായിരുന്ന മാമനും, ന്യൂസ് എഡിറ്റർ അശോഷ് ബാബുവുമൊക്കെ. സിലിഗുരിയിലെ തന്റെ കുടിലിനു മുന്നിൽ വച്ച് കനുസന്യാലുമായി നടത്തിയ അഭിമുഖത്തിന് ശേഷം കനുദാ പറഞ്ഞ വാക്കുകൾ! ” ഞങ്ങൾ ഒരു സ്വപ്നത്തിനു വേണ്ടി നിലകൊണ്ടവരാണ്. ഒരു പൂന്തോട്ടത്തിലെ എല്ലാ പൂക്കളും ഒരുപോലെ വിരിഞ്ഞ മണം പരത്തണമെന്ന് ഞങ്ങൾ ആശിച്ചു. അതിനുവേണ്ടി ഞങ്ങൾ യുദ്ധം ചെയ്തു തോക്കും മറ്റ് ആയുധങ്ങളും ഉപയോഗിച്ചു പക്ഷേ ഞങ്ങൾ തോറ്റുപോയി. കാലം ഞങ്ങളുടെ കൂടെ നിന്നില്ല. നിങ്ങൾ കുട്ടികൾക്ക് തീർച്ചയായും ഞങ്ങൾ പരാജയപ്പെട്ടവരാണ്”.

മാമന്റെയൊപ്പം ഉത്സവക്കാവുകളിൽ ചുറ്റി നടന്ന കാലത്ത് ആദ്യമായി തോക്ക് കണ്ടതും അതിനുവേണ്ടി ശഠിച്ചതും, ” അപ്പു നമുക്ക് തോക്കൊന്നും വേണ്ട ആരെയും വേദനിപ്പിക്കുന്ന ഒന്നും നമ്മൾ ആശിക്കാൻ പാടില്ല” എന്ന് മാമൻ പറഞ്ഞതും അയാൾ ഓർത്തു. മുതിർന്ന പത്രപ്രവർത്തകൻ ആയിട്ടും കളിപ്പാട്ടങ്ങളുമായുള്ള മാമന്റെ സന്ദർശനം കുറഞ്ഞില്ല. അച്ഛനില്ലാതെ വളർന്ന അപ്പുവിന് ഭയം തോന്നുമ്പോഴൊക്കെ മാമനെ ഓർത്തുപോകും. പൂരിപ്പിക്കപ്പെടാത്ത വിചിത്ര സമസ്യങ്ങളിലൂടെ ഓരോ ജീവിതവും കടന്നു പോവുകയാണെന്ന ചിന്തയാൽ അസ്വസ്ഥമാക്കപ്പെട്ട മനസ്സായിരുന്നു അപ്പുവിന്റേത്. ആ രാത്രിയിൽ മാമൻ പുതിയൊരു കളിപ്പാട്ടവുമായി അപ്പുവിനെ സന്ദർശിച്ചു. അതൊരു പിസ്റ്റൾ ആയിരുന്നു!

ജീവിതത്തിന്റെ ആകസ്മികതളെ വരച്ചിടുകയാണ് രണ്ടാം വരവ് എന്ന കഥയിൽ. വർഷങ്ങൾക്കു മുൻപ് മാനിറച്ചി കൊതിച്ച് കാട്ടിലേക്ക് പോയ പുട്ടപ്പ ഗൗഡർ മരത്തിന്റെ മുകളിൽ നിന്നും താഴെ വീണു വലതുഭാഗം തളർന്നുപോയി. അയാളുടെ ഭാര്യ കുമുദം വീടുപുലർത്താനായി തേയില ഫാക്ടറിയിലേക്ക് പോയിത്തുടങ്ങുമ്പോൾ കടുത്ത ഏകാന്തതയെ അനുഭവിച്ചു. തങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയ പുലികളെ കൊന്നു തള്ളിയ വേട്ടക്കാരന്റെ ഇപ്പോഴത്തെ അവസ്ഥയെ നാട്ടുകാർ പരിതപിച്ചു. കുമുദം അയാളുടെ ഇരട്ടക്കുഴൽ തോക്ക് ചുമരിൽ രണ്ട് ആണികൾ അടിച്ചു തൂക്കിയിട്ടിരുന്നു. നഷ്ടപ്രതാപത്തിന്റെ ബാക്കി പത്രമെന്നോണം.

പുട്ടപ്പ ഗൗഡറുടെ ഭാര്യ എന്ന നിലയിൽ കുമദത്തിന് സമൂഹത്തിൽ കിട്ടിയിരുന്ന ബഹുമാനം വളരെ വലുതായിരുന്നു . എന്നാൽ ഇപ്പോൾ അയാൾ സട കൊഴിഞ്ഞ ഒരു സിംഹമാണ് . പെണ്ണുങ്ങളുടെ ചില വർത്തമാനങ്ങൾ കുമുദത്തെയും ദുഃഖത്തിലാഴ്ത്തി. പെട്ടെന്നൊരു ദിവസം തോക്ക് കയ്യിൽ തരാൻ അയാൾ ആവശ്യപ്പെട്ടു. പക്ഷേ പകുതി ഉയർന്ന തോക്ക് ഒരു ശബ്ദത്തോടെ നിലത്തേക്ക് വീണപ്പോൾ അയാൾ നിരാശനായി . ‘പഴയതുപോലെ നിങ്ങൾ വേട്ടയ്ക്ക് പോകു’മെന്ന് കുമുദം അയാളെ ആശ്വസിപ്പിച്ചു. കുടകിനടുത്തു നിന്ന് ചിത്തപ്പ എന്നൊരു വൈദ്യർ ഗൗഡരെ ചികിത്സിക്കാനെത്തിയതോടെ ചില മാറ്റങ്ങളൊക്കെ കാണാൻ തുടങ്ങി. കൂടാതെ ‘മുന്നു’ എന്ന കുമുദത്തിന്റെ ചങ്ങാതിയുടെ നാലു വയസ്സുള്ള മകൻ അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. എന്നാൽ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. മുന്നുവിനെ പുലി പിടിച്ചെന്ന വാർത്ത അയാളെ നിരാശനാക്കി . പുലർച്ചെ അയാൾ വേട്ടയ്ക്ക് പോകുന്നതായി സ്വപ്നം കണ്ടു. മുന്നുവിനെ കൊന്ന പുലിയെ പിടിക്കാനായി അയാളുടെ കാലുകൾ ചലിച്ചു. അയാൾ കിടക്കയിലിരുന്നു. ഭാര്യ കുമുദം രണ്ടുകാലിൽ നിൽക്കുന്ന അയാളെ അമ്പരപ്പോടെ നോക്കി. തോക്കു കയ്യിലെടുത്ത് അയാൾ ആകാശത്തിലെ പക്ഷികളെ ഉന്നം വെച്ചു. പിന്നീട് കുമുദത്തിന്റെ ആടിനെ മരത്തിനു കീഴെ കെട്ടിയിട്ട് പുലിവേട്ടക്കായി കാത്തിരുന്നു. ഒരു ചെറിയ പുലിക്കുട്ടി. അവന്റെ കണ്ണുകൾ കുമുദത്തിന്റെ ആടിലാണ്. പക്ഷേ അവന്റെ കണ്ണുകളിൽ ക്രൗര്യമില്ല, കൗതുകത്തിന്റെ വെറും പൊട്ടു മാത്രമെന്ന് തിരിച്ചറിഞ്ഞ് അയാൾ തിരിഞ്ഞു നടന്നപ്പോൾ അവൻ അയാളുടെ നേരെ കുതിച്ചുവന്നു കാലുകളിൽ ഉരുമ്മി. മുന്നുവിന്റെ ഓർമ്മകളുമായി അയാൾ തിരിഞ്ഞു നടന്നു.

കൃഷ്ണനുണ്ണി ജോജിയുടെ “വേതാളപ്രശ്നം” എന്ന കഥാസമാഹാരത്തിലെ രണ്ടാം വരവ് എന്ന് ചെറുകഥയിൽ, പ്രതാപിയായ വേട്ടക്കാരൻ പുട്ടപ്പഗൗഡരുടെ ജീവിതത്തിൽ ഒരേസമയം ഉയർത്തെഴുന്നേൽപ്പിന്റെയും കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും, സഹാനുഭൂതിയുടെയും സന്ദേശം വിതച്ച, നിസ്സഹായതയുടെ നൊമ്പരങ്ങളിൽ തനിക്ക് സ്നേഹത്തിന്റെ കൊട്ടാരം പണിതുയർത്തിയ ‘മുന്ന’ എന്ന നാലു വയസ്സുകാരൻ കുട്ടിയും അവന്റെ തിരോധാനവും ഏതു രീതിയിലാണ് സ്വാധീനിച്ചത് എന്ന് വെളിവാക്കുകയാണ്.

“മരണം ജീവിതത്തോട് പറഞ്ഞത് “എന്ന ചെറുകഥയിൽ, ഒരു പ്രസാധകന്റെ ആത്മഹത്യയപ്പറ്റിയാണ് വിശദമാക്കുന്നത്. ആൾ “ഫ്രഞ്ചുകാരനായ റോബർട്ട് ഹെഗാർഡിന്റെ ‘നിങ്ങളെന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു’ എന്ന പുസ്തകം പ്രസിദ്ധീകരിച്ച ആളായിരുന്നു.” ഇത് ഒരു വലിയ വിരോധാഭാസമാണ്. ആത്മഹത്യയെപ്പറ്റിയുള്ള ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ച വ്യക്തി ഇപ്പോൾ അതെ നിലയിലാണെന്നത് ജീവിതത്തിലെ പാരാഡോക്‌സിന്റെ വലിയ ഉദാഹരണമാണ്. കഥാശൈലി ശുദ്ധവും ആഴവുമുള്ള പ്രതീകാത്മകതകളാൽ സമൃദ്ധമാണ്. ആത്മഹത്യ എന്നത് ഒരാളെ മാത്രം ബാധിക്കുന്ന സംഭവമല്ല. അതിന്റെ ശതശാഖികൾ സമൂഹത്തിലാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു .

“ചന്ദ്രൻ വിളറി നിൽക്കുന്ന” ദൃശ്യം — മരണസമയത്തുള്ള മനുഷ്യന്റെ ഏകാന്തതയും അന്തർമുഖത്വവും പ്രതിഫലിപ്പിക്കുന്നു. അതീവശക്തിയുള്ള ഭാഷയും കാവ്യാത്മകതയും കൊണ്ട് മനസ്സിനെ കുലുക്കുന്ന, ജീവിതത്തിന്റെയും മരണത്തിന്റെയും അതിരുകൾക്ക് ഇടയിലായുള്ള മനുഷ്യന്റെ വികാരപൂർണ്ണമായ അടയാളപ്പെടുത്തലാണ് ഈ കഥ. അതേസമയം അതിജീവനത്തിന്റെ ഒരു അസ്വസ്ഥ പ്രത്യാശയും പതുങ്ങിപിടിച്ചിട്ടുണ്ട്.

കൃഷ്ണനുണ്ണി ജോജി

കൃഷ്ണനുണ്ണി ജോജിയുടെ ആദ്യത്തെ കഥാസമാഹാരമാണ് വേതാളപ്രശ്നം. മാക്കൊണ്ട, കവചം, ജീവിതം മരണത്തോട് പറഞ്ഞത്, രണ്ടാം വരവ്, ഒരു മഴയെ കാലം ഖനനം ചെയ്യുന്നു, പേനപ്പോര്, വേതാള പ്രശ്നം എന്നീ 7 കഥകളുടെ സമാഹാരമാണിത്. ഇതിലെ കഥകളെക്കുറിച്ച് പ്രമുഖ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് മരണത്തിനു മുൻപ് എഴുതിയ കുറിപ്പും അനുബന്ധത്തിൽ ചേർത്തിട്ടുണ്ട്. കൂടാതെ, പ്രശസ്ത നിരൂപകനും പരിഭാഷകനുമായ ശ്രീ എം.കെ ശ്രീകുമാറിന്റെ പഠനവും ( കഥയുടെ ജലരാശി) ഒപ്പം ചേർത്തിരിക്കുന്നു.

” പുറംപാഠവും അകംപാഠവും എന്നീ രണ്ടു ഭാവമേഖലകൾ കഥയുടെ അനുഭവഘടനയിലുണ്ട്. അത് ആശയ സമീപനത്തെ ചരിത്രപരമാക്കുകയും കാലികമാക്കുകയും ചെയ്യുന്നു. അതേ, കഥ പുറം പാഠത്തിന്റെ ഭാവനാപാഠമായി പരിണമിക്കുന്നിടത്താണ് കൃഷ്ണനുണ്ണിയുടെ രചന ദാർശനികമാകുന്നത്. ” (ബാലചന്ദ്രൻ വടക്കേടത്ത്)

വേതാളപ്രശ്നം
കൃഷ്ണനുണ്ണി ജോജി
മാതൃഭൂമി ബുക്സ്
വില 180

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.