
രാവുറങ്ങാത്തയാകാശമേ,
ഉപ്പുകാറേററ്റയെൻ്റെ വേനലിൽ
കനലുവലകൊണ്ടു നീ
കുരുക്കു നെയ്യുന്നു.
ഉച്ചാടനത്തിനന്ത്യത്തിൽ
സ്വപ്നക്കിടക്കയിൽ ഞാൻ
ആഭിചാരത്തിൻ്റെ
എഴുത്താണികൊണ്ടൊരു
ഭ്രാന്തിൻ കവിത
ചുട്ടെടുക്കുമ്പോൾ,
മുജ്ജന്മ പാപ പുതപ്പുനിറയെ
ഇരുട്ടു കാലം
കട്ടപ്പിടിച്ചുറയുന്നു.
മുഷിഞ്ഞ ചിന്തയിൽ ഞാൻ
ഒടിഞ്ഞ ചാരുകസേരയിലിരുന്നു
ഒരേകാന്തക്കടലിൽ
അദൃശ്യ ചൂണ്ടയിലെ
ഇരയാവുന്നു.
മരുന്നു കുറിപ്പടിയിൽ
ദിനരാത്രികളുടെ
വ്യഥ പൂണ്ട ചിത്രം
കണ്ടുമതിവരാത്ത
കാലത്തിൻ നെറ്റി പൊളളുന്നു.
ഉമ്മറത്തലയും
കാറ്റുപിടിച്ചയോർമ്മകൾ
ഉണക്കിയെടുക്കുന്ന നട്ടുച്ച,
സാക്ഷിക്കൂട്ടിൽ മൗനിയാകുന്നു.
പച്ചയ്ക്ക് കത്തുന്ന പകലിൻ്റെ
മനം തികട്ടലിൽ
ഞാൻ കരിപ്പുക തിന്ന
മച്ചിലെ മാറാലയാകുന്നു.
എൻ്റെ നിഴലിൻചുറ്റുമൊരു
വെയിൽപേമാരി
പൊളളിത്തോരുന്നു.
കരിച്ചെടുത്ത
എൻ്റെയും നിൻ്റെയും
കരൾചുട്ട ഗന്ധം
പടരുമീ വേളയിൽ
പരസ്പരം തമ്മിലടർന്ന്
പതിയ്ക്കാം നമുക്കീ
വിജനമാം
വഴിയോരങ്ങളിൽ…








