വൃഥാ ….

ഒരു മഴയായിരുന്നു
ഉടഞ്ഞു ചിന്നിയത്….
വെയിൽ കുടിച്ചു വെന്ത
ഹരിത സ്വപ്നങ്ങളിലേക്ക്…
ദഹിച്ചാവിയാകുന്നതിൻ മുൻപേ
പകർന്നൊഴുക്കിയ ആകാശ
ഗീതികളിൽ തൊട്ട്
പുഞ്ചിരിച്ച തളിരുകളിൽ
ഋതുക്കൾ അടയിരിക്കാനെത്തി.
ഒരുനാളിൻ്റെ
അതിരറ്റങ്ങളിൽ
അടർന്നു പോം
അഴകിൻ കുടങ്ങളെ
തൊട്ടു തൊഴാൻ
നോമ്പേറ്റുനിൽക്കുന്ന
ഹരിതസമൃദ്ധികൾ.

കൊഴിയും മുൻപ്
ക്ഷണിക സൗരഭം
കണിയൊരുക്കി
ഭ്രമരവേഗതയിൽ
ജന്മസാഫല്യത്തിനായി
പ്രകമ്പനം കൊള്ളാൻ
വ്രതമിരിക്കും
പുഷ്പവിസ്മയം.

ദാഹവും ദഹനവും
കൊരുത്തു കോർത്ത
പ്രകൃതിപാഠങ്ങളിലേക്ക്
മഴക്കുടം ഉടഞ്ഞു
കൊണ്ടേയിരുന്നു,
തളിർത്തും കൊഴിഞ്ഞും
പ്രകൃതിയും.

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).