വിചിത്ര ദർശനങ്ങൾ

ഉറക്കം നടിക്കുന്ന നിങ്ങളെ
എങ്ങനെ ഉണർത്തുമെന്ന്‌
പുലമ്പിക്കൊണ്ട്
പാതിരാക്കോഴി കൂവി..

ഉണർച്ചക്കും ഉറക്കത്തിനുമിടയിലെ  
അർദ്ധബോധത്തിന്റെ
സൂചിമണികൾ പായുന്നുണ്ടായിരുന്നു.

തേഞ്ഞു തുളവീണ  
രണ്ടു ചെരുപ്പുകൾ
ഒരുപാട് പേർ
നടന്നുനീങ്ങിയ വഴികളിലൂടെ
നടന്നുകൊണ്ടിരിക്കുന്നു

പൊടിപറത്തിക്കൊണ്ട്
ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ,
ദിക്കറിയാതെ
ചിരിച്ചു മറയുന്ന  
ഉന്മത്തയവ്വനങ്ങൾക്കിടയിലൂടെ,
അത് തന്റെ വഴിയേ തന്നെ പോയി.

അപ്രത്യക്ഷമായ
ഉടലും പ്രാണനും
ചെരുപ്പിന്റെ കൂടെ
ചില  ദുർഘടസന്ധികളിലൂടെ
വെയിൽപ്പരപ്പുകളിലൂടെ
മരുപ്രദേശങ്ങളിലൂടെ  
സഞ്ചരിക്കുന്നുണ്ടായിരുന്നു.

തലച്ചുമടായി
പുസ്തകങ്ങളേറ്റിയൊരാൾ
ദാഹം കൊണ്ട്
കുടിനീർ തെരയുന്നുണ്ടായിരുന്നു

അവസാനിപ്പിക്കാനാവാത്ത
യാത്രയ്ക്കിടയിൽ
കളഞ്ഞുപോയതെന്തോ  
അന്വേഷിക്കുന്ന പോലെ,
അഴുകിത്തുടങ്ങിയ  
മനസ്സിന്റെ മാലിന്യങ്ങളെല്ലാം
കൂടിയൊലിച്ചിറങ്ങിയ നഗരം  
മുന്നിലൊഴുകിക്കൊണ്ടിരുന്നു.

ഇരുട്ടിൽ
തിളങ്ങുന്ന പൂച്ചക്കണ്ണുകളുമായി  
അതുണർന്നിരിക്കുന്നു.

നിഷേധ തിരകളുയർന്നു പൊങ്ങുന്ന
മഹാസമുദ്രമായി
ഒരു കൂട്ടർ നഗ്നനൃത്തം  
ചെയ്യുന്നതും കടന്ന്
അത്യാർത്തിയാൽ
കുടിച്ചു തീർത്ത ജീവജലം കണക്കേ
ചിലർ  
എങ്ങോട്ടെന്നില്ലാതെ
ഓടിപ്പോയ്ക്കൊണ്ടിരുന്നു.

കറുപ്പ് കൊഴുത്ത
ഇടവഴികളിലൊക്കെ നിറഞ്ഞ
അടക്കം പറച്ചിലുകളിൽ
പുകയുന്ന ലഹരി
മാടിവിളിച്ചുകൊണ്ടിരുന്നു.

തേഞ്ഞു തുളവീണ ചെരുപ്പ്  
നടത്തം അവസാനിപ്പിച്ചപ്പോൾ
കറന്റ്‌ കമ്പിയിൽ ജീവനുപേക്ഷിച്ച  
വാവലിന്റെ കണ്ണുകൾ  
മുന്നിലേക്കടർന്നു വീണു.

ചെർപ്പുളശ്ശേരി, ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്..ആനുകാലികങ്ങളിലും നിരവധി ഓൺലൈൻ മാസികകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്കിൻ്റെ വെളിപാട്, വെയിൽപ്പൂക്കൾ, അതേ വെയിൽ എന്നീ കവിതാ സമാഹരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി