വാല്മീകിയും ഞാനും രാമായണം വായിക്കുമ്പോള്‍

വാല്മീകിയും ഞാനും
രാമായണം വായിക്കുമ്പോൾ
പർണ്ണശാലയുടെ പാർശ്വങ്ങളിലൂടെ
ഒരു സ്വർണ്ണമാൻ പാഞ്ഞുപോയി !

അതിന്റെ പിന്നാലെ
നാട്ടിൽനിന്നു പുറത്താക്കപ്പെട്ട ഒരു രാജാവ്
കുലച്ചവില്ലുമായി
പതുങ്ങിപ്പതുങ്ങിനീങ്ങി!

അന്നേരം,
പത്തുതലയുള്ളൊരു പക
മണ്ണിലെ മാണിക്യവുംകൊണ്ട് പറന്നുപോയി !

കുരങ്ങന്മാരുടെ കുടിപ്പകയും
ഒറ്റുകാരന്റെ സ്ഥാനമോഹവും
കടലിൻമേലെപ്പണിത
ദുർബ്ബലമായ
കൂട്ടുപാലത്തിലൂടെ
കടലുകടന്നപ്പോള്‍,
മൃതസഞ്ജീവനിതേടിയവൻ
മലപുഴക്കികടലിലിട്ടു.

നാടില്ലാരാജാവ്
അമ്പിൻമുനകളാൽ
നാടിന്റെ ചരിത്രം മാറ്റിയെഴുതി !

പാദുകപൂജയുടെ മറയിൽ
പദവികൾ കൈയാളുന്ന
നിഴൽമന്നന്മാരുടെ മേലെ,
വെൺകൊറ്റക്കുടയും വെഞ്ചാമരവും
കുശുകുശുത്ത നീതിയിൽ,
പ്രതിരോധംമറന്നവളെ
അഗാധമായ കാട്ടിൽതള്ളി.

എന്നിട്ട്, ചൂട് സഹിക്കാതെ
ഒരുപുഴയിലിറങ്ങി മുങ്ങി,
കാലത്തിനപ്പുറത്തേക്ക്
മുങ്ങാങ്കുഴിയിട്ടു.

രാമായണമടച്ചുവെച്ച്
ഞാൻ വാല്മീകിയെ നോക്കി,
എഴുത്താണിവലിച്ചെറിഞ്ഞ്
വാല്മീകി
പുഞ്ചിരിച്ചു!

ഞങ്ങളിരുവരും
പർണ്ണശാലയുടെ പുറത്തേക്കുനോക്കി
മിണ്ടാതിരിപ്പായി.

കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.