വഴി

കാൺമൂ മുന്നിലൊരുവഴിയതു
പെരുവഴി
നീണ്ടുപോകുന്നറ്റംകാണാ-
പെരുവഴിയിലിരുൾ പരക്കുന്നു

കല്ലുമുൾച്ചെടികളറ്റം കൂർത്തൊരു
കുപ്പിച്ചീളുകൾ
കാണാതിരുളിൽ തറയ്ക്കുന്നു
കാലിടറുന്നു

എത്രയിഴയണമീവഴിയിലൂടെത്ര
താണ്ടണം
ഘോരമാം വഴികളിലില്ലൊരു തണൽ
മണൽക്കാടുകൾ

കനിവില്ലാ കാട്ടുജന്മങ്ങളലറുന്നു
കൊടും പാതയിൽ
കൊട്ടികയറുന്നുച്ചിയിലൊരുവാൾ
പതിയ്ക്കുന്നു

ഇരുൾ പരക്കുമീവഴിയിലൊരു
നാളുദിക്കും കതിരവൻ
അരുണകിരണങ്ങളാൽ കൂരിരുൾ മായും
വെൺപ്രഭചൊരിയും

കാണുമെൻ മുന്നിലേതുവഴികളും
തെളിയും
വഴിയോരങ്ങളിൽ പൂമരങ്ങൾ
പൂത്തുനിൽക്കും

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.