പറഞ്ഞു തീരാത്ത കഥകളുടെ കുത്തൊഴുക്കാണ് വിനോയ് തോമസിന്റെ എഴുത്തു ജീവിതം. മനുഷ്യ ജീവിതങ്ങളുടെ ചൂരും ചൂടും നിറങ്ങൾ ചേർക്കാതെ നേരോടെ പറഞ്ഞാണ് വിനോയ് തോമസ് ചുരുങ്ങിയ കാലയളവിനുള്ളിൽ വായനക്കാരന്റെ മനസ്സിൽ തന്നെ അടയാളപ്പെടുത്തിയത്. എഴുത്തിനോടും വയനക്കാരോടുമുള്ള ആത്മസമർപ്പണത്തിന് പുരസ്കാരങ്ങളുടെ പൊൻതൂവലുകളാണ് നിറങ്ങൾ ചാർത്തുന്നത് . ‘പുറ്റ് ‘ 2021ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ കൃതിയാണ്.
ഒത്തിരി ജീവിതങ്ങളുടെ ആവാസസ്ഥലമാണ് ‘പുറ്റ്’ എന്ന വിനോയ് തോമസിന്റെ നോവൽ. മനുഷ്യസമൂഹത്തിൽ അപ്രത്യക്ഷമാകുന്ന കൂട്ടുകുടുംബ വ്യവസ്ഥയും മറ്റു ജീവികൾ ഇപ്പോഴും പിന്തുടരുന്ന കൂട്ടുവ്യവസ്ഥയും ഭാവനാലോകത്ത് വിന്യസിച്ചപ്പോൾ “പുറ്റ്” എന്ന നോവൽ പിറവിയെടുത്തു. ഇതിലുള്ളതൊന്നും യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തവയാണെന്നും പിടിച്ചാൽ കിട്ടാത്ത ഭാവനയുടെ ഒരു കുത്തൊഴുക്കാണിതെന്നും എഴുത്തുകാരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേട്ടും വായിച്ചുമറിഞ്ഞ മനുഷ്യ ജീവിതങ്ങളുടെ വേരുകൾ മനസ്സിൽ ആഴ്ന്നിറങ്ങി പച്ചപ്പണിഞ്ഞതിന്റെ ഫലമാണീ നോവൽ. വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹിക ജീവിതം എന്നീ തട്ടകങ്ങളിൽ മനുഷ്യൻ കളിച്ചുതീർക്കുന്ന ജീവിതത്തിന്റെ പരിപ്രേക്ഷ്യങ്ങളാണിതിൽ വായിക്കപ്പെടുന്നത്.
ജീവിതത്തെ പൂർണ്ണമായി ചിട്ടപ്പെടുത്തിയ ജീവിവർഗ്ഗങ്ങളായ കട്ടുറുമ്പും കാട്ടാനയും തേനീച്ചയും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷപ്പെടാഞ്ഞത് അവയുടെ കൂട്ടുജീവിതം മൂലമാണ്. പണ്ട് മനുഷ്യൻ കാട്ടാളത്തത്തിൽ പോലും ഒന്നിച്ച് ജീവിക്കുന്നതിന്റെ മെച്ചം അറിഞ്ഞിരുന്നു എന്ന് ശ്രീ കെ. സുരേന്ദ്രൻ അവതാരികയിൽ ഓർമ്മിക്കുന്നു. പഴയതും പുതിയതുമായ സാമൂഹികാവസ്ഥകളിൽ മനുഷ്യന്റെ ഇടപെടലുകൾ അനാവരണം ചെയ്യുന്നുണ്ട് നോവലിൽ. തുടക്കം മുതൽ ഒടുക്കം വരെ ധാരാളം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു. കഥകളും ഉപകഥകളുമായി മുന്നേറുന്ന നോവൽ ശുദ്ധമായ ഭാഷയും നർമ്മവും എന്നാൽ മനസ്സ് അസ്വസ്ഥമാക്കുന്ന ചില സന്ദർഭങ്ങളും സമ്മാനിക്കുന്നു. മനുഷ്യന്റെ സദാചാര സങ്കല്പങ്ങളെ പൊളിച്ചടുക്കാനുള്ള ത്വരയും ഇതിൽ പ്രതിഫലിക്കുന്നു. സമൂഹത്തിന്റെ സങ്കീർണത കുടുംബ സംഘർഷങ്ങൾക്ക് വഴിതെളിക്കുമ്പോൾ അതിന്റെ കാരണങ്ങളെപ്പറ്റി വിശകലനം ചെയ്യുക അത്യന്താപേക്ഷിതമാണ്.
1952ൽ പെരുമ്പാടിയിലേക്ക് വന്ന കുമ്മണ്ണൂർ കുടുംബം വളർന്നു വികസിച്ചു 2002ൽ പെരുമ്പാടിക്കാരുടെ മുഴുവൻ നവീകരണത്തിനുള്ള ‘നവീകരണഭവന’മായി മാറി. പോൾസാർ തുടങ്ങിവച്ച നാട്ടുമധ്യസ്ഥം മകൻ ജെറമിയാസിന്റെ കാലമായപ്പോഴേക്കും ഒരു വ്യവസ്ഥയായി മാറി. അയാളുടെ അനുഭവങ്ങളാണ് പുറ്റിന്റെ ഇതിവൃത്തം. ഭവാനിദൈവം എന്ന ആൾദൈവത്തിന്റെ ചരിത്രവും അവരിലൂടെ വളർന്ന കുടുംബവും വിശദമായി വരച്ചു കാട്ടുന്നു നോവലിൽ. ലൈംഗികതയും അവിശുദ്ധ ബന്ധങ്ങളും അസ്വാഭാവിക വേഴ്ചകളും കുടുംബ- മത -സങ്കൽപ്പങ്ങളും മനുഷ്യസ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകളും ഒക്കെ തേടുന്ന നോവലാണിത്.
തന്റെ ശരീരസേവനത്തിനിടെ, ‘ഒരു പൊകലക്കഷണം മുറിച്ചു വായിൽ ഇട്ടപ്പോഴേക്ക് രസം മുറിഞ്ഞ ചെറുക്കൻ പൊട്ടിത്തെറിച്ച് എഴുന്നേറ്റ് എന്തൊക്കെയോ തെറി പറഞ്ഞു. ഭവാനിയമ്മയുടെ ജീവിതത്തെ ആകെ മാറ്റിമറിച്ച ഒരു ആത്മീയ പരിവർത്തനമാണ് പിന്നീട് അവിടെ നടന്നത്. പൊകല പ്രവർത്തിച്ച അത്ഭുതമാണോ അതോ ചെറുക്കന്റെ വെളിച്ചപ്പെടലാണോ എന്താണെന്നറിയില്ല തെറി കേൾക്കാൻ പറ്റാത്ത വിധം സ്വന്തം ശരീരത്തിൽ നിന്നും ഭവാനിയമ്മ അകന്നു മാറിയിരുന്നു.
ശരീരമല്ല താനെന്ന് ആ നിമിഷത്തിൽ അവർക്ക് തോന്നി. ഇനി ശരീരം കൊണ്ടല്ല ആത്മാവ് കൊണ്ടാണ് താൻ മറ്റുള്ളവർക്ക് ആശ്വാസം കൊടുക്കേണ്ടതെന്നുള്ള തിരിച്ചറിവിൽ ഭവാനിയമ്മ ചെറുക്കനെ നെഞ്ചോട് ചേർത്തുപിടിച്ച് ചെവിയിൽ തെയ്യത്തിന്റെ പോലെ എന്തൊക്കെയോ പറഞ്ഞു. പിറ്റേന്ന് നാട്ടിലെത്തിയ ചെറുക്കനാണ് ‘ദൈവംഭവാനി’ എന്ന് ആദ്യം വിളിക്കുന്നത്. പുറവയലിലെ ചെറുക്കനല്ല തന്റെ അമ്മയുടെ കൂടെ ബ്രഹ്മഗിരി കാടുകളിലേക്ക് പോയ യോഗിയാണ് അന്ന് രാത്രിയിൽ തന്റെ അടുത്ത് വന്നതെന്നും അങ്ങേർ വച്ചു നീട്ടിയ പൊകല ചവച്ചതു മുതൽ തന്റെ മനുഷ്യത്വം നഷ്ടമായി ദൈവത്വത്തിലേക്ക് ഉയർന്നതെന്നുമാണ് ഭവാനിദൈവം പിന്നീട് പ്രചരിപ്പിച്ചത്. അതുകൊണ്ട് ഭവാനിദൈവത്തിന്റെ നിവേദ്യം ആണെന്ന് കരുതി ഭക്തജനങ്ങൾ ദൈവത്തിന്റെ മുൻപിൽ പൊകലക്കെട്ട് കൊണ്ടു വയ്ക്കാൻ തുടങ്ങി.’ എഴുത്തിന്റെ നർമ്മഭാഷ്യങ്ങൾ വേറെയുമുണ്ട് പുറ്റിലെ ജീവിതങ്ങളിൽ.
ആൾക്കാർക്ക് നന്നായി പറയാൻ അവസരം കൊടുക്കുക എന്നതായിരുന്നു ജെറമിയാസ് എന്ന മധ്യസ്ഥന്റെ രീതി. പറഞ്ഞാൽത്തന്നെ പ്രശ്നങ്ങൾ മിക്കതും തീരും. കേൾക്കാനാരുമില്ലാതെ ഏവരും തിക്കുമുട്ടി കഴിയുകയാണ്. പറയാനവസരം കൊടുക്കുക എന്നതുമാത്രമാണ് ഒരു മധ്യസ്ഥനുചെയ്യാനുള്ളത്. ഈ മധ്യസ്ഥനിലൂടെയാണ് പല കുടുംബങ്ങളുടെ കഥകളും ചരിത്രങ്ങളും വായനക്കാരനറിയുന്നത്.
മനോഹരമായ പരിസ്ഥിതി വർണ്ണനകളും ഓരോ വ്യക്തിയുടെയും തേറ്റങ്ങളും തോറ്റങ്ങളും, ബന്ധങ്ങളും ബന്ധനങ്ങളും ഒരു വലിയ ക്യാൻവാസിലാക്കി എഴുത്തുകാരൻ. ആണുടലിന്റെയും പെണ്ണുടലിന്റെയും സൂക്ഷ്മ രാഷ്ട്രീയവും, കാമവും കാമത്തിനപ്പുറവും തൊട്ടറിയുന്ന ചില മുഹൂർത്തങ്ങളുമുണ്ട് നോവലിൽ.
” മരിച്ചുകഴിഞ്ഞിട്ടും ജീർണിക്കാത്ത ഓടയിലകൾ അടുക്കടുക്കുകളായി വിരിഞ്ഞു കിടക്കുന്നിടമായിരുന്നു അത്. ഓടത്തണ്ടുകളിലേക്ക് ചാരി ഉണങ്ങിയ ഇലകളോളം നേർത്ത ചിരിയുമായി വിജനമായ പുഴപ്പരപ്പിലേക്ക് നോക്കിയിരിക്കുന്ന ആയിഷോമ്മയെ ഷുക്കൂറാജി നോക്കി. ശരീരം പൂവിട്ടതുപോലെ ജരയുടെ സുന്ദരമായ ഞൊറിവുകൾ അവളെ പൊതിഞ്ഞിരിക്കുന്നു. കയ്യെടുത്ത് പുഴയിലേക്കുള്ള മുഖം പതുക്കെ തിരിച്ചപ്പോൾ അവളുടെ കണ്ണുകളിൽ പുഴ ഉറവിടുന്നത് അയാൾ കണ്ടു. ആ പുഴയെ ചുണ്ടുകളിലേക്ക് സ്വീകരിക്കുമ്പോൾ താൻ നുണയുന്ന ഉപ്പിന്റെ പഴക്കത്തെക്കുറിച്ചാണ് ഷുക്കൂറാജി ഓർത്തത്. ഒരു തെറാപ്പിക്കും മറച്ചുവയ്ക്കാനാവാത്തവിധം സർവ്വാംഗങ്ങളിലേക്കും പടർന്നുപോയ അയാളുടെ വാർദ്ധക്യത്തെ തന്റെ ചുളിഞ്ഞ കൈകൊണ്ട് ഐഷോമ്മ മെല്ലെ മെല്ലെ തൊട്ടറിഞ്ഞു. ശരീരാനുഭവത്തിനുമപ്പുറം കടന്നുപോകുന്ന സ്പർശനങ്ങളായിരുന്നു അത്. പെട്ടെന്ന് മാഞ്ഞുപോകുന്ന സുഖങ്ങളല്ലാതെ മറ്റൊന്നും തരാൻ കഴിവില്ലാത്ത ശരീരങ്ങളെ മറന്ന് ആ ഓടക്കാട്ടിൽ അവർ കിടക്കുമ്പോൾ ആയിഷ ചോദിച്ചു:
‘മ്മടെ പോരേം പറമ്പും വിറ്റാല് ങ്ങടെ കെട്ടിടം പണി തീർത്തെടുത്തൂടെ?
‘വേണ്ടപ്പാ, കെട്ടിടവും സ്വത്തുവൊന്നുല്ല,നമ്മളിണ്ടാക്കണ്ട് . ബേറെന്തോവാന്ന്.
മേയാൻ പോയ ആടുകൾ അപ്പോഴേക്കും തിരിച്ചുവന്നിരുന്നു. പെണ്ണാട്ടിൻകുട്ടിയുടെ കണ്ണിൽ ഒരു സംതൃപ്തിയും മുട്ടനാടിൽ അടങ്ങാത്ത കാമവും ഉണ്ടായിവന്നിരുന്നെന്ന കാര്യം ഷുക്കൂറാജിയും ആയിഷോമ്മയും അപ്പോൾ അറിഞ്ഞിരുന്നില്ല.
ഉപകഥകളുടെ പെരുമ്പറ മുഴക്കങ്ങൾ ധാരാളം ഈ നോവലിൽ ഉണ്ടെങ്കിലും രസകരമായി വായിച്ചു പോകാൻ പറ്റുന്നവയാണ്. മഴയും മരവും പുഴയും അതിന്റെ വൈവിധ്യതയിൽ തന്നെ നോവലിലുണ്ട്. കുടകുവനത്തിനരികിലുള്ള തോട്ടിറമ്പിലെ വഞ്ചിമരവും ഇലുമ്പി മരവും കഥയിലെ മറ്റു കഥാപാത്രങ്ങളെ പോലെ തന്നെ മുഖ്യ പ്രമേയങ്ങളാണ്. തോട്ടിറമ്പിലെ വെള്ളത്തിലാണ് മാത രാഘവനെ പെറ്റിട്ടത്. അവൻ വളർന്നു സ്കൂളിൽ പോയപ്പോ മാത പറഞ്ഞു ‘വേറാരൊടും പറയേണ്ട. നിന്റെ അച്ചെ വെള്ളത്തിലുമാടനാന്ന്. ‘പുഴയിൽ നോക്കിയാമതി അച്ഛനെ കാണാം’. അന്നു തൊട്ട് രാഘവൻ പുഴയെ നോട്ടമിട്ടതാണ്.
‘മഴ നിന്നെങ്കിലും പുഴയിൽ തെളിവെള്ളം നിറഞ്ഞൊഴുകിയിരുന്ന ഒരു കന്നിമാസമായിരുന്നു അത്. വീട്ടിൽ നിന്ന് കുറച്ചു ഉപ്പുമെടുത്തു മുറ്റത്തിന് താഴെ പുഴയുടെ അരികിൽ നിൽക്കുന്ന ഇലുമ്പി മരത്തിന്റെ ചുവട്ടിലേക്ക് രാഘവൻ നടന്നു. മതയ്ക്ക് പ്രത്യേക ഇഷ്ടമുള്ള മരമായിരുന്നു അത്. ആ മരത്തിന്റെ ചുവട്ടിലെത്തുമ്പോൾ പുഴ കുറച്ചുദൂരം ഒഴുക്കുനിലച്ചു ഇലുമ്പിമരത്തെ നോക്കി നിൽക്കും. തന്നെക്കാണാൻ നിൽക്കുന്ന പുഴയിലേക്ക് ഇലുമ്പിമരവും സൂക്ഷിച്ചു നോക്കും. വെള്ളത്തിലേക്കു ചാഞ്ഞുനിൽക്കുന്ന മരത്തിൽ നിറയെ കായകളുണ്ടായിരുന്നു. മരത്തിന്റെ ചുവടിനപ്പുറത്തു തെളിഞ്ഞ പുഴയിൽ ഓളമിളക്കാതെ അട്ടിയട്ടിയായി കായ്ച്ചുകിടക്കുന്ന മറ്റൊരു മരവും അവന്റെ കാഴ്ച്ചയിൽപെട്ടു. കരയിൽ നിൽക്കുന്ന മരത്തെക്കാൾ വലിപ്പവും കൊഴുപ്പും കായെണ്ണവും പുഴയിലെ മരത്തിനുണ്ടായിരുന്നു. ഇലുമ്പിക്കായകൾക്കിടയിലൂടെ മീനുകൾ നീന്തിക്കളിക്കുകയും വെള്ളത്തിലാശാന്മാർ കാലുകളിൽ പൊങ്ങിനിന്നാടുകയും ചെയ്യുന്നുണ്ട്. അമ്മ പറഞ്ഞ കാര്യം രാഘവന് ഓർമ്മ വന്നു. അവൻ പുഴയിലേക്കു സൂക്ഷിച്ചു നോക്കി. ആ മരത്തെ ചേർത്തുപിടിച്ചിരിക്കുന്നതാരാണെന്നറിയാൻ പുഴയ്ക്കുപോലും മനസ്സിലാവാത്ത തരത്തിൽ രാഘവൻ വെള്ളത്തിലേക്കിറങ്ങി. കണ്ണ് തുറന്നുപിടിച്ചുകൊണ്ട് അവൻ കയത്തിലേക്കു ആഴ്ന്നു. അടിത്തട്ടിലേക്ക് താഴ്ന്നു താഴ്ന്നു ചെന്നപ്പോൾ ആദ്യം അവന്റെ കണ്ണിൽപ്പെട്ടത് കല്ലുകളാണ്. കല്ലുകൾക്കിടയിൽ നിന്നും അനേകം ചെടികളും പായലുകളും അവനെ തൊട്ടുരുമ്മി ഉലഞ്ഞു. പണ്ടേതോ ഉരുൾപൊട്ടലിൽ മലകളിൽ നിന്നും വേരുകൾ പറിഞ്ഞ് ഒഴുകി വന്നടിഞ്ഞ വലിയ മരങ്ങൾ പുഴയിൽ കിടപ്പുണ്ട്. കാലം എത്രയായിട്ടും കരിയാകാൻ മടിച്ചു നിൽക്കുന്ന ആ മരങ്ങളുടെ തടിയിലും കൊമ്പുകളിലും അവൻ കയറിയിറങ്ങി. ചിലയിടങ്ങളിൽ അവൻ പൂഴിനിരപ്പുകൾ കണ്ടു. അതിലേക്ക് കാൽ കുത്തിയപ്പോൾ പുകപോലെ മണൽത്തരികൾ മേൽപ്പോട്ട് ഉയർന്ന് അവനെ പൊതിഞ്ഞു കളഞ്ഞു. ഓരോ കയങ്ങളിലും പുഴ വളവുകളിലും പുതിയ പുതിയ കാഴ്ചകളാണ്. ഇതുവരെ കാണാത്ത ചെടികൾ, മീനുകൾ, വെള്ളത്തിലെ ജീവികൾ, വേരുകൾ, മനുഷ്യൻ ഉപേക്ഷിച്ചതും പുഴയിൽ നഷ്ടപ്പെട്ടതുമായ സാധനങ്ങൾ….. പുഴയുടെ ഒഴുക്കിനൊത്തവൻ താഴേക്ക് പോയി.ഒഴുകിയും തുഴഞ്ഞും നടന്നും പുഴയിലൂടെ പോകുമ്പോൾ ഒരിടത്ത് അവന് നിശ്ചലനാവേണ്ടി വന്നു……. അവിടെ കാണേണ്ടിവന്ന കാഴ്ചകളുടെ ആകർഷണങ്ങളും അകംപൊരുളും അന്വേഷിക്കുന്നതിനു വേണ്ടിയാണ് പിന്നീട് അവൻ ജീവിച്ചതുതന്നെ. ഇളക്കമില്ലാത്ത വിധം രാത്രി തിങ്ങിക്കഴിഞ്ഞപ്പോഴാണ് അന്നവൻ പുഴയിൽ നിന്ന് പൊന്തി വന്നത്…..’
പുറ്റിന്റെ ആഴങ്ങളിലേക്ക് ഒന്നൂളിയിട്ട് പൊങ്ങിനിവരുക എന്നത് വായനക്കാരന് നല്ലൊരു അനുഭവം തന്നെയാണ്. മനസ്സിന്റെ മേച്ചിൽപ്പുറങ്ങളിലേക്ക് കുടിയേറുന്നത് ഒരു നോവലും നോവലിസ്റ്റും മാത്രമല്ല ഇതിലെ ഓരോ കഥാപാത്രവും അവരുടെ അനുഭവങ്ങളും കൂടിയാണെന്നതിൽ തർക്കമില്ല.
കുടുംബം, വ്യക്തി, സമൂഹം, മതം ഇവയെല്ലാം പ്രമേയങ്ങൾ ആകുന്ന നോവലിലെ ഓരോ കഥാപാത്രങ്ങളും അവയുടെ വ്യക്തിത്വവും കുടുംബ ബന്ധങ്ങളും സമൂഹത്തിൽ അവർ ഉണ്ടാക്കുന്ന ചലനങ്ങളുമൊക്കെ അനാവരണം ചെയ്യുന്നു . ഭവാനിദൈവം, അവരുടെ മകൻ അണുങ്ങു രാജൻ, ഭാര്യ ഷൈല, ചാപ്പ ജലഗന്ധർവനായ കൊച്ച് രാഘവൻ, അമ്മിണി, ജെറമിയാസ്, പോൾ സാർ, അരുൺ, നീരു, കുഞ്ഞാണ്ടി, ഗ്രേസി, പാറുകുരുക്കത്തി, വേലു, ചന്ദ്രി, പ്രഭാകരൻ, എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾക്ക് പുറമേ ലൈബ്രറി, പള്ളി, ക്ഷേത്രം, വികസനത്തിന്റെ ബിംബമായ ഡാം, ജീവിതത്തകർച്ചകൾ, അനുരഞ്ജനങ്ങൾ, ബന്ധിപ്പിക്കലുകൾ, ദുഃഖം, പ്രണയം, രതി, പ്രകൃതി, പുഴ, രാഷ്ട്രീയം, മൃഗങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രമേയങ്ങളാണ് വായനക്കാരനിൽ എത്തിക്കുന്നത്.
ഡിസി കിഴക്കേമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പ്രസിദ്ധീകരിച്ച ‘കരിക്കോട്ടക്കരി’യാണ് വിനോയ് തോമസിന്റെ ആദ്യ നോവൽ. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ് നേടിയിരുന്നു ഈ കൃതി.
ചെറുകഥാസമാഹാരങ്ങളായ ‘മുള്ളരഞ്ഞാണം’, ‘രാമച്ചി’, കുടിയേറ്റ അനുഭവങ്ങളുടെ ആഖ്യാനമായ ‘അടിയോർ മിശിഹാ എന്ന നോവൽ’, ‘ആനത്തം പിരിയത്തം’ എന്നീ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ കഥാസമാഹാരമായ ‘രാമച്ചി’ക്ക് 2019ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മുള്ളരഞ്ഞാണം എന്ന കഥാസമാഹാരത്തിലെ ‘കളിഗമിനാറിലെ കുറ്റവാളികൾ’ എന്ന ചെറുകഥയെ ആസ്പദമാക്കി 2020ൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചലച്ചിത്രമാണ് ‘ചുരുളി’. ‘പുറ്റ്’ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ്. 2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡും ‘പുറ്റ്’ ഇപ്പോൾ നേടിയിരിക്കുന്നു.